എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
സ്ത്രീധനം ചോദിക്കുന്ന ചെറുക്കന്മാരെ ഈ പടിക്കിപ്പുറത്തേക്കു കടത്തില്ലായെന്ന് ഭാർഗ്ഗവി പറഞ്ഞതിനു ശേഷമാണ് ഞാൻ ആ വീട്ടിൽ നിന്ന് എഴുന്നേറ്റത്.
‘രവിയൊന്നും പറഞ്ഞില്ല…’
അവര് സ്വർണ്ണമായിട്ട് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുമെന്ന് പറഞ്ഞ് ഞാൻ ചെരുപ്പുകൾ ധരിച്ചു. ബാഗ് പുറത്തിട്ട് സ്കൂട്ടറിൽ ഇരിക്കുമ്പോൾ സമ്മാനമായി ഒരു കാറും കൊടുക്കേണ്ടി വരുമെന്നും ചേർത്തൂ..
‘ഓഹ്.. ഇപ്പോ സ്ത്രീധനമില്ലല്ലോ… സമ്മാനമാണല്ലോ…’
നാട്ടുനടപ്പ് അങ്ങനെയൊക്കെയല്ലേ ഭാർഗ്ഗവീയെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ എന്റെ സ്കൂട്ടർ സ്റ്റാർട്ടു ചെയ്തത്. വല്ലാതെ മുഷിഞ്ഞു പോയി. കാര്യം ഭാർഗ്ഗവി എന്റെ സഹപാഠി ആണെങ്കിലും സഹിക്കുന്നതിലും ഒരു പരിധിയില്ലേ…
മൂന്നു നാലു നാളായി പറ്റിയ ആൾക്കാരുടെ വിവരവുമായി ഞാൻ ആ വീട്ടിൽ ഇങ്ങനെ കയറിയിറങ്ങാൻ തുടങ്ങിയിട്ട്. പൊന്ന് ഉരുക്കാത്തയിടത്ത് തട്ടാനെന്തു കാര്യമെന്നു പറയുന്നതു പോലെയാണ് യാതൊരു കൊടുക്കലും വാങ്ങലും നടത്താത്ത വിവാഹത്തിൽ ദല്ലാളിന്റെ പങ്ക്.
‘ഒരു ആർഭാടവും വേണ്ട. ചെക്കന്റെയും പെണ്ണിന്റെയും അടുത്ത ബന്ധുക്കൾ മാത്രം. ഏതെങ്കിലും അമ്പലത്തിന്ന് മതീന്നെ…’
ആദ്യമായി വന്നപ്പോൾ ഭാർഗ്ഗവി പറഞ്ഞതാണ്. മോള് ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എഞ്ചിനീയറിംഗിന് പഠിക്കുകയാണെന്നും മൊഴിഞ്ഞു. കഴിയാറായി പോലും. മകളുടെ അച്ഛൻ മരിച്ചിട്ട് ഇപ്പോൾ പത്തു വർഷമായെന്നും ഭാർഗ്ഗവി ചേർത്തിരുന്നു.
‘ദാ.. ഇതൊന്ന് നോക്കിയെ…’
ഞാൻ ലാപ്ട്ടോപ്പ് തുറന്ന് നാലഞ്ചു പേരെ കാണിച്ചു കൊടുത്തു. അവരെല്ലാം സ്ത്രീധനമേ വേണ്ടായെന്ന് പറഞ്ഞ് ജീവിക്കുന്ന വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായിരുന്നു. ഓരോ ആൾക്കാരുടെയും വിവരങ്ങൾ ഭാർഗ്ഗവി കാര്യമായിട്ട് തന്നെ വായിച്ചു. അതുകൊണ്ട് തന്നെ ആരെയും ബോധിച്ചുമില്ല. രണ്ടു പേരുടെ ജാതിയായിരുന്നു കുഴപ്പം. മറ്റുള്ളവരെയും ജോലിയും കുടുംബ പശ്ചാത്തലവും പറഞ്ഞ് തീർത്തും തള്ളി കളയുകയായിരുന്നു.
പിന്നീട് ഓരോ നാളും ഇതു തന്നെയായിരുന്നു സംഭവിച്ചത്. ഞാൻ കൊണ്ടുവരുന്ന ആരെയും മകൾക്കു വേണ്ടി തീരുമാനിക്കാൻ ഭാർഗ്ഗവിക്ക് സാധിച്ചില്ല. ഒടുവിൽ ഞാനത് ചോദിച്ചു.
‘എങ്ങനെയുള്ള ചെറുക്കനെയാണ് മോൾക്ക് വേണ്ടതെന്ന് കൃത്യമായി പറയൂ…’
ഭാർഗ്ഗവി കൃത്യമായിട്ട് തന്നെ പറഞ്ഞു. മകൾ എഞ്ചിനീയർ ആയതു കൊണ്ട് അവളെക്കാളും പഠിപ്പു വേണം. സർക്കാർ ജോലിയിലുള്ളവർക്ക് മുൻഘടനയുണ്ട്. അത്യാവശ്യം സാമ്പത്തിക ചുറ്റുപാടും വേണം. നിങ്ങൾക്ക് ഇതൊക്കെയുണ്ടോയെന്ന് ഞാൻ തിരിച്ചു ചോദിച്ചില്ല. പകരം മറ്റൊരു ഫയൽ തുറന്ന് ഒരു ചെറുപ്പക്കാരനെ കാണിച്ചു. ഭാർഗ്ഗവിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. മകളുടെ ഭാവി ശോഭനമാകാൻ പോകുന്നു വെന്ന തെളിച്ചം ആ മുഖമാകെ പടരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
ചെറുക്കൻ കോളേജിലെ മാഷാണ്. ചെറുപ്പവുമാണ്. വിരമിച്ചെങ്കിലും മാതാപിതാക്കളും അധ്യാപകർ തന്നെ. അതു തന്നെ ഇതു മതിയെന്ന് ഭാർഗ്ഗവി പറഞ്ഞു. മോൾക്കും ഇഷ്ട്ടപ്പെടും.
‘പണം അൽപ്പം കൂടുതൽ വേണ്ടിവരും.’
അപ്പോഴാണ് സ്ത്രീധനം ചോദിക്കുന്ന ഒറ്റയൊരുത്തനേയും ഈ പടിക്കിപ്പുറം കയറ്റില്ലായെന്ന് ഭാർഗ്ഗവി പറഞ്ഞതും ഞാൻ അവിടെ നിന്ന് ഇറങ്ങിയതും.
ഈ മനുഷ്യരൊക്കെ കല്ല്യാണമെന്നത് എന്താണെന്നാണ് മനസിലാക്കി യിരിക്കുന്നത്. എത്ര അല്ലായെന്ന് പറഞ്ഞാലും സാമ്പത്തിക നില താരതമ്മ്യം ചെയ്ത് ബന്ധം സ്ഥാപിക്കുന്നയൊരു കച്ചവട ഏർപ്പാടു തന്നെയാണത്. അല്ലെങ്കിൽ എന്നെ പോലെയുള്ള ദല്ലാളുമാരുടെ പ്രസക്തിയെന്ത്!
ചെറുക്കന്റെയും പെണ്ണിന്റെയും ആസ്തിയളന്ന് ഞങ്ങളാണ് സമമെന്ന് തോന്നുന്നവരെ പരസ്പരം ചേർക്കുന്നത്. ആണായാലും പെണ്ണായാലും തന്നിലും സാമ്പത്തിക സ്ഥിതി കുറഞ്ഞയൊരു ജീവിത പങ്കാളിയായി ആരും സ്വീകരിക്കാൻ തയ്യാറല്ല. അതുകൊണ്ടാണ് തന്നിലും ഉയർന്ന ബന്ധങ്ങൾ കിട്ടാൻ വേണ്ടി പൊന്നായും മണ്ണായും പലരും പലർക്കും കൊടുക്കേണ്ടി വരുന്നത്. അതിയായി ചിലർ സർവ്വതും വിറ്റെന്നും വരും. അതിന്റെയൊരു അംശം കമ്മീഷൻ വാങ്ങിയിട്ടാണ് എന്നെ പോലെയുള്ള കല്ല്യാണ ദല്ലാളുമാർ ജീവിക്കുന്നത്.
കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ അഞ്ഞൂറോളം കല്ല്യാണങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്. പുണ്ണ്യം കിട്ടാനൊന്നുമല്ല. പണത്തിനു വേണ്ടി തന്നെയാണ് ആണിനേയും പെണ്ണിനേയും കുടുംബ സമേതം കൂട്ടി ക്കെട്ടാൻ രാപ്പകൽ ഇല്ലാതെ ഞാൻ ഇങ്ങനെ ശ്രമിച്ചു കൊണ്ടേ യിരിക്കുന്നത്. പ്രശസ്തി കൊണ്ടും പണം കൊണ്ടും മെച്ചപ്പെട്ടയൊരു കുടുംബവുമായി ബന്ധത്തിൽ ഏർപ്പെടാൻ എന്തും കൊടുക്കാമെന്ന നിലയിലാണ് മിക്ക പെൺ വീട്ടുകാരും. അല്ലെന്ന് പറയാൻ തോന്നുന്നു ണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ആപത്തുകൾ ആവർത്തി ക്കില്ലായിരുന്നുവല്ലോ…
സ്ത്രീധനം കൊടുക്കാൻ പെൺ വീട്ടുകാർ ഉള്ളയിടത്തോളം കാലം ആണുങ്ങൾ അത് ഉപയോഗിക്കുക തന്നെ ചെയ്യും. എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും സാമ്പത്തിക സ്ഥിതി കുറഞ്ഞ ചെറുപ്പക്കാരെ സ്വീകരിക്കാൻ വിവാഹമെന്ന് വന്നാൽ പെൺകുട്ടികൾ തയ്യാറാകില്ല. പെണ്ണിനെ മാത്രം മതിയെന്ന് ആൺ വീട്ടുകാർ പറഞ്ഞാലും സമ്മതമല്ല.
തന്നിലും താഴ്ന്ന സാമ്പത്തിക ശേഷിയുള്ള പെണ്ണുങ്ങൾക്കും പോലും വേണ്ടാത്ത ആണുങ്ങൾ ഒരിടത്ത്. തന്റെ ഡിമാൻഡ് മനസ്സിലാക്കി കമ്പോളത്തിൽ വിലയിട്ട് ഇറങ്ങിയ ആൺ കൂട്ടം മറ്റൊരിടത്ത്. ഇന്നും ഈ നാട്ടിൽ സ്ത്രീധനം എന്നൊന്നുണ്ടെങ്കിൽ പൊന്നുകൊണ്ട് അലങ്കരിച്ചും സമ്മാനങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചും അതിനു ചുക്കാൻ പിടിക്കുന്നത് പെൺ വീട്ടുകാർ തന്നെയാണ്. കാണുന്നവരെല്ലാം അത് ആവർത്തിക്കുന്നു വെന്നേയുള്ളൂ. ആ അന്തരീക്ഷം തന്നെയാണ് എന്നെ പോലെയുള്ള ദല്ലാളുമാരെ കൊതുകുകൾ ആക്കുന്നത്. ആഡംബര പള്ളകളിൽ മുട്ടിയാൽ രക്തം കുടിക്കുമെന്നത് തീർച്ചയാണ്.
മാസത്തിൽ ഒരു കല്ല്യാണത്തിന്റെയെങ്കിലും പങ്കു പറ്റിയില്ലെങ്കിൽ എന്റെ ജീവിതം താറുമാറായി പോകും. എനിക്കുമൊരു മോളാണെ. നാളെ എന്നിലും സാമ്പത്തിക ശേഷിയുള്ള ഒരാൾക്ക് കൈ പിടിച്ചു കൊടുക്കണ മെങ്കിൽ ദമ്പടി എന്റെ കൈയ്യിലും വേണമല്ലോ.. അപ്പോൾ പിന്നെ ധർമ്മ കല്ല്യാണങ്ങളിലൊന്നും പരമാവധി ഇടപെടാതിരിക്കുകയാണ് നല്ലത്.
വീട്ടിലെത്തിയൊരു കുളി കഴിഞ്ഞ് ഇരിക്കുമ്പോഴേക്കും ഭാർഗ്ഗവി എന്നെ ഫോണിൽ വിളിച്ചു. തീരേ താൽപ്പര്യമില്ലാതെയാണ് ഞാൻ ഹാലോയെന്ന് പറഞ്ഞത്. പക്ഷെ, കേൾക്കാൻ ഉണ്ടായിരുന്നത് നല്ലയൊരു ചോദ്യമായിരുന്നു. ആരെങ്കിലും കൊത്തിക്കൊണ്ട് പോകും മുമ്പേ ആ കോളേജു ചെറുപ്പക്കാരനെ മകളുമായി ചേർക്കാൻ അവൾ തീരുമാനിച്ച മട്ടാണ്. അല്ലായിരുന്നുവെങ്കിൽ, ആ ബന്ധം കിട്ടാൻ പൊന്നായി എത്ര കൊടുക്കേണ്ടി വരും രവീയെന്ന് ഭാർഗ്ഗവി എന്നോട് ചോദിക്കു മായിരുന്നില്ലല്ലോ…!!!