അശ്വതി ~ ഭാഗം 11 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…..

ഈ തൂലിക ചലിപ്പിച്ചതൊക്കെയും നിന്നിലെ പ്രണയം രചിക്കാനായിരുന്നു.. …നിനക്കായി ഞാൻ നമ്മുടെ പ്രണയത്തെ നിർവചിക്കുമ്പോൾ…. ആ വരികളിലെ ഓരോ വാക്കുകളിലും നാണം പൂക്കുമായിരുന്നു…ആ പ്രണയത്തിനു മുല്ലപ്പൂവിന്റെ വാസനയായിരുന്നു…. അതിന്റെ ഇതളുകൾ പോലെ ആ പ്രണയം മൃദുലതയാർന്നിരുന്നു…ചിലപ്പോൾ നീയെന്ന മഴയിലലിഞ്ഞു വാടി വീഴാറുണ്ടായിരുന്നു…. പക്ഷെ എല്ലാം ഓർമ്മതൻ ദളങ്ങളായി, വാടിയ ഇതളുകളായി കൊഴിഞ്ഞു പോയി…. വാക്കുകളിലെ വസന്തം എന്നോ എന്നെ കയ്യൊഴിഞ്ഞു. നി എന്നെ മറന്ന പോലെ ഞാൻ നിന്റെ പ്രണയത്തെയും മറക്കുകയാണ്… …. ഇനി നിന്നെയോ നിന്റെ പ്രണയത്തെയോ ഈ അശ്വതി നിർവചിക്കുകയില്ല…. കാരണം ആ നിർവചങ്ങൾ കീറിമുറിക്കുന്നത് നിന്നെയല്ല മറിച്ചു എന്നെ മാത്രമാണ്…

തന്റെ ഡയറിയിലെഴുതിയ ആ വാക്കുകൾ അച്ചു ദേവനായി സമർപ്പിച്ചു..ഇനിയൊരിക്കലും ദേവനായി വരികൾ കുറിക്കില്ലെന്നു മനസിൽ കരുതി… അങ്ങകലെ അവന്റെയും രേവതിയുടെയും കളി ചിരികളെ കണ്ടിട്ടും കാണാത്ത പോലെ നടിച്ചു… പ്രണയത്തിന്റെ വിശാല ഹൃദയം തന്നെ വിട്ടു മറ്റെങ്ങോ ചേക്കേറിയപ്പോൾ ആ കൂട്ടിൽ അവൾ മാത്രം തനിച്ചായി…ഒരുമിച്ചു കുട്ടിരിക്കാനോ കുറുകുവാനോ ഇനി തനിക്ക് ഭാഗ്യമില്ലെന്ന് അവളുടെ ഹൃദയം മന്ത്രിച്ചു. ഇനി ദേവന്റെ കാര്യങ്ങളിൽ ഇടപെടില്ലെന്നും, അവനെ ചിന്തിക്കില്ലന്നും മനസിനെ പറഞ്ഞു പഠിപ്പിച്ചു…ദിവസങ്ങളോരോന്നും കടന്നു പോയി…സ്വയം നടക്കാനായി പ്രാപ്തനായി കൊണ്ട് ദേവന്റെ ആരോഗ്യ നില മെച്ചപ്പെട്ടു..

“”ദേവൻ…. ഇനിയൊന്നും പേടിക്കാനില്ലാട്ടോ…. ഫിസിക്കലി നല്ല മാറ്റമാണ് വന്നിട്ടുള്ളത്….ഇനി രണ്ട് ദിവസം അത് കൂടി കഴിഞ്ഞാൽ ഞങ്ങൾ അങ്ങ് പോകും..”‘

ദേവനെ പരിശോധിച്ചതിന് ശേഷം വിഷ്ണു പറഞ്ഞു…. അത് കേട്ടപ്പോഴേക്കും ആ വീട്ടിലേ എല്ലാവർക്കും സന്തോഷമായി… അച്ചു അപ്പോഴും നിർവികാരതയായിരുന്നു….കാരണം തനിക്ക് ഇനിയും ദേവേട്ടനെ കാണണമെന്നു വച്ചു അസുഖം ഭേദമാവാല്ലേയെന്നു പ്രാർത്ഥിക്കാൻ പറ്റില്ലല്ലോ…

“”ഹാ… അങ്ങനെ പോയാൽ എങ്ങനാ… എല്ലാം ശെരിയായ സ്ഥിതിക്ക് രേവതിയുടെയും ദേവന്റെയും കല്യാണം കൂടി കഴിഞ്ഞിട്ട് പോയാൽ മതി…. “”

സന്തോഷം പങ്കുവച്ചു കൊണ്ട് രേവതിയുടെ അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും ചിരി വിടർന്നു…

… ദേവൻ ഒരു കുസൃതി ചിരിയോടെ രേവതിയെ നോക്കി….അവളിലും ഒരു നാണം വിടർന്നിരുന്നു. എല്ലാം പ്രതീക്ഷിച്ചെന്നോണം അച്ചുവിന് വലിയ മുഖഭാവമൊന്നും തോന്നിയില്ല….. കാരണം ഇടയ്ക്കിടെയുള്ള രേവതിയുടെയും ദേവന്റെയും ഇടപെടലുകൾ അവളുടെ കണ്ണിലെ സ്ഥിരം കാഴച്ചകൾ ആയിരുന്നു

🌺🌺🌺🌺

കുളക്കടവിലെ കൽപടവിൽ നോക്കെത്താ ദൂരത്തു ഏതോ ചിന്തയിലാണ്ടിരിക്കുകയായിരുന്നു അശ്വതി… അത് കണ്ടതും രേവതി അച്ചുന്റെ അടുത്തേക്ക് ചെന്നു…

“”‘”ഹിമേച്ചി… “”””

അച്ചു ഒന്ന് തിരിഞ്ഞു നോക്കി പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു… രേവതിയും അച്ചുവിനെ അടുത്തേക്കായി നീങ്ങി ഇരുന്നു….അവളുടെ മുഖത്തു എന്തെന്നില്ലാത്ത ആനന്ദം നിറഞ്ഞിരുന്നു….കണ്ണുകൾക്ക് മുൻപെങ്ങുമില്ലാത്ത തിളക്കം അനുഭവപെട്ടിരുന്നു. ചിലപ്പോൾ കല്യാണം നടക്കാൻ പോകുന്നതിന്റെ സന്തോഷമാവാം… അച്ചു ഊഹിച്ചു… കാരണം ഇതേ സന്തോഷം ഒരുകാലത്തു തന്നെ തേടിയും വന്നിരുന്നു….അന്ന് തന്റെ മുഖഭാവവും ഇത്പോലെ ആയിരിക്കണം .

“””ചേച്ചി ഞങ്ങടെ കല്യാണം ഒക്കെ കൂടീട്ട് പോയാൽ മതീട്ടോ…. ഒന്നുകില്ലേലും എന്റെ ദേവേട്ടനെ ഞാൻ ഇല്ലാത്തപ്പോൾ ചേച്ചി അല്ലെ കൊണ്ട് നടന്നത്… എങ്ങനെ നന്ദി പറയണം ഞാൻ…. “”” അവളുടെ വാക്കുകളെ അച്ചു ചെറു പുഞ്ചിരിയോടെ തന്നെ കേട്ടു…

“”… എന്തിനു നന്ദി പറയണം… എന്റെ കടമ ആയി പോയില്ലേ… നിനക്ക് ദേവേട്ടനെ അത്രയ്ക്കിഷ്ടാണല്ലേ? “””

“””മ്മ്മ്…. എന്റെ ജീവനാണ്…. ദേവേട്ടന്റെ കല്യാണം അശ്വതി എന്നു പറയുന്ന കുട്ടിയുമായി ഒരു തവണ ഉറപ്പിക്കാൻ നോക്കിയതാ… പക്ഷെ അപ്പോഴായ്രുന്നു ആ ആക്‌സിഡന്റ്… ചേച്ചി ആരോടും പറയണ്ടാട്ടോ… ഇവിടുത്തെ ജ്യോൽസ്യൻ പറഞ്ഞത് എല്ലാം ആ അശ്വതിന്നു പറയുന്നവരുടെ ജാതക ദോഷാണെന്ന……. “

“””എന്നിട്ടിപ്പോ ആ അശ്വതി എവിടെ? “””

അച്ചു ഒന്നുമറിയാത്തതു പോലെ ചോദിച്ചു…..

“”ആാാ…. എനിക്കറിയില്ല…..പെണ്ണൊക്കെ കാണാൻ പോയി ദേവേട്ടന് ഇഷ്ടായി എന്നാ പറഞ്ഞു കേട്ടത്… ബന്ധുക്കൾ കാണാൻ പോകുന്ന ചടങ്ങിനായിരുന്നു ആ അപകടം….. അതിലൂടെ ഓർമ്മകൾ നഷ്ടപ്പെട്ടു..പിന്നെ അശ്വതിയെ കുറിച്ച് ഓര്മിപ്പിക്കാനും ഞങ്ങൾ ആരും ശ്രമിച്ചില്ല….. അപകടം എങ്ങനെ നടന്നു എപ്പോൾ നടന്നു… അത്രയൊക്കെയേ വിവരിച്ചു കൊടുത്തുള്ളൂ…. ഇപ്പോഴും ദേവേട്ടൻ പറയും എന്റെ അമ്മയുടെ ജീവൻ എടുത്തത് അവളാണെന്ന്… “”

രേവതിയുടെ ആ വാക്കുകൾ ഒരു ഇടിമുഴക്കത്തിന്റെ ഞെട്ടലോടെയല്ലാതെ അച്ചുവിന് കേട്ട് നിക്കാനായില്ല… തന്നെ ഇത്രയും വെറുത്തിരിക്കുന്നോ ഭഗവാനെ….ഇനി എല്ലാരും പറയുംപോലെ ഒക്കേത്തിനും കാരണം ഞാൻ തന്നെയാണോ…. ഒരു നൂറായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ മിന്നി മറിഞ്ഞു…..അച്ചു രേവതിയെ നോക്കി പുഞ്ചിരി വരുത്താൻ ശ്രമിച്ചു…

“””ന്തായാലും ദേവേട്ടൻ ഇപ്പോൾ നിനക്ക് സ്വന്തമായല്ലോ… നിനക്ക് വിധിച്ചത് കൊണ്ടായിരിക്കും അന്ന് അച്ചുവിന് കിട്ടാതെ പോയത്….. “”

വാക്കുകളിൽ അല്പം പോലും ഇടർച്ച അപ്പോൾ അച്ചുവിനില്ലായിരുന്നു…

“”അഹ്… അതുകൊണ്ടാണല്ലോ ദേവേട്ടൻ എന്റേതാവാൻ പോകുന്നത്….”””

“”രേവതി ഭാഗ്യം ചെയ്തവളാ…ദേവനെ പോലൊരാളെ കിട്ടിയില്ലേ … “”

“”അതെന്താ… ചേച്ചി അങ്ങനെ പറഞ്ഞത്…”

“””ഏയ്… ന്നൂല്ലാ… ദേവനെ കാണുമ്പോഴേ അറിയാലോ… നല്ല മനുഷ്യനാണെന്ന്. അത് കൊണ്ട് പറഞ്ഞുന്നെ ഉള്ളു… “”.

അച്ചു ചെറുതായൊന്നു പരുങ്ങി….

“” എങ്കിൽ പിന്നെ ഞാൻ പോട്ടെ… അമ്മ തിരക്കുന്നുണ്ടാകും….. “””

അത്രയും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റു… അച്ചുവും പിന്നെയവിടെ ഇരുന്നില്ല…. മെല്ലെ എഴുന്നേറ്റ് നടന്നു…. തറവാടിന്റെ ഉമ്മറത്തു എത്തിയതും സുഭദ്ര അഹങ്കാരം നിറച്ചു കൊണ്ട് നിപ്പുണ്ടായിരുന്നു….. അച്ചു അവർക്ക് മുഖം കൊടുക്കാതെ പോകാൻ ശ്രമിച്ചു….

“””ഒന്നു നിന്നെ…… ഒരു കാര്യം പറയാനുണ്ട്….. “””

ആ വലിയ കണ്ണുകളിൽ അപ്പോൾ ഗൗരവം നിറഞ്ഞിരുന്നു….

“”എന്താ… “”

“””ദേ വരുന്ന ഇരുപത്തിയൊന്നിനാണ് മോളുടെ കല്യണം….നീ അത് കൂടിയിട്ടേ പോകാവൂ…. ദേവൻ നിന്റെ കണ്മുന്നിൽ നിന്നും എന്റെ മോളെ താലി ചാർത്തുന്നതും… അപ്പോൾ നിന്റെ മുഖത്തുണ്ടാകുന്ന സങ്കടവും….എല്ലാമെനിക്കൊന്ന് കാണണം….. കല്യാണം കണ്ടു കഴിഞ്ഞാൽ പിന്നെ ഒരു നിമിഷം ഇവിടെ നിന്നെക്കരുത്… ഇറങ്ങി പൊക്കോണം… മനസിലായൊടി…. “” അവരുടെ ആ വാക്കുകൾ അത്രയും മൂർച്ചയേറിയതായിരുന്നു….

“”എനിക്കൊന്നും പിടിച്ചു വാങ്ങി വേണ്ടാ…. ഞാൻ പൊക്കോളാം…ആർക്കും തടസം നിക്കില്ലെന്ന് ഞാൻ പറഞ്ഞതല്ലേ… വേണേൽ ഇപ്പോൾ തന്നെ ഇറങ്ങിയേക്കാം “”

“””അയ്യോ അത് മാത്രം വേണ്ട…. എല്ലാം കഴിഞ്ഞിട്ട് പോയാൽ മതി. ഇവിടം വരെ വന്നിട്ട് അങ്ങനൊരു മുഹൂർത്തം കാണാതെ പോകുമ്പോൾ മോൾക്ക് വിഷമാകില്ലേ…””

സുഭദ്ര അച്ചുവിനെ വാക്കുകളാൽ കുത്തി നോവിക്കാൻ തുടങ്ങി….

അപ്പോഴേക്കും ദേവൻ അവരുടെ അടുത്തേക്ക് വന്നു….

“”എന്താ അമ്മായി… “”

“”അല്ലാ… ഞാൻ ഹിമ മോളോട് ഇവിടുന്ന് കല്യണം കൂടീട്ട് പോയാൽ മതീന്ന് പറയുവായിരുന്നു അല്ലെ.. മോളെ…? “” അച്ചു ഉത്തരമൊന്നും അപ്പോൾ നൽകിയില്ല…ഒരു തവണ ദേവന്റെ മുഖത്തേക്ക് നോക്കി പിന്നെ ആരെയും ഗൗനിച്ചില്ലെന്ന വണ്ണം മുന്നോട്ടേക്ക് നടന്നു.

🌺🌺🌺🌺🌺

തറവാട്ട് മുറ്റത്തു പന്തല് പണികൾ ആരംഭിക്കാൻ തുടങ്ങി…ബന്ധുക്കളും നാട്ടുകാരും ഇടയ്ക്കിടെ വന്നു പോകുന്നുണ്ടായിരുന്നു….വരുന്ന അഥിതികളെ സ്വീകരിക്കുന്ന തിരക്കിലായി സുഭദ്രമ്മ… അതിനിടയിലുള്ള അവരുടെ പൊങ്ങച്ചം പറച്ചിലും… സ്വർണത്തിന്റെ കണക്ക് പറച്ചിലും എല്ലാമായി അവിടം മുഴങ്ങി….
ഇത്രയൊക്കെ ആയിട്ടും ഒരിറ്റ് കണ്ണീർ പോലും അച്ചു പൊഴിചിരുന്നില്ല.. … ആ വീടും പരിസരവും കളിചിരികളിൽ മുഴുകി…ഇടയ്ക്ക് രേവതി വന്നു വിളിച്ചെങ്കിലും അച്ചു മുറിയിൽ തന്നെ ഇരുന്നു…. അവളുടെ ആ മൂകതയിൽ മനം നൊന്തത് വിഷ്ണുവിനായിരുന്നു…. അവൻ അച്ചുവിന്റെ അടുത്തേക് ചെന്നു… ചുമലിൽ തട്ടികൊണ്ടവളെ വിളിച്ചു.

“”അച്ചു…. “”‘ വിഷാദം നിറഞ്ഞ കണ്ണുകളുമായി അച്ചു ഒരുനോട്ടം അവനു നൽകി….

“”നിനക്കൊന്ന് കരഞ്ഞൂടെ അച്ചു…. എങ്ങനെ പറ്റുന്നു… അല്ലെങ്കിൽ എന്നോടെലും ഒരു വാക്ക് സംസാരിച്ചിരിക്ക്…. “”

“”അത് ശരി വിച്ചേട്ടൻ തന്നെയല്ലേ പറഞ്ഞത്…. കരയാൻ പാടില്ലെന്ന്… എന്നിട്ടിപ്പോ.. പ്പോ.. വീണ്ടും കരയാൻ പറയു..വാണോ…. “””

ആ വാക്കുകൾ പറഞ്ഞു വന്നപ്പോഴേക്കും അച്ചു കരഞ്ഞിരുന്നു…..

“”എനിക്കറിയാം… ഇങ്ങനെ മൂടി കെട്ടി നിക്കുന്ന കണ്ടപ്പോഴേ തോന്നി … ഒന്ന് കരഞ്ഞു ആ വിഷമം അങ്ങനെ തീർക്കാട്ടെന്ന് വച്ചിട്ട ഞാൻ…….. “

അവൻ വാക്കുകൾ കിട്ടാതെ വിതുമ്പി….

“”വിചേട്ടാ… മറ്റന്നാൾ ആണു കല്യണം .. എനിക്കത് കാണാൻ വയ്യാ വിചേട്ടാ….. എല്ലാം മറക്കാം… നമുക്ക് ഇവിടെ നിന്നും പോണം… നിക്കെന്റെ അമ്മേനെ കാണണം… ” അച്ചു കുട്ടികളെപോലെ കരഞ്ഞു പറഞ്ഞപ്പോൾ വിഷ്ണുവിനു വല്ലാതെയായി…..

“”മ്മ്മ്… പോണെങ്കിൽ പോകാം.. എന്ത് പറഞ്ഞിട്ടായാലും ഇവിടെ നിന്നുമിറങ്ങാം…ദേവൻ മറ്റൊരാളുടേത് ആവുന്നത് കാണുന്നതിനേക്കാൾ നല്ലത് അതാണ്‌……നീ എല്ലാം എടുത്ത് വെക്ക്… ഞാനിപ്പോ വരാം… ‘”

അതും പറഞ്ഞു വിച്ചൻ പുറത്തേക്ക് പോയി…. കണ്ണീർ തുടച്ചു കൊണ്ടച്ചു ഓരോന്നായി ബാഗിലടുക്കി… അവസാനമായി നിറച്ചൊന്നു കാണണമെന്നോണം അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ദേവനെ തിരഞ്ഞു… പക്ഷെ അവൻ അവിടെങ്ങും ഇല്ലായിരുന്നു….അച്ചു വീണ്ടും സാധനങ്ങൾ എടുത്ത് വയ്ക്കാൻ തുടങ്ങി… പെട്ടെന്നാണ് പിറകിലൂടെ രണ്ട് കരങ്ങൾ വയറിലൂടെ ചേർത്തു പിടിച്‌ അച്ചുവിനെ കെട്ടിപുണർന്നത്…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *