അയാൾ പരിഭ്രമത്തോടെ അതെടുത്ത് മാറ്റാൻ ശ്രമിച്ചു. കുട്ടികൾ സമ്മതിച്ചില്ല. പുറത്തെ ശബ്ദം രൂക്ഷമായപ്പോൾ പ്രിൻസിപ്പൽ മുറിയിൽനിന്നും…….

കാണുമ്പോഴേക്കും…

എഴുത്ത്:- ഭാഗ്യലക്ഷ്മി കെ. സി

പ്രിൻസിപ്പലിന്റെ മുറിയിൽ ആകെ ബഹളമാണ്. പുറത്ത് കുട്ടികൾ തിങ്ങിക്കൂടിയിരിക്കുന്നു. ആരൊക്കെയോ അടക്കം പറയുന്നുണ്ട്. പ്രേമചന്ദ്രന് ഒന്നും മനസ്സിലായില്ല.

ക്ലാസ്സിൽ ഫിസിക്സ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്യൂൺ വന്നുപറഞ്ഞത്, സാറിനെ പ്രിൻസിപ്പൽ വിളിക്കുന്നു.

വേഗം തന്നെ പുസ്തകവുമെടുത്ത് വരികയായിരുന്നു. അപ്പോഴേക്കും ബെല്ലടിച്ചു. കുട്ടികൾ മുഴുവൻ പുറത്തിറങ്ങി. പ്രേമചന്ദ്രൻ അടുത്തെത്തിയതും കുട്ടികൾ കൂക്കിവിളിച്ചു. ഒരു കുട്ടി സംഘടനാനേതാവ് വന്ന് നാല് ചെരിപ്പുകൾ കോ൪ത്ത മാല അയാളെ അണിയിച്ചു.

എന്തായിത്…?

അയാൾ പരിഭ്രമത്തോടെ അതെടുത്ത് മാറ്റാൻ ശ്രമിച്ചു. കുട്ടികൾ സമ്മതിച്ചില്ല. പുറത്തെ ശബ്ദം രൂക്ഷമായപ്പോൾ പ്രിൻസിപ്പൽ മുറിയിൽനിന്നും പുറത്തിറങ്ങിവന്നു.

എന്തായിവിടെ കൂടിനിൽക്കുന്നത്..? എല്ലാവരും പിരിഞ്ഞുപോകണം…

സ൪ പറഞ്ഞു.

നമുക്ക് കാര്യങ്ങളുടെ നിജസ്ഥിതി അറിയണം സ൪…

കുട്ടിക്കൂട്ടം ആ൪ത്തു.

ഇയാളെ സസ്പെൻഡ് ചെയ്യണം സ൪…

അതിലൊരുവൻ ആവശ്യം പ്രഖ്യാപിച്ചു.

ഇയാളുടെ സൈഡ് പറഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചാൽ താൻ പിന്നെ ഈ കസേരയിൽ കാണില്ല…

മറ്റൊരുവൻ ഭീഷണിയുമായെത്തി.

അതിനുമുമ്പ് അവ൪ക്ക് രണ്ടുപേ൪ക്കും എന്താണ് പറയാനുള്ളത് എന്നറിയാമല്ലോ..

പ്രിൻസിപ്പൽ സംഘ൪ഷത്തിന് അയവുവരാനെന്നോണം പറഞ്ഞു.

എന്താ കാര്യം സ൪..?

പ്രേമചന്ദ്രൻ ദയനീയമായ മുഖഭാവത്തോടെ ചോദിച്ചു. പകച്ചുനിൽക്കുന്ന അയാളെ നോക്കി പ്രിൻസിപ്പൽ അകത്തുള്ള കുട്ടിയെ വിളിച്ചു:

ശ്രേയ ഇങ്ങോട്ട് വാ..

അല്പം മുമ്പ് ബാത് റൂമിൽനിന്നും വരുമ്പോൾ താൻ കണ്ട പെൺകുട്ടി അതാ കരഞ്ഞുകൊണ്ട് വരുന്നു. പ്രേമചന്ദ്രൻ ‌ചോദിച്ചു:

ഇയാൾ ഇതുവരെ കരച്ചിൽ നി൪ത്തിയില്ലേ..?

അതാണ് നമുക്കും അറിയേണ്ടത്.. അവളെന്തിനാണ് കരയുന്നത്..?

കുട്ടികൾ അയാളെ വളഞ്ഞു.

നിങ്ങൾ എന്തുചെയ്തു ഇവളെ..?

നിങ്ങളൊരു നീ ചനാണ്..

നിങ്ങൾക്ക് അമ്മയും പെങ്ങളുമൊന്നുമില്ലേ..?

അവ൪ അയാളുടെ കോളറിൽ പിടിച്ചുവലിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഇടപെട്ടില്ലായിരുന്നെങ്കിൽ അവ൪ പ്രേമചന്ദ്രനെ അടിച്ചേനേ..

അയാൾ ആകെ തക൪ന്നുപോയി.

ഞാനൊന്നും ചെയ്തില്ല…

പിന്നെ..?

ഞാനതുവഴി വരുമ്പോൾ അവൾ ഒറ്റയ്ക്ക് നിന്ന് കരഞ്ഞു കൊണ്ടിരിക്കുക യായിരുന്നു. ഇടയ്ക്കിടെ കണ്ണുതുടച്ച് വിതുമ്പിക്കൊണ്ടിരുന്ന ഇവളോട് കാര്യം ചോദിച്ചിട്ട് പറഞ്ഞതുമില്ല. അടുത്ത ക്ലാസ് തുടങ്ങേണ്ട ബെൽ മുഴങ്ങിയപ്പോൾ ഞാൻ ‘സാരമില്ല വിഷമിക്കാതെ, ക്ലാസ് കഴിഞ്ഞ് വൈകിട്ട് എന്താ കാര്യമെന്ന് സ്റ്റാഫ്റൂമിൽ വന്നുപറയണം, നമുക്ക് പരിഹാരമുണ്ടാക്കാം’ എന്ന് പറഞ്ഞ് ക്ലാസ്സിലേക്ക് പോയി. ഇതാണ് ഉണ്ടായത്…

പ്രേമചന്ദ്രന്റെ കോളറിൽ പിടിച്ചിരുന്ന കുട്ടിനേതാവിന്റെ കൈ അയഞ്ഞു.
എല്ലാവരും ശ്രേയയുടെ മുഖത്തേക്ക് നോക്കി.

ആണോ?

പ്രിൻസിപ്പൽ ചോദിച്ചു. അവൾ കരഞ്ഞുകൊണ്ടുതന്നെ തലയാട്ടി.

കൂടിനിന്ന കുട്ടികളൊക്കെ വല്ലാതായി.

പിന്നെ ഇങ്ങനെ ഒരു തെറ്റിദ്ധാരണ എങ്ങനെ വന്നു..?

സ൪ ക്രു ദ്ധനായി ഒച്ചയുയ൪ത്തി ചോദിച്ചു.

അത് പിന്നെ… നമ്മൾ കാണുമ്പോൾ ശ്രേയയും പ്രേമചന്ദ്രൻ സാറും സംസാരിച്ചു നിൽക്കുകയായിരുന്നു. അവൾ കരയുന്നത് കണ്ട് ചോദിക്കാൻ ചെന്നപ്പോൾ സ൪ ക്ലാസ്സിലേക്ക് ധൃതിയിൽ പോകുന്നത് കണ്ടു. അവളാകട്ടെ ഒന്നും പറഞ്ഞതുമില്ല… നി൪ത്താതെ കരയുന്നത് കണ്ടപ്പോൾ ഞങ്ങൾ കരുതി..

അ൪ദ്ധോക്തിയിൽ നിർത്തിയ കുട്ടിയെ പ്രിൻസിപ്പൽ കണ്ണുയ൪ത്തി രൂക്ഷമായി നോക്കി.

ശ്രേയ പറയൂ… എന്താണ് ഉണ്ടായത്…?

അവൾ വീട്ടിൽ അവളനുഭവിക്കുന്ന ദുരിതങ്ങളുടെ ഏകദേശവിവരം ഏങ്ങലടിച്ചുകൊണ്ട് പങ്കുവെച്ചു.

ഇന്ന് വീട് ജപ്തിചെയ്യാനാള് വരും.. തിരിച്ചുപോകുമ്പോഴേക്കും അച്ഛനും അമ്മയും വല്ലതും ചെയ്തേക്കും… അമ്മ ഒരു രോഗിയാണ്. അച്ഛന് ജോലിയില്ലാതായിട്ട് വ൪ഷം മൂന്നായി. അമ്മാവനാണ് ജീവിക്കാനും പഠിക്കാനുമുള്ള സഹായം ചെയ്തിരുന്നത്, അദ്ദേഹം രണ്ടുമാസം മുമ്പ് മരിച്ചുപോയി….

എല്ലാവരും ആ നോവിൽ അലിഞ്ഞ് നിശ്ശബ്ദമായി കേട്ടുകൊണ്ട് നിൽക്കുമ്പോൾ പ്രേമചന്ദ്രൻ കുട്ടികളുടെ ഇടയിൽനിന്ന് പിറകിലേക്ക് നടന്നു. കഴുത്തിലെ ചെരിപ്പുമാല ഊരി നിലത്തിട്ടു. പന്ത്രണ്ട് വർഷങ്ങളായി അദ്ധ്യാപകനായിട്ട്.. എന്നിട്ടും തന്നെ കുട്ടികൾ ഒരുനിമിഷംകൊണ്ട് തെറ്റിദ്ധരിച്ചല്ലോ… അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു.

സാ൪ ക്ഷമിക്കണം…

പിറകിൽ നിന്നുള്ള ശബ്ദം കേട്ട് അയാൾ തിരിഞ്ഞുനോക്കി.ശ്രേയയും കുട്ടികളും പ്രിൻസിപ്പലും മറ്റ് അദ്ധ്യാപകരുമുണ്ട്. എല്ലാവരും തങ്ങൾക്ക് പറ്റിപ്പോയ തെറ്റിൽ പശ്ചാത്താപത്തോടെ നിൽക്കുകയായിരുന്നു.

അയാൾ നിറഞ്ഞുവന്ന കണ്ണീ൪ തുടച്ചുകൊണ്ട് ചിരിക്കാൻ ശ്രമിച്ചു..

സാരമില്ല.. എല്ലാവർക്കും മനസ്സിലായല്ലോ കാര്യങ്ങൾ… അടുത്ത പിരീഡ് ക്ലാസ്സുണ്ട്..

മുറിഞ്ഞുപോകുന്ന വാക്കുകൾ ഇടറിയ ശബ്ദത്തിൽ പൂർത്തിയാക്കി പ്രേമചന്ദ്രൻ ക്ലാസ്സിലേക്ക് നടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *