തുറന്നു പറച്ചിൽ
എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ
“എട്യേ വെ ള്ളമടിക്കാത്ത, പു കവലിക്കാത്ത, മത്സ്യ മാംസങ്ങൾ കൈ കൊണ്ട് തൊടാത്ത സ്വന്തം ഭാര്യയുടെ അല്ലാതെ മാറ്റാരുടെയും മുഖത്തു പോലും നോക്കാത്ത നമ്മടെ ജോണിക്കുട്ടി നാൽപത്തെട്ടാം വയസ്സിൽ മരിച്ചൂന്ന്.അറ്റാക്ക് വന്ന്”
“ദേ മനുഷ്യാ ഒരു കാര്യം പറഞ്ഞേക്കാം. ഇപ്പൊ തന്നെ വെ ള്ളമടീം പൊ കവലിം ഇറച്ചിയും മീനും തീറ്റേം ആവശ്യത്തിൽ കൂടുതൽ ഉണ്ട്. ഇനി ആയുസ്സ് കൂട്ടാനെന്നും പറഞ്ഞു ഏതെങ്കിലും പെണ്ണുങ്ങളുടെ പുറകെ പോയാൽ അന്നേക്ക് പതിനാറിന് ഇവടെ സദ്യ വെളമ്പുമേ!”
രാവിലെ കെട്ട്യോൾടെ മൂഡ് ശരിയല്ലെന്ന് തോന്നിയ ശർങ്ഗധരൻ താൻ ഒന്നുമേ പറഞ്ഞില്ല എന്ന ഭാവത്തോടെ ഇറയത്തേക്ക് നടന്നു.
കുറച്ചു ദിവസങ്ങളായി മനസ്സിനൊരു വിങ്ങൽ.
വിഷമങ്ങൾ ആരോടെങ്കിലും തുറന്നു പറഞ്ഞാൽ മനസ്സിന്റെ ഭാരം കുറഞ്ഞു തൂവൽ പോലെയാകുമെന്ന് കേട്ടിട്ടുണ്ട്.
കാവിനു മുന്നിൽ മുല്ലപ്പൂവും ജമന്തിപ്പൂവും വിൽക്കുന്ന ദേവയാനിയോട് എന്തോ ഒരിത്.
എന്നാ അതങ്ങ് തുറന്നു പറയാനും പറ്റുന്നില്ല
തനിക്ക് അവളോട് സ്നേഹമാണെന്ന് തുറന്നു പറഞ്ഞാൽ ഏത് രീതിയിലാണ് അവൾ പ്രതികരിക്കുക എന്നറിയില്ല.
തന്റെ ഭാര്യ രമണിയോട് ഇക്കാര്യം പറയാമെന്നു വച്ചാൽ അന്നത്തോടെ തന്റെ കാര്യം സ്വാഹ ആണെന്നുമറിയാം.
ഒരു വശത്തു ദേവയാനിയോടുള്ള പ്രണയവും മറുവശത്ത് തുറന്നു പറയാനുള്ള ഭയവും മൂലം ചകിത മാനസനായി ഇരിക്കുമ്പോഴാണ് അ ന്തി രണ്ടെണ്ണം അ ടിച്ചാലോ എന്ന് ചിന്തയുദിച്ചത്.
നേരെ കനാൽ തിണ്ടത്തെ ഷാ പ്പിലേക്ക് വച്ചു പിടിച്ചു
ഷാ പ്പുകാരൻ വാസ്വേട്ടൻ കൊണ്ടുവന്ന് വച്ച രണ്ട് കോ പ്പ ആ നമയക്കി അകത്തു ചെന്നപ്പോൾ ഭയമെല്ലാം പമ്പ കടന്നു.
ദേവയാനിയോടുള്ള തന്റെ പ്രേമം തുറന്നു പറഞ്ഞാലും പ്രത്യേകിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന ഉൾവിളി ശക്തമായി.
പക്ഷേ കേൾക്കാൻ ഒരാള് വേണം
ചുറ്റും നോക്കി.
എതിരെയുള്ള ബഞ്ചിൽ ഇരുന്ന് ഒരു കറുത്തു തടിച്ച തമിഴൻ ക ള്ള് വലിച്ചു മോന്തുന്നുണ്ട്.
തന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അയാൾ വെളുക്കെ ഒന്നു ചിരിച്ചു.
എന്നാ പിന്നെ വിഷമങ്ങൾ ഓനോട് തുറന്നു പറയാം എന്നു വച്ചു
“അണ്ണേ നീങ്ക ആരെയെങ്കിലും കാതലിച്ചിട്ടുണ്ടോ?”
മുറിത്തമിഴിൽ ചോദിച്ചു.
“ഇല്ലൈ.എന്നാ സാർ പ്രച്നം?”
“അണ്ണാ എനക്ക് ദേവയാനിയെ പെരുത്തിഷ്ടം. അവൾ എൻ കാതലി”
“യാർ ദേവയാനി”
“അന്ത അമ്പലമുക്കിൽ പൂ വിൽക്കും മാണിക്യം”
“ഓ അവളാ”
“ആമാ, ആമാ അവൾ താൻ”
“അതുക്ക് “
“ഓളോട് എൻ കാതൽ ചൊല്ലവേണം. നീങ്ക എൻ കൂടെ വാങ്കോ “
“അപ്പൊ നീ താനെ അവൻ. തിരുട്ടു നാ യെ എൻ പൊണ്ടാട്ടി പിന്നാലെ നടന്ന് തൊന്തരവ് പണ്ണുന്നവൻ നീ താനെ?”
അണ്ണാച്ചിയുടെ കൈകൾക്ക് നല്ല കരുത്തായിരുന്നു. വാസുവണ്ണൻ പിടിച്ചു മാറ്റിയത് കൊണ്ട് ജീവൻ ബാക്കി കിട്ടി.
ഇനീപ്പോ ആയുസ്സിത്തിരി കുറഞ്ഞാലും കൊഴപ്പൂല്ല ജീവിതത്തിൽ സ്വന്തം ഭാര്യ മാത്രം എന്ന ചിന്തയോടെ ശർങ്ഗധരൻ പുറത്തേക്കോടി.
ശുഭം…


 
                         
                        