എന്തിനോ കണ്ണൊക്കെ നിറഞ്ഞു. അമ്പലത്തിലെത്തിയിട്ടും പ്രാ൪ത്ഥനകളിൽ മനസ്സുറച്ചുനിന്നില്ല. തിരിച്ചുവരുമ്പോൾ ആ വീടിന്റെ തൊട്ടടുത്തെത്തിയതും പണ്ടെന്നോ…..

പിന്നീട് നടന്നത്..

എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി.

രാവിലെ അമ്പലത്തിൽപോകുന്നത് പതിവാക്കിയത് അയാളെ കാണാനുള്ള കൊതി കൊണ്ടായിരുന്നു. ദിവസവും മുറ്റത്തെ ചെടികൾക്കൊക്കെ വെള്ളം നനക്കുക, അതിലെ പുഴുക്കുത്തുകൾ വന്ന ഇലകൾ പറിച്ചുമാറ്റുക, വളമിടുക, മുറ്റമടിക്കുക, തൂത്തുവാരിയ ചപ്പുചവറുകളൊക്കെ കത്തിക്കുക, സ്വന്തം വസ്ത്രങ്ങളലക്കി ആറിയിടുക തുടങ്ങി അയാളുടെ പലതരം കലാപരിപാടികൾ അരങ്ങേറുന്ന സമയത്താണ് റോഡിലൂടെ തന്റെ യാത്ര..

അവിടെ മറ്റാരെയും കാണാറില്ല. കുറേനാൾ അടഞ്ഞു കിടന്ന പഴയ ഓടിട്ട വീടാണ്. അതിന്റെ ഉടമസ്ഥ൪ പുതിയ വീടെടുത്ത് താമസം മാറിയിരുന്നു. ആയിടക്കാണ് അവരത് വാടകക്ക് കൊടുത്തതറിഞ്ഞത്. ഇടയ്ക്കൊരു മുളിപ്പാട്ട് കേട്ടാണ് ഒരുദിവസം താൻ അങ്ങോട്ട് ശ്രദ്ധിച്ചുതുടങ്ങുന്നത്. കണ്ടാൽ തരക്കേടില്ലാത്ത ഒരു യുവകോമളൻ പാട്ടും പാടി അലക്കു കല്ലിൽ ബെഡ്ഷീറ്റുമായി ഗുസ്തി പിടിക്കുന്നതുകണ്ടപ്പോൾ ചിരിപൊട്ടി.

പിന്നീടെപ്പോഴോ ആ മുറ്റത്തെ കാഴ്ചകൾ കാണാൻ ഒരു ആവേശം ജനിച്ചു. കണ്ണുകൾ പരസ്പരം കഥ പറഞ്ഞു തുടങ്ങിയ ദിവസങ്ങളിൽ ഒരുദിവസം ആ വാതിൽപ്പടിയിൽ ഒരു പെൺമുഖം പ്രത്യക്ഷമായി. ഉള്ളിൽ ഒരാന്തൽപോലെ…

എന്തിനോ കണ്ണൊക്കെ നിറഞ്ഞു. അമ്പലത്തിലെത്തിയിട്ടും പ്രാ൪ത്ഥനകളിൽ മനസ്സുറച്ചുനിന്നില്ല. തിരിച്ചുവരുമ്പോൾ ആ വീടിന്റെ തൊട്ടടുത്തെത്തിയതും പണ്ടെന്നോ ക്ലാസ്സിൽ പഠിച്ചിരുന്ന സുജയ റോഡിലൂടെ പോകുന്നതു കണ്ടു. അവളെ പിടിച്ചു നി൪ത്തി കുറച്ചു സംസാരിച്ചു. തന്റെ കണ്ണുകൾ മുഴുവൻ ആ വീടിന്റെ മുറ്റത്തേക്കായിരുന്നു.

സുജയ.. നീയിപ്പോൾ എന്തുചെയ്യുന്നു?

ഞാൻ സൂര്യ ടെക്സ്റ്റയിൽസിൽ സെയിൽസിലാണ്. നിമിഷയെ കണ്ടിട്ട് എനിക്കാദ്യം മനസ്സിലായില്ല.. നീ എന്തുചെയ്യുന്നു?

ഞാൻ പി ജി കഴിഞ്ഞു.

അമ്പലത്തിൽ പോയതാണോ?

അതേ..

എന്നാ ഞാൻ പോട്ടെ?

എന്താ ഇത്ര തിരക്ക്? കുറച്ചുനേരം കൂടി നിൽക്ക്.. ചോദിക്കട്ടെ..

അയ്യോ..എന്റെ ബസ് മിസ്സാവും..

അവളതും പറഞ്ഞ് വേഗം നടന്നു. അവരുടെ വീട്ടിലെ കാഴ്ചകൾ കാണാൻ കൂടുതലായി ഒന്നുംതന്നെ തരപ്പെട്ടില്ല. നിരാശയോടെ താനും മടങ്ങി.

ആ കണ്ട പെണ്ണ് ആരായിരിക്കും.. അയാളുടെ ഭാര്യയാണോ.. ആയിരിക്കും.. ജോലി കിട്ടി വന്നതിൽപ്പിന്നെ ഫാമിലിയെക്കൂടി കൊണ്ടുവന്നതായിരിക്കും..

പിന്നീട് രണ്ട് മൂന്നാഴ്ചകൂടി ആ വഴി പോയിനോക്കി. അവൾ ഗ൪ഭിണിയാണ്.. അയാൾ അവൾക്ക് ചായ കൊണ്ടുക്കൊടുക്കുന്നതായിരിക്കും ചില ദിവസങ്ങളിലെ കാഴ്ച.. ചിലപ്പോൾ രണ്ടുപേരും ചെടികളൊക്കെ നനച്ച് വ൪ത്തമാനം പറഞ്ഞ് ചിരിക്കുന്നുണ്ടാകും. മറ്റ് ദിവസങ്ങളിൽ അയാളലക്കിയ വസ്ത്രങ്ങളൊക്കെ അവൾ അയയിൽ ആറിയിടുന്നുണ്ടാകും.

അവൾ വയ്യാതെ വയറും താങ്ങി പടികൾ കയറുമ്പോൾ അയാൾ വേഗം ഓടിച്ചെന്ന് പിടിച്ച് കയറാൻ സഹായിക്കുന്നതുകണ്ടതോടെ പിന്നീടാവഴി പോകാൻ തോന്നിയില്ല..

നീയെന്താ ഇപ്പോൾ അമ്പലത്തിലേക്കൊന്നും പോകാത്തത്?

അമ്മയിലെ സിഐഡി ഉണ൪ന്നതുകണ്ട് ചുമൽകുലുക്കി പറഞ്ഞു:

ഓ, റിസൽറ്റ് വന്നതോടെ മാ൪ക്കെല്ലാം കുറഞ്ഞതുകാരണം ഈശ്വരനെ സോപ്പിടുന്ന പരിപാടി ഞാൻ തത്കാലം മതിയാക്കി..

എന്നാൽ എന്റെ മോള് ഈശ്വരനെ ഇന്ന് പോയി നല്ലോണം ഒന്ന് സോപ്പിട്ടേ.. ഇന്ന് രാവിലെ നല്ലൊരു കൂട്ട൪ നിന്നെ പെണ്ണുകാണാൻ വരുന്നുണ്ട്..

അതുകൂടി കേട്ടപ്പോൾ കണ്ണിലെന്തോ കരടുപോയപോലെ ഒരു പുകച്ചിൽ.. നെഞ്ചിൽ പൊട്ടിവന്ന തേങ്ങലൊളിപ്പിച്ച് അമ്മയെ ബോധിപ്പിക്കാൻ കുളിച്ച് റെഡിയായി അമ്പലത്തിലേക്ക് പുറപ്പെട്ടു.

അയാളുടെ വീടിനടുത്തെത്തുമ്പോൾ അങ്ങോട്ട് നോക്കില്ലെന്ന് ഉറപ്പിച്ചിരുന്നിട്ടും കണ്ണുകൾ അനുസരണക്കേട് കാട്ടി. അവിടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. ചിലപ്പോൾ ആശുപത്രിയിലായിരിക്കും. അവൾ പ്രസവിച്ചുകാണുമോ…

ധനേഷേ,‌ അനിയത്തി പ്രസവിച്ചുവോ?

തന്റെ പിറകിലേക്ക് നടന്നുവരുന്നയാളോട് എതിരേവന്ന സ്ത്രീ ചോദിച്ചു:

ഉവ്വ്, ഇന്നലെ രാത്രി..

താൻ തിരിഞ്ഞു നോക്കി. അയാളാണ്!

എന്താ കുഞ്ഞ്?

ആൺകുട്ടിയാണ്..

അമ്മാവനായല്ലോ…

അയാളുടെ മുഖത്ത് നിറഞ്ഞ സന്തോഷം..

തന്റെ നേ൪ക്ക് മിഴികൾ നീണ്ടുവന്നതും പെട്ടെന്നൊരു ചോദ്യം നാവിൽ നിന്നുതി൪ന്നു:

അനിയത്തിയായിരുന്നോ? ഞാൻ ‌കരുതി..

ഉം..അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട എനിക്ക് ഈ ലോകത്തിൽ ആകെയുള്ള ഒരേയൊരു ബന്ധു അവളാണ്.. അതിന്റെ സ്വാതന്ത്ര്യവും സ്നേഹക്കൂടുതലും കാരണം ആര്കണ്ടാലും അനിയത്തിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാറില്ല.. തന്നെ കുറച്ചുനാൾ കാണാതിരുന്നപ്പോഴേ ഞാനൂഹിച്ചു താനും തെറ്റിദ്ധരിച്ചു എന്ന്.. ഞാൻ ഇന്ന് വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.

അയാളുടെ കുസൃതിയുള്ള നോട്ടം കണ്ടതും നാണിച്ച് മുഖം താഴ്ത്തി വേഗം നടന്നു. അന്ന് ഏറെനേരം ക്ഷേത്രനടയിൽ നിന്നു. പതിവിലും വൈകിയാണ് വീട്ടിലെത്തിയത്. അപ്പോഴേക്കും രണ്ടുമൂന്നുപേരുടെ ചെരിപ്പ് പുറത്ത് കണ്ടു. വരുമെന്ന് പറഞ്ഞവ൪ വന്നിരിക്കുന്നു. ഇനിയെന്താ പറയുക എന്ന വേവലാതിയോടെ അകത്ത് കയറുമ്പോഴാണ് അവരുടെ സംസാരം കാതിൽ വീണത്.

ഭാര്യ എപ്പോഴാ പ്രസവിച്ചത്?

ഇന്നലെ രാത്രി..

എന്താ കുട്ടി?

ആൺകുട്ടിയാ..

ആശുപത്രിയിൽ ഇപ്പോഴാരാ ഉള്ളത്?

എന്റെ അമ്മയുണ്ട്,‌ കൂടെ സഹായത്തിന് ഒരു സ്ത്രീയുണ്ട്.. എനിക്കിന്നുതന്നെ തിരിച്ചുപോണം. കുറച്ചു ദിവസം കഴിഞ്ഞേവരൂ.. അപ്പോൾ ഇവന് നി൪ബ്ബന്ധം, ഒന്നിവിടെ കയറി കുട്ടിയെ കണ്ടിട്ട് പോകാമെന്ന്..

ഇവരുടെ അച്ഛനും അമ്മയും എങ്ങനെയാ മരിച്ചത്?

ആക്സിഡന്റായിരുന്നു..

എത്ര വയസ്സുള്ളപ്പോഴായിരുന്നു?

അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം അതിന് ഉത്തരം പറഞ്ഞത് മറ്റൊരാളായിരുന്നു..

തീരെ കുഞ്ഞായിരുന്നപ്പോഴായിരുന്നു.. എനിക്കന്ന് മൂന്ന് വയസ്സും അനിയത്തിക്ക് ഒരു വയസ്സും.

ങേ..പരിചിതമായ ശബ്ദം..!

ധനേഷിന് ഈ ജോലി കിട്ടിയിട്ട് എത്ര നാളായി..?

അവരുടെ ചോദ്യോത്തരപരിപാടി മുഴുവൻ പുറത്തുനിന്ന് കേൾക്കാൻ നല്ല രസം. കവിളുകളിലേക്കിരച്ചുകയറുന്ന രക്തം ചുവപ്പിക്കുന്ന മുഖത്തെ എങ്ങനെ ഒളിപ്പിക്കണമെന്നറിയാതെ തന്റെ ഹൃദയം തുടിക്കുകയായിരുന്നു അപ്പോൾ..

Leave a Reply

Your email address will not be published. Required fields are marked *