Story written by Sowmya Sahadevan
പിണങ്ങുമ്പോഴും സങ്കടം വരുമ്പോഴും എല്ലാം താര എനിക്ക് കത്തുകൾ എഴുതിയിരുന്നു. അവയുടെ തുടക്കത്തിൽ എല്ലാം അവളുടെ ഊതിവീർപ്പിച്ച മുഖവും കരഞ്ഞു കലങ്ങിയ കണ്ണുകളും കാണാം.
ദേഷ്യം ഒട്ടും പ്രതിഫലിക്കാതെ അവൾ പരിഭവത്തോടെയും സങ്കടത്തോടെയും ആയിരിക്കും ആ കത്തുകൾ എഴുതുന്നത്. ചിലപ്പോൾ അതിൽ ചെറിയ എന്തെങ്കിലും ഒരു കഥകൾ ആയിരിക്കാം. ചിലപ്പോൾ ചെറിയ ചെറിയ ചിത്രങ്ങളും.
ആദ്യമായി അവളോട് പിണങ്ങിയപ്പോൾ അവൾ സൈക്കിളിൽ പോവുന്ന സ്കൂൾ ഡേയ്‌സ് ലെ ഞങ്ങളെ ആണു വരച്ചു തന്നത്.കത്തുകളിൽ എല്ലാം ഓർമപ്പെടുത്തലുകൾ ആയിരിക്കും കഴിഞ്ഞു പോയ നാളുകളുടെ.അവളുടെ ഡയറി ഞാൻ കീറി കളഞ്ഞതിൽ പിന്നെ ഒരിക്കലും ആ കത്തുകളിൽ അക്ഷരങ്ങൾ നിറഞ്ഞില്ല. ചിത്രങ്ങൾ മാത്രം.
ഒന്നിൽ ഒരു ചില്ലു ഗ്ലാസ് ചിന്നി ചിതറുന്നു, മറ്റൊന്നിൽ,ബഹളം നിറയുമ്പോൾ കണ്ണു നിറഞ്ഞ നിൽക്കുന്ന പേടിച്ചരണ്ട ഒരു പെൺകുട്ടി,കൂട്ടിൽ കിടക്കുന്ന പക്ഷി, കെട്ടിപ്പിടിക്കാൻ കൈകൾ നീട്ടുന്ന പെൺകുട്ടി. അങ്ങനെ പലതും ആ കത്തുകളിൽ നിറഞ്ഞിരുന്നു. സംസാരം പാടെ കുറഞ്ഞിരുന്നുവെങ്കിലും എത്ര ദേഷ്യം വന്നാലും ആ കത്തുകൾ ഞാൻ കീറി കളഞ്ഞിരുന്നില്ല
ഞാൻ നാട്ടിലേക്കു പോവുന്നു എന്നു പറഞ്ഞപ്പോഴാണ് ഈ കത്തുകൾ എല്ലാം അവൾ എനിക്ക് ഒരു ചെറിയ ബോക്സ്‌ലാക്കി തന്നത്. അവസാനത്തെ കത്തിൽ അവൾ എനിക്ക് മധുരയിലേക്ക് മടങ്ങുന്ന കണ്ണനെയാണ് വരച്ചു തന്നത്. വീട്ടിലെത്തി തിരക്കുകൾ ഒഴിഞ്ഞപോഴാണ് വെറുതെ കത്തുകളിലേക്ക് കണ്ണോടിച്ചു തുടങ്ങിയത്.
നിറങ്ങൾ പാടെ ഒഴിവാക്കി കളഞ്ഞ ആ അവസാനത്തെ ചിത്രങ്ങൾ എന്തോ മനസ്സിനെ നോവിച്ചു. അവൾക്കു ഞാൻ മാധവനായിരുന്നോ എന്നു അറിയില്ല. മറുപടി കൊടുക്കണം എന്നു തോന്നി പേപ്പർ എടുത്തു വരച്ചു തുടങ്ങി, നീലാകാശത്തിൽ പാതിയായ അമ്പിളി മാമനെ ഊഞ്ഞാലാക്കി ആടുന്ന ഒരു ചെറിയ പെൺകുട്ടി. പണ്ടു ഇതൊരിക്കൽ വരച്ചു കൊടുത്തിട്ടുണ്ട്. അപ്പോൾ, അവളെന്റെ ഇടത്തെ കവിളിൽ അമർത്തി ഒന്നു ക ടിച്ചിരുന്നു. അവളെ കാണാൻ തോന്നുന്നു.
ഒരുപക്ഷെ അവളെന്നിലെ കൂട്ടിൽ നിന്നും പറന്നു പോവാൻ ആയിരിക്കാം, അല്ലെങ്കിൽ എന്നിൽ അവളൊരു കൂടുകൂട്ടിയേക്കാം. ബുക്ക് സ്റ്റാളിൽ നിന്നും ഒരു മനോഹരമായൊരു ഡയറിയും കുറച്ചു ചായങ്ങളും വാങ്ങി. അതിലും മനോഹരമായ മറ്റൊന്നും കണ്ടില്ല അവൾക്കു സമ്മാനമായി വാങ്ങാൻ…..