അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കാനാണല്ലോ എല്ലാർക്കും താല്പര്യം . ഞാനും അംബികയും തമ്മിൽ പതിനഞ്ചു വയസ്സിന്റെ വ്യത്യാസവും…..

ഹൃദയപൂരിതം

Story written by Sebin Boss J

ഞാൻ രാമൻ . പേരുപോലെ അൽപ്പം പഴയ ആളാണ് . ഇന്നെന്റെ വിവാഹമായിരുന്നു . ഞാനിതുവരെ കാണാത്ത ബന്ധുജനങ്ങളൊക്ക എത്തിയിട്ടുണ്ട് . ഈ കിളവന്റെ ജീവിതമെന്താകുമെന്നറിയാനായിരിക്കും. അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കാനാണല്ലോ എല്ലാർക്കും താല്പര്യം . ഞാനും അംബികയും തമ്മിൽ പതിനഞ്ചു വയസ്സിന്റെ വ്യത്യാസവും . പോരേ പൂരം ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ .

”’ കയറിപ്പോരേ അംബികേ … ”

കയ്യിൽ പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബികയെയാണ് കുളികഴിഞ്ഞ് തല തുവർത്തിക്കൊണ്ടിറങ്ങിവന്ന രാമൻ കണ്ടത് . അയാൾ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു .

” ആദ്യരാത്രിയിൽ പാൽ വേണമല്ലോ അല്ലെ ?.. പാലൊന്നും എനിക്ക് ശീലമില്ല .കട്ടൻകാപ്പിയാണ് പതിവ് … ചെറുപ്പത്തിലേ പാലൊന്നും കുടിക്കാൻ പറ്റിയിട്ടില്ല ..അതുകൊണ്ട് തന്നെ പാലിന്റെ രുചിയത്ര ഇഷ്ട്ടവുമില്ല . ആ … ഇതൊക്കെ പറഞ്ഞു തന്റെ ആദ്യരാത്രി സങ്കൽപ്പങ്ങൾ തകർക്കണ്ട ….ഏത് പെണ്ണിനും ഉണ്ടല്ലോ തന്റെ ആദ്യരാത്രിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ …”’

അംബികയുടെ ചുണ്ടിൽ അത് കേട്ടപ്പോഴൊരു ചിരി വിടർന്നു .

“‘ തന്റെ ചിരിയുടെ അർത്ഥമെനിക്ക് മനസ്സിലാകും … ഏതൊരു പെൺകുട്ടിയും കൗമാരം മുതൽ തന്നെ തന്റെ ഭാവി വരനെയും അവനോടൊപ്പമുള്ള ജീവിതവും പ്രണയനിമിഷങ്ങളും സ്വപ്നം കാണാറുണ്ട് … അതെല്ലാം തെറ്റിക്കാണുമല്ലേ ? .. അച്ഛനോളം പ്രായമുള്ളൊരാൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം . ഹ്മ്മ്മ് … അപകർഷതയൊന്നുമല്ല കേട്ടോ … പക്ഷെ ചെറിയൊരു കുറ്റബോധമുണ്ട്., തന്റെ ശാപം കൂടെയെനിക്ക് കിട്ടുമോയെന്ന് … ആ കുന്നിൻമുകളിൽ കാണുന്ന ഒറ്റമുറിക്കെട്ടിടം കണ്ടോ ..അതിരിക്കുന്ന ഒരേക്കർ തരിശുഭൂമിയിൽ നിന്നും തുടങ്ങിയതാ ഈ ജീവിതം . പണ്ട് കുഞ്ഞുന്നാളിൽ അവിടെ കുട്യോള് ഓടിക്കളിച്ചിരുന്നു .ഞാനുമുണ്ടാകും … പശുവിന് പുല്ല് ചെത്താൻ .ആണെന്ന് മാത്രം . അവിടുത്തെ പുല്ല് തീരരുതെന്നായിരുന്നു പ്രാർത്ഥന . കൂട്ടുകാര് കളിക്കുന്നതെങ്കിലും കാണാമല്ലോ . കാര്യസ്ഥപ്പണിക്ക് വന്നയാളുടെ നിർദ്ദേശപ്രകാരം വല്യച്ഛൻ കച്ചവടം ചെയ്ത് ബാധ്യതയായി . പഴയ തറവാടുകളൊക്കെ ക്ഷയിച്ചത് അങ്ങനെയാണല്ലോ . എന്തായാലും എന്റെ ഓർമ്മയിൽ ആ ഭൂമിയൊക്കെ കാര്യസ്ഥന്റെ കയ്യിലാണ് .. കേസും കോടതിയുമൊക്കെ ആയി … വിധി വന്നപ്പോൾ വല്യച്ഛനും അച്ഛനും പോയിരുന്നു . തല്ലുപിടിക്കാനും മറ്റും അമ്മ നിൽക്കാത്തതിനാൽ പുല്ല് മാത്രം കിളിർക്കുന്ന ആ സ്ഥലം മാത്രം അച്ഛന് വിഹിതമായി കിട്ടി .”’

”’പിന്നെ ഒരു വാശി പോലെയായിരുന്നു . അനിയത്തിമാരേം അനിയനേം പഠിപ്പിക്കണം . കൂടെ ഞാനും പഠിച്ചു . ഇന്നീ കാണുന്ന വീടും അപ്പുറത്തെ രണ്ടരയേക്കറും ടൗണിലുള്ള കെട്ടിടവും അമ്മയുടെ പേരിൽ വാങ്ങിയപ്പോൾ എന്റെ ജനനലക്ഷ്യം തീർന്ന അഭിമാനമായിരുന്നു . അതിനിടയിലേക്കാണ് താൻ അപ്രതീക്ഷിതമായി കടന്നു വന്നത് … അയ്യോ … പാൽ തണുത്തുകാണും . സ്വതമേ പ്രായം കൂടിയവർ പണ്ടത്തെ കഥകൾ പറയുന്ന വിടുവായരാണെന്ന് ചൊല്ലുണ്ട് …ഞാൻ അങ്ങനെ അല്ല കേട്ടോ .. പക്ഷെ മനസ് തുറന്നാരോടെങ്കിലുമൊന്ന് സംസാരിച്ചിട്ട് നാളുകളായി . സംസാരിക്കുന്നതൊക്കെ കല്യാണത്തിനെ പറ്റിയുള്ള ചോദ്യങ്ങളും വീതം വെക്കലുകളേ പറ്റിയും . … ”

പറഞ്ഞും തീരും മുൻപേ കതകിൽ ഒരു മുട്ട് കേട്ടു

”’ നീയോ …എന്താടീ ..”’ നേരെ ഇളയ പെങ്ങൾ ശാന്തിയാണ് .

” കൊച്ചച്ഛൻ അന്വേഷിക്കുന്നു . അവര് പുലർച്ചെ നാലിനുള്ള ഫാസ്റ്റിന് പോകുന്ന് . രാവിലെ ഏട്ടനെ ശല്യപ്പെടുത്തണ്ടല്ലോന്ന് കരുതിയാ ..അമ്മാവനും ഉണ്ട് . ”

” പുലർച്ചെയും ഇപ്പോഴും എല്ലാം ശെരി തന്നെയല്ലേ …ഞാനിപ്പോ വരാം കേട്ടോ അംബികേ ”’

മുഖം കനത്തു ശീലമില്ലാത്ത രാമൻ അംബികയോട് പറഞ്ഞിട്ട് ശാന്തിയുടെ കൂടെ പടിയിറങ്ങി .

”’ രാമാ … ഉണ്ണിക്ക് പിള്ളേര് മൂന്നാ . ടൗണിലെ വാടകയും ചിലവുമൊക്കെ നിനക്കുമറിവുള്ളതല്ലേ . നാളെ ഞങ്ങളൊക്കെയും ഉണ്ടാകില്ല . സ്വത്തിനും പണത്തിനും വേണ്ടി നിങ്ങൾ മക്കൾ തമ്മിൽത്തല്ല് കൂടുന്നത് ഈ വയസ്സന്മാർക്ക് കാണാൻ വയ്യ ..അതുകൊണ്ട് ഇന്ന് തന്നെ ഇക്കാര്യങ്ങളൊക്കെ ഒരു വ്യക്തത വരുത്തണം . ഇന്ന് വന്നുകയറിയവൾ നാളെ വാ പൊളിക്കില്ലെന്നാരു കണ്ടു .”’
കൊച്ചച്ഛനും അമ്മാവനെ പിന്താങ്ങി.

അത് കേട്ടുകൊണ്ടാണ് അംബിക പടിയിറങ്ങി വന്നത് . അവളൊന്ന് പുഞ്ചിരിച്ചു .

” ഇന്ന് വന്ന് കയറിയവൾ ആണെങ്കിലും വർഷങ്ങൾക്ക് മുൻപ് വന്നുകയറിയവൾ ആണെങ്കിലും ഇന്നെന്റെ കഴുത്തിൽ രാമേട്ടൻ കെട്ടിയ താലി ഉണ്ടെങ്കിൽ എനിക്ക് ഈ വീട്ടിൽ രാമേട്ടനുള്ള തുല്യ അവകാശം തന്നെയുണ്ട് ”

”അംബികേ …” രാമേട്ടന്റെ വിളിയിൽ അൽപം അങ്കലാപ്പ് കലർന്നിരുന്നു.

”’ ഹേയ് ..ഇല്ല രാമേട്ടാ . വന്നു കയറിയ അന്നേ ഞാൻ ഭദ്രകാളിയൊന്നുമാകാൻ നിക്കണില്ല .ഇപ്പോ ഇവരുടെയാവശ്യം . ?” അംബിക ഹാളിൽ നിന്നിരുന്ന അനിയത്തിമാരെയും അനിയനെയും നോക്കി . അവരുടെയെല്ലാം മുഖത്ത് അവൾ സംസാരിച്ചതിന്റെ നീരസം പ്രകടമായിരുന്നു .

”’ ഈ വീടും സ്ഥലവും ഉണ്ണിക്ക് … പിന്നെ ടൗണിലെ കെട്ടിടം ശാന്തിക്ക് . അവളുടെ കെട്ടിയോൻ മരിച്ചതല്ലേ .. പിള്ളേരും അവളും അതിന്റെ വാടക വാങ്ങി ജീവിച്ചോളും . ഇല്ലേടീ … പിന്നെയുള്ള രണ്ടരയേക്കർ ..അത് ഇളയവർക്ക് തുല്യമായി ഭാഗിക്കാം ” അംബികയെ ഗൗനിക്കാതെ അമ്മാവൻ തങ്ങളുടെ തീരുമാനം പറഞ്ഞു .

”അപ്പൊ ഞങ്ങൾക്കോ ? ” അംബിക അമ്മാവനെ നോക്കി .

;”’ അംബിക മിണ്ടണ്ട … കാർന്നോന്മാർ സംസാരിക്കുമ്പോൾ …. ” അനിയൻ ഉണ്ണി പറഞ്ഞതും അംബിക അവന്റെ നേരെ തിരിഞ്ഞു .

” നിർത്തടാ … കാർന്നോന്മാർ സംസാരിക്കുന്നത് നീ കേട്ടതല്ലേ … ഇവിടെ കാർന്നോന്മാരായി ഞാനും രാമേട്ടനുമാ ..നിന്റെ ഏട്ടനും ഏടത്തിയും .. ഞങ്ങളോടാ അമ്മാവനും കൊച്ചച്ഛനും സംസാരിക്കുന്നത് ”’

”അംബികേ ..നമുക്ക് .. ”’ ഇരുകൂട്ടരുടെയും ഇടയിൽ രാമനൊന്നിനും വയ്യായിരുന്നു .

” രാമേട്ടാ …വഴക്കുണ്ടാക്കാൻ വന്നതല്ല ഞാൻ . ഇന്നത്തെ ഈ ദിവസം തന്നെ ഈ ഭാഗംവെക്കൽ ഇവർക്ക് ഒഴിവാക്കാമായിരുന്നു .

”’ ലക്ഷ്മിയെടത്തി ഉണ്ടായിരുന്നേൽ നിന്നെ ബോധ്യപ്പെടുത്തി തന്നേനെ ” കാര്യം ശെരി തന്ന്യാ രാമാ . ഇതെല്ലാം നീയുണ്ടാക്കിയത് തന്നെ . പക്ഷെ ഇളയവൻ ഉണ്ണി അല്ലെ ?. തറവാട് ആചാരം പോലെ അവനുള്ളതല്ലേ .”’

അമ്മാവൻ രാമനെ നോക്കി

” അമ്മയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും നിങ്ങൾ ചോദിയ്ക്കാൻ വരില്ലായിരുന്നു അമ്മാവാ .. കാരണം വിയർപ്പൊഴുക്കി അധ്വാനിച്ചവനെ അതിന്റെ വിലയറിയൂ . ”

” അംബിക ഇന്ന് കേറിവന്നതാ .. അധികം സംസാരിക്കണ്ട . ഇത് ഞങ്ങളുടെ കുടുംബകാര്യമാ ” കൊച്ചച്ചൻ അംബികയെ നോക്കി രൂക്ഷമായി പറഞ്ഞപ്പോൾ രാമന്റെ സഹോദരങ്ങളുടെ മുഖം തെളിഞ്ഞു .

” ഇന്നലെ വരെ നിങ്ങളുടെ കുടുംബകാര്യമായിരുന്നു ..ഇന്നെന്റെ കൂടെ കുടുംബകാര്യമാണ് . ശെരിക്കും പറഞ്ഞാൽ എന്റെയും രാമേട്ടന്റെയും സഹോദരങ്ങളുടെയും ”

” ഓഹോ … ഗംഗേട്ടാ ..നമ്മളൊക്കെ പുറം പാർട്ടികളാണെന്നാ ഇവള് പറയുന്നേ .. ഇനിയെന്തിനാ ഇവിടെ നിൽക്കുന്നെ … ഞാനിറങ്ങുവാ … എന്ത് കാണുവാൻ നിൽക്കുവാടീ . ഇനിയിറങ്ങി പോകാൻ പറയുന്നത് കേൾക്കണോ ” അമ്മാവൻ കൊച്ചച്ചനെ നോക്കി പറഞ്ഞിട്ട് മരുമക്കളുടെ നേരെ തിരിഞ്ഞു .

” അംബികേ …. ” രാമേട്ടൻ എന്തോ പറയുവാനാഞ്ഞതും അംബിക അനിയൻ ഉണ്ണിയുടെ നേരെ തിരിഞ്ഞിരുന്നു .

” നിനക്കിപ്പോൾ ഈ വീടല്ലേ വേണ്ടിയത് . ഇത് നിനക്കുള്ളത് തന്നെയാ ഉണ്ണീ . ഇത് മാത്രമല്ല മറ്റ് സ്വത്തുക്കളും നിങ്ങൾ പറഞ്ഞ രീതിയിൽ തന്നെ വീതം വെക്കും .. ഇനി പറയ് പോണോ ഇവരുടെ കൂടെ ” അംബിക തിരിഞ്ഞു കൊച്ചച്ഛനെയും അമ്മാവനെയും നോക്കി .

ഉണ്ണിയും സഹോദരിമാരും അനങ്ങിയില്ല .

” പാലം കേറുവോളം നാരായണ ..അത് കഴിഞ്ഞാൽ കൂരായണ .കാര്യത്തോടടുത്തപ്പോൾ അവരൊന്നായി . വാടാ നമുക്ക് പോകാം ”’ കൊച്ചച്ചൻ പറഞ്ഞതും അമ്മാവനും പുറകെയിറങ്ങി

” ബന്ധുത്വം…. അത് വളരെ വലുതാണ് ഉണ്ണീ … പക്ഷെ അത് കാശും പദവിയും ഉണ്ടകുമ്പോൾ മാത്രം കാണേണ്ടതല്ല. നിങ്ങളും അമ്മയും ഇവിടെ അന്നന്നത്തെ ആഹാരത്തിനു കഷ്ടപ്പെട്ടിരുന്ന സമയത്തിവരെ രണ്ടിനേം ഇങ്ങോട്ട് കണ്ടിരുന്നോ . ഇപ്പോൾ കാശും സ്വത്തുമായപ്പോൾ വന്നിരിക്കുന്നു . ഇനി വീണ്ടും അങ്ങനെ യൊരു സാഹചര്യമുണ്ടായാൽ തിരിഞ്ഞുനോക്കുമോയെന്നാർക്കറിയാം ‘എനിക്ക് നിന്റത്രേം പ്രായമില്ലാരിക്കും . പക്ഷെ നിന്നെക്കാളൊക്കെ അനുഭവങ്ങളുണ്ട് . അതുകൊണ്ട്തന്നെയാ പറയുന്നത് .. നിങ്ങളുടെ നല്ലതിനും ”

ഉണ്ണിയുടെയും സഹോദരങ്ങളുടെയും മുഖം കുനിഞ്ഞു

”ഇന്ന് തന്നെ മാറണോ അംബികേ .. നേരം പുലർന്നിട്ട് പോരെ ”’

അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുക്കുകയായിരുന്ന രാമൻ ബാഗ് അടുക്കുന്ന അംബികയെ നോക്കി .

രാവേറെയായിരുന്നു അപ്പോഴേക്കും

”’ ഒരു തീരുമാനം എടുത്താൽ പിന്നെ അമാന്തിക്കണ്ട കാര്യമെന്താണ് രാമേട്ടാ …ഒരു കാര്യം ചോദിക്കട്ടെ . കയറിവന്ന അന്ന് തന്നെ സഹോദരങ്ങളെ പിരിക്കാൻ നോക്കിയെന്ന് തോന്നുന്നുണ്ടോ ഏട്ടന് ? ബന്ധുജനങ്ങളോട് മോശമായി പെരുമാറിയെന്ന് തോന്നുന്നുണ്ടോ .. ഉണ്ടെങ്കിൽ പറയണം . പിന്മാറണമെങ്കിൽ പിന്മാറാം ഏട്ടന് . ഒരു ജന്മം മുഴുവൻ കഴിയേണ്ടതാ ഈ എന്റെ കൂടെ ” അംബിക ചിരിച്ചുകൊണ്ടയാളെ നോക്കി .

” ഹഹഹ . ഒരിക്കലുമില്ല അംബികേ … ചില സമയങ്ങളിൽ നാവിന് കെട്ടുവീഴും . അത് നട്ടെല്ലില്ലാത്ത കൊണ്ടോ കഴിവില്ലായ്മ കൊണ്ടോ അല്ല …സ്നേഹ ക്കൂടുതൽ കൊണ്ടാണ് . വഴക്കും വക്കാണവുമൊന്നും ഒന്നും വേണ്ടാന്ന് വെച്ചിട്ടാണ് ചിലതൊക്കെ കണ്ടും കേട്ടുമില്ലായെന്നു നടിക്കുന്നത്. അപ്പോഴൊക്കെ ഒരു നാവെനിക്ക് വേണ്ടി സംസാരിച്ചിരുന്നുവെങ്കിലെന്നോർത്തിട്ടുണ്ട് . താൻ പറഞ്ഞ പോലെ അമ്മ മരിച്ച ശേഷം എനിക്കായി സംസാരിച്ചത് താനാണ് . ”’

” എടോ ..തനിക്കെന്നെ എങ്ങനെ ഇത്രയാഴത്തിൽ മനസിലായി . എന്നെ മാത്രമല്ല …എന്റെ കാര്യങ്ങളും കുടുംബപശ്ചാത്തലങ്ങളും ഒക്കെ ? ” താൻ അധ്വാനിച്ചുണ്ടാക്കി വീട്ടിലെ , ഇത്രനാളും കിടന്നിരുന്ന മുറി അവസാനമായി ആകെയൊന്നോടിച്ചുനോക്കിയ ശേഷം രാമൻ ചോദിച്ചു .

”രാമേട്ടാ … പെണ്ണെടുക്കാൻ പെണ്ണിന്റെ സ്വഭാവവും സൗന്ദര്യവും മാത്രം നോക്കിയാൽ മതി. പക്ഷെ , ആണിന്റെ സ്വഭാവും ജോലിയും എന്തിന് ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെ സ്വഭാവം വരെ നോക്കണമെന്ന് പഴമക്കാർ പറയും .
അപ്പുറത്തെ മറിയചേച്ചിയുടെ വീട് ചിറ്റേടെ വീടിനടുത്താ . രാമേട്ടന്റെ ഓരോ ദിവസത്തെ ജീവിതം വരെ അവരെന്നോട് പറഞ്ഞിട്ടുണ്ട് ..കുറ്റമല്ല കേട്ടോ ..എല്ലാം നല്ല കാര്യങ്ങൾ . അവസാനം ഒന്ന് കൂടി പറഞ്ഞു .. രാമേട്ടന്റെ കണ്ണീർ വീണാൽ എഴുതലമുറ വരെ ഗതികിട്ടില്യാന്നും . അത്രക്ക് പുണ്യമാണ് ഏട്ടന്റെ ജീവിതമെന്ന് .ആ ഒരു വാക്ക് മാത്രം മതിയാരുന്നു എനിക്ക് ഈ ആലോചനക്ക് സമ്മതിക്കാൻ . ഇക്കാലത്ത് ഇങ്ങനൊരു വാക്ക് കേൾക്കുന്നത് തന്നെ അപൂർവമല്ലേ ?”’
ബാഗുകൾ അടച്ചു വെളിയിലേക്കെടുത്തുകൊണ്ട് അംബിക പുഞ്ചിരിച്ചു .

അവർ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ അനിയനും സഹോദരിമാരും വരാന്തയിലെ ഇരുട്ടിൽ മൗനമായിരിപ്പുണ്ടായിരുന്നു .

” എടൊ … വന്നയന്നു വർക്കക്കെട്ടിടത്തിൽ നിന്ന് ചോരുന്ന ഒറ്റമുറി ക്കെട്ടിടത്തിലേക്ക് . അവിടെ വിരിക്കാനൊരു മെത്തപോലുമില്ല . നാളെ ആഹാരമുണ്ടാക്കാൻ ഒരു പാത്രം പോലുമില്ല ”

കുത്തനെയുള്ള കയറ്റം കേറുന്ന അംബികയുടെ കയ്യിലെ ഒരു ബാഗ് കൂടി മേടിച്ച ശേഷം , അങ്ങ് മുകളിൽ കാണുന്ന കെട്ടിടത്തിലേക്ക് നോക്കി രാമൻ പറഞ്ഞു .

”രാമേട്ടാ … കയ്യിലുണ്ടായിരുന്ന ബാഗും വെച്ച് , എന്റെ കയ്യിലിരുന്ന ഭാരം ഏട്ടൻ താങ്ങിയല്ലോ …. അതുമതിയെനിക്ക് . …ഏട്ടൻ ചോദിച്ചല്ലോ പതിനഞ്ചു വയസ്സിന്റെ വ്യത്യാസമുണ്ട് ..വിഷമം തോന്നുന്നുണ്ടോയെന്ന് ? ഞാനുണ്ടെടി നിനക്കെന്നു പറഞ്ഞൊന്ന് ചേർത്തുപിടിക്കാനും വിഷമങ്ങളും പരാതികളും പങ്കുവെക്കാനും മനസ്സിനിണങ്ങുന്ന ഒരാൾ മതി രാമേട്ടാ ഏത് പെണ്ണിനും . ബാക്കിയുള്ളതൊക്കെ വെറും പുറമോടി അല്ലെ ഏട്ടാ ?. കണ്ടുമടുക്കുമ്പോൾ തീരുന്നൊരിമ്പം മാത്രമാണ് സൗന്ദര്യവും ആകാരവുമൊക്കെ . പിന്നീട് ഹൃദയം കൊണ്ടല്ലേ സ്നേഹിക്കുന്നത് . ജരാനരകൾ ബാധിച്ചാലും മങ്ങാത്ത സ്നേഹമെന്നത് അത് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും വീഴ്‍ചകളിലും ഇല്ലായ്മകളിലും ചേർത്തുപിടിച്ചും ഉണ്ടാക്കിയെടുക്കുന്ന ഹൃദയങ്ങൾ തമ്മിലുള്ള സ്നേഹം തന്നെയാണ് . ”’

രാമൻ നിറഞ്ഞ ചിരിയോടെ അംബികയുടെ കൈപിടിച്ച് മുറ്റത്തേക്ക് കയറി .

” ആകാശം കണ്ടോ … നക്ഷത്രങ്ങൾ പുഞ്ചിരിതൂകി നിൽക്കുന്നു . നമ്മളെ നോക്കി അസൂയപ്പെടുകയാകും അല്ലെ ഏട്ടാ ”

പൊളിഞ്ഞു തുടങ്ങിയ റെഡ് ഓക്സൈഡിന്റെ തണുപ്പ് ആസ്വദിച്ച് ആ കുഞ്ഞുവീടിന്റെ തിണ്ണയിൽ രാമന്റെ കൈകൾക്കുള്ളിൽ കിടന്നുകൊണ്ട് അംബിക പറഞ്ഞു .

” ഇരുപത്തിയഞ്ചുവർഷങ്ങൾക്ക് മുൻപ് അനിയനേം അനിയത്തിമാരേം അകത്തുകിടത്തി ഇവിടെയായിരുന്നു എന്റെ ഉറക്കം . നാളെയെന്തെന്ന ചിന്തയിൽ പലപ്പോഴും ഉറങ്ങാൻ സാധിച്ചിട്ടില്ല . അന്നത്തെ അതേയവസ്ഥയിൽ ആണ് ഞാൻ ഇന്നും .. ഒന്നേന്ന് തുടങ്ങണം … മുന്നിൽ ഇരുട്ടാകുമ്പോഴും നിനക്കിങ്ങനെ ചിരിക്കാനെങ്ങനെ സാധിക്കുന്നു പെണ്ണെ ?”’ രാമൻ അംബികയുടെ കൈ കണ്ണിൽ ചേർത്തുകൊണ്ട് ചോദിച്ചു

”അന്നത്തെ അവസ്ഥയല്ലല്ലോ രാമേട്ടാ. .. ഇന്നൊരു ജോലിയുണ്ട് . എന്തിനും സപ്പോർട്ടായി ഞാനുണ്ട് . പിന്നെയെന്താ കുഴപ്പം ”

” നാളെ നമുക്ക് മക്കളുണ്ടായാൽ അവർക്കും നിനക്കും കയറിക്കിടക്കാൻ അടച്ചുറപ്പൂള്ളൊരു വീട് വേണം . ‘പ്രായമേറിയില്ലേ പെണ്ണെ .മനസെത്തുന്നിടത്ത്…. ”

”ശരീരവുമെത്തും … ശരീരത്തിന് മാത്രമേ പ്രായമേറുന്നുള്ളൂ രാമേട്ടാ … മനസ്സിലിപ്പോഴും ആ കുട്ടിയല്ലേ .. അമ്മയുടെ കണ്ണ് നിറയാതിരിക്കാൻ പശുവിനെ വളർത്തുന്ന ആ ഉശിരുള്ള ആ കുട്ടി . കൃഷിക്കല്ലേ ഈസ്ഥലം പറ്റാതുള്ളു . പുല്ല് വളരൂന്നല്ലേ പറഞ്ഞെ . പണ്ട് അമ്മായീടെ വായിലെ ചീത്ത കേൾക്കാതിരിക്കാൻ എന്റെ ആവശ്യങ്ങൾക്കായി അമ്മാവൻ ഒരു ആട്ടിൻ കുട്ടിയെ വാങ്ങിത്തന്നിരുന്നു . ഇങ്ങോട്ട് പോരുന്നതിന് മുൻപ് വിൽക്കുമ്പോൾ കുട്ടിയും പെട്ടയുമായി പന്ത്രണ്ടാടുകൾ ഉണ്ടായിരുന്നു .ആ ആത്മവിശ്വാസം എനിക്കുമുണ്ട് . നമുക്ക് ഒന്നേന്ന് തന്നെ തുടങ്ങാന്നേ ..ഞാനില്ലേ കൂടെ ”’ അംബിക രാമന്റെ നെറുകയിൽ ചുംബിച്ചു.

******************

”’ ഏട്ടത്തി …. ഏട്ടത്തി … ”’

”ആ ഉണ്ണീ … കേറി വാ …നീ വല്ലോം കഴിച്ചോ ?””

വാതിൽ തുറന്ന് ഉമ്മറത്തെ കസേരയിൽ ഇരുന്ന് പത്രം മറിച്ചുനോക്കുന്ന ഉണ്ണിയോട് അംബിക ചോദിച്ചു . .

” ഇല്ല … എന്തേലുമെടുത്തോ . രാമേട്ടൻ എന്തിയെ ഏട്ടത്തി ? ”

”’ ഫാമിലേക്ക് പോയതാണ് . പാക്കിങ്ങൊക്കെ കഴിഞ്ഞോടാ . നാളെ തന്നെ ജോയിൻ ചെയ്യണ്ടേ നിനക്ക് ? വാടകക്കാര് ആരേലുമായോ ? ഏട്ടൻ പറഞ്ഞ അവർക്ക് കൊടുത്തൂടെ .നമുക്ക് വീട് മെനയായി കിടക്കണം …അത്രയല്ലേ വേണ്ടൂ .”

”ഏട്ടനും ഏട്ടത്തിക്കും അവിടെ തറവാട്ടിലേക്ക് മാറിക്കൂടെ ?.ഇനിയും വാശിയും ദേഷ്യവുമാണോ . ” ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു .

” വാശിയോ ? എന്തിന് ….?വാശി ഉണ്ടായിരുന്നു ഉണ്ണീ .. നിങ്ങളോടല്ല … ജീവിതത്തോട് . എങ്കിലല്ലേ ജീവിതത്തിൽ എവിടെയെങ്കിലും എത്തിപ്പെടാൻ സാധിക്കൂ .അതുകൊണ്ടല്ലേ ഇന്ന് ആറുവർഷങ്ങൾക്കിപ്പുറം ആയിരം ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറിഫാമും പാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നൊരു യൂണിറ്റും ഉണ്ടായത് . വാശി നിങ്ങളോടായിരുന്നെങ്കിൽ അന്നിറങ്ങിപ്പോന്ന ആ വീടിന്റെ ഇരട്ടിവലിപ്പമുള്ള ഒരു വീടുണ്ടാക്കാൻ സാധിക്കു മായിരുന്നു . വാശി ഒന്നുമല്ല ഉണ്ണീ …അങ്ങനെ നീ ചിന്തിക്കുക പോലും വേണ്ട . ആ വീടിന്റെ വാടക നിനക്കൊരു അധികവരുമാനം ആകും . മക്കളും വളർന്നുവരുവല്ലേ ..അത് കൊണ്ട് മാത്രമാണ് . എന്തിനാണ് വലിയ വീടും മറ്റും . മനുഷ്യന് സുരക്ഷിതമായി കഴിയാനുള്ളൊരിടം മാത്രമല്ലേ വീട് ? ഇവിടെ ഞങ്ങൾക്കിതുവരെ ഒരു അസൗകര്യവും ഉണ്ടായിട്ടില്ല . നീ പേടിക്കണ്ട , എന്റെ കണ്ണും അവിടെയുണ്ടാകും എപ്പോഴും . ”

പ്ളേറ്റിലേക്ക് ഇഡ്‌ലിയും ചൂട് ചമ്മന്തിയും വിളമ്പി അംബിക ഉണ്ണിയുടെ തലയിൽ തലോടി .

” കൊച്ച …ച്ഛാ ” പുറകിൽ കൊഞ്ചലോടെയുള്ള വിളി കേട്ട് ഉണ്ണി തിരിഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന രാമന്റെ കയ്യിലിരുന്ന് വിനുമോൻ ഉണ്ണിയുടെ നേരെ ചാടുന്നുണ്ടായിരുന്നു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *