അതിപ്പെന്തിനാടീ ഏലിയാമ്മേ നീ വീട്ടിലോട്ട് പോവുന്നെ? എന്നെ കുറിച്ചൊരു തൊന്തരവ്‌ ഇല്ലാതെ……

_upscale

തൊന്തരവ്‌

Story written by Shafia Shamsudheen

ഏലിയാമ്മക്ക് വയസ്സ് അമ്പത്തൊമ്പത്. കല്യാണം കഴിഞ്ഞിട്ടിപ്പോൾ പത്തുനാൽപ്പത് കൊല്ലം കഴിഞ്ഞു.

അന്നൊരു ദിവസം ഏലിയാമ്മക്ക് ഒരു മോഹം, ‘സ്വന്തം വീട്ടിലൊന്ന് പോയി രണ്ടു ദിവസം താമസിക്കണം’

മക്കളും മരുമക്കളും പേരമക്കളും ഒന്നും ഇല്ലാതിരുന്ന ഒരു ദിവസം ഏലിയാമ്മ വെളുപ്പിനെ എണീറ്റ് ഭർത്താവ് ഔസേപ്പച്ചായന് രണ്ടു ദിവസം കഴിക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കി ഓരോരോ പാത്രങ്ങളിലാക്കി അടച്ചു വെച്ച്, വീട് മുഴുവൻ വല്ലാത്തൊരാവേശത്തോടെ അടിച്ചു തുടച്ച്, കുളിച്ചൊരുങ്ങി രണ്ടു ദിവസത്തേക്കുള്ള സാരിയും ബ്ലൗസും എന്ന് വേണ്ട സോപ്പ് ചീപ്പ് കണ്ണാടി മുതൽ ടൂത്തുപേസ്റ്റ് വരെ ബാഗിൽ ഒതുക്കി ഒരുങ്ങി നിന്നു വിളിച്ചു, “ഇച്ചായോ… എനിക്കൊന്ന് വീട്ടീ പോണം…ആ ജോസ്മോന്റെ വണ്ടിയൊന്ന് വിളിച്ചേ…”

“അതിപ്പെന്തിനാടീ ഏലിയാമ്മേ നീ വീട്ടിലോട്ട് പോവുന്നെ? എന്നെ കുറിച്ചൊരു തൊന്തരവ്‌ ഇല്ലാതെ?”

“ഓ.. തൊന്തരവൊക്കെയുണ്ട് മനുഷ്യാ. അടുക്കളേലൊന്ന് പോയി നോക്ക്യേച്ചും വാ. ആറു നേരത്തേക്ക് കഴിക്കാനുള്ളത് ആറു പാത്രങ്ങളിലായുണ്ട്. ചൂടാറുമ്പോ നാളേക്ക് ഉള്ള മൂന്ന് പാത്രം എടുത്ത് വേഗം ഫ്രിഡ്‌ജീ വെച്ചേക്കണം. മറ്റന്നാൾ രാവിലെ ന്ന് പറഞ്ഞാ അതിരാവിലെ ഞാനിവിടെ കാണും.”

“എന്റെ ഈശോമിശിഹായെ…ഇത്രക്ക് തൊന്തരവോ ടീ ഏലിയാമ്മേ നിനക്ക്?”

ഔസേപ്പച്ചായൻ അറിയാതെ മൂക്കത്തു വിരൽ വെച്ചു പോയി.

അപ്പോഴേക്കും ഏലിയാമ്മ കലിതുള്ളി കൊണ്ട് അച്ചായന്റെ ഫോണുമെടുത്തു വന്നു. “ജോസ്മോനെ ഒന്ന് വിളിക്ക് മനുഷ്യാ…എനിക്കാണെങ്കിൽ മനസ് ആശിച്ചാ പിന്നെ അങ്ങോട്ടൊന്ന് എത്തിയാലേ ഒരു ഇരിക്കപ്പൊറുതിയുള്ളു…”

“അത് പിന്നെ നിന്റെ ഒരു തൊന്തരവ്‌ പണ്ടേ അങ്ങനെയാണല്ലോ ഡീ…” എന്നും പറഞ്ഞ് ഔസേപ്പച്ചായൻ ഫോണെടുത്ത് ഓട്ടോക്ക് വിളിച്ചു.

ജോസ്മോൻ മിനിറ്റുകൾക്കുള്ളിൽ പാഞ്ഞെത്തി.

തടിച്ചു വീർത്ത പോക്കാച്ചി തവളയെ പോലുള്ള തന്റെ ബാഗ് ഏലിയാമ്മ ഒതുക്കിപ്പിടിച്ചിട്ടും ഒതുങ്ങാൻ കൂട്ടാക്കാതെ നിന്നു.

എന്തൊക്കെയോ കുത്തിനിറച്ച വേറെ രണ്ടു കവറുകൾ കുഞ്ഞുങ്ങളെ പോലെ രണ്ടു വിരലുകളിൽ തൂങ്ങിക്കിടന്നു.

റോഡിൽ ഇരുവശത്തൂടെ നടന്നു പോവുന്ന മനുഷ്യരും മൃഗങ്ങളും എന്ന് വേണ്ട, ഓലത്തുമ്പത്തിരുന്ന് ഊഞ്ഞാലാടുന്ന ഓലഞാലിക്കുരുവി പോലും ജോസ്മോന്റെ വണ്ടിയിലെ “സെൽഫിപുള്ള….” എന്ന ഗാനത്തിന്റെ ഓളത്തിനൊപ്പം അറിയാതെ നൃത്തം ചവിട്ടി കൊണ്ടിരുന്നു.

അങ്ങനെ തകൃതിയായി മുഴങ്ങുന്ന സെൽഫിപുള്ള സംഗീതത്തിന് മുകളിലൂടെ ശബ്ദമെടുത്ത് ജോസ്മോൻ ഏലിയാമ്മയോട് വിശേഷങ്ങൾ ചോദിക്കാനും മറന്നില്ല.

വണ്ടി നിർത്തിയപ്പോൾ, തന്റെ കവറിനുള്ളിൽ ഏറ്റവും താഴെയായി തിരുകിയിരുന്ന ആലുക്കാസ് ജ്വല്ലറിയുടെ കുഞ്ഞു പേഴ്സ് തപ്പിയെടുത്ത് തുറന്ന് ഏലിയാമ്മ പൈസ എടുക്കാൻ തുടങ്ങുന്നത് കണ്ട് ജോസ്മോൻ പറഞ്ഞു, “വേണ്ട ചേടത്യേ. അതൊക്കെ തൊന്തരവ്‌.. (പെട്ടെന്ന് വായ പൊത്തിക്കൊണ്ട്) അല്ല.. ഔസേപ്പച്ചായൻ തന്നു..”

“അമ്പട മോനെ… നീയാള് തരക്കേടില്ലല്ലാ. നിന്റെ അപ്പന് ഇപ്പളും നാട്ടാര്ക്ക് ഇടയിൽ മറ്റേ ആ വിളിപ്പേര് ഇല്ലെടാ? ഇത്തിരി നാണം കെട്ടിട്ടായാലും ഞാനത് ഇവിടെ ഒന്ന് പറയട്ടെ?”

വീടിന്റെ തൊട്ടു മുൻപിലുണ്ടായിരുന്ന കുടിവെള്ള ടാപ്പിന്റെ ചുറ്റും കൂട്ടം കൂടി നിന്നിരുന്ന പെണ്ണുങ്ങളുടെ അടുത്തായി ഓട്ടോ ഇറങ്ങി ഏലിയാമ്മ കുറച്ചു ഉറക്കെ തന്നെ ചോദിച്ചു.

“എന്റെ പൊന്നു ചേടത്യേ…ചതിക്കല്ലേ! ഞാൻ കാല് പിടിക്കാം.” ജോസ്മോൻ ഇപ്പോൾ കരയും എന്ന ഭാവത്തിൽ കൈകൾ കൂപ്പി കെഞ്ചി.

“എന്നാ നീ പോയി നിന്റെ അമ്മച്ചി ഇല്ലേ, ആ ഉണ്ടംപൊരി മറിയാമ്മ…അവളുടെ കാല് പിടിക്ക്. എന്റെ കാല് പിടിക്കാൻ വന്നാ നിന്നെ ഞാൻ ചവിട്ടും.”

ഏലിയാമ്മ വീട്ടിലേക്ക് പടികൾ കേറും വരെ പിറുപിറുത്ത് കൊണ്ടിരുന്നു.

അകത്തേക്ക് കയറിയ ഉടനെ കണ്ടു തന്റെ എഴുപത്തെട്ടുകാരി അമ്മച്ചി സീരിയലും കണ്ട് കാലും നീട്ടിയിരിക്കുന്നത്.

ഏലിയാമ്മ “അമ്മച്ച്യേ…” എന്ന് നീട്ടിവിളിച്ചതും “എന്റെ ഏലിക്കൊച്ചേ, രണ്ടു ദിവസായി ഞാൻ നിന്നെ സൊപ്പനം കാണുന്നെടീ. രണ്ടര വയസ്സിലെ നീയും പിന്നെ നിന്റെ അപ്പച്ചനും ഞാനും മാത്രം ഉണ്ടായുള്ളൂ സൊപ്പനത്തിൽ.”

ഇത് കേട്ടിട്ട് അടുക്കളയിൽ നിന്നും വന്ന നാത്തൂൻ ഒന്ന് പരിഭവിച്ചു. “അല്ലെങ്കിലും അമ്മച്ചിക്ക് സ്വപ്നത്തി പോലും അമ്മച്ചീടെ മോനും പിള്ളേരും ഒന്നും ഇല്ല. വല്ല്യേച്ചി മാത്രേ ഉള്ളൂ!”

“അത് പിന്നെ ഞാനാദ്യം പെറ്റിട്ടത് അവളെയല്ല്യോടീ ഡെയ്സിയേ…”

ഡെയ്‌സി ഒരു ചിരിയോടെ അടുത്ത് വന്നു ഏലിയാമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു. എന്നിട്ട് ചായ എടുക്കാനായി അടുക്കളയിലേക്ക്‌ പോയി.

പിന്നെ ഉച്ചവരെ ഏലിയാമ്മയ്ക്കും ഡെയ്സിക്കും അമ്മച്ചിക്കുമിടയിൽ വർത്താനവും ചിരിയും പിണക്കവും വഴക്കും മുഖംവീർപ്പിക്കലും സ്നേഹിക്കലും പരിഭവിക്കലും ഒക്കെ തകൃതിയായി നടന്നു.

അതിന്റെടക്ക് തേങ്ങാക്കൊത്തിട്ട് ബീഫ് വരട്ടലും താറാവിനെ കൊന്ന് കറി വെക്കലും അവിയൽ ഉണ്ടാക്കലും എല്ലാം കഴിഞ്ഞു.

കടയിൽ നിന്ന് ഊണ് കഴിക്കാൻ പോരും വഴി ജോർജ് തൊട്ടടുത്ത സ്കൂളിൽ നിന്ന് മക്കളെയും കൂട്ടും. വീട്ടിലെത്തിയപ്പോഴേ ജോർജിന് വല്യേച്ചിയുടെ മണമടിച്ചു, ഉറക്കെയുള്ള വിശേഷം പറച്ചിൽ ഇപ്പോ വല്യേച്ചി വരുമ്പോൾ മാത്രമാണല്ലോ വീട്ടിൽ.

ജോർജും അവരോടൊപ്പം കൂടി കുറച്ചുനേരം അയൽക്കാരുടെ കുറച്ചു കുശുമ്പും കുന്നായ്മയും പറഞ്ഞു ഉറക്കെ ചിരിച്ചു. എന്നിട്ട് എല്ലാവരും ഒരുമിച്ച് കൈ കഴുകിയിരുന്നു.

വാക്കുകളും ചിരിയും ഭക്ഷണവും നിറഞ്ഞ അവരുടെ വായകൾ അന്നേരം ഒരു സെക്കന്റ് പോലും വിശ്രമിക്കാതെ മൂന്നിരട്ടി ജോലി ചെയ്തു.

രാത്രി ഉറങ്ങാൻ കിടന്നിട്ടും ഏലിയാമ്മയുടെയും അമ്മച്ചിയുടെയും വായകൾ വിശ്രമിച്ചില്ല. വാക്കുകൾ വാചകങ്ങളായി അവിടെ അന്തരീക്ഷത്തിൽ ഇടതടവില്ലാതെ തലങ്ങും വിലങ്ങും ഓടി.

വിശേഷങ്ങൾ പങ്കുവെച്ചു പുലർച്ചെയെപ്പഴോ അമ്മച്ചിയും ഏലിയാമ്മക്കൊച്ചും ഉറങ്ങിപ്പോയി.

രാവിലെ ഒരു 10 മണിക്ക് ഉണരാൻ തുടങ്ങിയ ഏലിയാമ്മ 11 മണിക്കൊന്നു കൂടെ ഉറങ്ങി 12 മണിയോടെയാണ് എഴുന്നേറ്റത്.

വന്നു അടുക്കളപ്പടിയിൽ ഇരുന്ന് നീട്ടിയൊരു കോട്ടുവായിട്ടു. മുറ്റത്തിറങ്ങി മാവിൻകൊമ്പ് താഴ്ത്തി എല്ലാം തികഞ്ഞ ഒരു ഇല പൊട്ടിച്ചു കഴുകി പല്ല് തേക്കാൻ തുടങ്ങി.

“മോളേ.. ഡെയ്സി, അവള്ക്ക് പല്ലേക്കാൻ ഒരു ബ്രഷ് കൊടുക്കെടീ” അമ്മച്ചി നീട്ടി വിളിച്ചപ്പോ ഏലിയാമ്മക്ക് ചിരി വന്നു. “ബ്രഷൊക്കെ എന്റെ ബാഗിലുണ്ട് അമ്മച്ച്യെ.. അതൊന്നും വേണ്ട”

അടുക്കളയിൽ കയറി വന്ന് അപ്പവും മുട്ടക്കറിയും വാരിവലിച്ച് കഴിച്ച് മൊത്തം അകത്താക്കിയ ആശ്വാസത്തിൽ ഏലിയാമ്മ മുറ്റത്തേക്ക് ഇറങ്ങി.

മുറ്റത്തെ ചെടികളിലെ പൂക്കളും പച്ചക്കറികളും നോക്കിയും തന്നെ നോക്കി വാലാട്ടി കൊമ്പു കുലുക്കിയ നന്ദിനിക്കുട്ടിയുടെ നെറുകിൽ തലോടിയും നിൽക്കുന്നതിനിടയിൽ കണ്ടു അപ്പുറത്തെ വീടുകളിലെ അമ്മച്ചിമാരും ചേച്ചിമാരും അനിയത്തികുട്ടികളുമെല്ലാം മതിലിന്റെ മേലേക്ക് തല നീട്ടി വരുന്നത്. ഏലിയാമ്മയും മതിലിനടുത്തെ കല്ലിൽ കയറിനിന്ന് അങ്ങോട്ട് അവരുടെ വിശേഷങ്ങളിലേക്ക് തല നീട്ടി.

വൈകീട്ടത്തെ ചിരിക്കിടയിൽ അമ്മച്ചി ചോദിച്ചു, “നീ വന്നിട്ട് തൊന്തരവിനെ വിളിച്ചില്ല്യയോടീ ഏലിയാമ്മേ.. ” ഇത് കേട്ടതും ഏല്യാമ്മക്ക് അടിമുടി ഒരു കലിയും വിറയലും അരിച്ചങ്ങ് കേറി. പിന്നെ അമ്മച്ചി ആണെന്നൊന്നും ഓർത്തില്ല, അമ്മച്ചിയുടെ അപ്പന്റേം അപ്പന്റപ്പന്റേം അപ്പൂപ്പന്റേം എന്നു വേണ്ട കുടുംബത്തിലെ പത്തു തലമുറയിലെ അപ്പൂപ്പൻമാരുടേം ഇരട്ടപ്പേര് വിളിച്ചു പറഞ്ഞേ ഒന്ന് അടങ്ങിയുള്ളു.

“അളിയനെ തൊന്തരവ്‌ എന്ന് വിളിക്കേണ്ട വല്ല കാര്യവുമുണ്ടോ അമ്മച്ച്യെ…” എന്നൊന്ന് പറഞ്ഞതിന് ജോർജിനു നേരെയും ചാടി, “ഇറങ്ങി പോടാ വവ്വാലെ..” എന്ന ആക്രോശത്തിലൂടെ തനിക്കു കിട്ടിയ പുതിയ ഇരട്ടപ്പേര് കേട്ട് ജോർജ് തലയിൽ കൈവെച്ചു.

അത് എന്തോ ഏലിയാമ്മ അങ്ങനെ ആണ്. കെട്ട്യോനെ തൊന്തരവ്‌ എന്ന് ആരെങ്കിലും പറഞ്ഞാൽ, അത് അപ്പനായാലും അമ്മയായാലും വേണ്ടില്ല, അത് കേട്ട ചെവി ഉടനെ ഏലിയാമ്മയുടെ നാക്കിന് കൊട്ടേഷൻ കൊടുത്തിരിക്കും.

അങ്ങനെ പിണക്കം മാറി വീണ്ടും ചിരിയും കളിയിലേക്ക് മടങ്ങിയെത്തിയ ആ കുടുംബം അന്നുറങ്ങാൻ കിടന്നു.

അതിരാവിലെ എണീറ്റ് സാരി ചുറ്റി ഒരുങ്ങി ജോസ്മോനെ വിളിച്ച് ഏലിയാമ്മ കാത്തിരിക്കുമ്പോ ഡെയ്സി ഒരു ഗ്ലാസ് ചായയുമായി എത്തി വീണ്ടും പരിഭവിച്ചു, “വൈകീട്ട് പോയാ പോരെ വല്ല്യേച്ചി..”

“ഇല്ല ടീ ഡെയ്സിയെ.. അതിയാനവിടെ ഒറ്റക്ക് രണ്ടീസായില്ലേ.. എനിക്ക് ഇരിക്കപ്പൊറുതി ഇല്ല ടീ.”

അമ്മച്ചി കൊണ്ടന്ന താറാമുട്ട പുഴുങ്ങിയതിൽ ഒന്നെടുത്ത് ചായക്ക് ഒപ്പം കഴിച്ച് ബാക്കി ഏലിയാമ്മ പൊതിഞ്ഞു ബാഗിൽ വെച്ച് ഡെയ്‌സിയേയും അമ്മച്ചിയേയും നോക്കി ഒന്ന് ചിരിച്ചു.

പെട്ടെന്ന് വായിൽ വന്നപ്പോ വിഴുങ്ങിയ തൊന്തരവ്‌ എന്ന വാക്ക് വീണ്ടും പുറത്ത് വരാതിരിക്കാൻ അവർ രണ്ടുപേരും അന്നേരം ചിരിയോടെ വായ പൊത്തി.

വരുമ്പോൾ കൊണ്ടുവന്ന, വന്നിട്ടിതുവരെ തൊട്ട്നോക്കാത്ത ബാഗും കവറുകളും ഏലിയാമ്മ ഓട്ടോയിലേക്ക് എടുത്തു വെച്ചു.

ജോർജ് കൊണ്ടുവന്ന് വെച്ചിരുന്ന പലഹാരങ്ങളെല്ലാം ഡെയ്‌സി ജോസ്മോന്റെ വണ്ടിയിലേക്ക് എടുത്തു വെച്ച് സന്തോഷത്തോടെ ഏലിയാമ്മയെ യാത്രയാക്കി.

ജോസ്മോന്റെ വണ്ടിയിലെ “ഡിയോ ഡിയോ ഡിസക്ക ഡിസക്ക..” ക്ക്‌ ഒപ്പം നൃത്തം ചെയ്തിരുന്ന സാരിതലപ്പിനെ ഒതുക്കി പിടിക്കുന്ന പോലെ കയ്യിലെടുത്ത് ഏലിയാമ്മ തന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു കൊണ്ട് ഓർത്തു. “പ്രായം എത്ര ആയിട്ടും എന്താ.. അമ്മച്ചി ഉള്ള വീട്ടിന്ന് പോരുമ്പോ അന്ന് ആ പതിനെട്ടു വയസിൽ കെട്ടിച്ചിറങ്ങി പോവുമ്പോ ഉണ്ടായ അതേ വേദനയാണ് ഉള്ളിൽ”

കയ്യിലുള്ള കവറിലേക്ക് നോക്കി, നീട്ടി ഒരു നെടുവീർപ്പിട്ട് ഏലിയാമ്മ ഉള്ളിൽ പറഞ്ഞു. “പ്രായം എത്ര ആയിട്ടും എന്താ..സ്വന്തം അമ്മച്ചി ഉള്ള വീട്ടിൽ എത്തിയാ പെണ്ണ് അപ്പൊ അലസതയുടെ ഒരു കുപ്പായം ഇടും. പിന്നെന്തിനു അവൾക്ക് വേറെ ഒരു കുപ്പായം? സാരീം ബ്ലൗസും മൂന്നാലെണ്ണം അങ്ങോട്ട് കെട്ടിക്കൊണ്ടോവുന്നത് വെറുതെയാ..”

ഓരോന്നും ഓർത്ത് വീടെത്തിയത് അറിഞ്ഞില്ല. ഗേറ്റിങ്ങൽ അതിയാൻ എതിരേൽക്കാൻ നിന്നിരുന്നു. പലഹാരകവറുകൾ കയ്യിലെടുത്ത് കൂടെ നടക്കുമ്പോൾ പറയുന്നുണ്ട്. “നീ ഇല്ലാതെ ഇവിടെ വല്ലാത്തൊരു തൊന്തരവായിരുന്നു എന്റേല്ല്യാമ്മേ..”

“എല്ലാ തൊന്തരവും തീർക്കാൻ ഞാനിങ്ങെത്തിയില്ലേ മനുഷ്യാ..”

രണ്ടുപേരും ഉറക്കെ ചിരിച്ച് വീണ്ടും അവരുടെ ജീവിതത്തിലേക്ക്, സ്നേഹത്തി ലേക്ക് പടികൾ കയറി.

Leave a Reply

Your email address will not be published. Required fields are marked *