അങ്ങനെ ഞാനും അവനും പിറ്റേന്ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ വന്നു രണ്ടു തൽക്കാൽ ടിക്കറ്റും ഒപ്പിച്ചെടുത്തു അന്ന് വൈകുന്നേരത്തെ ട്രെയിനിൽ ബോംബെ ലക്ഷ്യമാക്കി പുറപ്പെട്ടു…..

എഴുത്ത്:- നൗഫു ചാലിയം

“ടാ…

നിന്റെ ബോംബെ പോക്ക് എന്തായി…”

“ഷോപ്പിൽ ഇന്നലെ വന്ന ലോഡ് ബില്ലിടാൻ വേണ്ടി നിൽക്കുന്ന സമയത്താണ് ഉറ്റ കൂട്ടുകാരൻ സലീം വന്നു ചോദിച്ചത്…

“ഒന്നും ആയിട്ടില്ല കുരുവി… നാളെയോ മറ്റന്നാളോ പോകണം…

പെരുന്നാൾ സീസൺ അല്ലേ വരുന്നത്…നേരിട്ട് പോയി പർച്ചേസ് ചെയ്താലേ എനിക്കെന്തേലും തടയൂ…

പിന്നെ ഇവിടെ പിടിച്ചു നിൽക്കണേൽ എന്തേലും ഓഫറും ഇടണമല്ലോ…”

ഞാൻ അവനോട് പറഞ്ഞു എന്റെ പണി തുടർന്നു…

“എന്നാൽ ഞാനും വരുന്നുണ്ട് നിന്റെ കൂടേ…”

അവൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് തിരിഞ്ഞു അവനെ നോക്കി…

“കള്ള പ ന്നി… എന്നെ മുടിപ്പിക്കാനുള്ള വരവാണ്…

ഓസിക്ക് കിട്ടിയാൽ ആശിഡും മോന്തുന്ന ജാതി എന്ന് കേട്ടിട്ടില്ലേ…

അത് പോലെ ഒരു ഐറ്റമാണ് എന്റെ ഉറ്റ ചങ്ക്…

അവനെ എന്തു കൊണ്ടാണ് കുരുവി എന്ന് വിളിക്കുന്നതെന്ന് നിങ്ങൾക്കിപ്പോ മനസിലായില്ലേ”

ഉണ്ടാവൂല അത് വേറെ കഥയാണ് പിന്നെ പറയാം…

“നീ നോക്കുക യൊന്നും വേണ്ടാ… എനിക്കവിടെ ഒരു ഇന്റർവ്യു ഉണ്ട് വെള്ളിയാഴ്ച…

എന്റെ ടിക്കറ്റും എനിക്കുള്ള ഫുഡും പിന്നെ നീ താമസിക്കുന്നിടത് ഒരു ബെഡ് സ്പെയ്സും… ഇതു മൂന്നും തന്നാൽ ഞാനും വരാം നിന്റെ കൂടേ…”

“എങ്ങനെ എങ്ങനെ എങ്ങനെ…”

ഞാൻ അവൻ പറഞ്ഞത് എന്താണെന്ന് അറിയാനായി എന്റെ മനസിനോട് തന്നെ ചോദിച്ചു…

“അവന് ബോംബെ വരെ പോകാനും തിരികെ വരാനുമുള്ള ടിക്കറ്റ്… പിന്നെ മൂന്നാല് ദിവസം അവന് വേണ്ട ഭക്ഷണത്തിന്റെ ചിലവ്, അതും പോരാഞ്ഞിട്ട് ഈ രണ്ടു ദിവസം അവന് കിടക്കാനുള്ള ബെഡ് സ്പെയ്സും…

ഇതൊക്കെ കൊടുത്ത് അവനെ ഞാൻ കൊണ്ട് പോകുന്നത് അവന് ഒരു ഇന്റർവ്യൂ പങ്കെടുക്കാനും…”

“എന്റെ തലക് വല്ല ഓളവും ഉണ്ടോ…

ഹേയ് ഉണ്ടാവും….

എന്തായാലും ഞാൻ അവനെയും കൊണ്ടേ പർച്ചേസ് നടത്താനായി പോകാറുള്ളു…അത് അവനും അറിയാം…

ഇത് പിന്നെ അവൻ എന്നോട് ഇങ്ങോട്ട് വന്നു പറഞ്ഞത് കൊണ്ട് കുറച്ചു കാലം നിന്നെ ഇന്റർവ്യൂ എന്നും പറഞ്ഞു ഇത്രയും പൈസ ചിലവാക്കി കൊണ്ട് പോയതെല്ലേ എന്ന് ഇടക്കിടെ പറഞ്ഞു കുത്താം…”

ദിലീപ് വെട്ടത്തിൽ പറഞ്ഞത് പോലെ എത്ര കടല മിഠായി വാങ്ങി തിന്നമായിരുന്നെന്നും പറഞ്ഞു കളിയാക്കമല്ലേ..

“സുഹൃത്തുക്കളെ എന്റെ പേര് താജുദ്ധീൻ…

താജു എന്നു വിളിക്കും..

ഞാൻ കോഴിക്കോട് ആണ്…”

‘അങ്ങനെ ഞാനും അവനും പിറ്റേന്ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ വന്നു രണ്ടു തൽക്കാൽ ടിക്കറ്റും ഒപ്പിച്ചെടുത്തു അന്ന് വൈകുന്നേരത്തെ ട്രെയിനിൽ ബോംബെ ലക്ഷ്യമാക്കി പുറപ്പെട്ടു..

തൽക്കാൽഎടുത്തത് നന്നായി അല്ലെങ്കിൽ തറയിൽ ഇരുന്നു പോകേണ്ടി വന്നേനെ..

ഒടുക്കത്തെ തിരക്കായിരുന്നു ട്രെയിനിൽ…

കണ്ണൂർ എത്തുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ രണ്ടാളുടെയും ടിക്കറ്റ് കൺഫോം ആയി.. സീറ്റ് കിട്ടി…

അങ്ങനെ ബോംബെ എത്തി..

എനിക്ക് പർച്ചേസ് ചെയ്യാനും അവന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും പോകാനുള്ളത് കൊണ്ട് തന്നെ രണ്ടാളും രാവിലെ തന്നെ രണ്ടു വഴിക്ക് തിരഞ്ഞു..”

“പിന്നെ ഞങ്ങൾ കാണുന്നത് വൈകുന്നേരമാണ്..

ഇതേ നിന്റെ മോൻ തോറ്റു തുന്നം പാടി വരുന്നെന്നു പറഞ്ഞത് പോലെ ആയിരുന്നു അവന്റെ വരവെങ്കിലും ആള് എന്തോ കുതുറത്തുകൊണ്ട് ഇന്റർവ്യൂ പാസ്സ് ആയിരുന്നു…”

ഓന്റെ ഉമ്മ വല്ല നേർച്ചയും നേർന്നു കാണും.. അല്ലാതെ പഹയൻ പാസ്സ് ആവാൻ ഒരു വഴിയും ഞാൻ കാണുന്നില്ല…

“ഉച്ചക്ക് രണ്ടാളും കാര്യമായിട്ട് ഒന്നും കഴിക്കാത്തത് കൊണ്ട് തന്നെ നല്ല വിശപ്പ് ഉണ്ടായിരുന്നു…

ഇന്റർവ്യൂ പാസ്സ് ആയതു കൊണ്ട് ഇന്നന്റെ ചിലവാണെന്ന് ഞാൻ സലീമിനോട് പറഞ്ഞെങ്കിലും ഓട്ടയുള്ള കീശ യായിരുന്നു അതിനുള്ള മറുപടി യായി എനിക്കവൻ കാണിച്ചു തന്നത്..

അപ്പൊ നീ എന്താ ഉച്ചക്ക് കഴിച്ചേ എന്നുള്ളതിന് അവന്റെ മറുപടി ഓഫീസിൽ ഉണ്ടായിരുന്ന കോഫി മെക്കിങ് ചെയ്യുന്ന മേസീൻ ആയിരുന്നു…

അതിൽ നിന്നും അഞ്ചാറു കാപ്പി കുടിച് വയറ് നിറച്ചു പോൽ..

ബല്ലാത്ത ജാതി…

അപ്പൊ ഇന്നിനി അവിടെ വരുന്നവർക്ക് കോഫിയും ഇല്ല..

അത് കാലി ആകിയിട്ടുണ്ടാവും…

പഹയന് ഞാൻ ഒരു ഇരുന്നൂറ് രൂപ കൊടുത്തിരുന്നു വഴി ചിലവിന് അതെവിടെ പോയെന്ന് പടച്ചോനറിയാം…”

“അങ്ങനെ ഞങ്ങൾ ഹോട്ടൽ തിരഞ്ഞു നടന്നു ഒരു കേരള ഹോട്ടലിൽ തന്നെ കയറി…

ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നതിന് ഇടയിൽ ഞാനും സലീമും മറ്റൊരു കാര്യം ശ്രദ്ധിച്ചത്…

ആ ഹോട്ടലിൽ അകത് ഉള്ളതിനേക്കാൾ തിരക്ക് പുറത്ത് ഉണ്ടായിരുന്നു…

പുറത്ത് അത്യാവശ്യം നല്ല തിരക്കുണ്ട് അവരൊന്നും ഭക്ഷണം കഴിക്കാനായി വന്നവർ അല്ലായിരുന്നു…പാർസൽ വാങ്ങിച്ചായിരുന്നു പോയിരുന്നത്…

പക്ഷെ അവരൊന്നും പൈസ കൊടുക്കുന്നില്ല..

പുറത്ത് ഉള്ളവർക്കുള്ള ഭക്ഷണം അകത് ഭക്ഷണം കഴിച്ചു പോകുന്നവർ ഒന്നോ രണ്ടോ പാർസലിനുള്ള ഭക്ഷണത്തിനുള്ള പണം കൊടുക്കുമ്പോൾ കൗണ്ടറിൽ ഉള്ളയാൾ ഉള്ളിലേക്കു വിളിച്ചു പറയുന്നു…

പുറത്ത് രണ്ടെണ്ണം…അല്ലെങ്കിൽ മൂന്നെണ്ണം…

നാലെണ്ണം അങ്ങനെ അങ്ങനെ..

ഇതെന്താണെന്ന് സപ്ലൈ ചെയ്യാൻ വന്നവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു..

കഴിക്കാൻ വരുന്നവർ പുറത്ത് നിൽക്കുന്ന പാവ പെട്ടവർക്കുള്ള ഭക്ഷണത്തിന്റെ പണം കൊടുക്കും അത് വാങ്ങാനാണ് പുറത്തുള്ള തിരക്കെന്ന്…”

“ഹൗ എന്തൊരു മനോഹരം…

വിശക്കുന്നവന് ഭക്ഷണം കൊടുക്കുക…”

“എനിക്കും ഒന്നോ രണ്ടോ പാക്കറ്റ് ഭക്ഷണം കൊടുക്കാനായി തോന്നിയെങ്കിലും കയ്യിലുള്ള പണം നാട്ടിലേക് എത്തുവാനും വഴി ചിലവിനു ഉള്ളതും ഉണ്ടായിരുന്നുള്ളൂ..

ഭക്ഷണം കഴിച്ചു കൗണ്ടറിൽ നിൽക്കുമ്പോഴാണ് സലിം എന്നോട് ചോദിച്ചത്..

“ടാ…

പുറത്ത് എത്ര പേര് നിൽക്കുന്നുണ്ടാവും…”

“ഒരു പത്തു മുപ്പത് പേര് ഉണ്ടാവും…

എന്തെ…”

അവന്റെ ചോദ്യം കേട്ടു ഒരു പുച്ഛത്തോടെ ആയിരുന്നു എന്റെ മറുപടി…

“അല്ല അവർക്കുള്ള ഫുഡിന് എത്ര രൂപയാവും…”

അവൻ വീണ്ടും ചോദിച്ചു…

അവൻ ഇതെന്തിനുള്ള പുറപ്പാട് ആണെന്നറിയാതെ ഞാൻ അവനോട് പറഞ്ഞു..

“ഒരാൾക്കു 40 രൂപ വെച്ചിട്ട്.. മുപ്പതു പേർക്കും കൂടേ 1200..”

“എന്താ മോനേ അവർക്കുള്ള ഫുഡ്‌ കൊടുക്കാൻ വല്ല പ്ലാനും ഉണ്ടോ..

എന്റെ കയ്യിൽ ഒന്നുമില്ലേ…”

നേരത്തെ വാരി വിതറിയ പുച്ഛം ഒരു ലോഡ് കൂടേ മുഖത് വരുത്തി അവനോ കളിയാക്കി കൊണ്ട് ഞാൻ പറഞ്ഞു…

“അതെല്ലടാ…

ഒരു അൻപത് പേർക്കുള്ള ഭക്ഷണത്തിന്റെ കൂപ്പൺ എഴുതാൻ പറ കൗണ്ടറിൽ ഉള്ള ആളോട്..

ഇനിയും ആളുകൾ വരുമല്ലേ…”

അവനെന്നെ ചേർത്ത് പിടിച്ചു കൊണ്ടായിരുന്നു പറഞ്ഞത്…

“ഹേ..”

ഞാൻ ഒരു ഞെട്ടലോടെ അവനെ നോക്കി…

“ആ സമയം അവൻ അവന്റെ ഉണക്ക പേയ്‌സിൽ നിന്നും നാലു അഞ്ഞൂറിന്റെ നോട് എടുത്തു മേശ പുറത്ത് വെച്ചു..”

ഇതൊക്കെ എനിക്ക് സിമ്പിൾ ആണെന്ന പോലെ…

അവന്റെ കയ്യിൽ പൈസ കണ്ടപ്പോൾ കൗണ്ടറിൽ ഉള്ള ആളോട് ഞാൻ പറഞ്ഞു…

“ഇക്ക ഒരു അൻപതു പേർക്കുള്ള ഫുഡ്‌…”

ഇക്ക ഉടനെ ഒരു റസീറ്റ് എടുത്തു പേര് എന്താണെന്നു ചോദിച്ചു..

“സലിം…”

ഞാൻ പറഞ്ഞു…

അപ്പോൾ തന്നെ അയാളെ തടഞ്ഞു കൊണ്ട് എന്റെ കുരുവി പറഞ്ഞു…

“സലീമല്ല…

സലിം അല്ലെ…

ഇക്ക

താജു എന്നെഴുതിയാൽ മതി…

താജുദ്ധീൻ…”

ഞാൻ അവനെ നോക്കിയപ്പോൾ അവൻ എന്റെ തോളിലേക് ചേർത്തു വെച്ച് എന്റെ ചെവിയിൽ ഒരു സ്വകാര്യം പോലെ പറഞ്ഞു..

“ഈ നന്മ നിന്റെ പേരിൽ ഇരിക്കെട്ടടാ..

ഇതെല്ലാതെ നിനക്ക് വേണ്ടി ചെയ്യാൻ എന്റെ കയ്യിൽ ഒന്നുമില്ല…”

അവൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞു തുളുമ്പി..”

അവസാനിച്ചു…

ബൈ

😍

Leave a Reply

Your email address will not be published. Required fields are marked *