അതുകൊണ്ട് അന്ന് രാത്രി അമ്മ കിടന്നെന്ന് ഉറപ്പുവരുത്തി പതിയെ ആദിയുടെ റൂമിലേക്ക് പോയി കാരണം അമ്മയുടെ കുട്ടിയെ ചീത്തയാക്കാൻ ശ്രമിച്ചാൽ എനിക്ക് കണക്കിന് കിട്ടും…

മധുരപ്രതികാരം

എഴുത്ത്: അശ്വനി പൊന്നു

എട്ടു വർഷങ്ങൾക്കു ശേഷമാണ് എന്റെ നാട്ടിലെ സ്കൂളിലേക്ക് തന്നെ എനിക്ക് ട്രാൻസ്ഫർ കിട്ടിയത്..

ജോയിൻ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ പി.ടി. എ മീറ്റിംഗ് നടന്നു..ആ കൂട്ടത്തിൽ നിവേദിന്റെ അമ്മ അഞ്ജലിയെ തിരിച്ചറിയാൻ എനിക്ക് ഏറെ നേരം വേണ്ടി വന്നില്ല…

എന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടിനാലാകണം മീറ്റിംഗ് തീരും മുൻപേ ഹെഡ് മാസ്റ്ററോട് പെർമിഷൻ വാങ്ങി മകനെയും കൂട്ടി അവൾ പോയത്…..

സ്കൂൾ വിട്ടതിനു ശേഷം ഒരു ഓട്ടോ പിടിച്ചു വേഗം വീട്ടിലേക്ക് പോയി

വീട്ടിൽ ചെന്ന് കയറുമ്പോഴും മനസ് നിറയെ അഞ്ജലി ആയിരുന്നു..

“മോൾ എത്തിയോ ചായ എടുക്കണോ “

എന്റെ ചിന്തയെ കീറിമുറിച്ചു കൊണ്ടായിരുന്നു രാധേച്ചിയുടെ ചോദ്യം

“എനിക്ക് വല്ലാത്ത തലവേദന ഞാൻ ഒന്ന് കിടക്കട്ടെ ചേച്ചി “.

“”മോളെ എന്നാൽ ഞാൻ പോകട്ടെ നാളെ രാവിലെ വരാം

രാധേച്ചിയോട് തലയാട്ടി സമ്മതം അറിയിച്ചു. റൂമിലേക്ക് നടന്നു നീങ്ങുമ്പോൾ എന്റെ മനസ് വർഷങ്ങൾക് പിന്നിലേക്ക് സഞ്ചരിച്ചു…..

ഓണം വെക്കേഷൻ കഴിഞ്ഞു കോളേജ് തുറന്ന ദിവസം അഞ്ജലി ക്ലാസ്സിലേക്ക് കയറി വന്നത് വലിയ സന്തോഷത്തിൽ ആണ്

“എടീ അച്ചു ഇന്നും കണ്ടെടി ആ താടിക്കാരനെ അവന്റെ ഓട്ടോയിലാ ഞാൻ വന്നത് ….”

“എന്നിട്ട്? “

“എന്നിട്ടൊന്നുമില്ല അവൻ എന്നെ മൈൻഡ് ചെയ്യാതെ തിരിച്ചു പോയി “

“എടീ നിനക്ക് വട്ടാ ഏതോ ഒരുത്തനെ ഓർത്തു ഇങ്ങനെ നടക്കാൻ അവൻ നിന്നോട് പറഞ്ഞതല്ലേ അവന്റെ പിന്നാലെ നടക്കരുതെന്നു “

“എന്റെ അച്ചുമോളെ ഈ അഞ്ജലി ഒരു കാര്യം കൊതിച്ചാൽ അത് നേടിയിട്ടേ അടങ്ങൂ അത് അവനല്ല അവന്റെ അപ്പൂപ്പൻ എതിർത്താലും ഞാൻ നേടും “

“എടീ നിന്റെ താടിക്കാരന്റെ പേരെന്താ എവിടെയാ വീട്…. എനിക്കുമൊന്നു കാണണം അങ്ങേരെ “

“അയ്യടാ മോളെ അങ്ങനെയിപ്പോ വേണ്ട “

ഇതും പറഞ്ഞു എന്റെ കവിളിൽ പിച്ചിയിട്ടു അവൾ എന്റെ അരികിൽ വന്നിരുന്നു ചെവിയിലായി മന്ത്രിച്ചു

“എടീ അയാളുടെ മനസ് മാറി അയാളെ എനിക്ക് കിട്ടാൻ നീയുമൊന്നു പ്രാർത്ഥിക്കണേ “

“പ്രാർത്ഥിക്കമെടി നിനക്ക് കിട്ടാനല്ല…കിട്ടാതിരിക്കാൻ നിന്റെ പണച്ചാക്ക് തന്തയുടെ കയ്യിൽ നിന്നും നിനക്ക് കിട്ടാതെ ഇരിക്കാൻ “

നാട്ടിലെ പണക്കാരൻ ശ്രീധരൻ നായരുടെ ഏക മകളാണ് അഞ്ജലി.. ആ അവളാണ് ഒരു ഓട്ടോ ഡ്രൈവറെ മനസ്സിലിട്ടു നടക്കുന്നത്…..

ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഞാൻ പതിവിലും നേരത്തെ ഇറങ്ങി അഞ്ജലിക്ക് എൻ.എസ്.എസ് മീറ്റിംഗ് ഉണ്ടായിരുന്നു… അതുകൊണ്ട് അവളോട് യാത്ര പറയാനും കഴിഞ്ഞില്ല…..

കോളേജിന്റെ ഗേറ്റിനടുത്തു തന്നെ ആദി എന്നെ വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു… അവന്റെ കൂടെയുള്ള കറക്കവും കഴിഞ്ഞു വീട്ടിൽ എത്തി ഫോൺ എടുത്തു നോക്കുമ്പോൾ അഞ്ജലിയുടെ മിസ്ഡ് കാൾ…തിരിച്ചുവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല…..

പിറ്റേന്ന് ക്ലാസ്സിൽ എത്തിയപ്പോൾ അഞ്ജലി എന്റെ അടുത്തെത്തി…

അവൾക്ക് എന്നോട് എന്തോ സംസാരിക്കണമെന്ന് പറഞ്ഞു. അതുകൊണ്ട് ആദ്യ പീരീഡ് കട്ട് ചെയ്യാൻ അവൾ എന്നെ നിർബന്ധിച്ചു

പീരീഡ് കട്ട് ചെയ്യാൻ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ അവളെ എതിർക്കാൻ പോയില്ല കാരണം അവളുടെ കണ്ണുകളിൽ ദേഷ്യം ആളിക്കത്തുന്നതായി എനിക്ക് തോന്നി….

ഞങ്ങൾ വാകമര ചോട്ടിലേക്ക് പോയി…. ആ ചുവന്ന പൂക്കൾ പെയ്തിറങ്ങിയ വീഥിയിൽ വച്ച് അവൾക്കെന്നോട് പറയേണ്ടത് ഗൗരവമായ എന്തോ ഒന്നാണെന്ന് അവളുടെ മുഖഭാവം എനിക്ക് വ്യക്തമാക്കി തന്നു

അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു കാരണം അവൾ സ്നേഹിക്കുന്ന ഓട്ടോക്കാരൻ എന്റെ ആദി ആണ്…. ഇന്നലെ ഞങ്ങൾ കറങ്ങുന്നത് അവൾ കണ്ടത്രേ

“”അഞ്ജലി…..””

,””അതെ അച്ചു അവനെ എനിക്ക് വേണം… അവൻ എന്നെ ഇഷ്ടപെടാത്തതിന്റെ കാരണം നീയാണോ എനിക്കറിയണം “”

അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു….

“”അഞ്ജലി നീ പറഞ്ഞത് സത്യമാണ് ഞാൻ കാരണം തന്നെയാണ് അവൻ നിന്നെ ഇഷ്ടപ്പെടാത്തത് കാരണം എന്റെ കല്യാണം ഉറപ്പിച്ചിട്ടു മാത്രമേ അവൻ ഒരു കല്യാണത്തിന് തയ്യാറാവുകയുള്ള….അത് പോലെ തന്നെ ഒരു പെണ്ണിന് വെറും വാക്ക് കൊടുത്തു മോഹിപ്പിക്കാനും തയ്യാറല്ല “”

“”എന്ന് വച്ചാൽ? “”

“”എന്ന് വച്ചാൽ ആദി എന്റെ ഏട്ടൻ ആണേ…. അല്ലാതെ നീ കരുതും പോലെ എന്റെ കാമുകൻ ഒന്നുമല്ല “”

“”എടീ ഞാൻ…. അത്..ഞാൻ…..വിചാരിച്ചു……””

വാക്കുകൾക്കായി പരതുന്ന അവളുടെ മുഖത്തു എന്തൊക്കെ ഭാവ രസങ്ങൾ മിന്നി മാഞ്ഞു എന്ന് പോലും എനിക്ക് മനസിലായില്ല….

എങ്കിലും ഞാൻ അവളോട് ഞങ്ങളുടെ അവസ്ഥയും കഷ്ടപ്പാടും എല്ലാം അറിയിച്ചു…ആദിയെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അവൾ എനിക്ക് വാക്കു തന്നു….

ഈ പ്രൊപ്പോസലുമായി ആദിയെ സമീപിക്കാൻ എനിക്ക് എളുപ്പമായോരുന്നു കാരണം അവൻ എന്റെ ഏട്ടനേക്കാളുപരി നല്ലൊരു സുഹൃത്തായിരുന്നു

അതുകൊണ്ട് അന്ന് രാത്രി അമ്മ കിടന്നെന്ന് ഉറപ്പുവരുത്തി പതിയെ ആദിയുടെ റൂമിലേക്ക് പോയി കാരണം അമ്മയുടെ കുട്ടിയെ ചീത്തയാക്കാൻ ശ്രമിച്ചാൽ എനിക്ക് കണക്കിന് കിട്ടും…..

പതിയെ പിറകിലൂടെ ചെന്നപ്പോൾ അല്ലെ കാര്യം പിടികിട്ടിയത് കയ്യോടെ കള്ളത്തരം പിടികൂടി അഞ്ജലിയുടെ മുഖം ചായകൂട്ടുകളാൽ തീർത്തു അതിൽ കണ്ണും നട്ടിരിക്കുകയായിരുന്നു ആദി എന്ന കള്ള കാമുകൻ .

പിന്നീടങ്ങോട്ട് എന്റെ അറിവോടെ വളരുകയാരുന്നു അവരുടെ പ്രണയം….എങ്കിലും എന്നെ ആരെയെങ്കിലും കൈ പിടിച്ചു ഏൽപ്പിച്ചാൽ മാത്രമേ അവളെ സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്നയിരുന്നു ആദിയുടെ തീരുമാനം…

കോളേജ് പഠനം കഴിഞ്ഞു…. ഞാനും അഞ്ജലിയുടെയും കണ്ടുമുട്ടൽ കുറഞ്ഞെങ്കിലും ഡാൻസ് ക്ലാസ്സിൽ പോകും വഴി ആദിയും അഞ്ജലിയും കണ്ടുമുട്ടി….

അങ്ങനെയിരിക്കെ ആണ് എനിക്ക് ഗോപേട്ടന്റെ വിവാഹ ആലോചന വന്നതും അമ്മയും ഏട്ടനും അത് ഉറപ്പിക്കാൻ തീരുമാനമെടുത്തതും…… എനിക്ക് വളരെ സന്തോഷമായി കാരണം ഇനിയെന്റെ ആദിക്കും അഞ്ജലിക്കും ഒന്നാകാമല്ലോ

ഈ വിവരം അറിയിക്കാനായി ഞാൻ അഞ്ജലിയുടെ അടുത്തേക്ക് സന്തോഷത്തോടെ പോയി..

എങ്കിൽ അവളുടെ മുഖത്തിന് അത്ര തെളിച്ചം പോരായിരുന്നു

കൂടെ ഗോപേട്ടനു പലചരക്ക് കട ആണെന്നറിഞ്ഞപ്പോൾ അവളുടെ സംസാരത്തിൽ പുച്ഛം കലരുന്നതായി എനിക്ക് തോന്നി…..അതെന്റെ തോന്നൽ ആണെന്ന് കരുതികൊണ്ട് അവളോട് ആദിയെ കുറിച്ച് ചോദിച്ചു

“”അഞ്ജലി നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം……””

“”അച്ചു നീയെന്റെ സുഹൃത്തൊക്കെ തന്നെയാണ് എങ്കിലും എനിക്ക് തുറന്നു പറയണം….. ഞാൻ പ്രാക്ടിക്കൽ ആണ്…… എന്റെ കസിൻസ് ഒക്കെ കല്യാണം കഴിച്ചത് നല്ല സാലറി ഉള്ള ഗവണ്മെന്റ് എംപ്ലോയീസിനെ ആണ്… മാത്രമല്ല എനിക്ക് ഇപ്പോൾ ഒരു കോളേജ് പ്രൊഫസറുടെ പ്രൊപോസൽ വന്നിട്ടുണ്ട്….ഇതാകുമ്പോൾ എനിക്ക് തോന്നിയ പോലെ അടിച്ചുപൊളിക്കാം…..എന്റെ സ്വപ്നമായ മണാലി ട്രിപ്പ് സാക്ഷാത്കരിക്കാം അല്ലാതെ അടുക്കളയിലെ പുകയും കരിയും മാത്രംകൊണ്ട് ജീവിതം ഹോമിക്കാൻ ഞാൻ ഒരുക്കമല്ല സൊ അശ്വതി അത് ആദിയുടെ കാര്യം……..അത് ശരിയാകില്ല “

ആദിയെ തേച്ചെന്ന് മനസിലായപ്പോൾ അവളുടെ വീടാണെന്ന് മറന്ന് കൊണ്ട് ഞാൻ അവളുടെ കരണം പുകച്ചു ഒന്ന് കൊടുത്തു…..

വേദന കൊണ്ട് മുഖം തടവുന്ന അവളുടെ അടുത്തേക്ക് ചേർന്ന് ചൂണ്ടുവിരൽ നീട്ടികൊണ്ട് പറഞ്ഞു

“”ഇത് നിനക്ക് എന്റെയും ആദിയുടെയും വകയുള്ള വിവാഹസമ്മാനം “

അവിടെ നിന്നിറങ്ങുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർ പെയ്തൊഴുകുന്നുണ്ടായിരുന്നു….

വീട്ടിൽ എത്തിയപ്പോൾ ആദി ഉണ്ടായിരുന്നു അവിടെ…. അവനെ കണ്ടപ്പോൾ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…

ഓടിച്ചെന്നു കെട്ടിപിടിച്ചു കരഞ്ഞു

“”ആദി…..അവൾ…….. അഞ്ജലി…… അവൾ നമ്മളെ പറ്റിച്ചെടാ “”

ആദിയുടെ മുഖത്തു ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു… ഉള്ളിലെ സങ്കടം ഉള്ളിൽ തന്നെ ഒതുക്കികൊണ്ട് അവൻ എന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു

“”സാരമില്ല ഡാ അച്ചു….അവൾ പോട്ടെ നീ കരഞ്ഞു കൊണ്ട് അമ്മയെ അറിയിക്കേണ്ട “” ഞാൻ കണ്ണുതുടച്ചുകൊണ്ടു അവനോട് ചേർന്നിരുന്നു…..

“”താനെന്താടോ ലൈറ്റ് പോലും ഇടാതെ ഉറങ്ങുകയാണോ “”

ഗോപേട്ടൻ വന്നപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്….

മോനെ സ്കൂളിൽ നിന്നും ആദി കൂട്ടികൊണ്ടു പോയെന്ന് പറഞ്ഞു കൊണ്ട് ഗോപേട്ടന് ചായ എടുക്കാൻ ഞാൻ അടുക്കളയിലേക്ക് പോയി എന്നത്തെപോലെയും വിശേഷങ്ങൾ ഗോപേട്ടനോട് പങ്കുവയ്ക്കുമ്പോൾ അഞ്ജലിയെ കണ്ട വിവരം പറഞ്ഞു.

അപ്പോഴാണ് അറിയുന്നത് അവൾ താമസിക്കുന്നത് ഗോപേട്ടന്റെ കടയ്ക്ക് അരികിൽ ആണെന്ന്.

പിറ്റേന്ന് രാവിലെ ഗോപേട്ടൻ പറഞ്ഞ വഴി ലക്ഷ്യമാക്കി ഞാൻ നടന്നു… അവസാനം ഒരു ഇരുനില വീടിന്റെ മുറ്റത്തു ഞാൻ ചെന്ന് നിന്നു

അകത്തു നിന്ന് തയ്യൽ മിഷന്റെ ശബ്ദം പുറത്തേക്ക് കേൾക്കുന്നുണ്ടായിരുന്നു..

ഞാൻ കോളിംഗ് ബെൽ അമർത്തി..വാതിൽ തുറന്നു അഞ്ജലി പുറത്തു വന്നു ഒപ്പം നിവേദും..

എന്നെക്കണ്ടതും അഞ്ജലിയുടെ മുഖം വല്ലാതെ ആയെങ്കിലും നിവേദിന്റെ മുഖത്ത് അവന്റെ ടീച്ചർ വീട്ടിൽ വന്നതിന്റെ തിളക്കം ഉണ്ടായിരുന്നു

ഞാൻ കയ്യിൽ കരുതിയ ചോക്കളേറ്റ് അവനു നൽകി

“”അശ്വതി ഇരിക്ക് “”

പതിഞ്ഞ സ്വരത്തിൽ അഞ്ജലി പറഞ്ഞു..

“”ആരാടി മുന്നിൽ വന്നത് നിന്റെ മറ്റവൻ ആണോ “”

നിലത്തുറയ്ക്കാത്ത കാലുകളുമായി ഒരാൾ പുറത്തേക്കു വന്നു..എന്നെ രൂക്ഷമായി നോക്കിയിട്ടു അയാൾ ആടിയാടി നടന്നു പോയി

“”ഹരിയേട്ടന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാ””

അഞ്ജലി യന്ത്രികമായെല്ലാം പറയാൻ തുടങ്ങി

“”അന്ന് ആദിയേട്ടനോട് കാട്ടിയ ക്രൂരതകൾക്കെല്ലാം കാലം എനിക്ക് തിരിച്ചടി നൽകി

എന്റെ വിവാഹത്തിന് ശേഷം അച്ഛന്റെ ബിസിനസ് തകർന്നു.. എന്റെ വീട് വരെ ബാങ്കുകാർ ജപ്തി ചെയ്തു. കിടപ്പാടം വരെ നഷ്ടപെട്ട അച്ഛൻ ആത്മഹത്യ ചെയ്യുമ്പോൾ എന്റെ മോനൊഴിച്ചു ഞാൻ ഈ ഭൂമിയിൽ ആരോരുമില്ലാത്തവൾ ആയി മാറി

എന്റെ സ്വത്തുക്കൾ മാത്രം കണ്ടു കണ്ണു മഞ്ഞളിച്ചു വന്ന ഹരിയേട്ടന് ഞാനൊരു അധികപ്പറ്റായി മാറാൻ ഏറെ നാൾ വേണ്ടി വന്നില്ല…

കോളേജിൽ നിന്നും ലഭിക്കുന്ന പണമെല്ലാം കള്ളു കുടിക്കാനും കണ്ട പെണ്ണുങ്ങൾക്ക് കൊടുക്കാനുമായി ചിലവാക്കുകയ

“”എന്നാൽ നിനക്കൊരു ജോലിക്ക് ശ്രമിക്കരുതോ “”

“”ഹരിയേട്ടന് എന്നെ സംശയമാണ് എവിടെയും വിടില്ല.. അയൽവീട്ടിൽ നിന്നൊക്കെയുള്ള തുണി തൈച്ചാണ് ഞാൻ ഇപ്പൊ കഴിയുന്നത്

അശ്വതി.. “”

“”എന്താ അഞ്ജലി “”

“”ആദിയേട്ടൻ……….. “”

“”ആദിക്ക് നിന്നെ ജീവനായിരുന്നില്ലേ അഞ്ജലി… നിനക്ക് തോന്നുന്നുണ്ടോ നീയില്ലാതെ അവനു ഒരു ജീവിതമുണ്ടെന്നു..”

അവളുടെ കണ്ണുകളിൽ നേർത്ത പ്രതീക്ഷകൾ നിറച്ചുകൊണ്ട് അവൾ ഇല്ലെന്ന മട്ടിൽ തലയാട്ടി

അവളുടെ മുൻപിൽ വിജയഭാവത്തോടെ ഞാൻ തുടർന്നു

“എന്നാൽ നിനക്ക് തെറ്റി ഞങ്ങളും അങ്ങനെയായിരുന്നു കരുതിയത് കാരണം നിന്നിൽ നിന്നുമകന്ന ശേഷം അവൻ ആരോടും മിണ്ടാതെയായി വീട്ടിൽ വൈകിയെത്താൻ തുടങ്ങി…അവസാനം അമ്മയോട് എല്ലാമെനിക്ക് തുറന്നു പറയേണ്ടി വന്നു

അങ്ങനെയാണ് ആരോരുമില്ലാത്ത അരുണിമയെ ‘അമ്മ ആദിക്കായി കണ്ടുപിടിച്ചത്

അത്ഭുദമെന്നോണം അവൾക്ക് ആദിയെ മാറ്റിയെടുക്കാൻ സാധിച്ചു അവന്റെ നല്ല പാതിയാകാനും ഞങ്ങളുടെ വീടിന്റെ വിളക്കായി മാറാനും അവൾക്ക് എളുപ്പം സാധിച്ചു..

പിന്നെ നിവേദിന്റെ ഇംഗ്ലീഷ് ടീച്ചർ അരുണിമ ഇല്ലേ അതാണ് എന്റെ ആദിയുടെ ജീവിതസഖി…

കൂലിപ്പണിക്കാരായ ആദിയും ഗോപേട്ടനും എന്നെയും അരുണിമയെയും പഠിപ്പിച്ചു…. ഞങ്ങൾക്ക് രണ്ടാൾക്കും ഗവണ്മെന്റ് ടീച്ചർമാർ ആയി മാറാൻ സാധിച്ചു… അതുകൊണ്ട് ഞങ്ങളുടെ ജീവിതം അടുക്കള കരിയിൽ മാത്രം ഒതുങ്ങിയില്ല

അപ്പോൾ ശരി അഞ്ജലി ഞാൻ ഇറങ്ങുന്നു ഞങ്ങൾക്കെല്ലാം കൂടി ഇന്നൊരു ഒരു ട്രിപ്പ് ഉണ്ട്…..

മഞ്ഞുകൾക്കിടയിലേക്ക്………… .നമ്മുടെ പ്രിയപ്പെട്ട മണാലിയിലേക്ക്….

ഞാനിത് പറയുമ്പോൾ അഞ്ജലിയുടെ കണ്ണിൽ നിന്നും.. കണ്ണുനീർ പെയ്തൊഴുകുകയായിരുന്നു

അവിടെ നിന്നും ഇറങ്ങുമ്പോൾ കാലാകാലമായി മനസ്സിൽ കെട്ടികിടന്നതൊക്കെ ഒരു കുളിര്മഴയായി പെയ്തിറങ്ങിയ പ്രതീതി ആയിരുന്നു…..

അപ്പോഴും മുറ്റത്തിരുന്നു ചോക്കളേറ്റു നുണയുന്ന തിരക്കിലായിരുന്നു നിവേദ്……

💓💓💓ശുഭം 💓💓💓

(അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഒരു വരി കുറിച്ചിടണം ട്ടോ )

Related Posts

Leave a Reply

Your email address will not be published. Required fields are marked *