അവളുടെ ഒരേയൊരു സ്വപ്നമായ എന്നോടൊത്തുള്ള ജീവിതമോഹം പോലും , വീട്ടുക്കാർക്കു വേണ്ടി നഷ്ടപ്പെടുത്തേണ്ട അവസ്ഥയിലെക്കവൾ എത്തിപ്പെട്ടു…..

Story written by Pratheesh

ആ അത്ഭുത ദൃശ്യം മുന്നിൽ വന്നു പെടുന്നതു വരെ തമ്മിൽ പിരിയുകയല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നു,

അതു പോലെ എത്ര വലിയ പ്രതിസന്ധിയിലും അവൾ ഈശ്വര വിശ്വാസം കൈവെടിയാൻ തയ്യാറല്ലായിരുന്നു…,

അത്ര വിശ്വാസമായിരുന്നു അവൾക്ക് ദൈവത്തിങ്കൽ…,

എന്തു വന്നാലും ദൈവം അവളെ കൈ വെടിയില്ലാന്ന് അവൾ അടിയുറച്ചു വിശ്വസിച്ചിരുന്നു….,

എന്നിട്ടും ഈശ്വരനവളെ കൈവിട്ടു…..!

അവളുടെ ഒരേയൊരു സ്വപ്നമായ എന്നോടൊത്തുള്ള ജീവിതമോഹം പോലും , വീട്ടുക്കാർക്കു വേണ്ടി നഷ്ടപ്പെടുത്തേണ്ട അവസ്ഥയിലെക്കവൾ എത്തിപ്പെട്ടു….,

ഇരു വീട്ടുക്കാർക്കും ഞങ്ങളോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.,

ഭാവി ഭൂതം വർത്തമാനം തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും അവർക്കുത്തരം വേണമായിരുന്നു…,

പക്ഷെ അവരുടെ പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ കൊടുക്കാൻ അപ്പോൾ വലുതായൊന്നും ഞങ്ങളുടെ പക്കലുണ്ടായിരുന്നില്ല…,

അതോടെ ഇരു വീട്ടുക്കാരുടെയും മുന്നിൽ തോറ്റ് അവരോട് അടിയറവു പറയേണ്ട അവസ്ഥയിലായി ഞങ്ങൾ..,

അങ്ങിനെ പിരിയാനായി ഞങ്ങൾ കണ്ടുമുട്ടി….,

അന്നത്തെ കണ്ടുമുട്ടൽ അവസാനത്തേതായിരിക്കുമോ എന്ന ആശങ്കയോടെ ആയിരുന്നു ഞങ്ങൾ അന്ന് കോളേജിൽ കണ്ടു മുട്ടിയത്…,

തമ്മിൽ പിരിയേണ്ടി വരും എന്നു 100% ഉറപ്പോടെയാണ് ഞങ്ങളന്ന് പരസ്പരം നോക്കി നിന്നത്…,

വേർപാട് ഒഴിവാക്കാവില്ലെന്ന തിരിച്ചറിവിൽ വേദനയുടെ കൈപ്പുനീർ നുണഞ്ഞ്
ഒരക്ഷരം പോലും മിണ്ടാനാവാതെ വെറുതെ നോക്കി നിൽക്കാനെ അപ്പോൾ ഞങ്ങൾക്ക് കഴിയുമായിരുന്നുള്ളൂ…,

ഇരു നെഞ്ചിലേക്കും ആ സമയം ഒഴുകിയെത്തിയതെല്ലാം കണ്ടനാൾ തൊട്ടു ഹൃദയത്തിൽ കൊണ്ടു നടന്ന ആഗ്രഹങ്ങളുടെ മിന്നലാട്ടങ്ങളായിരുന്നു….,

ഏതു നിമിഷവും ഞങ്ങളുടെ ഇരു മുഖങ്ങളിലും കണ്ണീർ നിറയാവുന്ന അവസ്ഥ…,

ഞങ്ങളിലെ പൊട്ടിച്ചിതറാൻ തയ്യാറായ രണ്ടു അഗ്നിപർവ്വതങ്ങളെ ഞങ്ങളപ്പോൾ പരസ്പരം നോക്കി കണ്ടു….,

വിട്ടു പിരിഞ്ഞേ പറ്റൂ…,

ആവശ്യം ഞങ്ങളുടെതല്ല…,

ഞങ്ങൾക്കു ചുറ്റുമുള്ളവരുടെയാണ് ആവശ്യം…,

വീട്ടുക്കാരുടെ…..!

അവർ പറയുന്ന ഒരു പ്രധാന പ്രശ്നം എനിക്കൊരു ജോലിയില്ലെന്നതാണ്…,

ഇനി അഥവ വിവാഹിതരായാൽ പോലും അതിലും വലിയ മറ്റൊരു പ്രശ്നം ഏറ്റവും അത്യാവശ്യങ്ങൾക്കുമുള്ള പണം പോലും സ്വന്തമായി എന്റെ കൈയ്യിലില്ല എന്നതാണ്….,

എങ്ങിനെയുണ്ടാവാനാണ്….?

അവൾ ഡിഗ്രി രണ്ടാം വർഷവും.., ഞാൻ പി ജി അവസാനവർഷവും..! പഠിപ്പു തന്നെ പൂർത്തിയായിട്ടില്ല പിന്നെങ്ങനെ ജോലിയും പണവും…?

രണ്ടു വർഷത്തെ സാവകാശമെങ്കിലും ഒത്തു കിട്ടിയാലെ എല്ലാം ഒന്നു ശരിയാക്കിയെടുക്കാനാവൂ

എന്നിരിക്കെ വീട്ടുക്കാർ ഞങ്ങൾക്കനുവദിച്ച സമയം ആ ദിവസത്തെ അവശേഷിക്കുന്ന കുറച്ചു മണിക്കൂറുകളും…

പരസ്പരം പിരിയാൻ വേണ്ടിയാണല്ലോ…, അപ്പോൾ വളരെ സംബന്ധിച്ച് അനുവദിച്ചിരിക്കുന്ന ഈ സമയം തന്നെ അധികമാണ്…,

എല്ലാം ഉള്ളിലൊതുക്കി ഞാനവളെ നോക്കവേ…,

വിട്ടു പിരിയാൻ ഒട്ടും താൽപ്പര്യമില്ലാതെ നിസഹായതയുടെ ആൾരൂപം പേറിയ അവളുടെ കണ്ണുകളെ ഞാനപ്പോൾ കണ്ടു…,

അതു കൂടി കണ്ടതോടെ എന്തു ചെയ്യും എന്നറിയാതെ അവളുടെ കൈയ്യും ചേർത്തു പിടിച്ച് അവളോടൊപ്പം തൊട്ടടുത്ത സിമെന്റ് തറയിൽ ഞാനിരുന്നു…,

വിധിയെ പഴിച്ച് പരസ്പരം ആശ്വസിപ്പിക്കുക എന്നതല്ലാതെ മറ്റു വഴികളൊന്നും അപ്പോൾ മുന്നിലുണ്ടായിരുന്നില്ല…,

തങ്ങളെ വേർ പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവരുടെ മുന്നിലൂടെ ഒറ്റക്ക് നടക്കേണ്ടി വരുമെന്നോർത്തുള്ള വേദന നെഞ്ചു തുളച്ചു ആഴ്ന്നിറങ്ങിയ….

ആ നിമിഷമായിരുന്നു…,

ആ അത്ഭുത ദൃശ്യം മുന്നിൽ പ്രത്യക്ഷപ്പെട്ടത്…”

പെട്ടന്നാണ് അത് ഞങ്ങൾക്കു മുന്നിൽ വന്നു വീണത്…,

ഞാനും അവളും അതിനെ സൂക്ഷിച്ചു നോക്കി…,

പെട്ടന്നൊരു വിസ്മയം മുന്നിൽ വിടർന്നപ്പോലെ…”

അത് നോക്കി കൊണ്ടിരുന്നപ്പോൾ മുമ്പൊരിക്കലും അനുഭവപ്പെടാത്ത വിധം ഞങ്ങൾക്കുള്ളിൽ ഒരു ഊർജ്ജം നിറയുന്നത് ഞങ്ങൾ അറിഞ്ഞു…,

ഞങ്ങൾ പരസ്പരം നോക്കി…,

അത് ഒരു ദൂതനായിരുന്നു., ഞങ്ങളിലെ ഞങ്ങളെ വീണ്ടെടുക്കാൻ സർവ്വേശ്വരൻ ഞങ്ങൾക്കു മുന്നിലേക്ക് അയച്ച ദൈവദൂതനായിരുന്നു അത്…,

അത് ഒരു കുരുവിയായിരുന്നു…..!!!

എന്റെ കൈ മുഷ്ടിയോള്ളം മാത്രം വലിപ്പമുള്ള ഒരു ചെറിയ കുരുവി….,

എന്നാൽ അതിന്ഒ റ്റക്കാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ….!!!

എന്നിട്ടും ഒരു കുഴപ്പവുമില്ലാതെ അതു മുന്നിൽ നിന്നു….,

ഒറ്റക്കാലിൽ അതിനു അധികനേരം ബാലൻസ് കിട്ടുമോ എന്നു ഞങ്ങൾ ഒരേ പോലെ ഭയപ്പെട്ടു….,

എന്നാൽ ഞങ്ങളുടെ ചിന്തയേക്കാൾ ഉറച്ചതായിരുന്നു അതിന്റെ ചുവടുകൾ, അത് കൊക്കുകൾ കൊണ്ട് നിലം ചികഞ്ഞ് എന്തൊക്കയോ കൊത്തിയെടുത്തു, മുന്നോട്ട് ചാടി.., വീണ്ടും എന്തോ ചികഞ്ഞെടുത്തു., വീണ്ടും അത് ചാടി.., ഒരിക്കൽ പോലും അതിന്റെ ഒറ്റക്കാൽ വിറച്ചില്ല.., അൽപ്പം പോലും അതിന്റെ ബാലൻസ് തെറ്റിയില്ല.., ബാലൻസിനായി രണ്ടു വട്ടം ചാടേണ്ടതായോ പോലും വന്നില്ല.., ഒരു പക്ഷെ അംഗവൈകല്യം അതിന്റെ സൂക്ഷമത കൂട്ടാൻ ഇടയായിട്ടുണ്ടാകാം…,

എന്നാൽ ആ കുരുവിയുടെ ഇച്ഛാശക്തിയാണ് ഞങ്ങളെ പുതിയ പാഠം പഠിപ്പിച്ചത്…,

” ഒരു കാൽ നഷ്ടമായാൽ രണ്ടു കാലിനും തുല്ല്യമായി ഒറ്റക്കാലിൽ എങ്ങിനെ നിൽക്കണമെന്ന്..” ?

അതോടെ ഇനിയുള്ള കാര്യങ്ങളെ എങ്ങിനെ നേരിടണമെന്ന് ഞങ്ങൾക്ക് മനസ്സിലായി..,

പരസ്പരം ഇനി പിരിയേണ്ടതില്ലായെന്നും…,

ഇനി ഒന്നേ തീരുമാനിക്കാനുള്ളൂ.., പഠിപ്പിന്റെ കൂടെ ജോലി ചെയ്യണോ…? അതോ ജോലിയുടെ കൂടെ പഠിക്കണോ…? എന്നതു മാത്രം..,

ബാക്കിയെല്ലാം സ്വർഗ്ഗത്തിൽ നിന്നുള്ള ആ കുഞ്ഞു പക്ഷി ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു..!!!!

inspire from subhabratha datha ‘s life.

Related Posts

Leave a Reply

Your email address will not be published. Required fields are marked *