ഇന്നലെ പെട്ടി പൊട്ടിച്ചപ്പോൾ കുറച്ചു സാധനങ്ങൾ അതിൽ നിന്നും എടുത്ത് വാപ്പ മാറ്റി വെച്ചു. ആദ്യമായിട്ടാണ് ഇങ്ങനെ മാറ്റി വെക്കുന്നതും……..

മക്കൾക്ക് വേണ്ടി…

Story written by Navas Amandoor

അത്യാവശ്യം വേണ്ട ഡ്രസ്സ്‌ ഉൾപ്പടെയുള്ള സാധനങ്ങൾ എടുത്തു വണ്ടിയിൽ വെച്ച് സലാം മക്കളെ അടുത്തേക്ക് വിളിച്ചു.

“ഇന്നലെ എല്ലാം പറഞ്ഞതല്ലേ… ഇനി കൂടുതൽ ഒന്നും പറയുന്നില്ല.ഞാനും നിങ്ങളെ ഉമ്മച്ചിയും ഞങ്ങൾക്ക് വേണ്ടി ജീവിക്കട്ടെ.”

മക്കൾ മറുപടി ഒന്നും പറഞ്ഞില്ല. ഉപ്പ ലീവിന് നാട്ടിൽ വന്നിട്ട് ഒരാഴ്ചയായിട്ടുള്ളു. ഇന്നലെ രാത്രിയാണ് പെട്ടി പൊട്ടിച്ചത്. ചെറുപ്പം മുതൽ കാണുന്നതാണ് ഉപ്പ വരുന്നതും പെട്ടി പൊട്ടിക്കുന്നതും.വർഷങ്ങൾ കുറേ ആയെങ്കിലും പെട്ടി പൊട്ടിക്കുമ്പോൾ ഉള്ള കൗതുകം ഇപ്പോഴും മാറിയിട്ടില്ല. ഗൾഫിലെ സാധനങ്ങൾ അടക്കി നിറച്ച പെട്ടികൾ തുറക്കുമ്പോൾ അൻസിലും അൻസാറും ഉപ്പയോട് മാസങ്ങൾക്കു മുൻപേ പറഞ്ഞ സാധനങ്ങൾ അതിൽ ഉണ്ടോന്ന് നോക്കും. കുട്ടികൾ വളരുന്നതിനൊപ്പം അവരുടെ ആവിശ്യങ്ങൾ വളർന്നു.റിമോട്ട് കാറിൽ നിന്നും ഐ ഫോണും സ്മാർട്ട്‌ വച്ചും വരെ എത്തി.

ഇന്നലെ പെട്ടി പൊട്ടിച്ചപ്പോൾ കുറച്ചു സാധനങ്ങൾ അതിൽ നിന്നും എടുത്ത് വാപ്പ മാറ്റി വെച്ചു. ആദ്യമായിട്ടാണ് ഇങ്ങനെ മാറ്റി വെക്കുന്നതും.

“ഇനി ഉപ്പ ഗൾഫിലേക്ക് പോകുന്നില്ല. ഇനിയൊരു പെട്ടി പൊട്ടിക്കലും ഈ വീട്ടിൽ ഉണ്ടാവില്ല. നാളെ ഞാനും ഉമ്മച്ചിയും ഈ വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കും… അവിടേക്ക് കൊണ്ട് പോകാൻ ആണ് ഇതൊക്കെ മാറ്റി വെക്കുന്നത്.”

ഒരു ടോർച് ടൈഗർ ബാം രണ്ട് മൂന്ന് സോപ്പ് പിന്നെ ഒരു റേഡിയോ.. അങ്ങനെ കുറച്ചു സാധനങ്ങളാണ് സലാം മാറ്റി വെച്ചത്.

“ഉപ്പ പ്രവാസം നിർത്തിയതിന് ഇവിടെന്ന് മാറുന്നതെന്തിനാ.. ഇത് ഉപ്പാടെയും ഉമ്മാടെയും വീടല്ലേ…?”

“”ഉപ്പ ഉമ്മച്ചിനെ നിക്കാഹ് കഴിച്ചു ഒരു കൊല്ലം കഴിയുന്നതിനു മുൻപാണ് ഗൾഫിൽ പോകുന്നത്.അന്ന് അൻസിൽ ഉമ്മാടെ വയറ്റിലാണ്. നിങ്ങളെ വളർത്തി,പഠിപ്പിച്ചു ,വീടുണ്ടാക്കി.. നിങ്ങൾ രണ്ടു പേരും കല്യാണം കഴിച്ചു. ഒരാൾക്ക് കുട്ടിയുമായി. ഇപ്പോഴും ഈ കുടുംബം നോക്കുന്നത് ഞാനാണ്.. നിങ്ങൾക്ക് ചിലവിനു തരുന്നത് ഞാനാണ്. നിങ്ങളും ജോലിക്ക് പോകുന്നുണ്ട്.. അതുകൊണ്ട് എന്തങ്കിലും ഒരു ഗുണം ഈ വീടിനു ഉണ്ടായിട്ടുണ്ടോ…. ഇനി ഞങ്ങൾക്കും ജീവിക്കണം.. മക്കളേ.”

ഉപ്പാക്ക് മറുപടി കൊടുക്കാൻ കഴിയാതെ തല കുനിച്ച മക്കളുടെ മുൻപിൽ പരാജയത്തോടെ നിന്നത് ഉമ്മയാണ്. എപ്പോഴും ഉപ്പയുടെ പരാതിയും ഉമ്മയാണ് മക്കളെ ഇങ്ങനെയാക്കിയത് എന്നാണ്. അതുകൊണ്ട് ഉമ്മ മക്കൾക്ക് വേണ്ടി സംസാരിക്കില്ല. കാരണം ഈ സമയം ഉപ്പ പറയുന്നത് തന്നെയാണ് ശരി.

രണ്ട് ആൺകുട്ടികൾ. മക്കൾക്കു രണ്ട് പേർക്കും ജോലിയും ആയി . രണ്ടാളും കല്യാണം കഴിച്ചു.വാപ്പ ഗൾഫിൽ… പുറത്തേനിന്നും നോക്കുന്നവർക്ക് മെച്ചപ്പെട്ട ഒരു കുടുംബമായി തോന്നും. ഇന്നുവരെ ഒരു രൂപ പോലും മക്കൾ വീട്ടിൽ കൊടുത്തിട്ടില്ല. അവർക്ക് കിട്ടുന്നത് അവർ ചെലവാക്കുന്നു. അത് അവരുടെ ആവശ്യങ്ങൾ മാത്രം. കല്യാണങ്ങളോ വീട്ടിലെ ചെലവോ കറന്റ് ബില്ല് ,വെള്ളത്തിന്റെ ബില്ല് , ഗ്യാസ് , വിറക്..ഉമ്മയുടെ ഹോസ്പിറ്റലിൽ പോകുന്നതോ ഒന്നും അവരെ ബാധിക്കുന്ന വിഷയം അല്ല. അവർ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവർക്ക് വേണ്ടത് മേശയുടെ മുകളിൽ ഉണ്ടാവും.

“ഈ വീട് ഞാൻ ഉണ്ടാക്കിയതാണ്. ആറ് മാസത്തിനുള്ളിൽ നിങ്ങൾ രണ്ട് പേരും ഇവിടെന്ന് മാറി താമസിക്കണം.എന്നിട്ട് വേണം ഞങ്ങൾക്ക് ഇവിടേക്ക് തിരിച്ചു വരാൻ.എന്നാ ഞങ്ങൾ ഇറങ്ങുവാണ്.”

പോകരുതെന്ന് പറഞ്ഞു മക്കൾ തടഞ്ഞില്ല. തടഞ്ഞാലും പോകാൻ ഉറച്ചു തന്നെയാണ് വാപ്പയുടെ നിൽപ്പ്.

“ഞങ്ങൾ ഇവിടെന്ന് എങ്ങോട്ട് മാറണം എന്നാണ് പറയുന്നത്…?”

“അത് നിങ്ങളുടെ ഇഷ്ടം… സ്വന്തമായിട്ട് ഒരിടം കണ്ടത്താനാണ് ഇനി നിങ്ങൾക്കുള്ള ആറ് മാസം.. അതിന് പറ്റിയില്ലെങ്കിൽ വാടകയ്ക്ക് വീട് നോക്കിക്കോ… ഇനിയെന്തായാലും നിങ്ങളെ ചുമന്നു നടക്കാൻ എനിക്ക് പറ്റില്ല.”

എല്ലാം എടുത്തു വെച്ച് സീനത്തിന്റെ കൈ പിടിച്ചു സലാം കാറിലേക്ക് നടന്നു. കാറിൽ കയറിയിരുന്ന് ഉമ്മ മക്കളെ നോക്കി. ഉമ്മയുടെ മനസ്സല്ലേ നോവും.ആ നോവ് കണ്ണിരായി അടരുന്നുണ്ട്. സലാം അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു. കൈ പിടിച്ചു.

“നിന്നെ ഇവിടെ ഒറ്റക്കാക്കി ഞാൻ പോകുമ്പോൾ നിനക്ക് കൂട്ടായി മക്കൾ ഉണ്ടല്ലോ എന്നൊരു സമാധാനം ആണ്. പക്ഷെ അവരുടെ കല്യാണം കഴിഞ്ഞപ്പോൾ എത്രയൊ രാത്രികൾ അവർ നിന്നെ ഒറ്റക്കാക്കി.അവർക്ക് എന്നും അവരുടെ സന്തോഷം മാത്രം… അങ്ങനെയുള്ള മക്കൾ നമുക്കെന്തിനാ…”

“എന്നാലും അവർ നമ്മളുടെ മക്കളല്ലേ ഇക്കാ..”

“അതേ… സീനു… അതുകൊണ്ടാണ് ഇങ്ങനെ ഒരു അവസരം അവർക്ക് നൽകുന്നത്.. അവർ ജീവിതം എന്താണെന്ന് അറിഞ്ഞു കൊണ്ടാവണം ഇനിയുള്ള ജീവിതം.”

മക്കളെ നേരെയാക്കാൻ തീരുമാനിച്ചുറപ്പിച്ചു വന്നതാണ് അവരുടെ വാപ്പ. ചെറുപ്പം മുതൽ വാപ്പ നോക്കാൻ ഉണ്ടെന്നുള്ള ധൈര്യത്തിലാണ് അവർ മുന്നോട്ട് പോയത്.ഇനി അവരാണ് മാതാപിതാക്കളെ സംരക്ഷിക്കണ്ടെതെന്ന് മനസ്സിലാക്കണം.

പ്രവാസിയായി കുടുംബത്തിന് വേണ്ടി ജീവിക്കുമ്പോൾ ഈ സമയം അയാളുടെ മനസ്സിലും പേടിയുണ്ട്. പല വർത്തകളിലെയും പോലെ അവസാനം ചണ്ടിയാകുമ്പോൾ മക്കൾ വലിച്ചറിയുമോയെന്ന്.ആരും നോക്കാൻ ഇല്ലാതെ ഒരു തുള്ളി.വെള്ളം കൊടുക്കാതെ വീടിന് പുറത്ത് കിടന്ന് വിശന്നു മരിച്ച പ്രവാസി ,
നല്ല കാലം മുഴുവനും ആ മരുഭൂമിയിൽ കുടുബത്തിനു വേണ്ടി ഹോമിച്ചവനാണ്. അങ്ങനെയുളള ഒരാൾ മാത്രമാണോ ഭൂമിയിൽ ?. അല്ല ,ഒരുപാടു പേര് സങ്കടത്തോടെ പത്രവാർത്തകൾ വായിക്കുമ്പോൾ അങ്ങനെ ഒരു ദിവസമാണോ എനിക്കും കാലം കാത്തു വെച്ചതെന്ന് പല പ്രവാസികളും ചിന്തിക്കും. “

“ഇല്ലന്നെ നമ്മുടെ മക്കളെ നമ്മൾ വേണ്ടെന്നു വെച്ചാലും അവർ നമ്മളെ വേണ്ടെന്ന് വെക്കില്ല… അതാ മനസ്സിലെ വിശ്വാസം… അവർ നേരെയാകും… രണ്ടീസം കഴിയുമ്പോൾ ഉമ്മിച്ചിനെ കാണാനും കൂട്ടി കൊണ്ടോവാനും നമ്മുടെ മക്കൾ വരും… നമ്മൾ അങ്ങനെയല്ലേ സീനു അവരെ വളർത്തിയത്.”

“നിങ്ങക്ക് ഇപ്പോഴും അവരോട് സ്‌നേഹം ആണല്ലേ…”

“എപ്പോഴും… അവരോട് സ്‌നേഹമല്ലേ… ഞാൻ ഒന്ന് വീണുപോയാൽ എനിക്ക് താങ്ങായി അവരല്ലേ ഉള്ളത്…”

“വിഷമിക്കണ്ട… എല്ലാം നേരെയാവും.”

എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് വരാൻ നിൽക്കുന്ന സമയത്ത്‌ ഇനിയങ്ങോട്ടുള്ള ജീവിതത്തെ ഓർത്ത് നെടുവീർപ്പോടെയാണ് ഓർത്തത്.ആ ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്.മക്കളെ സംരക്ഷണയിൽ സന്തോഷത്തോടെ ജീവിച്ചു അവർ തരുന്ന സ്‌നേഹത്തിൽ അവരോടപ്പം ആ വീട്ടിൽ ജീവിക്കുന്നത് സ്വപ്നം കാണുന്ന അവരെയും കൊണ്ട് കാർ മുന്നോട്ട് പോയിട്ടും വാപ്പയും ഉമ്മയും അപ്പോഴും മക്കളുടെ അരികിലാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *