സമ്പാദ്യമെന്ന് പറയാൻ മിച്ചം ഉണ്ടായിരുന്ന മുക്കാൽ പവന്റെ മാല പണയം വെച്ച് ബാങ്കിൽ അടച്ചത് കഴിഞ്ഞ മാസമാണ്. അടവ് മുടങ്ങിയാൽ വീടിന്റെ ജപ്തി തടയാൻ……..

_lowlight _upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

നാണവും മാനവും ഇല്ലാത്തവനാണ് ഞാനെന്ന് പറഞ്ഞാണ്, ഉടഞ്ഞ പുട്ട് കുടം പോലെ സുശീലയുടെ മുഖം ചുളിഞ്ഞത്. മേൽ പറഞ്ഞ രണ്ട് സാധനവും ഇല്ലാത്തത് കൊണ്ട് ആ നേരം ചിറി വിടർത്തി ചിരിക്കാനാണ് എനിക്ക് തോന്നിയത്.

ഈ മനുഷ്യർക്കൊക്കെ എപ്പോൾ തൊട്ടാണ് ഈ നാണോം മാനോം ഉണ്ടായതെന്ന് ഞാൻ ചോദിച്ചു. പെണ്ണ് മിണ്ടിയില്ല. പകരം ഉടുത്തിരുന്ന സാരിയൊക്കെ അiഴിച്ചുമാറ്റി മാക്സിയിലേക്ക് കയറിക്കൂടി..

സമ്പാദ്യമെന്ന് പറയാൻ മിച്ചം ഉണ്ടായിരുന്ന മുക്കാൽ പവന്റെ മാല പണയം വെച്ച് ബാങ്കിൽ അടച്ചത് കഴിഞ്ഞ മാസമാണ്. അടവ് മുടങ്ങിയാൽ വീടിന്റെ ജപ്തി തടയാൻ പറ്റില്ലെന്നും മാനേജർ പറഞ്ഞുവെത്രെ.. വസ്തുവിന്റെ മേലേ വായ്പ കൂട്ടി കിട്ടുമോയെന്ന് അറിയാൻ ബാങ്കിലേക്ക് പോയി വന്നതായിരുന്നു സുശീല.

വായ്പയെടുത്ത് വായ്പ അടക്കുന്ന മനുഷ്യരെത്ര വിചിത്രരാണല്ലേ…

‘മോള് ഇല്ലാത്തത് നന്നായി.. ഇതിപ്പോൾ ഇറങ്ങുമ്പോൾ നമ്മള് രണ്ടാള് മതിയല്ലോ..!’

അതുകേട്ടപ്പോൾ ഞാൻ വീണ്ടും ചിരിച്ചു. ഓളെ പറഞ്ഞയക്കാൻ വായ്പ എടുത്തത് കൊണ്ടല്ലെടീ നമുക്ക് ഇറങ്ങേണ്ടി വന്നത് എന്നായിരുന്നു ആ ചിരിയുടെ അർത്ഥം. സുശീല മിണ്ടാതെ അടുക്കളയിലേക്ക് പോയി. വിവാഹം വളരേ ലളിതമായി മതിയെന്ന് അന്നേ ഞാൻ പറഞ്ഞ 1തായിരുന്നു അവളോട്. അപ്പോഴും അവൾക്ക് പറയാനുണ്ടായിരുന്നത് അതേ രണ്ട് കാര്യങ്ങളായിരുന്നു.. നാണവും, മാനവും…

യഥാർത്ഥത്തിൽ ഒരു മനുഷ്യന് എന്തിനാണ് നാണം വരേണ്ടത്? തന്റെ വികാര പ്രകടനങ്ങളിലോ, അതോ തന്റെ പ്രഹസന കാഴ്ച്ചപ്പാടുകളിലോ… ഇത്രയും വിസ്തൃതിയിൽ മായക്കാഴ്ച്ച പോലെ മേലെയുള്ളപ്പോൾ എന്തിനായിരിക്കും ഇടിഞ്ഞ് വീഴുമെന്ന ഭയത്തിൽ മനുഷ്യന് വേറെയൊരു മാനം…!

കരം പിരിച്ച് കേമത്തരം കാട്ടാൻ അനുവദിക്കുന്ന ലോക വ്യവസ്ഥിതികളിൽ നിന്ന് മാത്രമേ ഈ രണ്ടുകാര്യങ്ങൾക്കും മുളപൊട്ടാൻ സാധിക്കുകയുള്ളൂ. അതിനും അപ്പുറമായി എന്തെങ്കിലും തലം ഇതിനുണ്ടെങ്കിൽ അത് നമ്മുടെ ജീവനിലാണ്. അതൊരിക്കലും നiഗ്നതയുടെയോ ആഡംബരത്തിന്റെയോ പിന്നാമ്പുറങ്ങളിൽ ആയിരിക്കില്ല. യാചനകളുടെ മുന്നിലും ആയിരിക്കില്ല. നാണവും മാനവും തീർച്ചയായിട്ടും മനുഷ്യരുടെ കോളനി വൽക്കരണത്തിന്റെ മിഥ്യയായ ഉൽപ്പന്നങ്ങൾ മാത്രമാണ്. അത് കഴിക്കുന്നവർക്ക് എല്ലാ കാലത്തും ഭൂമിയൊരു പന്തയ മണ്ണായിരിക്കും…

‘നിങ്ങള് ഈടെയൊന്നും ജനിക്കേണ്ട ആളല്ല… തുണിയുമില്ലാതെ വല്ല കാട്ടിലേക്കോ മറ്റോ പോയിക്കൂടെ…!’

അടുക്കളയിൽ നിന്ന് എന്തോ കാര്യത്തിനായി ഹാളിലൂടെ പോയപ്പോൾ സുശീല പറഞ്ഞു. അതിന് കാട്ടിൽ പോകാൻ അനുവാദമില്ലല്ലോയെന്ന് ഞാനും മൊഴിഞ്ഞു. നിങ്ങളോട് തർക്കിച്ച് ജയിക്കാൻ താനില്ലേയെന്നും പറഞ്ഞ് അവൾ വീണ്ടും അടുക്കളയിലേക്ക് കയറുകയായിരുന്നു.

കൃത്യമായ വിവരങ്ങൾ മാന്യമായി പറയുമ്പോൾ ചിലർക്ക് ഉത്തരം മുട്ടും. ആ മുട്ടലിൽ കൊഞ്ഞനം കുത്തുന്നതിനായി പകരം ചില മനുഷ്യർ ഉപയോഗിക്കുന്ന വാചകമാണ് ഇത്. തർക്കിക്കാൻ നമ്മൾ ഇല്ലേയെന്ന്..

മോൾക്ക് അവളുടെ ഇഷ്ടത്തിന് അനുസരിച്ചിട്ടുള്ള വിദ്യാഭ്യാസത്തിലേക്ക് എത്താനുള്ള സാഹചര്യം കൊടുത്തിട്ടുണ്ട്. ജോലിയുമായി. അവൾ തന്നെയാണ് തന്റെ ഇണയേയും കണ്ടുപിടിച്ചത്. ആ ചെറുക്കനേയും കൂട്ടി അവൾ ഒരിക്കൽ വീട്ടിലേക്ക് വന്നപ്പോൾ സുശീല തുള്ളിയില്ലായെന്നെയുള്ളൂ..

ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്ന് അന്ന് രാത്രിയിൽ മകൾ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. അച്ഛനും മോളും ഒരേ ജനുസാണെന്നും പറഞ്ഞ് സുശീല പിണങ്ങി നിന്നു. മകളുടെ സന്തോഷത്തിന്റെ മുന്നിൽ വൈകാതെ അവൾക്കും സമ്മതിക്കാതെ തരമില്ലായിരുന്നു. പക്ഷേ, വിവാഹം വേണം.. അതും കേമമായി തന്നെ വേണം… തനിക്കോ ആഗ്രഹം പോലെയൊരു വിവാഹം ഉണ്ടായില്ലായെന്നായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്ന കാരണം..

ഞാൻ മകളോട് കണ്ണുകൾ ഇറുക്കി. അമ്മയെ മുഷിപ്പിക്കേണ്ടായെന്ന് കരുതി അവളും സമ്മതിച്ചു. നാളുകൾക്കുള്ളിൽ ചെറുക്കന്റെ വീട്ടിൽ നിന്ന് ആൾക്കാർ വന്നു. മകന്റെ സന്തോഷങ്ങൾക്കൊന്നും ഞങ്ങൾ എതിര് നിൽക്കില്ലെന്ന് പറഞ്ഞ അവരെ എനിക്കും ഇഷ്ടമായി. അവർ ഒന്നും ആവിശ്യപ്പെട്ടില്ല. വീട്ടിലേക്കൊരു മകൾ വരുന്നുവെന്നേ കരുതുന്നുള്ളൂവെന്ന് പറഞ്ഞ് അവർ ചിരിച്ചു. കൂടെ ഞങ്ങളും..

എന്നാൽ, സുശീല അടങ്ങിയിരുന്നില്ല. ചെറുക്കന്റെ വീട്ടുകാർ അങ്ങനെ പറഞ്ഞാലും നമ്മൾ കൊടുക്കേണ്ടത് കൊടുക്കണ്ടേയെന്ന് അവൾ ശബ്ദിച്ചു. അതിനായി വായ്പ എടുക്കാമെന്നും, സ്വർണ്ണമായും വാഹനമായും കൊടുക്കാമെന്നും, അവൾ തീരുമാനിക്കുന്നത് അങ്ങനെയാണ്…

കുഞ്ഞുങ്ങളുടെ സ്വഭാവമാണ് സുശീലയ്ക്ക്. ചില കാര്യങ്ങൾ തീരുമാനിച്ചാൽ അത് ചെയ്തേ പറ്റൂ.. അതിൽ അവൾക്കൊരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ ആയിക്കോട്ടെയെന്ന് കരുതി ഞാനും എല്ലാത്തിനും വഴങ്ങുകയായിരുന്നു…

വിവാഹം കഴിഞ്ഞ് മകൾ പോയി… വൈകാതെ ചെറുക്കന്റെ കൂടെ രാജ്യം വിട്ടേ പോയി.. തോന്നുമ്പോഴെല്ലാം അവൾ വിളിക്കും. ഞങ്ങളോട് എല്ലാ സ്നേഹത്തോടേയും കൂടെ സംസാരിക്കുകയും ചെയ്യും. ഇന്നാള് വിഡിയോ കാൾ ചെയ്തപ്പോൾ അമ്മയുടെ കഴുത്തിലെ മാല എവിടെപ്പോയെന്ന് അവൾ ചോദിച്ചതായിരുന്നു… ഊരിവെച്ചതാണ് മോളേയെന്ന് പറഞ്ഞ് സുശീല മിടുക്ക് കാട്ടി. ഞാൻ തിരുത്താനും പോയില്ല…

അടവുകൾ മുടങ്ങിക്കൊണ്ട് മാസങ്ങൾ മൂന്നെണ്ണം കഴിഞ്ഞപ്പോൾ ബാങ്കിൽ നിന്നും വീണ്ടും നോട്ടീസ് വന്നു. സുശീലക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ഇന്ന നാളിനുള്ളിൽ ഇത്ര പണം അടച്ചില്ലെങ്കിൽ ജപ്തിയിലേക്ക് പോകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. നിങ്ങൾ ഇങ്ങനെ കൂസലില്ലാതെ ഇരുന്നോ മനുഷ്യായെന്നും പറഞ്ഞ് ഒടുവിൽ അവൾ എന്റെ മേക്കിട്ട് തന്നെ കയറി. നമുക്കൊരു വാടകവീട്ടിലേക്ക് മാറാമെന്ന് പറഞ്ഞിട്ടും അവൾക്ക് സമാധാനമായില്ല.

വീട് നഷ്ടപ്പെട്ടാൽ ഇടിഞ്ഞ് വീഴുന്ന മാനവും, ദരിദ്രരായി ഇറങ്ങിപ്പോകുന്നതിന്റെ നാണവും, സുശീലയെ ആക്രമിക്കുകയാണ്..

‘സാരമില്ലെടി.. എന്റെ കാലം വരെ നിന്നെ ഞാൻ നോക്കിക്കൊള്ളും….’ ഞാൻ പറഞ്ഞു.

“അതുകഴിഞ്ഞാൽ….?” അവൾ ചോദിച്ചു.

‘അതുകഴിഞ്ഞാൽ ജീവിച്ചിരിക്കുന്നവരുടെ ഇടയിൽ എനിക്കെന്ത് കാര്യം….’

എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ആ രാത്രിയിലെ വിളക്ക് ഞാൻ അണച്ചു. നിങ്ങൾക്ക് എങ്ങനെയാണ് മനുഷ്യാ ഇപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നതെന്ന് സുശീല ആരാഞ്ഞിരുന്നു. സങ്കടപ്പെടാൻ മാത്രം ഇവിടെ യാതൊന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ഞാൻ അവളിലേക്ക് തിരിഞ്ഞു.

‘നിങ്ങക്ക് എന്നോട് ദേഷ്യമുണ്ടോ…?’

ആ നേരം എന്റെ മാiറിലേക്ക് ചേർന്നുകൊണ്ട് അവൾ ചോദിച്ചതാണ്. എന്തിനെന്ന് മൊഴിഞ്ഞ് ഞാൻ അവളെ തലോടി.. നിങ്ങളെ വിയർപ്പല്ലേ ഈ വീടെന്ന് പറയുമ്പോൾ അവൾ വിതുമ്പുന്നുണ്ടായിരുന്നു. അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. ആ രാത്രിക്ക് അതീവ ദൈർഘ്യമുണ്ടെന്ന് അന്ന് എനിക്ക് തോന്നിയിരുന്നു..

പിറ്റേന്ന് സർപ്രൈസെന്ന് പറയാൻ മകൾ ഫോണിൽ വിളിച്ചപ്പോഴാണ് ഞങ്ങൾ ഉണർന്നത്. പറഞ്ഞത് പോലെ കതക് തുറന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി. രാജ്യം വിട്ടുപോയ മകൾ രണ്ടുകൈകളിലും സമ്മാന സഞ്ചികളുമായി മുറ്റത്ത് നിൽക്കുന്നു. സുശീല കരഞ്ഞുപോയി. ചെറുതായി എന്റെ ഉള്ളും നനഞ്ഞു.

ഒരു മുന്നറിയിപ്പുമില്ലാതെ എന്താണ് പെട്ടെന്ന് വരാൻ തോന്നിയതെന്ന് ഞാൻ ചോദിച്ചു. കാണാതായി പോയ അമ്മയുടെ മാല അന്വേഷിച്ച് വന്നതാണെന്ന് അവൾ പറഞ്ഞു. ഞങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ഹാൻഡ് ബാഗിൽ നിന്ന് ഒരു പൊതിയെടുത്ത് അവൾ സോഫയിൽ വെച്ചു. തുറന്നപ്പോൾ വിവാഹത്തിന് അവൾ അണിഞ്ഞിരുന്ന എല്ലാ സ്വാർണ്ണങ്ങളുമുണ്ട്… കുറച്ച് പണവും..

‘ഇന്നുതന്നെ ആധാരമെടുക്കണം… അമ്മയുടെ മാലയും… അത് രണ്ടും കണ്ടിട്ട് രാത്രിയിൽ തന്നെ എനിക്ക് തിരിച്ചും പോണം…’

സുശീലയുടെ നാവ് മുറിഞ്ഞുപോയി. അത്തരത്തിൽ വിതുമ്പി കൊണ്ട് അവൾ മകളുടെ മേലേക്ക് വീണു. നിന്റെ ഭർത്താവിനോട് പറഞ്ഞിരുന്നുവോയെന്ന് ഞാൻ ചോദിച്ചു. നിനക്ക് നിന്റെ വീട്ടുകാർ തന്നത് എന്ത് ചെയ്യണമെന്ന് നീയാണ് തീരുമാനിക്കേണ്ടതെന്ന് അവൻ പറഞ്ഞുപോലും… എന്റെ മകൾ എത്തിപ്പെട്ട പുരുഷൻ പുണ്ണ്യമാണെന്ന് എനിക്ക് ആ നേരം തോന്നി…

ഇതൊന്നും വേണ്ടായെന്ന് ഞാൻ പറഞ്ഞിട്ടും മകൾ കേട്ടില്ല. കുളിക്കണമെന്നും പറഞ്ഞ് അവൾ മുറിയിലേക്ക് പോയി.

‘നിങ്ങളാണ് ശരി…!’

വിതുമ്പലുകളുടെ അവസാനം സുശീല പറഞ്ഞതാണ്. നമ്മുടെ മോളാണ് ശരിയെന്ന് മാത്രമേ ആ നേരം എനിക്ക് അവളോട് പറയാൻ ഉണ്ടായിരുന്നുള്ളൂ….!!!

Leave a Reply

Your email address will not be published. Required fields are marked *