ആഴ്ച്ചേല് മൂന്നു ദിവസം പുലർച്ചയ്ക്കെഴുന്നേറ്റ് എൻ്റെ കൂടെ വരാൻ, അജിക്ക് എന്നെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടോ?” നഗരാതിർത്തിയിലെ ചെറിയ ഹോട്ടലിലിരുന്ന്, ചുടുചായ ഊതിയൂതിക്കുടിക്കുമ്പോൾ…….

ഒറ്റയാൾ ദേശം

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

“ആഴ്ച്ചേല് മൂന്നു ദിവസം പുലർച്ചയ്ക്കെഴുന്നേറ്റ് എൻ്റെ കൂടെ വരാൻ, അജിക്ക് എന്നെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടോ?” നഗരാതിർത്തിയിലെ ചെറിയ ഹോട്ടലിലിരുന്ന്, ചുടുചായ ഊതിയൂതിക്കുടിക്കുമ്പോൾ സുനിത അജിത്തിനോട് ചോദിച്ചു.

“എനിക്കെന്തു പ്രയാസം, ഞാൻ ഓട്ടോ ഡ്രൈവറല്ലേ, എൻ്റെ തൊഴിലല്ലേയിത്..ആഴ്ച്ചേലെ മൂന്നു ദിവസത്തേ ഈ ലോംഗ് ഓട്ടം, എനിക്കും ആശ്വാസമാണ്..പിന്നേ, സുനീടെ കൂടെ വരാൻ എനിക്കിഷ്ടമേയുള്ളൂ..ആ ഇഷ്ടം കൂടി, ഈ വരവിനു പുറകിലുണ്ടെന്നു കൂട്ടിക്കോ”

മൊരിഞ്ഞ ഉഴുന്നുവടയിൽ പല്ലുകളമർന്നപ്പോൾ കിരുകിരുപ്പുണ്ടായി. വടയിലെ കുരുമുളകുരുചിയാസ്വദിച്ച് അജിത്ത്, ഒരു നിമിഷം മൗനമായിരുന്നു.

“മടുപ്പു തോന്നുന്നില്ലേ സുനിക്ക്, ഈ ജീവിതത്തോട്?”

അവളതിനു ഉടനേ മറുപടി പറഞ്ഞില്ല. പിന്നേ, എന്തോ ആലോചിച്ചെന്ന പോലെ പതിയേ മന്ത്രിച്ചു.

“ഇല്ലെന്നു പറഞ്ഞാൽ, അതൊരു കളവായിരിക്കും, തീർച്ച”

ചായ കുടിച്ചവസാനിപ്പിച്ച്, മുഖം കഴുകി വന്നപ്പോഴേക്കും അജിത് ബില്ലു കൊടുത്തിരുന്നു. സുനിത, ചുരിദാറിൻ്റെ ഷാൾ കൊണ്ടു മുഖം തുടച്ചു. കഴുത്തിൽ വട്ടം ചുറ്റിയ ഷാൾ നിവർന്നപ്പോൾ അവളുടെ കഴുത്തിലെ മുക്കുമാലയിലെ പച്ചപ്പ് തെളിഞ്ഞുകണ്ടു. ആ ചെറിയ മൊട്ടുകമ്മലുകൾ മാത്രമാണ് സ്വർണ്ണമെന്നു തീർച്ചയുണ്ട്.. ചമയങ്ങളി ല്ലെങ്കിലും, അവളിലെ ചന്തത്തിനു തെല്ലും മാറ്റു കുറവില്ലായിരുന്നു.

ടാർ നിരത്തു കുറുകേക്കടന്ന്, അജിത്ത് ഓട്ടോ സ്റ്റാർട്ട് ചെയ്തു. പുറകിലെ സീറ്റിൽ ഒട്ടനേകം പലവ്യഞ്ജനങ്ങൾ സഞ്ചികളിലും ചണച്ചാക്കുകളിലുമായി നിറച്ചിരുന്നു. ആപ്പേയുടെ പുറകിലായി പലതരം പച്ചക്കറികളുടെ ശേഖരങ്ങളും നിറഞ്ഞിരുന്നു. ഒന്നിരുപ്പുറപ്പിക്കാനുള്ള ഇത്തിരിയിടം മാത്രം ശേഷിച്ചയിടത്ത്, സുനിതയിരുന്നു.
ഓട്ടോ, പതിയേ മുന്നോട്ടു നീങ്ങി.

“ഇത്ര വാടക കൊടുത്ത്, ഈ കടയും കച്ചവടവും എത്ര നാൾ നിലനിൽക്കു മെന്നറിയില്ല. ഈ വർഷം മുതൽ, അഞ്ഞൂറുരൂപയുടെ വർദ്ധനവ് കെട്ടിടമുടമ ചോദിച്ചിട്ടുണ്ട്. പോകുന്നോളം പോകട്ടേ, അല്ലാതെന്തു ചെയ്യാൻ”

സുനിതയുടെ സംസാരത്തിൽ, പതിവില്ലാത്തൊരു ഇടർച്ചയുണ്ടായി..പ്രഭാതം കൂടുതൽ പ്രകാശപൂരിതമായി. നാട്ടിടവഴികളിലെ തെരുവുവിളക്കുകൾ ഇപ്പോൾ കണ്ണടച്ചിരിക്കുന്നു. പ്രഭാതസവാരിക്കാർ പലരും വസ്ത്രങ്ങളിൽ വിയർപ്പു നിറച്ച് കടന്നുപോകുന്നുണ്ട്. ഉദരം നിറഞ്ഞതു ശമിപ്പിക്കാൻ നെട്ടോട്ടമോടുന്നവർ.

“അജീ, ഒരുപാടു നാളുകളായി നിനക്കെന്നെയറിയാം. നിനക്കെന്നോട് എന്താണ് തോന്നിയിട്ടുള്ളത്?”

“സുനിതാ, നിന്നേക്കാൾ ഒന്നോ രണ്ടോ വയസ്സ് എനിക്കായിരിക്കും കൂടുതൽ. ഞാനും അമ്മയും മാത്രമേയുള്ളൂ വീട്ടിൽ. കല്ല്യാണപ്രായമൊക്കെ എന്നേ ആയതാണ്. എനിക്ക്, നിൻ്റെ കൂടെ സഞ്ചരിക്കുമ്പോൾ നിന്നോടു സഹതാപം തോന്നാറുണ്ട്. ഒപ്പം, നിൻ്റെ ധൈര്യങ്ങളിൽ അതിശയവും. ചിലപ്പോഴൊക്കെ പ്രണയവും തോന്നിയിട്ടുണ്ട്. നിൻ്റെ കഷ്ടകാലങ്ങൾക്കു മോചനം നൽകി, നിന്നെ കൂടെക്കൂട്ടിയാലോ എന്നു ചോദിക്കാൻ തോന്നാറുണ്ട്. ചില നേരങ്ങളിൽ നിന്നോട്….”

അജിത് പറഞ്ഞതു പൂരിപ്പിക്കാതെ നിർത്തി.

“പ്രണയം ഇനിയെനിക്കു തീരെ സാധ്യതയില്ല അജിത്. വിവാഹത്തിനു മുൻപ്, എനിക്കൊരു പ്രണയ മുണ്ടായിരുന്നു.. എൻ്റെ നാട്ടുകാരൻ തന്നെയായിരുന്നു, അവൻ. പക്ഷേ, അവനു വേണ്ടിയിരുന്നതു പ്രവർത്തിപരിചയങ്ങൾ മാത്ര മായിരുന്നു. അതു മനസ്സിലാക്കാൻ ഏറെ വൈകിപ്പോയിരുന്നു. പിന്നീടാണ്, ഇങ്ങോട്ടു വിവാഹം കഴിച്ചു കൊണ്ടുവന്നത്. രണ്ടാം വർഷത്തിലാണ്,.ആ ബൈക്കപകടം. കട തുറക്കാൻ പോകുക യായിരുന്നു. ആരുടേയും തെറ്റല്ല. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റാൽ ആരും തളർന്നു പോകും. അദ്ദേഹവും അങ്ങനേത്തന്നേ. ആ ചെറിയ പലചരക്കുകട കഴിഞ്ഞ ഒന്നരവർഷമായി എനിക്കു നടത്താൻ സാധിച്ചു. ഇനിയെത്ര നാളെന്നു തീർച്ചയില്ല”

റോഡിലെ, ഒരു കുഴിയെ വെട്ടിച്ചെടുത്തപ്പോൾ ഓട്ടോയൊന്നുലഞ്ഞു. അരികിലെ കമ്പിയിൽ മുറുക്കേപ്പിടിച്ച് സുനിത ഒന്നിളകിയിരുന്നു.

“അജിത്, നിൻ്റെ കണ്ണുകളിൽ എന്നോടു ഇഷ്ടം നിറയുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഒരു മേശക്കിരുപുറമിരുന്നു ചായ നുകരുമ്പോൾ, ഓട്ടോയിൽ, ഇത്രയധികം സാധനങ്ങൾ ഒതുക്കിവയ്ക്കുമ്പോൾ, നിൻ്റെ അന്വേഷണങ്ങളിൽ, കരുതലുകളിൽ, എല്ലാം… പക്ഷേ,

എനിക്കു നിന്നെ പ്രണയിക്കുവാൻ വയ്യ. നാട്ടുവഴികളിൽ, നിൻ്റെ വിരൽത്തുമ്പു പിടിച്ചു നടക്കാൻ നല്ലൊരു പെൺകുട്ടിയുണ്ടാകും. നമ്മളങ്ങനേ നടന്നാൽ നാട്ടുകാർ ചിരിക്കും. ചക്രക്കസേരയിലെ, ജീവനേ എവിടേയുമുപേക്ഷിക്കാൻ വയ്യ.”

മീനവെയിൽ, പ്രഭാതത്തിലും ഉഷ്ണം പകർന്നു. വഴിയോരത്തെ വീട്ടു പടികളിലെല്ലാം വലിയ പാത്രങ്ങൾ നിരത്തിവച്ചിരിക്കുന്നതു കാണാം. കുടിവെള്ളം, ടാങ്കർ ലോറിയിൽ വരുന്നതും കാത്തിരിക്കുന്ന ഗ്രാമം.

” അജീ, ഞാനുമൊരു വേനലിൽ വരണ്ട ഒറ്റയാൾ ദേശമാണ്. ദാഹമകറ്റാനും, വിശപ്പാറ്റാനും സ്വച്ഛത തേടുന്ന ഒറ്റയാൾ ദേശം. ഞാൻ ജീവിതവെയിലുകളോട് സമരത്തിൽ തന്നെയായിരിക്കും. സമരസങ്ങളില്ലാതെ. ഈ മുഷിഞ്ഞയുടുപ്പിനും, കൃത്രിമ ആഭരണങ്ങൾക്കുമപ്പുറം എനിക്കു ഭംഗിയുള്ള ശ രീരമുണ്ടെന്നറിയാം. ഒരുപക്ഷേ, ഒന്നിനും സാധിച്ചില്ലെങ്കിൽ അതും മുതൽ മുടക്കി ഞാൻ ജീവിതത്തോടു പൊരുതും. സ്വർഗ്ഗവും, നരകവും, ഈശ്വരന്മാരും മിഥ്യയാണെന്നു കാലം തെളിയിച്ചിരിക്കുന്നു. കൊറോണക്കാലത്തു ഈശ്വരന്മാർ നീണ്ട അവധിയെടുത്തിരിക്കുന്നു. എപ്പോഴും തോൽക്കുന്നത് വിരസമല്ലേ? മനുഷ്യൻ്റെ അതിജീവനങ്ങളിൽ മിക്കവാറും, അരുതായ്മകൾ നിറഞ്ഞതാകും. ഞാനതിൽ, എൻ്റെ ന്യായങ്ങൾ കാണുന്നു.”

ഇടവഴിയിലൂടെ തിരിഞ്ഞ്, പണി പൂർത്തിയാകാത്തൊരു വാർക്കവീടിനു മുന്നിൽ ഓട്ടോ നിന്നു. സുനിതയിറങ്ങി.

“അജീ, ഞാനീ വീട്ടുസാധനങ്ങൾ ഇവിടേയിറക്കട്ടേ, എന്നിട്ടു നമുക്കു കടയിലേക്കു പോകാം.”

ചെറുസഞ്ചി കയ്യിൽ തൂക്കി, സുനിത വീടിൻ്റെ ഉമ്മറത്തേക്കു നടന്നു. തിണ്ണക്ക പ്പുറത്തേ, ചക്രക്കസേരയൊന്നനങ്ങി. ഉമ്മറത്ത് സഞ്ചിയും വച്ച്, അവൾ മടങ്ങുമ്പോൾ അജിത്തിൻ്റെ നോട്ടം മുഴുവൻ ആ വീൽച്ചെയറിലേക്കായിരുന്നു. വറുതിയുടെ വേനൽ തീർത്തതുപോലെ, അതിലിരിക്കുന്നയാളുടെ മിഴികളും വരണ്ടിരുന്നു. പൊടിയാനൊരു ഉറവ പോലുമില്ലാതെ.

സുനിത ഓട്ടോയിൽ കയറി.

” പോകാം, അജീ” അവൾ മന്ത്രിച്ചു. ഓട്ടോ, മുന്നോട്ടുരുണ്ടു നീങ്ങി. ഒരു വേനൽ ദിനം ആരംഭിക്കുകയായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *