അവളുടെ കണ്ണ് കണ്ടാൽ അറിയാം, ഇന്നലെ ഒരു പോള കണ്ണടക്കാതെ കുiത്തി ഇരുന്ന് പഠിച്ചിട്ടാണ് വന്നതെന്ന്. പിന്നെ ആരെ കാണിക്കാൻ ഈ അടവ്……

_upscale

പത്താം ക്ലാസ് ഓര്‍മകള്‍

Story written by Darsaraj.R

നമസ്കാരം,

ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം. ഞാൻ ബാലകൃഷ്ണൻ. സംസ്ഥാനത്ത് നാളെ മുതൽ S.S.L.C പരീക്ഷക്ക് തുടക്കം.

നാളെ മുതലാണ് ആ പ്രതിഭാസം ആരംഭിക്കുന്നത് എന്ന് അറിയാമെങ്കിലും താടിക്കാരൻ ചേട്ടന്റെ സ്വരത്തിൽ ഒന്നൂടെ അത് കേട്ടപ്പോൾ ഉള്ളിൽ എന്തോ ഒരു പേടി. കാരണം അത്രയും ഭീകരമായായിട്ടാണ് വീട്ടുകാരും നാട്ടുകാരും അധ്യാപകരും പത്താം തരം പരീക്ഷയെ കുറിച്ച് വർണ്ണിച്ചു തന്നിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചയായി TV യുടെ പരിസരത്ത് പോലും എനിക്ക് പ്രവേശനമില്ല. അഥവാ വല്ല സമരവും കാരണം എക്സാം മാറ്റി വെച്ചോ എന്ന് അറിയാനാ ഇന്ന് മുഖം കാണിക്കാൻ ഈ വഴി വന്നത്.

കൂട്ടുകാരികളുടെ വീട്ടിലൊക്കെ ഇതിനോടകം കേബിൾ കട്ട്‌ ആക്കി. നമുക്ക് പിന്നെ ദൂരദർശൻ മാത്രം ഉള്ളോണ്ട് അത് വേണ്ടി വന്നില്ല.

പത്താം ക്ലാസ്സ്‌ പരീക്ഷ എന്നാൽ ജീവിതത്തിലെ സുപ്രധാന വഴി തിരിവ് ആണെന്നും ഇതിനപ്പുറം ഒരു വഴി തിരിവ് പഠിക്കുന്ന സമയത്ത് ഉണ്ടാകില്ല എന്നുമാണ് കേട്ടു കേൾവി. എന്നാൽ പിൽക്കാലത്ത് ഓരോ ഉയർന്ന ക്ലാസുകൾ കേറും തോറും ഇതേ വഴിത്തിരിവ് ഡയലോഗ് കൂടെ വന്നു എന്നതാണ് സത്യം.

ഈ വർഷം മുതൽ ഗ്രേയിഡിങ് സമ്പ്രദായം ആണ് മാർക്ക്‌ നിർണ്ണയിക്കുന്നത്.

ഇന്നിനി ഇത്രയൊക്കെ പഠിച്ചത് മതി. പതിയെ വെള്ളം നിറച്ചു വെച്ച ചരുവത്തിൽ നിന്നും കാലെടുത്തിട്ട് നേരെ കട്ടിലിലേക്ക് ചാഞ്ഞു.

നാളെ ഈ സമയം ഒന്ന് ആയി കിട്ടിയെങ്കിൽ…

പുലർച്ചെ 4:30 ന് അലാറം കേട്ടോണ്ട് ഞെട്ടി ഉണർന്നു.

SSLC പരീക്ഷ പ്രമാണിച്ച് അമ്മയുടെ വക സ്പെഷ്യൽ ട്രെയിനിങ്.

കലാശകൊട്ടിന്റെ ഫൈനൽ ടച്ച്‌ അപ്പ് ആയത്കൊണ്ട് എന്ത് കിട്ടിയാലും വായിക്കാൻ തക്ക തിടുക്കത്തിൽ ആയിരുന്നു.

അപ്പോഴാ പണ്ടെങ്ങോ വാങ്ങിയ കൊച്ചു തുമ്പിയും കൂട്ടുകാരും കണ്ടത്. ഒരു കാലത്ത് പാവങ്ങളുടെ ലേബർ ഇന്ത്യ ആയിരുന്നു ഈ പറഞ്ഞ “കൊച്ചു തുമ്പിയും കൂട്ടുകാരും”.

ഞാൻ ഒരു മിഡിൽ ബെഞ്ച് വിദ്യാർത്ഥിനി ആയിരുന്നു. കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ പഠിപ്പിസ്റ്റും അല്ല, ഉഴപ്പിയും അല്ല. അതിന്റെ ഗുണവും ദോഷവും വഴിയേ പറയാട്ടോ…

ഒടുവിൽ പരീക്ഷക്ക് പോകാൻ ടൈം ആയി. ഇന്നത്തെ വിജയിയുടെ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം ഹാൾ ടിക്കറ്റ് മുഖ്യം ബിഗിലെ എന്ന് അമ്മ നൂറു വട്ടം വിളിച്ചു പറയുന്നുണ്ട്.

എന്തായാലും സകല ദൈവങ്ങളേയും പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പരീക്ഷക്ക്‌ പുറപ്പെട്ടു.

അങ്ങനെ സ്കൂൾ എത്തി.

ഈശ്വര എന്തേലും മറന്നോ? ഏയ്, ഇല്ല…

അടുത്ത ചടങ്ങ് ഏത് ക്ലാസ്സ്‌ ആണെന്ന് കണ്ടെത്തണം.

ഒടുവിൽ അതും കണ്ടെത്തി. എന്റെ പഴയ ക്ലാസ്സ്‌ ആയിരുന്ന 8:B. വലിയ കാര്യത്തിൽ ഒന്നൂടെ ഹാൾ ടിക്കറ്റ് നമ്പർ ബോർഡിലെ എഴുത്തുമായി ഒത്തു നോക്കിയപ്പോൾ ലാസ്‌റ്റിലെ ഒരു നമ്പർ മാറ്റം.

ലാസ്റ്റ് ഡിജിറ്റ് 80 വരെ ആയിരുന്നു ആ ക്ലാസ്സിൽ.

ലെച്ചു, നമ്മൾ 8 C യിൽ ആണെടി. ഇതല്ല ക്ലാസ്സ്‌.

എന്റെ ചങ്ക് കൂട്ടുകാരി സായൂജ്യ എന്നേം കൂട്ടി അവിടേക്ക് പോയി.

ഇനി ഒരു മണിക്കൂർ കൂടി ഉണ്ട് എക്സാം തുടങ്ങാൻ.

ചെറുതല്ലാത്ത ഇച്ചിരി വലിയ ടെൻഷൻ പിന്നേയും ഉടലെടുത്തു. അടുത്തിരിക്കുന്ന ടീനയോടു ഞാൻ ചോദിച്ചു.

കൊച്ചേ, വല്ലതും പഠിച്ചോടി? എനിക്കാണേൽ നല്ല ടെൻഷൻ.

ടീന ക്ലാസ്സിലെ ബുജി ആണ്. അവളിൽ നിന്നും എന്ത് പ്രതികരണമാണോ ഞാൻ പ്രതീക്ഷിച്ചത് അത് തന്നെ കിട്ടി.

എന്റെ ലെച്ചു, ഞാൻ ഒന്നും നോക്കിയില്ലെടി. എന്ത് എഴുതുമോ ആവോ…

അവളുടെ കണ്ണ് കണ്ടാൽ അറിയാം, ഇന്നലെ ഒരു പോള കണ്ണടക്കാതെ കുiത്തി ഇരുന്ന് പഠിച്ചിട്ടാണ് വന്നതെന്ന്. പിന്നെ ആരെ കാണിക്കാൻ ഈ അടവ്?

തൊട്ടപ്പുറത്ത് കൂട്ടത്തിലെ താന്തോന്നി ഷാനിഫ ഓരോ തു ണ്ടു പേപ്പറുകൾ വെi)ട്ടി സെറ്റ് ആക്കി പരീക്ഷയെ എതിരിടാൻ തയ്യാറായി ഇരിക്കുന്നു.

ഈശ്വര, മലയാളത്തിന് വരെ ഇവൾ ഇങ്ങനെ ആണെങ്കിൽ ബാക്കി വിഷയങ്ങൾക്കോ!!!

അതും സ്പെഷ്യൽ സ്‌ക്വാഡ് ചെക്ക് ചെയ്യാൻ വരും എന്ന് അറിഞ്ഞിട്ടും.

എന്തായാലും സമയം കളയാതെ ഒന്നൂടെ എല്ലാം ഓടിച്ചു വായിച്ചു. സത്യം പറഞ്ഞാൽ ആ അവസാനഘട്ട വായനയാണ് ഉള്ളത് കൂടി കുളമാക്കിയത്. അത് വരെ കൃത്യമായി പഠിച്ചു വെച്ച കൃതികൾ എഴുതിയവരുടെ പേരും വിവരവും ആകെ പാടെ കുഴഞ്ഞു മറിഞ്ഞു. പതുക്കെ ബുക്ക്‌ അടച്ചു.

അയൽക്കാരി വിസ്മയ ആവട്ടെ ആ സമയം നോക്കി ബെഞ്ചിലെ ഹാൾ ടിക്കറ്റ് നമ്പർ നൈസ് ആയിട്ട് മാറ്റി എഴുതുക ആയിരുന്നു.

നനഞ്ഞ ചോക്ക് എഴുത്തിന്റെ ശക്തി അവൾ ശരിക്കും അന്നറിഞ്ഞു.

മറ്റേതോ സ്കൂളിൽ നിന്നുള്ള ടീച്ചർ ആണ് ക്ലാസ്സിൽ നിൽക്കുന്നത് എന്ന് BBC ദേവു വഴി അറിഞ്ഞു.

ബെൽ മുഴങ്ങി.

എങ്ങും നിശബ്ദത…

ദേ, ഒരു ചതുര പെട്ടിയുമായി ടീച്ചർ എത്തി.

ചോദ്യ പേപ്പർ ആണോ പണക്കിഴി ആണോന്ന് തെല്ലു സംശയിച്ചു.
ഇജ്ജാതി പൊതിയൽ.

പുള്ളിക്കാരി വന്ന ഉടനെ മേശയൊക്കെ കുറച്ചൂടെ അകലത്തിൽ ഇടീപ്പിച്ചു. കൂടാതെ നാഴികക്ക് നാൽപ്പതു വട്ടം സൈലെൻസ് പ്‌ളീസും വെച്ച് കാച്ചി.

ഇതൊന്നും പോരാഞ്ഞിട്ട് കണ്ണ് ഉരുട്ടി ഒരുഗ്രൻ ഡയലോഗ്.

‘ഒരു മൊട്ടു സൂചി വീണാൽ പോലും എനിക്ക് കേൾക്കണം’

ഉള്ളത് പറയാലോ ഇന്നും എനിക്ക് അറിയില്ല. ഇതിനുമാത്രം മൊട്ടുസൂചികൾ ഈ പരീക്ഷ ഹാളിൽ എവിടെന്നാണാവോ?

ഫസ്റ്റ് ബെൽ കേട്ടാലുടൻ ചോദ്യ പേപ്പർ തരും. ആദ്യത്തെ 15 മിനിറ്റ് വായിക്കാൻ ആണത്രേ. ഞാൻ ഏറ്റവും പുറകിലെ ബെഞ്ചിൽ ആയിരുന്നു. എന്റെ ബെഞ്ചിന്റെ അങ്ങേ അറ്റത്ത് അന്നത്തെ ഫ്രീക്കി സയനോര. ഞങ്ങൾ എല്ലാം ടെൻഷൻ അടിച്ചിരുന്നപ്പോൾ അവൾ കളർ പൗഡറും ലിപ്സ്റ്റിക്കും വാരി പൊത്തുന്നു.

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ, ചിലപ്പോൾ പത്രക്കാര് SSLC പരീക്ഷയുടെ ആദ്യ ദിവസത്തെ ആർട്ടിക്കിളിൽ ഇടാൻ ഫോട്ടോ എടുക്കുമത്രേ…

അധികം വൈകാതെ ടീച്ചറിന്റെ ഓരോ കല്പനകൾ വന്ന് തുടങ്ങി.

ബാഗും ബോർഡും എല്ലാവരും പുറത്ത് കൊണ്ട് വെക്കൂ.

അയ്യോ ബോർഡും വെക്കണോ ടീച്ചറേ?

തനിക്കെന്താ മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ?

അന്നെനിക്ക് നടൻ പൂച്ചക്കണ്ണൻ വിനീത് എന്നാൽ പ്രാന്തായിരുന്നു. ഒടുവിൽ ആ വിനീതിന്റെ ഫോട്ടോ ഒട്ടിച്ച ബോർഡ് വരെ ഗത്യന്തരമില്ലാതെ വരാന്തയിൽ കൊണ്ട് പോയി ഉപേക്ഷിക്കേണ്ടി വന്നു.

എല്ലാവരുടേയും ഹാൾ ടിക്കറ്റ് പരിശോധിച്ച ശേഷം ടീച്ചർ അപ്പുറത്തോട്ട് എന്തിനോ പോയ തക്കത്തിൽ ഞങ്ങൾ കുശു കുശുപ്പ് തുടങ്ങി.

ഈ പെണ്ണുംപുള്ള ഒന്നിനും സമ്മതിക്കുന്ന മട്ട് കാണുന്നില്ല.

എടി, ടീനേ കാണിച്ചു തരണേ. കുറച്ചൂടി അടുപ്പിച്ചിടടി ഡസ്ക്.

ടേയ് ടേയ്…എന്താ അവിടെ ബഹളം? ചന്തയിൽ പോലും ഇത്ര ബഹളം ഇല്ലല്ലോ?

അത് ടീച്ചർ ചന്ത ആയോണ്ട് തോന്നുന്നതാ.

ഭാഗ്യത്തിന് തുiണ്ടുകാരി ഷാനിഫയുടെ ആ ഡയലോഗ് ടീച്ചർ കേട്ടില്ല.

മടങ്ങി വന്ന ടീച്ചർ എഴുതാനുള്ള പേപ്പർ തന്നു.

ഇതൊരു ബുക്ക്‌ പോലെ ഉണ്ടല്ലോ?

സാധാരണ A4 സൈസ് പേപ്പർ ആയിരിക്കുമെന്നാ ഞാൻ വിചാരിച്ചത്. പക്ഷെ ഇത്…

എല്ലാവരും ഹാൾ ടിക്കറ്റ് നമ്പറും വിഷയവുമൊക്കെ എഴുതാൻ തുടങ്ങി.

എടീ…ഈ കോളത്തിൽ എന്താ? അശരീരികൾ മുഴങ്ങി.

ഹാൾ ടിക്കറ്റ് ഇല്ലാതെ വന്ന ആരേലും ഉണ്ടോ?

ഇല്ല ടീച്ചർ.

പക്ഷെ ഒരാൾ ഇനിയും എത്തി ചേർന്നിട്ടില്ല.

സാന്ദ്ര. അവൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ വെറും 5 മിനിറ്റ് മതി. ക്ലാസ്സിൽ ആണേലും അവൾ ലേറ്റ് ആയേ വരൂ. എന്നാലും ഇന്നെങ്കിലും അവൾ നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചു.

ദാ എത്തി പോയി…ടീച്ചറിന്റെ കയ്യിൽ നിന്നും പൊങ്കാലയും ഏറ്റു വാങ്ങി അവൾ ബെഞ്ച് അന്വേഷണം തുടങ്ങി. ഒടുവിൽ എന്റെ തൊട്ടു മുന്നിൽ വന്നിരുന്നു.

ബെൽ മുഴങ്ങി…

ചോദ്യ പേപ്പർ പൊട്ടിച്ചു…

ടെൻഷൻ ഇരട്ടിയായി.

ഇരു കയ്യും നീട്ടി ചോദ്യ പേപ്പർ വാങ്ങി തലങ്ങും വിലങ്ങും അനുഗ്രഹിച്ചു.

അയ്യോ ടോയ്‌ലെറ്റിൽ പോണോ? ഏയ് അല്ലേലും എന്ത് പ്രധാനപ്പെട്ട കാര്യം ലൈഫിൽ വന്നാലും ഈ ടോയ്‌ലെറ്റിൽ പോവാനുള്ള തോന്നൽ ഉള്ളതാണ്.

ഇനി 15 മിനിറ്റ് വായന ആണ്.

ആദ്യ വായനയിൽ കിളി പറന്നെങ്കിലും ഇരുത്തി വീണ്ടും വീണ്ടും വായിച്ചപ്പോൾ ചോദ്യങ്ങൾക്ക് അനുസരിച്ചുള്ള ഉത്തരങ്ങളൊക്കെ കിട്ടി തുടങ്ങി. പക്ഷെ ചോദിക്കില്ല എന്ന് വിചാരിച്ച് കാര്യമായിട്ട് വായിക്കാതെ പോയ പലതും ദാ കിടക്കുന്നു, ഒരു പുറത്തിൽ കവിയാതെ എന്ന ഭീഷണിയോടുകൂടി.

അവസാനത്തെ ബെഞ്ച് ആയോണ്ട്എ നിക്കാരുടേയും മുഖം കാണാൻ പറ്റുന്നില്ല. അടുത്തിരിക്കുന്ന ടീന ആവട്ടെ ഏതാണ്ട് മിഥുനത്തിലെ ഇന്നസെന്റ് ചേട്ടന്റെ അതേ മുഖ ഭാവം. ഉത്തരം ഒന്നും അറിയാത്ത ഇരുപ്പാണോ അതോ അവൾ പഠിച്ചത് മുഴുവനും വന്നതിന്റെ ജാഡ ആയിരുന്നോ എന്ന് ആർക്കറിയാം.

അങ്ങനെ വായന സമയം കഴിഞ്ഞു. നീണ്ട ബെല്ല്‌ മുഴങ്ങി.

ശാർക്കര ദേവി ക്ഷേത്രത്തിൽ കൊണ്ടു പോയി പൂജിച്ച നീല റെയ്നോൾഡ്‌സുമായി ഞാൻ അങ്കം കുറിക്കാൻ തുടങ്ങി.

ആദ്യത്തെ കുറച്ച് നേരം ടീച്ചർ എന്റെ അടുത്ത് വന്നു നിന്നു. എന്തെന്നാൽ അവസാന ബെഞ്ച് ആയത്കൊണ്ട് എല്ലാവരേയും വീക്ഷിക്കാൻ പറ്റും.

ചോദ്യപേപ്പറിൽ പേരോ നമ്പറോ അല്ലാതെ വേറെ എന്തെങ്കിലും കണ്ടാൽ ചെവിയിൽ തൂiക്കി വെളിയിൽ കളയും. പറഞ്ഞേക്കാം.

എനിക്കാണേൽ ആകെ ഒരു പരിഭ്രാന്തി. തുiണ്ട് ഉള്ള ഷാനിഫ പോലും കൂസലായി ഇരുന്ന് എഴുതാൻ തുടങ്ങി. ടീച്ചർ നിൽക്കുന്നത് കൊണ്ട് ഞാൻ വലിയ ആലോചന അഭിനയിച്ചു.

അപ്പുറത്തെ വീട്ടിലെ രഞ്ജിനി ചേച്ചി ടിപ്പ് ആയി പറഞ്ഞു തന്നത് ഞാൻ വേദ വാക്യം പോലെ അനുസരിച്ചു.

ഒന്നാമതായി സമയം നോക്കി ഓരോ ചോദ്യവും നേരിടണം. ഇന്ന ചോദ്യത്തിന് ഇത്ര മിനിറ്റ് എന്ന തോതിൽ.

അറിയാവുന്ന ചോദ്യങ്ങൾ ആദ്യമേ എഴുതി പോവുക. ഇത് രണ്ടും പാലിച്ചുകൊണ്ട്‌ ഞാൻ എഴുതി തുടങ്ങി. ആദ്യത്തെ പേജിലെ എന്റെ കയ്യക്ഷരം തിടമ്പ് അണിഞ്ഞ് നിൽക്കുന്ന കൊമ്പനെ പോലെ ആയിരുന്നു. പക്ഷെ പിന്നീടുള്ള പേജുകൾ പ്രസ്തുത കൊമ്പന് മദമിളകിയ പോലെ ആയി പോയി.

ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ടീച്ചറിന് ചായ എത്തി. ആ തക്കത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ ഉത്തരങ്ങൾ കൈ മാറാൻ ശ്രമിച്ചു. പക്ഷെ ഒന്നും നടന്നില്ല. പരീക്ഷക്ക്‌ കാണിച്ചു തരാമെന്നൊക്കെ പറഞ്ഞ വിപഞ്ചിക പേപ്പർ കിട്ടി കഴിഞ്ഞ ശേഷം ഒറ്റ എണ്ണത്തിനെ ഗൗനിച്ചിട്ടില്ല. അതേ സമയം തളത്തിൽ ദിനേശി എന്ന് ഞങ്ങൾ വിളിക്കുന്ന സജിനി ഓരോ ഓരോ സംശയങ്ങൾ ടീച്ചറോട് ചോദിച്ചുകൊണ്ടേ ഇരുന്നു.

പഠിപ്പി ടീന ദാ അഡീഷണൽ ഷീറ്റും വാങ്ങി. അര മാർക്ക്‌ ചോദ്യം ആയാലും 10 മാർക്കിന്റെ ചോദ്യം ആയാലും അവൾ ഒന്നൊന്നര പേജ് നിറയ്ക്കും. ഇവിടെ മനുഷ്യൻ രണ്ടര ഏക്കർ ഗ്യാപ് ഇട്ട് എഴുതിയിട്ടും 5 പേജ് തികയുന്നില്ല.

ഏതാണ്ട് പരീക്ഷ തീരാൻ മിനിറ്റുകൾ ശേഷിക്കെ ഷാനിഫയുടെ തുiണ്ട് പേപ്പർ ടീച്ചർ പൊക്കി.

നീയൊരു പെൺകുട്ടി തന്നെയാണോ?

അതെന്താ ടീച്ചറേ ഇതൊക്കെ ആൺപിള്ളേരുടെ മാത്രം കുiത്തക ആണോ?

ഷാനിഫയുടെ ആ ഡയലോഗ് കേട്ട് ടീച്ചർ വായും പുളന്ന് നോക്കി നിന്നു.

ഇന്നായിരുന്നെങ്കിൽ WCC യിലെ ചേച്ചിമാർ ഷാനിഫയെ എപ്പോൾ കൊണ്ട് പോയെന്ന് ചോദിച്ചാൽ മതി.

പുരുഷ കേസരങ്ങൾ ഇത് വായിക്കും എന്ന് അറിയാവുന്നതുകൊണ്ട് അവൾ തുiണ്ട് ഒളിപ്പിച്ച ശiരീരഭാഗം തല്ക്കാലം ഞാൻ വിഴുങ്ങുന്നു. എന്നാലും അവസാന പേജിൽ NB ചേർത്ത് അവൾ ഇപ്രകാരം എഴുതി.

ഓടിട്ട വീട്ടിലെ കുട്ടി ആണ് ജയിപ്പിക്കണം. പ്ലീസ്…

പക്ഷെ ആ അവൾ ഇന്ന് കാര്യവട്ടം ക്യാംപസിലെ ഇംഗ്ലീഷ് ലെക്ച്ചറർ ആണ്.

ഏതാണ്ട് സമയം തീരാറായി.

സായൂജ്യ ദാ പേപ്പറും കൊണ്ടു പോണു. അവൾക്ക് മഞ്ഞ ടാഗ് പോലും വേണ്ടി വന്നില്ല. പക്ഷെ അരമണിക്കൂർ കഴിഞ്ഞിട്ടേ ടീച്ചർ അവളെ വിട്ടോളു. ബാക്കി എല്ലാരും എഴുത്തോട് എഴുത്ത്. ചിലപ്പോൾ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ വല്ലോം A+ പോയാലോ.

ഞാനും തകർത്തു. അങ്ങനെ എന്തോ ഉത്തരം ആലോചിക്കുന്ന കൂട്ടത്തിൽ ‘ആട്ടു തൊട്ടിലിൽ നിന്നെ കിടത്തിയുറക്കി ‘ സോങ്‌ കേറി വന്നു.

ശ്ശെടാ, ഇത് ഏത് ലാലേട്ടൻ മൂവിയിലെ പാട്ട് ആണ്? അല്ലേലും പരീക്ഷ ഹാളിൽ ഇരിക്കുമ്പോൾ ഇങ്ങനെയുള്ള കൺഫ്യൂസ്ഡ് ചോദ്യങ്ങൾ പതിവാണ്. എന്നാലും ഇത്? മിന്നാരത്തിലെ ആണോ? ഏയ്…ശോ…എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ലല്ലോ.

അങ്ങനെ അവസാന ബെല്ലിന് തൊട്ടു മുമ്പത്തെ ബെൽ അടിച്ചു.

ഇനി പേപ്പർ പിൻ ചെയ്തിട്ട് മതി എഴുത്ത് എന്ന് ടീച്ചർ ഓർമ്മിപ്പിച്ചു. അഡീഷണൽ ഷീറ്റുകൾക്കു വേണ്ടി കൈകൾ പല ദിക്കിൽ നിന്നും പൊങ്ങി വന്നു.

നിർത്തിക്കോ എന്ന് പറഞ്ഞിട്ട് ടീച്ചർ പേപ്പർ ഓരോന്നായി വാങ്ങി തുടങ്ങി. ഒന്ന് ഓടിച്ച് വായിച്ചിട്ട് പേജുകൾ ഓരോന്നായി എണ്ണി തിട്ടപ്പെടുത്തുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ. പക്ഷെ ആ ഫീൽ ആസ്വദിച്ചു തീരും മുമ്പേ ടീച്ചർ പേപ്പറും വാങ്ങി പോയി. മൊത്തം പേജിന്റെ എണ്ണം എഴുതിയോ ആവോ.

ഒടുവിൽ എക്സാം കഴിഞ്ഞിറങ്ങിയ എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു.

“കുഴപ്പമില്ല “

വീട്ടിൽ ചെന്ന ഉടൻ ചോറ് പോലും കഴിക്കാതെ ഞാൻ തന്നെ എനിക്ക് മാർക്ക്‌ ഇടാൻ തുടങ്ങി.

കുളി പിന്നെ ആവാം. ചോറ് കഴിക്കാൻ വേണ്ടി കൈ കഴുകാൻ നോക്കിയപ്പോൾ കൈവെള്ള മുഴുവനും റെയ്നോൾഡ്സ് കുത്തുകൾ. ഉത്തര കടലാസ് എന്റെ കൈ ആണോന്നു തോന്നിപോയി ഒരു നിമിഷം. അന്നും ഇന്നും എനിക്കറിയില്ല, എഴുതുമ്പോൾ ഏത് സമയത്താ ഈ കുത്തുകൾ കൈവെള്ളയിൽ പതിയുന്നത് എന്ന്.

ഒടുവിൽ ഫല പ്രഖ്യാപനം വന്നപ്പോൾ
എല്ലാവരും 10 A+ കിട്ടുമെന്ന് കൊട്ടിഘോഷിച്ചു നടന്ന ടീനക്ക് പോലും കിട്ടാത്ത 10 A+ എന്റെ പ്രിയ കൂട്ടുകാരി അതിലുപരി മിഡിൽ ബെഞ്ച് പ്രതിനിധി ദേവിക വാങ്ങി.

ഫുൾ A+ ലിസ്റ്റിൽ അവളെ സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം.

അതാണ് ഞങ്ങൾ മിഡിൽ ബെഞ്ചിലെ പിള്ളേർസ്. ഞങ്ങളുടേതായ ദിവസങ്ങളിൽ ഏത് കൊമ്പനെ വേണേലും മലർത്തി അടിക്കാനും ചില ദിവസങ്ങളിൽ ഏത് കുഞ്ഞന്റെ മുമ്പിൽ വരെ തോൽക്കാനും ഞങ്ങൾ ആവറേജ് പിള്ളേർ അഥവാ മിഡിൽ ബെഞ്ചേഴ്‌സ് റെഡിയാണ്.

A+ കിട്ടുമെന്ന് ഞാൻ വിചാരിച്ച IT ക്ക് എനിക്ക് കിട്ടിയത് D+ ആണ്. അയിനാണ്.

പക്ഷെ ഒരു കാര്യം പറയാതെ വയ്യ. ഏത് പരീക്ഷക്കും ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്നത് ഞങ്ങൾ മിഡിൽ ബെഞ്ചേഴ്‌സ് ആണ്. കാരണം ഫസ്റ്റ് ബെഞ്ചിലെ പഠിപ്പിസ്റ്റുകൾക്കും ലാസ്റ്റ് ബെഞ്ചിലെ ഉഴപ്പന്മാർക്കും മുമ്പും പിമ്പും നോക്കാനില്ല. എന്നാൽ ഞങ്ങൾ അങ്ങനെയല്ല.

എന്നിരുന്നാലും അന്നും ഇന്നും മിഡിൽ ബെഞ്ച് ഇഷ്ടം❣️

അപ്പോൾ പത്താം ക്ലാസ്സിലെ എക്സാം ഹാളിൽ നിന്നും തല്ക്കാലം വിട പറഞ്ഞുകൊണ്ട് നിങ്ങളുടെ സ്വന്തം

യുവിദ്ര ലക്ഷ്മി…

(NB:പിൽക്കാലത്ത് യൂട്യൂബൊക്കെ വ്യാപകമായ ശേഷം, പത്താം ക്ലാസ്സിലെ മലയാളം പരീക്ഷക്ക് എന്നെ കുഴപ്പിച്ച ആട്ടുതൊട്ടിലിൽ ചോദ്യത്തിന്റെ ഉത്തരം ഞാൻ കണ്ടെത്തി. ലാലേട്ടൻ അഭിനയിച്ച പാട്ടെന്നും പറഞ്ഞ് ഇരുന്ന അതേ സോങ്ങിൽ ആടി തിമിർത്തത് സാക്ഷാൽ ഋഷ്യശൃംഗനും ഏതോ ഫ്രീക്കി വൈശാലിയും )

Leave a Reply

Your email address will not be published. Required fields are marked *