അങ്ങനെ രണ്ടീസത്തെ നനയുടെ ഫലമായി രാത്രിയോടെ തൊണ്ടയ്ക്കുള്ളിൽ ചെറിയ തോതിൽ ചൊറിച്ചിൽ ആരംഭിക്കുന്നു…..

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

കഴിഞ്ഞയാഴ്ച മഴ പെയ്യുന്ന കിടിലനൊരു ഫോട്ടോയെടുത്ത് പ്രവാസിയായ സൂർത്തിന് അയച്ചു കൊടുത്തു..

“പ്രണയം മഴയോട് മാത്രം…. നല്ല ആൾക്കാരുള്ളിടത്തെ മഴയുണ്ടാകു “എന്നൊരു ക്യാപ്‌ഷനും അങ്ങോട്ട് കീച്ചി…

അവന്റെ റിപ്ലൈ വരുന്നേനു മുൻപ് പെരുമഴ വീണ്ടും പെയ്തു തുടങ്ങി.. പിന്നങ്ങോട്ട് മഴയോട് പ്രണയത്തോട് പ്രണയമാരുന്നു കേട്ടോ..

അമൃതാണെങ്കിലും അധികമായാൽ ദഹിക്കാതെ പുളിച്ചു തികട്ടി വരുമെന്നാണല്ലോ പഴമൊഴി… ആടും കൊച്ചുങ്ങളുടെ തുണിയും വയ്യാതെ കിടക്കുന്ന അമ്മയുടെ തുണിയുമൊക്കെ മൂന്നാലു ദിവസം ഒരുമിച്ചപ്പോ പ്രണയം പെട്ടെന്ന് വെറുപ്പിലേക്ക് വഴിമാറി…

നല്ല വെയില് കണ്ടപ്പോ ആടിനെ അഴിച്ചു വയലിലോട്ട് കെട്ടി .. എന്നിട്ട് തുണി കഴുകാൻ തൊടങ്ങുമ്പോ ഒണ്ടെടെ പെരുമഴ എരച്ചോണ്ട് വരുന്ന്..ഓടിക്കൊണ്ട് പോയി ആടിനെ അഴിച്ചു വീട്ടിൽ കൊണ്ട് വന്നപ്പളേക്കും മൊത്തം നനഞ്ഞ് ഊറ്റി വാരി.. “ന്തായാലും നനഞ്ഞയല്ലേ,, ഇനി തുണീം കഴുകി കുളിച്ചേക്കാമെന്ന്” കരുതി…

അങ്ങനെ രണ്ടീസത്തെ നനയുടെ ഫലമായി രാത്രിയോടെ തൊണ്ടയ്ക്കുള്ളിൽ ചെറിയ തോതിൽ ചൊറിച്ചിൽ ആരംഭിക്കുന്നു…

തൊണ്ട ചൊറിഞ്ഞാലാന്നോ അതോ കു ണ്ടി ചൊറിഞ്ഞാലാന്നോ പൈസാ കിട്ടുമെന്ന് പണ്ടാരാണ്ടോ പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തിൽ ആദ്യമൊക്കെ ആ ചൊറിച്ചിലിനെ നമ്മൾ സ്നേഹത്തോടെ ആസ്വദിച്ചു,, സഹിച്ചു..ഇത്തിരി ചൊറിഞ്ഞാലും വേണ്ടില്ല,, പൈസാ കിട്ടുവല്ലോ…

സമയം കടന്ന് പോകുന്തോറും ചൊറിച്ചിൽ കൂടുന്നതല്ലാതെ പൈസാ വരുന്ന യാതൊരു ലക്ഷണവും കാണുന്നുമില്ല… ചൊറിച്ചില് തൊണ്ടയ്ക്കുള്ളിലായത് കൊണ്ട് കയ്യിട്ട് ചൊറിയാനും വയ്യ..

തൊണ്ടയ്ക്ക് തടവിക്കൊണ്ടുള്ള പരാക്രമം കണ്ട് സഹതാപം തോന്നി എന്റങ്ങേര് കട്ടൻകാപ്പി ഇട്ടു തന്ന്.. ചൂട് വെള്ളം അങ്ങോട്ട് ചെന്നപ്പോ ചൊറിച്ചിലങ്ങു മാറി..

ആശുപത്രിയിൽ പോകാൻ ആവത് വിളിച്ച കെട്ടിയോന് “സാരമില്ല,, അതങ്ങു മാറും “എന്ന ഒറ്റ മറുപടി കൊടുത്തിട്ട് ഒരു പാരസെറ്റമോളും കഴിച്ചിട്ട് പുതപ്പ് തലവഴി മൂടി ഞാനങ്ങു കിടന്നു..നല്ല സുഖം…!!!

ആ ഒരു സുഖത്തിൽ കിടന്നുറങ്ങിയ ഞാൻ ഏകദേശം പത്തേകാലോടെ വീണ്ടും എഴുന്നേറ്റു..

സഹിക്കാൻ പറ്റാത്ത അത്ര തൊണ്ട വേദന…

നിമിഷ നേരം കൊണ്ട് ശരീരം മൊത്തം ചുട്ട് പൊള്ളാൻ തുടങ്ങി.. തലയ്ക്കുള്ളി ലേക്ക് എതിലേക്കുടൊക്കെയോ ചൂട് എരച്ചു കേറി വരുന്ന്.. തല പൊട്ടിത്തെറിച്ചു പോകുന്ന പോലെ വേദന…കണ്ണ് തുറക്കാൻ വയ്യ,,ഒന്ന് കരയാൻ പോലും പറ്റാത്തവണ്ണം വേദന തലയിൽ ആധിപത്യം നേടിയിരിക്കുന്നു..

കാലിന്റെ വെള്ളയിൽ തണുത്ത സൂചികൊണ്ട് കുത്തുന്ന പോലെ മരവിച്ച വേദന.. നിമിഷങ്ങൾ കഴിയുന്തോറും അതിങ്ങനെ പാദത്തിൽ നിന്നും മുട്ടിലേയ്ക്ക് കയറി വരികയാണ്..നടുവിന് കട്ടിയുള്ള എന്തോ ഭാരം എടുത്തു വെച്ചേക്കുന്ന പോലെ വേദന ഇഴഞ്ഞു കയറി..

പ്രിയപ്പെട്ട പെണ്ണുങ്ങളെ… ഒരു ന ഗ്ന സത്യം പറയട്ടെ…

“ലോകത്തിലെ ഏറ്റവും വലിയ വേദന പ്രസവ വേദന അല്ല കേട്ടോ..ഈ പനിയുടെ മുൻപേയും പനിയുടെ കൂടെയും പനി മാറിയാലും പോകാതെ നിക്കുന്ന ഈ ശരീരവേദനയാണ് ലോകത്തിലെ ഏറ്റവും വലിയ വേദന…

അനുഭവസ്ഥയാണ്…..

വല്ല വിധേനയും എഴുന്നേറ്റു ലൈറ്റിട്ട്..ജോലിയും കഴിഞ്ഞു വന്ന് ക്ഷീണിച്ചു കിടന്നുറങ്ങുന്ന അങ്ങേര് ശബ്ദം കേട്ട് എഴുന്നേറ്റു വന്നു…

“എന്തുവാടീ ,, പനി കൊറവില്ലിയോ… എന്തിനാ നീയിപ്പോ എണീറ്റെ..

എന്റെ മുഖത്തോട്ട് നോക്കി അങ്ങേര് ചോയ്ക്കുന്ന്.. കൊറവില്ലെന്ന് പറഞ്ഞാൽ കായും മായും പൂവും വള്ളിയും കൂട്ടിയരച്ചു ചുനുപ്പ് കൂടെ അധികമിട്ട് ഇങ്ങേരെന്നെ ചീ ത്ത വിളിക്കും,, ഒറപ്പ്.. ആശുപത്രിയിൽ പോവാൻ ആവുന്നത് വിളിച്ചതാണ്.. മുന്നൂറ് രൂപാ പോകുവല്ലോന്നോർത്തു മാത്രമാ ഞാൻ പോകാതിരുന്നേ.. അതിപ്പോ വലിയ ഊദ്രമായി..

“കൊറവൊണ്ട്.. ഞാനിച്ചിരി വെള്ളം കുടിക്കാൻ എണീറ്റതാ.. ഇയാൾ കെടന്നോ..

അടുക്കളയിൽ ചെന്ന് കൊറച്ചു വെള്ളമെടുത്ത് രണ്ട് പാരസെറ്റാമോള് വീണ്ടും കഴിച്ചിട്ട് വന്നു കെടന്നു…

“അങ്ങോട്ട് കെടക്കടീന്ന് പറഞ്ഞ് പനിയും, കൊന്നാലും നീ കെടക്കാൻ ഞാൻ സമ്മയ്ക്കില്ലെടീന്ന്” പറഞ്ഞു നടുവേദനയും ശരീരത്തിൽ അഴിഞ്ഞാടുന്നു… ഇത്രേം കാലത്തെ ജീവിതത്തിനിടയിൽ ഞാനിത്ര സങ്കടപ്പെട്ട ഒരു പനിക്കാലമില്ല…

കെട്ടിയോൻ എണീറ്റ് വന്ന് കാലും നടുവുമൊക്കെ എണ്ണയിട്ട് തടവിതന്നു …

ആ നിമിഷത്തിലാണ്,, അതേ നിമിഷത്തിലാണ് വിശ്വവിഖ്യാതമായ എന്റെ ചുമ ഒരെണ്ണം പുറത്തോട്ട് വന്നത്…

“ഇനിയിപ്പോ എല്ലാമായല്ലോ….

കെട്ടിയോന്റെ മുഖത്ത് സഹതാപം…

തുടക്കം ഇച്ചിരി കരകരയോടെയായിരുന്നെങ്കിലും പിന്നങ്ങോട്ട് ഉത്തേജക മരുന്ന് കഴിച്ച കായിക താരത്തെപ്പോലെ ചുമ കുതിച്ചു പാഞ്ഞു.. ചുമയുടെ ശബ്ദം കേട്ട് കൊച്ചുങ്ങൾ രണ്ടും ചാടിയെണീറ്റ് എന്നെത്തന്നെ നോക്കിയിരിക്കുവാ..

വേദനയുടെ ഇടയിലെ ഇച്ചിരിയുള്ള ഉറക്കത്തിനിടയിലെപ്പോഴൊക്കെയോ അച്ഛനും അമ്മാമ്മച്ചിയും കൊച്ചച്ചനും ശങ്കു മാമനും കുഞ്ഞമ്മയും മൂർത്തിയപ്പൂപ്പനുമൊക്കെ മാറി മാറി വന്നു പോയി.. പത്തേക്കറിന്റെ മോളിലെ സ്റ്റോർ റൂമിന്റെ മുന്നിലിരുന്ന് റബ്ബർ ഷീറ്റ് അടുക്കി വെയ്ക്കുന്ന പാച്ചനപ്പൂപ്പൻ വർഷങ്ങൾക്കിപ്പുറം ആ രാത്രി എന്റെ മുന്നിലിരുന്നു ചിരിച്ചു..മരിച്ചു പോയവരൊക്കെ നിര നിരയായി ഇങ്ങനെ മുന്നിൽ വന്നപ്പോൾ പലപ്പോഴും ഞാൻ നെഞ്ച് വിങ്ങി കരഞ്ഞു.. ഇനിയാരെയും കാണാതെ ആ രാത്രി അവസാനിക്കാൻ പോകുന്നുവെന്ന് ഉറപ്പിച്ചു.. കൂടെയുണ്ടാവുമെന്ന് കൈചേർത്ത് പറഞ്ഞിട്ട് തിരിഞ്ഞു നോക്കാതെ പോയവരെയോർത്ത് കണ്ണീർവാർത്തു… ഒരുപാട് സ്നേഹിക്കുന്ന സൗഹൃദങ്ങളെ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന് വെറുതെ ചിന്തിച്ചു…

ഒരിക്കലും അവസാനിക്കില്ലെന്ന് കരുതിയ വേദനയുടെ ആ രാത്രി എങ്ങനെ യൊക്കെയോ നീന്തിക്കയറി…രാവിലെ കണ്ണാടിയിൽ നോക്കിയപ്പോ മുഖമൊക്കെ ഫേസ് ആപ്പിലിട്ട് വണ്ണം വെപ്പിച്ചെടുത്ത ഫോട്ടോ പോലെ വലുതായിരിക്കുന്നു..

“അമ്മച്ചിയ്ക്ക് കൊരങ്ങു പനിയാന്നോ അച്ഛാ.. മൊഖമിരിക്കുന്ന നോക്ക്..

എന്നും എട്ട് മണിക്ക് ഒറക്കമെണീക്കുന്നവൻ അന്ന് ആറ് മണിക്ക് എണീറ്റിരുന്ന് അച്ഛനോട് ചോയ്ക്കുന്നു… അച്ഛൻ ഒരക്ഷരം ഉരിയാടുന്നില്ല… കൊച്ചിനെ കുറ്റം പറയാനൊക്കത്തില്ല.. മുഖം കണ്ടാൽ ആരായാലും ചോയ്ച്ചോവും…

അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി രണ്ട് ഇൻജെക്ഷനും എടുത്ത് ഗുളികയും വാങ്ങി തിരിച്ചു പോന്നു… വരുന്ന വഴി വണ്ടിയിലിരുന്ന് ചുമച്ച എന്നെ ആ ഓട്ടോക്കാരൻ നോക്കിയ അത്ര സഹതാപത്തോടെ ലോകത്തിന്നേ വരെ ആരും നോക്കിയിട്ടില്ല…ചുമ മാറാൻ വേണ്ടി വീട്ടിലിരുന്ന മുളകുപൊടി ഒഴികെ ബാക്കിയുള്ള സാധനങ്ങളെല്ലാമെടുത്ത് ഓരോ മരുന്നുകളുണ്ടാക്കി കുടിച്ചോണ്ടിരിക്കുവാ..

ചുമയ്ക്ക് നാണം വന്നിട്ടോ ദേഹം വേദനയ്ക്ക് നാണം വന്നിട്ടോ എന്തോ വൈകുന്നേരത്തോടെ അവസ്ഥക്ക് ഇത്തിരി മാറ്റം വന്നിട്ടുണ്ട്…നന്നായി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് ദിവസങ്ങൾ ഒരുപാടായി..

അനുഭവത്തിന്റെ വെളിച്ചത്തിൽ എല്ലാരോടും കൂടെ ഒരു കാര്യം പറയാം…

പനി വെറും പനിയായി തള്ളിക്കളയരുത്… ഒടുക്കം അത് വലിയ പണിയാകും. .പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്ന് തന്നെ ആശൂത്രീൽ പൊയ്ക്കോണം..

അല്ലെങ്കിൽ…

പഴുത്ത വരിക്കചക്ക വീട്ടിലുള്ളവര് തിന്നുന്നത് നോക്കി ചൊമച്ചോണ്ടിരിക്കാം…

ഈ എന്നെപ്പോലെ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *