ഇല്ല ഇക്കാ, ഞാൻ അവളേം കൊണ്ട് വല്ല വാടക വീട്ടിലേക്ക് മാറികൊള്ളാം. നിങ്ങൾക്കൊരു അധികപ്പറ്റായി ഞങ്ങൾ വരില്ല……

Story written by Shaan Kabeer

“നിനക്കെന്താ വട്ടാണോ. സംസാരശേഷിയില്ലാത്ത ഒരു പെണ്ണിനെ കെട്ടാൻ”

റിയാസിന് നേരെ വീട്ടുകാർ ഒന്നടങ്കം ഉറഞ്ഞുതുള്ളി.

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെയേ കെട്ടൂ”

ഇത് കേട്ടതും റിയാസിന്റെ ഇക്ക പല്ല് കടിച്ച് കണ്ണുരുട്ടി

“ആ ഊമപ്പെണ്ണിനേം കെട്ടിക്കൊണ്ട് ഈ വീട്ടിൽ പൊറുക്കാം എന്ന് ഇജ്ജ് കരുതേണ്ട”

“ഇല്ല ഇക്കാ, ഞാൻ അവളേം കൊണ്ട് വല്ല വാടക വീട്ടിലേക്ക് മാറികൊള്ളാം. നിങ്ങൾക്കൊരു അധികപ്പറ്റായി ഞങ്ങൾ വരില്ല”

പഠിച്ച പണി പതിനെട്ടും നോക്കീട്ടും റിയാസിന്റെ മനസ്സ് മാറ്റാൻ വീട്ടുകാർക്കായില്ല. അവസാനത്തെ അടവായ ഉമ്മയുടെ ആത്മഹ ത്യ ഭീഷണിയും നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി.

ഒടുവിൽ വേറെ വഴിയില്ലാതെ വീട്ടുകാർ കല്യാണത്തിന് സമ്മതിച്ചു. കല്യാണം കഴിഞ്ഞ് വലതുകാലെടുത്തുവെച്ച് ആ മിണ്ടാപ്രാണി സംഭവബഹുലമായ ആ കുടുംബത്തിലേക്ക് കയറി.

റിയാസിന്റെ ഉപ്പക്കും ഉമ്മക്കും എട്ട് മക്കളായിരുന്നു. ആറ് ആണും രണ്ട് പെണ്ണും. പെൺകുട്ടികൾ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലാണ്. റിയാസാണ് ഏറ്റവും ഇളയ മോൻ. അവന്റെ ഇക്കമാരും അവരുടെ ഭാര്യമാരും അവരുടെ കുട്ടികളും എല്ലാം താമസിച്ചിരുന്നത് ആ വലിയ വീട്ടിലായിരുന്നു. ഇത്രേം വലിയ കുടുംബം ആയതോണ്ട് തന്നെ പെണ്ണ് കിട്ടാൻ റിയാസിന് ഒരുപാട് ബുദ്ധി മുട്ടേണ്ടിവന്നു.

ഇനി റിയാസിന്റെ ഇക്കമാരുടെ ഭാര്യമാരെ കുറിച്ച് പറയാണെങ്കിൽ, എല്ലാം ഒന്നിനൊന്ന് മെച്ചം. അസൂയ, കുശുമ്പ്, നാത്തൂൻ പോര്, പൊങ്ങച്ചം, അമ്മായി അമ്മയോട് തർക്കിക്കൽ, പിണങ്ങിപോക്ക്, അമ്മിക്കല്ലിനേറ്, ആരോടെങ്കിലും ദേഷ്യപ്പെട്ടാൽ സ്വന്തം മക്കളെ അടിക്കൽ തൊഴിക്കൽ, കണ്ണിൽ മുളകെഴുതൽ അങ്ങനെ കുറെ കലാപരിപാടികൾ വേറെ. ഇനിയും ഒരുപാടുണ്ട് അത് എഴുതിയാൽ ഇതൊരു തുടർക്കഥ ആക്കേണ്ടി വരും.

ആദ്യരാത്രി റൂമിൽ കയറാൻ നേരം. ഉമ്മ റിയാസിനേം ഭാര്യയേയും റൂമിലേക്ക് വിളിച്ചു. ആ സമയം രണ്ടാമത്തെ ഇക്കയും ഭാര്യയും പൊരിഞ്ഞ വാഴക്കായിരുന്നു. റിയാസിനോട് ഉമ്മ വാതിൽ കുറ്റിയിടാൻ ആവശ്യപ്പെട്ടു. വാതിൽ കുറ്റിയിട്ടതും ഉമ്മ അവന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിൽ ഉമ്മവെച്ചു

“ന്റെ പുന്നാര കുട്ടിയേ, ഇജ്ജ് കേൾക്കണില്ലേ ഇവിടുത്തെ പൂരം. ആദ്യത്തെ മോൻ കെട്ടിയത് രണ്ട് മാസം തികച്ച് എന്നെ ഉമ്മാന്ന് വിളിച്ചിട്ടില്ല. ഇപ്പൊ തള്ളേന്നാ വിളി. രണ്ടാമത്തെ മോൻ കെട്ടിയപ്പോൾ കരുതി അവളേലും ഇന്നെ നോക്കുംന്ന്. അവള് ആദ്യത്തെനേകാൾ പോക്കിരി”

ഉമ്മ ഒന്ന് നെടുവീർപ്പിട്ടു. എന്നിട്ട് തുടർന്നു

“മൂന്നാമത്തേം, നാലാമത്തതും, അഞ്ചാമത്തതും എല്ലാം വില്ലത്തരങ്ങൾക്ക് ഒന്നിനൊന്നു മെച്ചം. ന്റെ കണ്ണടയാൻ നേരം ഒരിറ്റ് വെള്ളം ചീ ത്തവിളിച്ചോ ണ്ടായിരിക്കും ഇവളൊക്കെ തരാ, അതെനിക്ക് ഉറപ്പാ. അതോണ്ട് ആറാമത്തെ മോന്റെ കാര്യത്തിൽ ഒരു പരീക്ഷണത്തിന് ഞാനില്ല. ഞാനാ അന്നെ കെട്ടാൻ ഓനോട്‌ പറഞ്ഞെ”

ഇതും പറഞ്ഞോണ്ട് ഉമ്മയും റിയാസും പരസ്പരം നോക്കി ചിരിച്ചു.

“അന്നെ റിയാസ് കെട്ടിയാ ഞമ്മള് മരിക്കും എന്നൊക്കെ വെറുതെ കാച്ചിയതാ. മറ്റുള്ളവർക്ക് ന്റെ മേലെ സംശയം വരാണ്ടിരിക്കാൻ. അനക്ക് സംസാരിക്കാൻ പറ്റാത്തോണ്ട് ഇജ്ജ് ന്നെ ചീ ത്തേം പറയൂല. വഴക്കും ഉണ്ടാക്കൂല”

ഉമ്മ രണ്ടു പേരേം ചേർത്ത് പിടിച്ചു. എന്നിട്ട് അവളുടെ കാതിൽ മെല്ലെ പറഞ്ഞു

“ഇജ്ജ് ഒന്നോണ്ടും പേടിക്കേണ്ട. അന്നെ ന്റെ മോൻ പൊന്നുപോലെ നോക്കും. ഇജ്ജ് എന്നേം പൊന്നുപോലെ നോക്കണം ട്ടോ”

Related Posts

Leave a Reply

Your email address will not be published. Required fields are marked *