സൗദയെ മംഗലം കഴിക്കാൻ പോകുന്നത് ഒരു അറബിയാണെന്ന കാര്യം ആ നാട്ടിലാകെ പാട്ടായി കഴിഞ്ഞിരുന്നു.വർഷങ്ങളായി ഗൾഫിലുള്ള സൗദയുടെ ഒരു അകന്ന ബന്ധുവാണ് ഈ കല്യാണാലോചന കൊണ്ട് വന്നത്……

എഴുത്ത്:-സജി തൈപ്പറമ്പ്.

സൗദയെ മംഗലം കഴിക്കാൻ പോകുന്നത് ഒരു അറബിയാണെന്ന കാര്യം ആ നാട്ടിലാകെ പാട്ടായി കഴിഞ്ഞിരുന്നു

വർഷങ്ങളായി ഗൾഫിലുള്ള സൗദയുടെ ഒരു അകന്ന ബന്ധുവാണ് ഈ കല്യാണാലോചന കൊണ്ട് വന്നത്

കടം കൊണ്ട് പൊറുതിമുട്ടിയ സൗദയുടെ കുടുംബത്തെ കരകയറ്റാൻ കാസിംബായ് കൊണ്ട് വന്ന ആലോചന തള്ളിക്കളയാൻ സൗദയുടെ ബാപ്പ,ബാപ്പുട്ടിയ്ക്ക് കഴിഞ്ഞില്ല

ബാപ്പുട്ടി സമ്മതം മൂളിയപ്പോൾ അൻപതിനായിരം ദിർഹം മഹറ് കൊടുത്ത് സൗദയെ നിക്കാഹ് കഴിച്ച അറബി അന്ന് തന്നെ അവളെയും കൊണ്ട് ഗൾഫിലേയ്ക്ക് പറന്നു

അയാൾക്കവിടെ നാലഞ്ച് ഭാര്യമാര് കാണുമെന്നും അതിലൊരാളായി സൗദയും അറബിയുടെ ബംഗ്ളാവിൽ കഴിയേണ്ടി വരുമെന്നും നാട്ടിലെ ചില മുൻ പ്രവാസികൾ ആധികാരികമായി പറയുന്നുണ്ടായിരുന്നു

ആദ്യമായിട്ടാണ് ഫ്ളൈറ്റിൽ യാത്ര ചെയ്യുന്നതെങ്കിലും അതിൻ്റെ ഫീലിങ്ങ്സൊന്നും അവൾക്ക് അനുഭവപ്പെട്ടില്ല

അയാളുടെ വീടിനെക്കുറിച്ചും അവിടെയുള്ള മറ്റ് ഭാര്യമാരെക്കുറിച്ചുമാണ് അവൾ ചിന്തിച്ച് കൊണ്ടിരുന്നത്

അറബികോളേജിൽ നിന്ന് ഡിഗ്രി കരസ്ഥമാക്കിയ സൗദയ്ക്ക് ,അറബി ഭാഷ, നന്നായി സംസാരിക്കാൻ അറിയാമായിരുന്നു

അത് കൊണ്ട് തന്നെ ഭർത്താവ് ഒരു ദുബായ്ക്കാരനായത് അവളെ തെല്ലും അലോസരപ്പെടുത്തിയില്ല ,

ജപ്തി നോട്ടീസ് വന്ന വീട് , കൈവിട്ട് പോയാൽ തന്നെയും അനുജത്തിമാരെയും കൊണ്ട് ബാപ്പ എങ്ങോട്ട് പോകുമെന്ന ബാപ്പുട്ടിയുടെ നിസ്സഹായാവസ്ഥ കണ്ടാണ് താല്പര്യമില്ലാതിരുന്നിട്ട് കൂടി സൗദ ,ഈ നിക്കാഹിന് സമ്മതിച്ചത്

എന്താ വിഷമിച്ചിരിക്കുന്നത്? വീടും നാടുമൊക്കെ വിട്ട് വന്നത് കൊണ്ടാണോ?

ഫ്ളൈറ്റിൽ കയറിയതിന് ശേഷം ആദ്യമായി തന്നോട് സംസാരിച്ച ഭർത്താവിനെ നോക്കി അവളൊന്ന് മന്ദഹസിച്ചു

അതുമുണ്ട് ,പിന്നെ നിങ്ങടെ ആദ്യ ഭാര്യമാരൊക്കെ എന്നോട് എങ്ങനെ റിയാക്ട് ചെയ്യുമെന്ന പേടിയുമുണ്ട്,,

ഹ ഹ ഹ ,അതിന് നീയല്ലേ എൻ്റെ ആദ്യ ഭാര്യ ,

ങ്ഹേ,,സത്യമാണോ ?അപ്പോൾ പിന്നെന്തിനാ നിങ്ങടെ നാട്ടിൽ നിന്ന് കല്യാണം കഴിക്കാതെ കേരളത്തിൽ വന്ന് കല്യാണം കഴിച്ചത്?

അവൾ ജിജ്ഞാസയോടെ നോക്കി

എൻ്റെ കുട്ടികളെ നോക്കാൻ ,,

അത് കേട്ട് അവൾ അമ്പരന്നു

സംശയിക്കണ്ടാ ,, എൻ്റെ സിസ്റ്ററുടെ കുട്ടികളാണ് ,സിസ്റ്ററും, ഹസ്ബൻ്റും ഒരാക്സിഡൻ്റിൽ മരിച്ചപ്പോൾ കുട്ടികളെ ഞാനിങ്ങ് കൊണ്ട് പോന്നു
എനിക്ക് സ്വന്തമെന്ന് പറയാൻ സിസ്റ്ററ് മാത്രമേ ഉണ്ടായിരുന്നുള്ളു
വിവാഹത്തിനോട് താല്പര്യമില്ലാതിരുന്ന ഞാൻ രണ്ടും നാലും വയസ്സ് പ്രായമുള്ള കുട്ടികളെ നോക്കലും ബിസിനസ്സും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ലെന്ന് മനസ്സിലായപ്പോഴാണ്, ദുബായിൽ തന്നെ ,പലരെയും പ്രൊപ്പോസ് ചെയ്തത് പക്ഷേ കുട്ടികളെ ഒഴിവാക്കിയാൽ മാത്രമേ മകളെ നിക്കാഹ് ചെയ്ത് തരൂ എന്ന് അറബികൾ ഒരേ സ്വരത്തിൽ പറഞ്ഞു, അങ്ങനെയാണ് എൻ്റെ കമ്പനിയിലെ കാസിമിക്ക നിങ്ങടെ കാര്യം പറഞ്ഞത് ,പിന്നെ വേറെ ഒന്നും ആലോചിച്ചില്ല സത്യത്തിൽ ഞാൻ ചെയ്തത് തെറ്റാണെന്നറിയാം നിങ്ങളുടെ ദൗർബ്ബല്യത്തെ ഞാൻ മുതലെടുക്കുകയായിരുന്നു , ഇതല്ലാതെ എനിയ്ക്ക് മറ്റ് മാർഗ്ഗമൊന്നു മില്ലായിരുന്നു, ഡേ കെയറിലും മറ്റും കുട്ടികളെ ഏല്പിക്കാൻ പലരും ഉപദേശിച്ചു പക്ഷേ ,അതെൻ്റെ സഹോദരിയോട് ചെയ്യുന്ന ക്രൂരത യാണെന്ന് എനിയ്ക്ക് തോന്നി ,എന്നെക്കാൾ പത്ത് വയസ്സിന് താഴെയുള്ള അവളെ ഞാൻ മകളെപ്പോലെയാണ് നോക്കിയത് ,അത് പോലെ തന്നെ അവളുടെ മക്കളെയും വളർത്തണമെന്നാണ് എൻ്റെ ആഗ്രഹം,,

അയാൾ പറഞ്ഞ് നിർത്തി.

തൻ്റെ അടുത്തിരിക്കുന്നത് താൻ മുൻപ് കേട്ട കഥകളിലെ മനുഷ്യത്വ മില്ലാത്ത അറബിയല്ലെന്നും സ്നേഹവും സഹാനുഭൂതിയുമൊക്കെയുള്ള നന്മയുള്ള മനുഷ്യനാണെന്നും തിരിച്ചറിഞ്ഞതോടെ സൗദയ്ക്ക് തൻ്റെ ഉള്ളിലെ ഉത്ക്കണ്ഠകളൊക്കെ പമ്പ കടന്നു.

നാട്ടിൽ തന്നെയുള്ള മൊഞ്ചൻമാരായ ഏതെങ്കിലും ചെക്കന്മാരെ വിവാഹം കഴിച്ച് അടിച്ച് പൊളിച്ച് ജീവിക്കണമെന്നായിരുന്നു സൗദയുടെ ആഗ്രഹം

അത് നടക്കാതെ പോയതിൽ കുറച്ച് മുൻപ് വരെ അവൾ കടുത്ത നിരാശയിലായിരുന്നു

പക്ഷേ ഇപ്പോൾ അവൾ പടച്ചോനോട് നന്ദി പറഞ്ഞു

ലോകത്തെവിടെയായാലും ഭർത്താവായി വരുന്ന പുരുഷൻ ഇത് പോലെ ബന്ധങ്ങൾക്ക് വില കല്പിക്കുന്ന ,സഹാനുഭൂതിയുള്ള മനസ്സിൽ നന്മയുള്ളയാളാണെങ്കിൽ, അതിൽ പരം മറ്റെന്താണ് ഒരു പെണ്ണിന് വേണ്ടത്,

സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞ സൗദ തൻ്റെ പ്രിയതമനിലേയ്ക്ക് ചേർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *