എഴുത്ത്:-സാജുപി കോട്ടയം
ആ സ്ത്രീ പറക്കമുറ്റാത്ത രണ്ട് പെൺകുഞ്ഞുങ്ങളുമായി ആശുപത്രിയുടെ വരാന്തയിൽ തന്നെ ഇരിക്കുകയാണ്ഉ ച്ചയ്ക്ക് തന്റെ ഓട്ടോറിക്ഷയിലാണ് അവരെ താനിവിടെ എത്തിച്ചതെന്ന് അയാൾ ഓർത്തു.
വാടിത്തളർന്ന ചേമ്പിൻതണ്ട് പോലെ ആ രണ്ടു കുഞ്ഞുങ്ങളും അമ്മയുടെ മടിയിൽ തളർന്നു കിടക്കുകയാണ് മൂത്ത കൊച്ചിൻ ആണ് അസുഖം ഏകദേശം നാലോ അഞ്ചോ വയസ്സ് കാണും മൂത്ത കുട്ടിക്ക് ഇളയ കുട്ടിക്ക് കഷ്ടിച്ച് ഒന്നര രണ്ട് രണ്ടുപേരെയും തൂക്കിപ്പിടിച്ചുള്ള ഓട്ടം കൊണ്ടാവണം കുലീനത തോന്നിക്കുന്ന മുഖമാണെങ്കിലും ആ സ്ത്രീയും നന്നേ ക്ഷീണിച്ചിട്ടുണ്ട്
കുറെനേരം അവരെ ശ്രദ്ധിച്ച ശേഷം അയാൾ അവരുടെ അരികിലേക്ക് ചെന്നു.
” ഡോക്ടറെ കാണിച്ചില്ലേ??’
ചോദ്യം കേട്ട് ആ സ്ത്രീ അടഞ്ഞുപോയ കണ്ണ് സാവധാനത്തിൽ തുറന്നു അയാളെ നോക്കി.
തങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുവന്ന ആ ഓട്ടോറിക്ഷക്കാരൻ തന്നെയാണെന്ന് അവൾക്ക് മനസ്സിലായി നാട്ടുകാരൻ തന്നെയാണെങ്കിലും അത്ര വലിയ പരിചയമില്ല പരസ്പരം ഇന്നേവരെ സംസാരിച്ചിട്ടുമില്ല എങ്കിലും യാത്രക്കാരുടെ ഔചിത്യം പോലെ
“കാണിച്ചു “ഒറ്റവാക്കിൽ മറുപടി പറഞ്ഞു അവസാനിപ്പിച്ചു.
വീണ്ടും അവരുടെ കണ്ണുകൾ പഴയ അവസ്ഥയിലേക്ക് തന്നെ മയങ്ങി പോകുന്നത് കണ്ടു
അയാൾ ചോദിച്ചു.
ഡോക്ടർ എന്തു പറഞ്ഞു നിങ്ങൾക്കും നല്ല ക്ഷീണമുണ്ടല്ലോ..? കൂടെ വേറെ ആരെങ്കിലുമുണ്ടോ?
ചോദ്യത്തിന് അവസാന ഭാഗത്ത് ആ സ്ത്രീ കണ്ണുകൾ തുറന്നു … മടിയിൽ നിന്ന് ഊർന്നുപോയ കുഞ്ഞുങ്ങളെ തിരികെ വലിച്ചുകയറ്റി ബെഞ്ചിൽ ഒന്ന് ഇളകിയിരുന്നു.
ന്യൂമോണിയയാണ് കൂടിപ്പോയി അഡ്മിറ്റ് ആക്കാൻ പറഞ്ഞിട്ടുണ്ട്. മൂത്ത കുഞ്ഞിന്റെ തലയിൽ തലോടി കൊണ്ടവർ പറഞ്ഞു. അവരുടെ സ്വന്തം വളരെ പതിഞ്ഞു പോയിരുന്നു.
വീട്ടിൽ നിന്നും ആരെയെങ്കിലും വരുമോ…? അയാൾ ചോദിച്ചു
“ഇല്ലെടോ….. ആരും വരാനില്ല. ” അതു പറയുമ്പോൾ അവരുടെ മുഖം കുനിഞ്ഞു ശബ്ദം എവിടെയൊക്കെ അടഞ്ഞുപോയി വെറുതെ അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ അയാൾ അവരുടെ മുഖത്ത് നിന്നും നോട്ടം മാറ്റി ഒരു ഒളിച്ചോട്ടം പോലെ
ഈ അവസ്ഥയിൽ ഇവർക്ക് എന്ത് സഹായമാണ് അത്ര പരിചിത നല്ലാത്ത താൻ ചെയ്യേണ്ടതെന്ന് അയാൾ ഓർത്തു. പക്ഷേ സംസാരിക്കുമ്പോൾ പോലും വാക്കുകൾ വളരെ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഒരുപക്ഷേ രണ്ടുപേരും ചെറുപ്പക്കാരായതുകൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടു പോയേക്കാം
ഞാൻ എന്തെങ്കിലും സഹായം ചെയ്തു തരണോ..? അവർ മറുപടിയൊന്നും പറയാതെ മൗനമായിരുന്നു
എന്തുകൊണ്ടോ ഈയൊരു അവസ്ഥയിൽ അവരെവിടെ വിട്ടിട്ട് പോരാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല
” കുഞ്ഞിനെ എടുക്കു നമുക്ക് വാർഡിലേക്ക് പോകാം “
മടിയിൽ കിടക്കുന്ന രണ്ടു കുഞ്ഞുങ്ങളെയും അയാളെയും അവൾ മാറി മാറിനോക്കി. അയാൾ മൂത്ത കുഞ്ഞിനെ ഉണർത്താതെ തന്നെ എടുത്തു തോളിലേക്ക് ചായ്ച്ച് കിടത്തി കുട്ടികളുടെ വാർഡിനെ ലക്ഷ്യമാക്കി നടന്നു അവളും ഇളയ കുഞ്ഞിനെയുമെടുത്ത് യാന്ത്രികമായി അയാൾക്ക് പിന്നാലെ നടന്നു.
അഡ്മിഷൻ എഴുതി തന്നിട്ട് കുറെ മണിക്കൂറുകളായല്ലോ…? നിങ്ങൾ ഇത്ര സമയം ഈ കുട്ടിയുമായി എവിടെ പോയിരിക്കുകയായിരുന്നു???
ഡ്യൂട്ടി നേഴ്സ് അവരോട് രണ്ടുപേരോടും ഉച്ചത്തിൽ ദേഷ്യപ്പെട്ടാണ് സംസാരിച്ചത്
വാർഡിലുള്ള സകലരും അവരെയും കുഞ്ഞുങ്ങളെയും ശ്രദ്ധിക്കാൻ തുടങ്ങി അതിൽ പരിചിതരോ അപരിചിതരോ ആരൊക്കെയു ഉണ്ടെന്നു പോലും അവർ നോക്കിയില്ല തലകുനിച്ചായിരുന്നു രണ്ടുപേരും നിന്നിരുന്നത്
ഡ്യൂട്ടി നേഴ്സ് മറ്റു നേഴ്സുമാരോട് എന്തൊക്കെയോ പറയുന്നുണ്ട് അവർ വളരെ വേഗത്തിൽ കുഞ്ഞിനെ മിനി വെന്റിലേറ്ററിലേക്ക് മാറ്റി ധൃതിയിൽ ഓക്സിജൻ കൊടുക്കുന്നു പൾസ് നോക്കുന്നു ഇ സിജി നോക്കുന്നു ഡോക്ടറെ വിളിക്കുന്നു.
മുന്നിൽ നടക്കുന്നതൊക്കെ കണ്ടു ഇളയ കുഞ്ഞിനെയും തോളിലിട്ടു അനങ്ങാൻ പോലും ആവാതെ അവിടെ തന്നെ നിൽക്കുകയാണ് അവളുടെ കൈയിൽനിന്ന് വഴുതി വീണക്കുമോ എന്ന് തോന്നിയപ്പോൾ അയാൾ അവളിൽ നിന്നും കുഞ്ഞിനെ വാങ്ങി തോളിൽ കിടത്തി .
കുറച്ചുസമയത്തിനുശേഷം എന്തൊക്കെയോ എഴുതിയ പേപ്പറുകളുമായി ഒരുനേഴ്സ് അവരുടെ അടുത്തേക്ക് വന്നു.
ലാബിൽ പോയി യൂറിനുള്ള ബോട്ടിൽ വാങ്ങണം. പിന്നെ ഇതിൽ പറയുന്ന മരുന്നുകളും
സിസ്റ്റർ കുറുപ്പടി അയാൾക്ക് നേരെ നീട്ടി.
അയാൾ അത് വാങ്ങിയശേഷം കുട്ടിയെ തിരികെ ഏൽപ്പിച്ച് പുറത്തേക്കു നടന്നു
അവൾ എന്തോ അയാളോട് പറയാൻ തുടങ്ങും മുമ്പ് തന്നെ അയാൾ നടന്നു കഴിഞ്ഞിരുന്നു
നീണ്ട ക്യൂവിൽ നിന്ന് മരുന്നുകളും മറ്റുമായി തിരികെ വന്നപ്പോൾ കുഞ്ഞുങ്ങളുടെ വാർഡിലേക്കുള്ള ഗ്രിൽ വച്ച വാതിൽ അകത്തുനിന്നും പൂട്ടിയിരുന്നു.
ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ അങ്ങനെയാണ് രാത്രിയിൽ പുരുഷന്മാർക്ക് പ്രവേശനമില്ല എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ ഗ്രില്ലിട്ട വാതിലിന്റെ മുന്നിൽ നിന്ന് കൂടെയുള്ളവരെ വിളിക്കണം.
അപ്പോഴാണ് അയാൾ ഓർത്തത് എന്തു പറഞ്ഞു വിളിക്കും..! അവരുടെ പേര് അറിയില്ലല്ലോ..
എന്തായാലും അധികനേരം കാത്തു നിൽക്കേണ്ടി വന്നില്ല… കുഞ്ഞിനെയും തോളത്ത് ഇട്ടുകൊണ്ട് അവർ വേഗത്തിൽ ഗ്രില്ലിട്ട വാതിലിൽ അരികിലെത്തി യൂറിൻ ബോട്ടിലും മരുന്നുകളും വാങ്ങി തിരികെ പോയി.
ഒന്ന് രണ്ട് മിനിറ്റ് അയാൾ അവർ തിരികെ വരുമെന്ന് കാത്ത് അവിടെ തന്നെ നിന്നു കുറെ നേരമായിട്ടും കാണാതായപ്പോൾ ഇനി തിരികെ പോയേക്കാമെന്ന് കരുതി
തന്നെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞു ഇനി ഇവിടെ നിൽക്കുന്നതു കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് അയാൾക്ക് തോന്നി. ഫോൺ നമ്പർ എങ്കിലും കൊടുക്കാമായിരുന്നു അയാൾ വെറുതെ ചിന്തിച്ചു.
എന്തിന്? ഏതൊരാൾക്കും ഒരു സാധാരണ മനുഷ്യൻ ചെയ്യുന്ന ഉപകാരം മാത്രമല്ലേ ചെയ്തുള്ളൂ അതിന് അവർ തിരികെ വരുന്നതും നന്ദി പറയുന്നതുമൊക്കെ പ്രതീക്ഷിക്കുന്നത് അല്പത്തരമല്ലേ…?
അയാൾ തിരിഞ്ഞു നടന്നു.
എടോ…. എടോ…… പിന്നിൽ നിന്നുള്ള വിളി കേട്ടായാൾ തിരിഞ്ഞു നിന്നു ഇളയ കുഞ്ഞിനെയും തോളിലിട്ട് വാതിലിന് അപ്പുറം നിന്ന് വിളിക്കുന്ന അവളുടെ അടുത്തേക്ക് അയാൾ നടന്നു ചെന്നു
എന്താ?? എന്തെങ്കിലും ആവശ്യമുണ്ടോ?? എന്തോ ഓർത്ത പോലെ നിന്നിട്ട് അയാൾ ” അയ്യോ കഴിക്കാൻ ഒന്നും വാങ്ങിയില്ലല്ലേ…! ഞാൻ പോയി പെട്ടെന്ന് വാങ്ങി കൊണ്ടുവരാം
അതൊന്നുമല്ലെടോ…
പിന്നെന്തു പറ്റി…? കുഞ്ഞിന് എന്തെങ്കിലും സീരിയസ്…? കാശ് എന്തെങ്കിലും….? പകൽ മുഴുവൻ ഓടിയ ഓട്ടോക്കാശ് പോക്കറ്റിൽ ഉണ്ടോ എന്ന് ഒന്നുകൂടി തടവി അയാൾ ഉറപ്പുവരുത്തി
കാശൊന്നും വേണ്ടടോ… അതൊന്നുമല്ല പ്രശ്നം
പിന്നെന്താണെന്നറിയാനുള്ള ആകാംക്ഷ അയാളുടെ മുഖത്ത് തെളിഞ്ഞു വന്നു.
ഇവളെ കൂടെ നിർത്താൻ അവർ സമ്മതിക്കുന്നില്ല. തോളിൽ കിടന്ന കുഞ്ഞിനെ തലോടി ക്കൊണ്ടവൾ നെടുവീർപ്പെട്ടു..
ഞാനാ … സിസ്റ്ററുടെ കാല് വരെ ഞാൻ പിടിച്ചു അവർ സമ്മതിക്കുന്നില്ലാ.
ഇനി എന്ത് ചെയ്യും….?
വേറെവിടെയെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോകണമെങ്കിൽ കുഞ്ഞിനെ ഇവിടെ ചികിത്സിക്കാൻ താല്പര്യ മില്ലാത്തതുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കൊണ്ടു പോവുകയാണെന്ന് എഴുതി കൊടുക്കണം.
അകത്ത് ബോധമില്ലാതെ കിടക്കുന്നതിനെയും ഇതിനെയും കൊണ്ടു ഞാനെന്തു ചെയ്യുമെടോ…?
അവർ അത് പറയുമ്പോൾ വീണു പോവാതിരിക്കാന്നെന്നവണ്ണം വിരലിട്ട വാതിലിന്റെ കമ്പിയിൽ മുറുകെ പ്പിടിച്ചിരുന്നു. കരച്ചിൽ പുറത്തേക്ക് വരുന്നില്ലെങ്കിലും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. ഉള്ളിലവൾ നിലവിളിക്കുക യാണെന്ന് അയാൾക്ക് തോന്നി
മുൻപൊരിക്കൽ പോലും സംസാരിച്ചിട്ടില്ലാത്ത ഒരാളാണ് തന്റെ മുന്നിൽ ഹൃദയം തകർന്നു നിസഹായിയായി നിൽക്കുന്നത്. അയാൾക്ക് അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ വന്നു
തന്റെ വീട്ടിൽ ചെന്നാൽ ആരെങ്കിലും വരുമോ… ഞാൻ വേണേൽ ചെന്ന് കൂട്ടിക്കൊണ്ടു വരാം. ഈ അവസ്ഥയിൽ ആരെങ്കിലും വരാതിരിക്കില്ലല്ലോ….!?
അവൾ അയാളുടെ മുഖത്തേക്ക് മുൻപത്തേക്കാൾ ദയനീയമായി നോക്കി
” എനിക്ക് ആരുമില്ലെന്ന് ഞാൻ പറഞ്ഞത് സത്യമാണെടോ “
അതിന്റെ കഥയോ കാരണമോ അന്വേഷിക്കുവാൻ പറ്റിയ സിറ്റുവേഷൻ അല്ലാത്തതുകൊണ്ട് അയാൾ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല. അല്ലെങ്കിൽ തന്നെ അറിഞ്ഞിട്ട് എന്തിന്?
ഇരുവർക്കുമിടയിൽ അൽപനേരം മൗനം മാത്രം സാക്ഷിയായിട്ട് നിന്നു
ആ മൗനം ഭേദിച്ചതും അവൾ തന്നെയാണ്
എടോ താൻ എനിക്കൊരു സഹായം ചെയ്തു തരാമോ? പറ്റില്ലെന്ന് മാത്രം പറയരുത്.
കരഞ്ഞുകൊണ്ട് കെഞ്ചുന്ന ഭാവമായിരുന്നു അവൾക്കപ്പോൾ.
എന്താണ് ചെയ്തു തരേണ്ടതെന്ന ഭാവത്തിൽ അയാളും
” എന്റെ മോളെ ഇന്നൊരു ദിവസം തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമോ..? “
അവളുടെ ചോദ്യം കേട്ടയാൾ ഞെട്ടി
നിസഹായതയോടെ അവളെ നോക്കി എന്തൊരു അവസ്ഥയാണ് ദൈവമേ ഓരോരുത്തർക്കും നീ കൊടുക്കുന്നത് ഒരു നിമിഷം അയാൾ മുകളിലേക്ക് നോക്കി ദൈവത്തോട് പരിഭവിച്ചു
അവർ തമ്മിൽ തമ്മിൽ കണ്ണുകളിലേക്ക് നോക്കി അവർക്ക് പോലും നിർവചിക്കുവാൻ പറ്റാത്ത ഭാഷയിൽ കണ്ണുകൾ തമ്മിൽ സംസാരിച്ചു കൊണ്ടിരുന്നു
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് തന്റെ അവസ്ഥ എനിക്ക് മനസ്സിലാവും പക്ഷേ തന്നെപ്പോലെ തന്നെയാണ് ഞാനും എനിക്കും ആരുമില്ല അങ്ങനെയൊരു വീട്ടിലേക്ക് ഈ പെൺ കുഞ്ഞുമായി ഞാനെങ്ങനെ…?
അതുമാത്രമല്ല എന്റെ പേര് പോലും തനിക്കറിയില്ല താൻ എന്തു വിശ്വസിച്ചാണ് ഈ കുഞ്ഞിനെ എന്റെ കയ്യിൽ തരുന്നത്…?
അതിനു മറുപടി എന്നോണം തന്റെ പേരെന്താണ്….?
ഡെന്നി…. ഡെന്നിസ് അയാൾ പേര് പറഞ്ഞു
ഡെന്നിസെ…. എനിക്കിപ്പോൾ നിങ്ങളെ വിശ്വസിച്ചേ പറ്റൂ എന്റെ മനസ്സ് പറയുന്നു നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്ന്.
അവൾ ഗ്രിൽ ഇട്ട വാതിൽ തുറന്നു കുഞ്ഞുമായി പുറത്തേക്ക് വന്നു
കുഞ്ഞിനെ അയാളിലേക്ക് നീട്ടി
ഇതെന്റെ ജീവനാണ് നാളെ ഇവൾ ഇല്ലെങ്കിൽ ഞാനും ഉണ്ടാവില്ല…. ഡെന്നിസെ
എതിർക്കാനോ എതിർത്തെങ്കിലും പറയുമല്ലോ അയാൾക്കാവു മായിരുന്നില്ല അറിയാതെ തന്നെ കുഞ്ഞിനെ സ്വീകരിക്കുവാനായി നീണ്ടു ചെന്നു
അപ്പോഴേക്കും ഒരു ചെറു ചിരിയോടെ ആ കുഞ്ഞ് അയാളിലേക്ക് ചാഞ്ഞു ചെന്നു അയാൾ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു അമ്മ ചൂട് കുഞ്ഞിൽ നിന്ന് അയാളുടെ നെഞ്ചിലേക്കും പടർന്നു
പെട്ടെന്ന് ഒരു ചാറ്റൽ മഴ പെയ്തു കുഞ്ഞുമായി ആശുപത്രിയുടെ വരാന്തയിലേക്ക് ഓടിക്കേറി തിരിഞ്ഞുനോക്കുമ്പോൾ അവൾ നിന്നയിടം ശൂന്യമായിരുന്നു.
അപ്പോഴേക്കും മഴ ശക്തമായി പെയ്യുവാൻ തുടങ്ങി കുഞ്ഞയാളുടെ നെഞ്ചിലേക്ക് ചുരുങ്ങി ഒരു കുഞ്ഞു ഹൃദയം തന്റെ ഹൃദയത്തോട് ചേർന്ന് ഇടിക്കുന്ന ശബ്ദം അയാൾ കേട്ടു..
☆☆☆☆☆☆☆☆☆☆☆
കുഞ്ഞിന് എന്തുപറ്റിയതാണ്…?
വരാന്തയിൽ നേരത്തെ തന്നെ സ്ഥാനം പിടിച്ച ഒരാളിൽ നിന്നായിരുന്നു ആ ചോദ്യം.
ന്യൂമോണിയ ആണെന്നാണ് ഡോക്ടർ പറഞ്ഞത്.
കൊതുകുകളിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുവാൻ ഒരു കൈകൊണ്ട് നിർത്താതെ വീശിക്കൊണ്ടിരുന്നു.
ഇവിടെ ഭയങ്കര കൊതുകാണ് ഈ തണുപ്പും മഴയും കുഞ്ഞിന് താങ്ങാൻ പറ്റില്ല അതുകൊണ്ട് വീട് അടുത്താണേൽ വീട്ടിൽ പോകുന്നതാണ് ചേട്ടാ നല്ലത്…
പറഞ്ഞത് കാര്യം ആണ് പക്ഷേ എങ്ങോട്ട് ഈ കുഞ്ഞിനേയും കൊണ്ട് പോകുമെന്ന് ഡെന്നീസ് അസ്വസ്ഥതയോടെ ചിന്തിച്ചുകൊണ്ടിരുന്നു
ഗ്രില്ലിട്ട വാതിലിലേക്ക് നോക്കി നിന്നു ഇനി എന്തു ചെയ്യും ഒരിക്കൽക്കൂടി അവരൊന്നു പുറത്തേക്ക് വന്നിരുന്നെങ്കിൽ എന്ന് അയാൾ ആശിച്ചുപോയി.
പേരെങ്കിലും ചോദിച്ചു വയ്ക്കാമായിരുന്നു ഇനി ആ വാതിലിൽ ചെന്ന് ആരോടെങ്കിലും ചോദിക്കാവുന്ന വെച്ചാൽ പേരുപോലും അറിയത്തില്ലല്ലോ…!?
ആലോചിച്ചു തീരും മുമ്പ് അവർ ആ വാതിൽക്കൽ എത്തി പുറത്തേക്ക് നോക്കി അവരിലെ അമ്മ ഉറങ്ങില്ലല്ലോ…
അവർക്ക് സംസാരിക്കാനെന്നവണ്ണം മഴ മാറി കൊടുത്തു ഡെനിസ്
അവർക്ക് അടുക്കലേക്ക്
ചെന്നു
” കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊണ്ടു വരട്ടെ”
വേറെന്തോ ചോദിക്കാൻ വന്നതാണ് പക്ഷേ അയാളുടെ വായിൽ വന്നതിങ്ങനെയാണ്
ഡെന്നിസേ…. എനിക്കൊന്നും വേണമെന്നില്ല കുഞ്ഞിന് എന്തെങ്കിലും വാങ്ങിക്കൊടുക്കാമോ…?
എന്ത് കൊടുത്താലും അവൾ കഴിച്ചോളും
അത് സാരമില്ല ഞാൻ ഫുഡ് വാങ്ങി കൊണ്ടു വരാം ആ മൊബൈൽ നമ്പർ ഒന്ന് തരാമോ? തിരിച്ചു വരുമ്പോൾ ഞാൻ വിളിക്കാം.
അവർ നമ്പർ പറഞ്ഞു കൊടുത്തു.
സേവ് ചെയ്യാൻ നേരം ട്രൂകോളറിൽ
“ഗായു ” വെന്ന് പേര് തെളിഞ്ഞു വന്നു
“ഗായു” എന്നാണ് പേരല്ലേ..?
ഗായത്രിയെന്നാണ് പേര് ഗായു വെന്ന് ഇഷ്ടമുള്ളവർ പണ്ടപ്പോഴോ വിളിച്ചുകൊണ്ടിരുന്നതാണ്
“ഗായു ” ഡെന്നിസ് അങ്ങനെതന്നെ സേവ് ചെയ്തു
കുഞ്ഞിനെയും തോളിലിട്ട് പുറത്തേക്ക്
നടന്നു
ദോശയും ചമ്മന്തിയുമാണ് വാങ്ങിയത് ഇഷ്ടമാണല്ലോ അല്ലേ..!
ഗായു വാതിലിന്റെ ഇടയിലൂടെ അത് വാങ്ങി.
ഹോസ്പിറ്റലിന്റെ പുറത്തുള്ള തട്ടുകടയിൽ നിന്ന് വാങ്ങിയതാണ് അവിടൊക്കെ ഒരുപാട് പരിചയക്കാർ ഉള്ളതുകൊണ്ട് കുഞ്ഞിനുള്ളത് കൂടെ ഞാനിങ്ങു വാങ്ങി ഞങ്ങൾ വണ്ടിയിൽ ഇരുന്നു കഴിച്ചോളാം
ഡെന്നിസേ….. താങ്ക്സ് തനിക്കും ഞങ്ങളൊരു ബുദ്ധിമുട്ടായോ…??
അതിനു മറുപടി പറയാതെ ഞാൻ വണ്ടിയിൽ ഉണ്ടാവും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു.
അന്ന് രാത്രി മുഴുവൻ പെരുമഴയായിരുന്നു ആരോടൊക്കെയോ വാശി തീർക്കും പോലെ കൂടെ ഇടിയും മിന്നലും ഡെന്നിസ് ഓട്ടോയുടെ സൈഡ് കർട്ടനൊക്കെ വലിച്ചിട്ടിട്ടും കാറ്റിന്റെ ശക്തിയിൽ മഴ അകത്തേക്ക് അടിച്ച് കേറുന്നുണ്ട് എങ്കിലും ഒരു തുള്ളി പോലും കുഞ്ഞിന്റെ ദേഹത്ത് വീഴാതിരിക്കാൻ അവളെ അയാൾ പൊതിഞ്ഞുപിടിച്ചു കൊണ്ടിരിക്കുന്നു.
നേരം പരപരാവെളുത്തപ്പോൾ തന്നെ മൊബൈൽ ഫോൺ ബെൽ അടിക്കാൻ തുടങ്ങി… “ഗായു ” വെന്ന് സ്ക്രീനിൽ പേര് തെളിഞ്ഞത് കണ്ടപ്പോൾ ഡെന്നിസ് ഫോണെടുത്തു.
ഡെന്നിസേ…താൻ എഴുന്നേറ്റോ?
രാത്രിയിൽ ഒരുപോള കണ്ണടയ്ക്കാൻ പറ്റിയില്ലെങ്കിലും എഴുന്നേറ്റെന്നു പറഞ്ഞു.
കുഞ്ഞെന്ത്യേ…?
അവൾ ഇപ്പോഴും ഉറക്കത്തിൽ തന്നെയാണ് ഞാനിപ്പോൾ തന്നെ അങ്ങോട്ട് കൊണ്ടുവരാം
ഒരു അമ്മയുടെ വേവലാതി അയാൾക്ക് ഊഹിക്കാൻ പറ്റുമായിരുന്നു.
അപ്പോഴേക്കും സമയം 6 മണിയായി ഹോസ്പിറ്റലിലെ കൂട്ടിരിപ്പുകാരൊക്കെ പ്രഭാതഭക്ഷണം വാങ്ങുവാനും ലാബിലേക്ക് ഓടുന്നവർ തിരക്കിട്ട് അത്യാവശ്യ കാര്യങ്ങൾക്കായി പലരും പരക്കം പായുന്നു
ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിൽ തന്നെയുള്ള കാന്റീനിലിന്റെ അടുത്തെത്തിയപ്പോൾ ഗായുവും അങ്ങോട്ടേക്കു നടന്നുവരികയായിരുന്നു.
ഗായു…..കുഞ്ഞിന് ഇപ്പോൾ എങ്ങനെയുണ്ട്?
ഗായുവെന്ന് വിളിച്ചതിൽ അവൾക്ക് ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും….. കുഞ്ഞിന് ചെറിയൊരു കുറവ് കാണിക്കുന്നുണ്ടെന്ന് മറുപടി പറഞ്ഞു.
നമുക്കൊരു ചായ കുടിച്ചാലോ….?
ഡെന്നിസ് പറയുക മാത്രമല്ല രണ്ടു ചായയ്ക്ക് ഓർഡർ കൊടുത്തു.
ഡെന്നിസേ..എനിക്ക് ചായ വേണ്ടടോ.
അതെന്താ ഇന്നലെ മുഴുവൻ ഉറകിളച്ചിരിക്കുക യായിരുന്നില്ലേ… രാവിലെ ഒരു ചായ കുടിക്ക് ഉന്മേഷം വരട്ടെ. ഡെന്നിസ് നിർബന്ധിച്ചു
അപ്പോഴേക്കും രണ്ടു ഗ്ലാസ് ചായ അവരുടെ മുന്നിലേക്ക് കടക്കാരൻ നീട്ടി
ഡെന്നീസ് അത് വാങ്ങി ഒരു ഗ്ലാസ് ചായ ഗായുവിന്റെ നേരെ നീട്ടി.
ഡെന്നിസേ എന്നെ നിർബന്ധിക്കരുത് എനിക്ക് അറപ്പാണ് ഈ പാൽചായയോട്.
ഗായുവിന്റെ മുഖത്ത് ആ വെറുപ്പും അlറപ്പും പ്രതിഫലിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
ഒരു ചായയോടു ഇത്ര വെറുപ്പോ..?
അതോ ഇന്നലത്തെ പ്രതിസന്ധികൾ ഒക്കെ കഴിഞ്ഞപ്പോൾ ഇനി തന്റെ ഒരു സഹായവും വേണ്ടെന്ന് ഇങ്ങനെ പ്രതികരിക്കുന്നതാണോ..? അയാളുടെ മനസ്സിലേക്ക് ഇങ്ങനെ ഓരോരോ ചിന്തകൾ വന്നു നിറഞ്ഞു
ഒഴിവാക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർക്ക് നിസ്സാര കാര്യത്തിൽ പോലും കാരണങ്ങൾ കണ്ടുപിടിക്കാൻ പ്രത്യേക കഴിവാണല്ലോ…!
ഡെന്നിസേ…. ഗായു അവനെ വിളിച്ചു അവൻ അവളുടെ മുഖത്ത് നോക്കി എന്താണ് പറ എന്ന അർത്ഥത്തിൽ
എന്റെ കെട്ടിയോനും ഭയങ്കര ഇഷ്ടമാണ് “പാൽ ചായ ” ആ ചായ ഉണ്ടാക്കാൻ ഞാൻ തന്നെ മുiല ചുരത്തി കൊടുക്കണം എപ്പോ അയാൾക്ക് ചായ കുടിക്കാൻ തോന്നിയാലും അടുപ്പിൽ തിളച്ചു മറിയുന്ന ആ പാലിലേക്ക് അയാൾ പഞ്ചാരയും തേയിലപ്പൊടിയുമിട്ട് നോക്കി പൊട്ടിച്ചിരിക്കും അയാൾ അത് ആസ്വദിച്ചു കുടിക്കുമ്പോൾ എന്റെ നെഞ്ച് വിങ്ങും അയാളുടെ ചുണ്ടിലും മീശമേലും പറ്റിയിരിക്കുന്ന ചായ തുള്ളികൾ കാണുമ്പോൾ എനിക്ക് അlറപ്പാണ്.
തനിക്കറിയോ ഏതൊരു പെണ്ണിനെയും പോലെ അവഗണനയും പരിഹാസവും പുച്ഛവും ഏൽക്കാത്ത ഒരു ജീവിതം അത്രയേ ഉള്ളൂ ഞാനും ആഗ്രഹിച്ചുള്ളൂ…!
പക്ഷേ അയാൾക്ക് ഈ ശiരീരം ഒരു പരീക്ഷണ വസ്തുവായിരുന്നു ഒരുപാട് വെറൈറ്റി പരീക്ഷണങ്ങൾ ഒക്കെ നടത്തിയ ശiരീരമാണിത്….. ഡെന്നിസേ..
തനിക്ക് അയാളെ ഉപേക്ഷിച്ചു തന്റെ വീട്ടിലേക്ക് പോകാമായിരുന്നില്ലേ…? ഡെന്നിസ് അസ്വസ്ഥതയോടെ ചോദിച്ചു.
എടോ ഡെന്നിസേ…. തനിക്കറിയാൻ പാടില്ലാത്ത ഒരു കാര്യമുണ്ട് പല പെണ്ണുങ്ങളും തിരിച്ചുപോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല പിന്നെയും പിന്നെയും കiടിച്ചു കിiടക്കുന്നത്. സ്വന്തം വീട്ടുകാരെ കൂടെ സങ്കടപ്പെടുത്തേണ്ട എന്നോർത്താണ്.
കഴിഞ്ഞാഴ്ച ആകെ ഉണ്ടായിരുന്ന അച്ഛനും മരിച്ചു. അതുകൊണ്ട് ഞാൻ ഇനി തിരിച്ചു പോകുന്നില്ലെടോ.
ഡെന്നിസേ….. ഞാനൊരു സത്യം പറയട്ടെ
തന്നോട് എനിക്കിപ്പോ അസൂയ തോന്നുവാടോ..
എന്തിന്…?
ഞാനിപ്പോ ഇവിടെ വന്നിട്ട് ഇത്രയും സമയമായിട്ടും അവൾ എന്നെ ശ്രദ്ധിക്കാതെ നിന്റെ നെഞ്ചിൽതന്നെ ചാഞ്ഞു കിടക്കുന്നത് കാണുമ്പോ…
ഈ കുഞ്ഞുങ്ങൾ പോലും അവരുടെ അച്ഛന്റെ നെഞ്ചിലെ ചൂട് അറിഞ്ഞിട്ടില്ല
ഡെന്നിസ് ഉണർന്നിരിക്കുന്ന കുഞ്ഞിനെ നോക്കി … അവളൊന്നു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും അയാളുടെ തോളിലേക്ക് ചാഞ്ഞു.
ഒരു പുരുഷനിൽ നിന്ന് ഇത്രയേറെ തിക്താന്നുഭവ ങ്ങൾ ഉണ്ടായിട്ടും വെറുമൊരു ദിവസത്തെ പരിചയം കൊണ്ട് എന്ത് വിശ്വസിച്ചാണ് ഈ കുഞ്ഞിനെ എന്റെ കൈകളിലേക്ക് ഏൽപ്പിച്ചത്…??
ഡെന്നിസേ….. എല്ലാ പുരുഷന്മാരെയും ഒരേ കണ്ണുകൊണ്ട് കണ്ട് ഫെiമിനിസ്റ്റ് ആവാനൊന്നും എനിക്ക് പറ്റില്ലടോ. തന്നെ ഞാനും ശ്രദ്ധിച്ചിരുന്നു താൻ കൂടുതൽ സമയവും നോക്കിയത് എന്റെ ശiരീരത്തിലേക്ക് ആയിരുന്നില്ല മുഖത്തേക്കും കണ്ണുകളിലേക്കും മാത്രമായിരുന്നല്ലോ അത്രയൊക്കെ മതിയടോ ഡെന്നിസേ… ഒരാണിനെ വിശ്വസിക്കുവാൻ.
ഗായു…. ഒരുവേള നിന്റെ ഈ ഊഹങ്ങൾ തെറ്റായിരുന്നുവെങ്കിലോ…?
അതിനു മറുപടി എന്നോണം ഗായുവൊന്ന് ചിരിച്ചു.
” ഇന്നലെ തീരേണ്ട മൂന്ന് ജീവനുകൾ ഇന്ന് തീർന്നേനെ അത്രേയുള്ളൂ. “
ഡെന്നിസ് കയ്യിലിരുന്ന ചായ ചൂണ്ടോട് അടുപ്പിച്ചു ആവി തട്ടിയപ്പോൾ അയാളുടെ മേൽചുണ്ട് വിയർത്തുപോയി മൂക്കിലേക്ക് തുളച്ചു കയറിയ പാൽമണം അസഹ്യമായി തോന്നി ചായ കുടിക്കാതെ തന്നെ തിരിച്ചു വച്ചു.
എന്തേ..? താൻ ചായ കുടിക്കുന്നില്ലേ..?
ഇല്ല…എനിക്കും ചായയോടിപ്പോ അiറപ്പ് തോന്നുന്നു ഗായു…..
താൻ എന്തൊരു മനുഷ്യനാടോ…?? ഡെന്നിസേ…
എന്തേയെന്നുള്ള ഭാവത്തിൽ അവൻ ഗായുവിനെ നോക്കി.
ഒരാളെ ഇങ്ങനെ ആഴത്തിൽ മനസിലാക്കാൻ തന്നിക്കെങ്ങനെ സാധിക്കുന്നടോ…?
അതിനു പ്രതികരണമായി അവനൊന്നു ചിരിച്ചതല്ലാതെ മറുപടി യൊന്നും പറഞ്ഞില്ല. അതോടൊപ്പം കുഞ്ഞിനെ ഗായുവിന്റെ കയ്യിലേക്ക് കൊടുത്തു.
ഡെന്നിസേ…. ഇനിയെന്താ പരിപാടി..?
വീട്ടിൽ പോണം ഒന്ന് കുളിക്കണം ഉറങ്ങണം അത്രേയുള്ളൂ…
“ഉം “
കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യാൻ എന്തായാലും കുറച്ചു ദിവസമാവും എന്തെങ്കിലും ആവിശ്യ മുണ്ടെങ്കിൽ വിളിച്ചോ ഞാൻ വരാം
“ഉം “
നിസ്സഹായതയെന്ന ബലഹീനതയിൽ പെട്ടുഴറുന്ന ഗായുവിൽ നിന്ന് മൂളൽ മാത്രമേ പുറത്തേക്ക് വന്നുള്ളൂ.
വീണ്ടുമൊരു സഹായം ചോദിക്കുവാനോ പോകേണ്ടെന്ന് പറയാനോ തോന്നിയെങ്കിലും സ്നേഹം കൊണ്ടൊരു മനുഷ്യൻ ഹൃദയത്തിന്റെ ഉള്ളിലൊന്ന് തൊട്ടിട്ടു കടന്നു പോകുന്നത് ഗായു മൗനമായി നോക്കി നിന്നു.