എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
വിരലുകൊണ്ട് കു ത്തിയാൽ ആവി പാറുന്ന പൂരി കീറി രാംദേവ് ബാജിയിൽ മുക്കി. തൊണ്ടയിൽ ചൂട് തട്ടിയപ്പോൾ ചുണ്ടുകൊണ്ട് ഉള്ളിലേക്ക് ഊതി.
‘കൈസാ പൂരി ദിയാ മേരെകൊ.. യെ ബഹുത് ഖരമേ ഭായി സാബ്..’
ഹിന്ദിയേതാ ബംഗാളിയേതാ എന്ന് മനസ്സിലാകാത്ത കുമാരേട്ടൻ വേണെങ്കിൽ ഞണ്ണിയിട്ട് പോടായെന്ന് മുറുമുറുത്തു…
‘ഇവനേതാ കുമാരേട്ടാ….? എന്തേലും പ്രശ്‌നുണ്ടാ….? ഇവനെ ഈടയൊന്നും കണ്ടിറ്റല്ല ഈനുമുമ്പ്….!’
കുമാരേട്ടന്റെ മുറുമുറുക്കും കേട്ടുകൊണ്ട് ആ നേരം അങ്ങോട്ട് കയറിവന്ന സുഗുണനാണ് രാംദേവിനെ നോക്കിക്കൊണ്ട് അങ്ങനെ പറഞ്ഞത്.
‘ ചൂട് പൂരികൊടുത്തപ്പോ… ഓന്റെയൊരു കിണ്ടി….’ ..
“ഹിന്ദിക്കാരനാ…?”
‘ആർക്കറിയാം… ഈട്ത്തെ പാലത്തിന്റെ പണിക്ക് വന്നയാന്ന്…’
“എല്ലാടത്തും ഈറ്റ്ങ്ങള് തന്നെ വന്നല്ലേ… നാടിന്റെയൊരു പോക്ക്…. “
എന്നും പറഞ്ഞ് സുഗുണൻ ഒരു സുഖിയനെടുത്ത് കടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.
‘എങ്ങനെ ഹിന്ദിക്കാര് വരായിരിക്കും.. ഈനെ പോലെയുള്ളോരല്ലേ നാട്ടില്.. ഒരു പണിക്കും പോവൂലാ….!!’
പറ്റിലെഴുതിക്കോയെന്ന് പറഞ്ഞ് നടക്കുന്ന സുഗുണനെ നോക്കിയായിരുന്നു കുമാരേട്ടൻ അത് പറഞ്ഞത്…. അപ്പോഴേക്കും രാംദേവ് കഴിച്ച് എഴുന്നേറ്റിരുന്നു..
വീടുമായി ചേർന്നുള്ള ചായക്കടയാണ് കുമാരേട്ടന്. അയാളുടെ കുടുംബത്തിൽ ഭാര്യയും മകനും മരുമകളുമുണ്ട്. ഭിത്തിയിൽ വിവാഹം കഴിഞ്ഞ് പോയ മകളുടെ ചിരിക്കുന്ന ചിത്രങ്ങളുമുണ്ട്..
ഇരുപത്തി മൂന്നാമത്തെ പ്രായത്തിൽ എവിടെ നിന്നോ ഒരു പെണ്ണിനേയും വിളിച്ചുകൊണ്ടുവന്ന മകനെ ആദ്യമൊന്നും കുമാരേട്ടൻ കുടുംബത്തിലേക്ക് കയറ്റിയിട്ടുണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാരിൽ ചിലരൊക്കെ ഇടപെട്ടാണ് ചെക്കനേയും പെണ്ണിനേയും അയാൾക്ക് അംഗീകരിക്കേണ്ടി വന്നത്. എത്ര പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല… അന്നും ഇന്നും കുമാരേട്ടന്റെ മകന്റെ ജോലി ഒരു ജോലിയുമില്ലാതെ തെണ്ടി നടക്കുന്നത് തന്നെയാണ്.
പാലം പണി തകൃതിയായി നടക്കുന്നത് കൊണ്ട് കുമാരേട്ടന്റെ കച്ചവടം ഇപ്പോൾ കൂടിയിട്ടുണ്ട്. എന്നിരുന്നാലും തന്റെ നരയിൽ തടവി സ്വസ്ഥമായ വിശ്രമജീവിതം അയാൾ ഇടക്ക് കിനാവ് കാണാറുണ്ട്. എന്ത് ചെയ്യാം.. യോഗമില്ല… തന്നെ സഹായിക്കാൻ പോലും മകനെ കിട്ടുന്നില്ലല്ലോയെന്ന ദുഃഖം മാത്രമായിരുന്നു അയാൾക്ക്…
മാസങ്ങൾ കഴിഞ്ഞു… രാംദേവ് കുറച്ചൊക്കെ മലയാളവും പഠിച്ചു. പതിവായി തന്റെ കടയിൽ കഴിക്കാൻ വരുന്ന ആ ചെറുപ്പക്കാരനോട് കുമാരേട്ടന് പതിയേയൊരു വാത്സല്ല്യമൊക്കെ തോന്നി…
‘ഓന്റെ കഥ.. കഷ്ട്ടാണെന്നേ.. ഓന് തന്തയുല്ല തള്ളയുല്ല…. പറയാനായിട്ട് ആരുല്ല…’
അതുകേട്ട് സുഗുണൻ ചിരിച്ചു.. ഒറ്റൊന്നിനേയും വിശ്വസിക്കരുതെന്ന് പറഞ്ഞ് പതിവുപോലെ ഒരു സുഖിയനും കടിച്ചുകൊണ്ട് സുഗുണൻ ഇറങ്ങുകയും ചെയ്തു. നാളെ നാളെയെന്ന് പറഞ്ഞ് തീർക്കാൻ പറ്റായി പത്ത് മൂവായിരം രൂപയുള്ളവനാണ് വിശ്വാസത്തെ കുറിച്ച് പറയുന്നത്…
എന്തെങ്കിലുമൊക്കെ തന്നിട്ട് പോടാ സുഗുണായെന്ന് കുമാരേട്ടൻ കാറിക്കൊണ്ട് പറഞ്ഞു… ആര് കേൾക്കാൻ.. തന്റെ മോന്റെ അതേ ഗുണമാണ് സുഗുണനുമെന്ന് മുറുമുറുത്ത് കൊണ്ട് കുമാരേട്ടൻ തന്റെ ജോലി തുടർന്നു.
അങ്ങനെ വർഷം ഒന്നാകാറായപ്പോൾ ഒരുനാൾ രാംദേവ് വന്ന് താൻ പോകുകയാണ് കുമാരേട്ടായെന്ന് മലയാളത്തിൽ പറഞ്ഞു. പണിയൊക്കെ തീർന്നുപോലും.. ഇനിയെങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ അവന് ഉത്തരമുണ്ടായിരുന്നില്ല.. ഏജന്റ് പറയുന്ന ഏതെങ്കിലും സൈറ്റിലേക്ക് പോകേണ്ടി വരുമെന്ന് അവൻ മുറി മലയാളത്തിൽ പറഞ്ഞു…
പലഹാര അലമാരയിൽ നിന്ന് പലതുമെടുത്ത് പൊതിഞ്ഞ് കൊടുത്താണ് കുമാരേട്ടൻ അന്ന് അവനെ യാത്രയാക്കിയത്…ആ രാത്രിയിൽ അയാൾ വെറുതേ അവനെ ഓർത്ത് ദുഃഖിച്ചു. തീർത്തും ഉഴപ്പനായ മകനെ ഓർത്ത് അതിലുമേറെ വേദനിച്ചു.
പിറ്റേന്ന് രാവിലെ കട തുറക്കുമ്പോൾ തിണ്ണയിൽ രാംദേവ് ഉണ്ടായിരുന്നു. ചുരുണ്ട് കിടക്കുന്ന അവനെ തട്ടിയുണർത്തിയപ്പോൾ തനിക്ക് ഇവിടെയൊരു ജോലി തരുമോയെന്ന് അവൻ കുമാരേട്ടനോട് ചോദിച്ചു.
പാലം പണി കഴിഞ്ഞത് കൊണ്ട് കച്ചവടം കുറഞ്ഞ സാഹചര്യമാണ്. അതുകൊണ്ട് തന്നെ അവന് എന്ത് ജോലി കൊടുക്കുമെന്ന് ഓർത്ത് കുമാരേട്ടൻ തല ചൊറിഞ്ഞു. കൃത്യം ആ നേരത്താണ് സുഗുണൻ വന്നത്..
‘ഇവൻ പോയില്ലേ.. ഡാ.. ഹിന്ദി… എന്താടാ പോകാത്തത് ഹേ…’
സുഗുണൻ പലഹാര അലമാരയിലെ സുഖിയനിലേക്ക് കൈയ്യിട്ട് കൊണ്ടാണ് രാംദേവിനോട് അങ്ങനെ ചോദിച്ചത്
‘ഈട ഓന് ഒരു ജോലി വേണം പോലും..’
‘ഈട ഉള്ളോർക്ക് ജോലിയില്ല…. അപ്പോഴാ… ‘
കുമാരേട്ടനോട് മറുപടി പറഞ്ഞുകൊണ്ട് സുഗുണൻ ചിരിച്ചുകൊണ്ട് സുഖിയനിൽ കടിച്ചു. ആ മറുപടി തീരേ ഇഷ്ടപ്പെടാതിരുന്ന അയാൾ സുഗുണനോടുള്ള വാശി പോലെ ഒരുകാര്യം തീരുമാനിച്ചു.. ജോലി ചോദിച്ച് വന്ന രാംദേവിനെ ചായക്കടയുടെ ഉടമയാക്കുക എന്നതായിരുന്നു കുമാരേട്ടന്റെ ആ തീരുമാനം.
എങ്ങനെയെന്ന് ചോദിച്ചാൽ… മാസം മാസം ഒരു നിശ്ചിത സംഖ്യ തനിക്ക് തന്നാൽ മതിയെന്ന ധാരണാപത്രത്തോടെ ആയിരുന്നു ആ വിശ്വവിഖ്യാതമായ തീരുമാനം .. കച്ചവടം തന്റെ മകനെ ഏൽപ്പിച്ച് വിശ്രമകാലത്തേക്ക് പോകാൻ കൊതിച്ച കുമാരേട്ടന്റെ നടപടികളെല്ലാം വളരേ പെട്ടെന്നായിരുന്നു… രാംദേവും സുഗുണനും ഒരുപോലെ ആശ്ചര്യം പ്രകടിപ്പിച്ചു….!
ആഴ്ച്ച ഒന്നാകുമ്പോഴേക്കും രാംദേവ് നന്നായി പലഹാരങ്ങൾ ഉണ്ടാക്കാൻ പഠിച്ചു. അതിലുപരി ആ ഹിന്ദിക്കാരന്റെ ഇഞ്ചി ചായ കുടിക്കാൻ പലരും പതിവായി വന്നു. കുമാരേട്ടന്റെ മകനും സുഗുണനും ചേർന്ന് പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും രാംദേവിനെ കെട്ടുകെട്ടിക്കാൻ സാധിച്ചില്ല. ആ പ്രവർത്തി ഒരു പാമ്പ് പോലെ അവരെ തന്നെ തിരിഞ്ഞ് കൊത്തുകയും ചെയ്തു…
പറ്റ് തീർക്കാതെ നിർഗുണനായ സുഗുണന് സുഖിക്കാൻ സുഖിയൻ കൊടുക്കരുതെന്ന കുമാരേട്ടന്റെ നിർദ്ദേശം രാംദേവ് അക്ഷരം പ്രതിയനുസരിച്ചു. കെട്ടിയോളേയും കൂട്ടി ഇപ്പോൾ ഇറങ്ങിക്കോളണമെന്ന് മകനോടും ആജ്ഞാപിച്ചു. സ്വന്തം മകന് തന്നോട് എന്ത് തോന്നിയാലും സാരമില്ലെന്ന മട്ടായിരുന്നു കുമാരേട്ടന്.. അങ്ങനെയെങ്കിലും അവൻ ജീവിക്കാൻ പഠിക്കട്ടെയെന്ന് അയാൾ കരുതി…
പെരുമാറ്റം കൊണ്ടും കൈപുണ്യം കൊണ്ടും പതിയേ രാംദേവ് ആ നാട്ടുകാരിൽ ഒരാളായി മാറുകയായിരുന്നു.. അതുകൊണ്ട് തന്നെ അവന്റെ വിവാഹം നടത്താൻ കുമാരേട്ടന് വലിയ പ്രയാസം തോന്നിയില്ല.
എവിടെ നിന്നോ തെറിച്ച് വീണ് മുളച്ച ആൽമര വിത്ത് പോലെയായിരുന്നു രാംദേവ്.. അവൻ ആ നാട്ടിൽ തളിർത്ത് പന്തലിച്ചു. ആ തണൽ മുഴുവൻ തന്റെ ദൈവത്തിലേക്ക് അവൻ വീഴ്ത്തി. ആ ദൈവം അതീവ സന്തോഷത്തിലാണ്. ഒരു വിളിപ്പുറത്ത് എന്തിനും ഏതിനും ഒരു മകൻ ഉണ്ടെന്ന ആത്മ നിർവൃതിയിലാണ്…!!!

