അവർ ഫോണിൽ വിളിച്ച് തന്റെ ഭർത്താവിനോടു പറഞ്ഞു,.” ഉണ്ണിയേട്ടാ ചതിച്ചു, നമ്മുടെ അനു ഗർഭിണിയാണ്…..

Story written by Pratheesh

അവർ ഫോണിൽ വിളിച്ച് തന്റെ ഭർത്താവിനോടു പറഞ്ഞു,.” ഉണ്ണിയേട്ടാ ചതിച്ചു, നമ്മുടെ അനു ഗർഭിണിയാണ് ” !

ഭാര്യയുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണയാൾ കേട്ടത് !.പതിനേഴ് വയസ്സു മാത്രം പ്രായമുള്ള തന്റെ മകൾ അനുഗ്രഹയേ കുറിച്ചാണ് ആ വാർത്ത കേട്ടതെന്നത് അയാളെ അന്നേരം നിലവിട്ടു വിഷമത്തിലാഴ്ത്തി !

ഭാര്യയോട് എന്തു പറയണമെന്നറിയാതെ ഫോൺ കൈയ്യിൽ തന്നെ പിടിച്ച് ഒരക്ഷരം പോലും സംസാരിക്കാനാവാതെ അയാൾ തന്റെ സീറ്റിൽ തളർന്നിരുന്നു,

ആദ്യമായി അവളെ ഹോസ്പ്പിറ്റലിൽ വെച്ച് ഒരു നഴ്സ് കൈയ്യിൽ കൊണ്ടു വന്നു കൊടുത്തതു മുതൽ അവൾ വളർന്നു വന്ന ഒരോ ഘട്ടങ്ങളിലായുള്ള അവളുടെ പുഞ്ചിരികളും കുഞ്ഞു വാക്കുകളും കിളിക്കൊഞ്ചലുകളും ആ നിഷ്ക്കളങ്കതയും ഒക്കെ ആ നിമിഷം അയാളിലൂടെ വീണ്ടും കടന്നു പോയി ആ ഒാർമ്മകൾ അയാളെ അന്നേരം വല്ലാതെ തളർത്തുകയും ചെയ്തു,

തളർന്നുള്ള ആ ഇരുപ്പയാൾ എത്രനേരം തുടർന്നെന്ന് അയാൾക്കു തന്നെയറിയില്ല, വീണ്ടും ഭാര്യയുടെ ഫോൺ തന്നെയാണ് ആ അവസ്ഥയിൽ നിന്നയാളെ ഉണർത്തിയത് !

ഫോണെടുത്തതും ഭാര്യ പറഞ്ഞു, ” ഞാൻ അവളെയും കൊണ്ടു ഡോക്ടറുടെ അടുത്തേക്ക് പോകുവാണ് ഒന്നു പെട്ടന്നങ്ങു വരണേ എന്തു ചെയ്യണമെന്ന് എനിക്കൊരു പിടിയുമില്ല ” അതും പറഞ്ഞ് മറുപടിക്കു കാത്തു നിൽക്കാതെ തന്നെ ഭാര്യ ഫോൺ വെച്ചു !

വളരെ തിരക്കു പിടിച്ച ഒരു ദിവസമായിരുന്നു അയാൾക്കന്ന് എന്നാൽ സംഭവിച്ചതിനേക്കാൾ വലുതായിരുന്നില്ല അപ്പോൾ അയാൾക്കതൊന്നും. എല്ലാം ഇട്ടെറിഞ്ഞ് പാതിവെന്ത മനസുമായി കാറെടുത്തയാളും പെട്ടന്നങ്ങോട്ടു തിരിച്ചു,

വഴിനീളെ അയാളുടെ ചിന്തകൾ മകളിൽ തന്നെ ഉടക്കി നിന്നു, കാലം മോശമാണെന്ന് അറിയാമായിരുന്നതു കൊണ്ട് ചിലപ്പോഴൊക്കെ വൈകാറുണ്ടായിരുന്നെങ്കിലും മിക്ക ദിവസങ്ങളിലും സ്ക്കൂളിൽ നിന്നും അവധി ദിവസങ്ങളിലെ ട്യൂഷ്യൻ ക്ലാസുകളിൽ നിന്നും അയാൾ തന്നെയാണ് അവളെ കൂട്ടി കൊണ്ടു വരാറുള്ളത്,

വല്ലാതെ വൈകുന്ന ദിവസങ്ങളിൽ ഒരു ഒാട്ടോ പിടിച്ച് വരാൻ പറയുകയും അപ്പോൾ തന്നെ ഭാര്യയേ വിളിച്ച് പൈസയുമായി ഫ്ലാറ്റിനു വെളിയിൽ കാത്തു നിൽക്കാൻ എർപ്പാടാക്കുകയും ചെയ്യാറുള്ളതാണ് അത്ര ശ്രദ്ധയായിരുന്നു അവളുടെ ഒാരോ കാര്യത്തിലുണ്ടായിരുന്നത് എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നയാൾക്കു മനസിലായില്ല,

എന്നാൽ ആ ചോദ്യത്തിന് അപ്പോഴവിടെ പ്രസക്തിയില്ല എന്നും അയാൾക്കറിയാം കാരണം സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു ഇനി അതിനൊരു ഉത്തരം കിട്ടിയാലും അതു കൊണ്ടെന്തു കാര്യം ?

വരുന്ന വഴി അയാളുടെ കാറൊരു സിഗ്നലിൽ നിന്നപ്പോൾ ആ സമയം അയാളുടെ കാറിനു മുന്നിലൂടെ കുറച്ചു സ്ക്കൂൾ കുട്ടികൾ കടന്നു പോവുന്നതും കൂടി കണ്ടപ്പോൾ അവരെ നോക്കി പിന്നെയും അയാളുടെ ഹൃദയം മുറിഞ്ഞു,

എങ്ങിനെയൊക്കയോ ധൈര്യം സംഭരിച്ചയാൾ കാറുമായി വേഗം ഹോസ്പ്പിറ്റലിലെത്തി !

അയാളെ അടുത്തു കണ്ടതും അയാളുടെ ഭാര്യ വന്നയാളുടെ നെഞ്ചിലേക്ക് ചേർന്ന് അയാളെ ചേർത്തു പിടിച്ച് കരയാൻ തുടങ്ങി, ഭാര്യ അയാളുടെ നെഞ്ചിലേക്ക് ചേർന്നമർന്ന നിമിഷം ഭാര്യയുടെ ഹൃദയത്തിന്റെ ഉച്ചത്തിലുള്ള പിടപ്പും വേഗവും അയാളുടെ നെഞ്ചിൽ പതിച്ചതും അതു തിരിച്ചറിഞ്ഞ അയാളുടെ നെഞ്ചും ഹൃദയമിടിപ്പും അതെ വേഗത്തിൽ മിടിക്കാൻ തുടങ്ങി, അതോടെ അടക്കി വെച്ച കണ്ണീർ അയാളിൽ നിന്നും അടർന്നു വീണു,
അതിനിടയിലും ഭാര്യയേ ചേർത്തു പിടിച്ചയാൾ ഒരക്ഷരം പോലും സംസാരിക്കാതെ മുഖഭാവങ്ങൾ കൊണ്ടവരെ ആശ്വസിപ്പിച്ചു,

ശേഷം അയാൾ ” അനു ” ? എന്നുച്ചരിച്ചതും അയാളിലേക്ക് മുഖമുയർത്തി നോക്കിയ ഭാര്യ ഇടം കൈകൊണ്ട് മുഖത്തേ കണ്ണീർ തുടച്ചു കൊണ്ട് അയാളോടു പറഞ്ഞു,

” ഡോക്ടറുടെ മുറിയിലുണ്ട് ” ! അതു കേട്ട അയാൾ തുടർന്നവരെ ഒപ്പം ചേർത്തു പിടിച്ച് ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു, അവർ പതിയേ ഡോക്ടറുടെ മുറിക്കു മുന്നിലേ കസേരകളിൽ വന്നിരുന്നു,

കുറച്ചു കഴിഞ്ഞതും ഒരു നഴ്സു വന്നവരെ ഡോക്ടറുടെ മുറിയിലേക്ക് വിളിച്ചു, അവർ ആ ലേഡി ഡോക്ടറുടെ മുന്നിലെത്തിയതും അയാളുടെ ഭാര്യ അടക്കി പിടിച്ച സങ്കടത്തോടെ ഡോക്ടറോടു പറഞ്ഞു,

ഡോക്ടർ, അവൾക്കു ഞങ്ങൾ ഒരു കുറവും ഇതുവരെ വരുത്തിയിട്ടില്ല, അവൾ ആവശ്യപ്പെടും മുന്നേ തന്നെ എല്ലാം അവൾക്കു മുന്നിൽ എത്തിച്ചു കൊടുക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിച്ചിരുന്നു, എന്നിട്ടും അവൾ ഞങ്ങളോട് എന്തിനാണി ചതി ചെയ്തത് ?

അവരുടെ പരിഭവം കേട്ട ഡോക്ടർ അവരോടു ചോദിച്ചു,

” ഏതു മാതാപിതാക്കളാണ് സ്വന്തം മക്കൾക്ക് അവരുടെ ഇഷ്ടങ്ങളെല്ലാം വാങ്ങിച്ചു കൊടുക്കാത്തത് ? ” ആ ചോദ്യം അവർ പ്രതീക്ഷിച്ചതല്ലെങ്കിലും അതിനവർ മറുപടി പറഞ്ഞില്ല,

ഡോക്ടർ പിന്നെയും വരേ നോക്കി പറഞ്ഞു, പക്ഷേ ഇവിടെ പ്രശ്നം അതല്ല, അവൾക്ക് അതിനേക്കാൾ വേണ്ടിയിരുന്നത് നിങ്ങളുടെ സംരക്ഷണം ആയിരുന്നു

അതുകേട്ട നിമിഷം അവളുടെ അമ്മ പറഞ്ഞു, ” ഡോക്ടർ ഞങ്ങൾ അവൾക്ക് എല്ലാവിധ കെയറും കൊടുക്കുന്നുണ്ട്, അവളെ കഴിഞ്ഞേ ഞങ്ങൾക്കെന്തുമുള്ളൂ, ഞങ്ങളെ പ്രാണനെ പോലെയാണ് ഞങ്ങളവളെ നോക്കുന്നത് !

അവരുടെ മറുപടി കേട്ട ഡോക്ടർ അവരേ ഇരുവരേയും ഒന്നു കൂടി സൂക്ഷിച്ചു നോക്കിയ ശേഷം അവരോടു പറഞ്ഞു,

ഞാൻ അവളുമായി സംസാരിച്ചു, അതിൽ നിന്ന് എനിക്ക് മനസിലായ ഒരു കാര്യം അവൾക്കു സംഭവിച്ച ഈ കാര്യത്തിൽ നിങ്ങളും തെറ്റുകാരാണ് എന്നതാണ് !

ഡോക്ടർ ആ പറഞ്ഞത് ഒരു ഞെട്ടലോടെയാണ് അവർ കേട്ടത് അവർക്കതു വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു, കണ്ണിലെ കൃഷ്ണമണി പോലെ അവളെ നോക്കി വളർത്തിയ അവർ എന്തു തെറ്റാണു ചെയ്തതെന്ന് അവർക്കു മനസിലായില്ല,

അവരുടെ ആ ഞെട്ടലും പരസ്പരമുള്ള നോട്ടവും കണ്ട ഡോക്ടർ വീണ്ടും അവരുടെ ഭർത്താവിനെ നോക്കി ചോദിച്ചു,

നിങ്ങളല്ലെ മകളെ ട്യൂഷൻ കഴിഞ്ഞ് കൂട്ടി കൊണ്ടുവരാൻ പോകാറുള്ളത് ?

“അതിനയാൾ തലയാട്ടിയതും ഡോക്ടർ ചോദിച്ചു നിങ്ങൾ മിക്കപ്പോഴും വൈകാറുണ്ടോ ?”

” ചിലപ്പോൾ ജോലി തിരക്കിനിടയിൽ അങ്ങിനെ സംഭവിക്കാറുണ്ട് ! “

അതു തന്നെയാണ് ഇവിടെ സംഭവിച്ചതിനെല്ലാം കാരണം !

ഡോക്ടർ ആ പറഞ്ഞത് മനസിലാകാതെ അവർ ഡോക്ടറേ തന്നെ നോക്കിയതും ഡോക്ടർ തുടർന്നു,

അവൾ പറഞ്ഞു നിങ്ങൾ പലപ്പോഴും വൈകിയാണ് അവളെ കൂട്ടാൻ ചെല്ലാറുള്ളതെന്ന്, കൂടെയുള്ളവരെല്ലാം പോയി കഴിഞ്ഞും അവൾ ഒറ്റക്കാണ് മിക്ക ദിവസങ്ങളിലും ട്യൂഷൻ ക്ലാസിനു മുന്നിൽ നിങ്ങളെയും കാത്തു നിൽക്കാറുണ്ടായിരുന്നതെന്ന് !

ഇവിടെ ഇതിനു കാരണക്കാരനായവൻ ആരാണോ അവനു ലഭിച്ച അവസരവും അതു തന്നെയായിരുന്നു, അവൾ പലപ്പോഴും ഒറ്റക്കാണെന്നു മനസിലാക്കിയ അവൻ പതിയേ അവളുമായി അടുക്കാൻ ശ്രമിച്ചു, അവളതിനെ ആദ്യമൊന്നും അത്ര കാര്യമായി ഗൗനിച്ചിലെങ്കിലും ആ വഴിയേ പോകുന്ന മറ്റു പലരുടെയും മോശമായ ചില നോട്ടങ്ങൾ അവിടെ ഒറ്റക്കായി പോയ അവളിൽ പതിയാൻ തുടങ്ങിയപ്പോൾ അതിൽ നിന്നൊരു രക്ഷയായി അവന്റെ സാമീപ്യം അവൾ ഒരു രക്ഷയായി കണ്ടു,.

നിങ്ങൾ വരുന്നതു വരെ അവൻ കാവലായി തൊട്ടടുത്ത് അവൾക്കൊപ്പമുള്ള ഒരാളെ പോലെ നിന്നപ്പോഴും നിങ്ങൾ വന്നവളെ കാറിൽ കൂട്ടി കൊണ്ടു പോകുമ്പോൾ മാത്രം അവിടം വിട്ടു പോകുന്നതും അവൾ കാണാനിടയായപ്പോൾ അവനിലേക്കവൾ കൂടുതലായി ആകർഷിക്കപ്പെട്ടു, ലഭിച്ച അവസരം അവനും കൃത്യമായി ഉപയോഗപ്പെടുത്തി, നിങ്ങൾ ഏറെ വൈകിയ ഒരു ദിവസം അവനവളെ കൂടുതലായി പരിചയപ്പെടുകയും പിന്നീടുള്ള പല ദിവസങ്ങളിലും ട്യൂഷൻ പോലും ഒഴിവാക്കി അവൾ അവനോടൊപ്പം ചുറ്റാൻ പോവുകയും ആ ബന്ധം വളരെ ആഴത്തിലാവുകയും അതേ തുടർന്ന് അവനെ നഷ്ടപ്പെടുമോ എന്ന ഭയം അവനെ ഏതു വിധേനയും നിലനിർത്താൻ അവനാവശ്യപ്പെട്ടതെല്ലാം മടിയില്ലാതെ അവൾ നൽകി ! അവന്റെ ആവശ്യം നിറവേറിയ ശേഷം അവൻ അവളെ വിട്ടു അടുത്ത ഇതു പോലുള്ള മറ്റൊരു ഇരയേ തേടി പോവുകയും ചെയ്തു !

ഡോക്ടർ അതു പറഞ്ഞവസാനിപ്പിച്ചതും കണ്ണീർവറ്റി അയാൾ കരഞ്ഞു,

തുടർന്ന് ഡോക്ടർ മറ്റൊന്നു കൂടി അവരോടു പറഞ്ഞു, തൽക്കാലത്തേക്ക് ഇരുച്ചെവിയറിയാതെ ഇതിൽ നിന്നു എനിക്കു നിങ്ങളെ സഹായിക്കാനാവും എന്നാലും ഒരു കാര്യം നിങ്ങൾ ഒാർത്തിരിക്കണം,

” നമുക്ക് പലപ്പോഴും പലതിനും സമയ കുറവുണ്ടായിരിക്കാം എന്നാൽ സമയം ഇഷ്ടം പോലെയുള്ളവർ നമുക്ക് ചുറ്റുമുണ്ടെന്നത് !”

നമ്മുടെ അനവസരങ്ങളിലാണ് നമുക്ക് പ്രിയപ്പെട്ടവരിൽ മറ്റുള്ളവർ നിലയുറപ്പിക്കാൻ ശ്രമിക്കുന്നതെന്ന കാര്യം കൂടി നമ്മൾ മനസിലാക്കണം !

അതെല്ലാം കേട്ട് വേദനിക്കുമ്പോഴും ആ സമയം മറ്റൊരു ഒാർമ്മ കൂടി അയാൾക്കുള്ളിലൂടെ കടന്നു പോയി, ഒരിക്കലവൾ അയാളോട് പറഞ്ഞിരുന്നു,

” അപ്പാ നമുക്ക് സ്ക്കൂളിനടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് താമസം മാറിയാലോ അപ്പോൾ എനിക്ക് ആരേയും കാത്തു നിൽക്കാതെ എളുപ്പം വീട്ടിലെത്താ മല്ലോയെന്ന് ! “

അവളുടെ ആ കുഞ്ഞു മനസിൽ വേഗം വീട്ടിലെത്താനുള്ള ആഗ്രഹവും മാർഗ്ഗവും ഒത്തു വിരിഞ്ഞ വാക്കുകളായിരുന്നു അതെങ്കിലും അതവളുടെ മടിയായി കണ്ട് ആ വാക്കുകളെ വളരെ നിസാരമായി തള്ളി കളയുകയായിരുന്നു എന്നോർത്ത് അയാൾ പച്ചക്കു നിന്നു കത്തുകയായിരുന്നു അന്നേരം…!!!

മാർഗ്ഗങ്ങളിലൂടെ രൂപം കൊള്ളുന്ന ചില വാക്കുകൾക്ക് ചിലപ്പോൾ നമ്മൾ കരുതുന്നതിലും വലിയ അർത്ഥതലങ്ങളുണ്ടായിരിക്കാം….!!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *