എന്നെ അടുത്തുള്ള പോലീസ്റ്റേഷനിൽ എത്തിക്കുമോ..” കാറിന്റെ മുന്നിലേക്ക് കേറി നിന്നു കൈ കാണിച്ചു നിർത്തി ശബരി ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി…….

യാത്രപറയാതേ..

Story written by Unni K Parthan

“എന്നെ അടുത്തുള്ള പോലീസ്റ്റേഷനിൽ എത്തിക്കുമോ..” കാറിന്റെ മുന്നിലേക്ക് കേറി നിന്നു കൈ കാണിച്ചു നിർത്തി ശബരി ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി ചോദിച്ചത് കേട്ട് പ്രഭ ശബരിയേ നോക്കി ചിരിച്ചു..

“അതിനു ഇങ്ങനെ നടു റോഡിൽ കിടന്നു സർക്കസ് കാണിക്കണോ.. അരികിൽ നിന്നു കൈ കാണിച്ചാൽ പോരേ..” അൽപ്പം നീരസത്തോടെ പ്രഭ ചോദിച്ചു..

“പെണ്ണായിരുന്നോ… സോറി.. പൊയ്ക്കോളൂ ട്ടാ..”

“എന്തേ.. ഇയ്യാള് പെണ്ണുങ്ങൾ ഓടിക്കുന്ന വണ്ടിയിൽ കേറില്ലേ…” പ്രഭയുടെ മറുപടി കേട്ട് ശബരി ഒന്ന് ഞെട്ടി..

“അങ്ങനെയല്ല.. ഈ രാത്രിയിൽ..”

“എന്താ.. രാത്രി ക്ക് കുഴപ്പം.. ഞാൻ യക്ഷിയൊന്നും അല്ല ന്നേ.. വാ…കേറിക്കോ… ഞാൻ സ്റ്റേഷനിൽ കൊണ്ട് വിടാം…” ചിരിച്ചു കൊണ്ട് പ്രഭ അപ്പുറത്തെ ഡോർ തുറന്നു…

ചുറ്റിനും കണ്ണോടിച്ചു കൊണ്ട് ശബരി കാറിൽ കയറി..

“ആ സീറ്റ് ബെൽറ്റ്‌ ഇട്ടേക്കു..

അല്ല.. എന്താ പോലീസ് സ്റ്റേഷനിൽ… അതും ഈ രാത്രിയിൽ.. എന്തേലും വയ്യാ വേലി ഒപ്പിച്ചോ…”

“ഹേയ്… അങ്ങനൊന്നൂല്യ..”

“താൻ പറഞ്ഞോടോ.. താൻ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സബ് ഇൻസ്‌പെക്ടർ ആണ് ഞാൻ…” പ്രഭ പറഞ്ഞത് കേട്ട് ശബരി വീണ്ടും ഞെട്ടി..

“എന്തേ.. ഞെട്ടിയോ..” കാർ മുന്നോട്ട് എടുത്തു കൊണ്ട് പ്രഭ വീണ്ടും ചിരിച്ചു..

“പ്രഭാ അശോക്…” രണ്ടാഴ്ചയായി കിളവാർകുന്ന് സ്റ്റേഷനിലെ സബ്ഇൻസ്‌പെക്ടർ ആയി ചാർജ് എടുത്തിട്ട്..

ഇപ്പോളും വിശ്വവാസം വന്നില്ല ല്ലേ.. ദാ.. ഐഡി.. ” ടി ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഐഡി എടുത്തു കാണിച്ചു പ്രഭ..

ഇപ്പൊ വിശ്വാസമയോ.. ഇനി പറ… എന്താണ് സ്റ്റേഷനിൽ.. തന്നേ കണ്ടാൽ പറയില്ല.. സ്റ്റേഷനിൽ കേറണ്ട ഒരാൾ ആണെന്ന്…

“ശരിക്കും പോലീസ് ആണോ…” ശബരിയുടെ ശബ്ദത്തിൽ അൽപ്പം അമ്പരപ്പ് ഉണ്ടായിരുന്നു..

“അതേ ഡോ… ഒരു ജനകീയ പോലീസുകാരി ആണ് ഞാൻ താൻ പറ…

എന്താ കാര്യം…”

“മ്മ്… സാറ് കരുതുന്ന പോലേ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല..

അച്ഛൻ ഇവിടെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.. മറ്റന്നാൾ ആണ് ഡിസ്ചാർജ് പറഞ്ഞിരിക്കുന്നത്..

ബിൽ എമൗണ്ട് കൂടുതൽ ആണ്.. അത്‌ എങ്ങനേലും റെഡിയാക്കാനുള്ള ഓട്ടത്തിൽ ആണ് ഞാൻ…

ഇന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി വീട്ടിലേക്കു തിരിച്ചു പോകാൻ ബസ് സ്റ്റാൻഡിൽ എത്തിയതാ..

കുറച്ചു നേരം കാത്തിരിക്കേണ്ടതുണ്ടായിരുന്നു ബസ് വരാൻ… അങ്ങനെ അവിടെയുള്ള കസേരയിൽ ഇരിന്നു..

അപ്പോളാണ് തൊട്ടടുത്ത കസേരയിൽ ഒരു ബാഗ് ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. അവിടെ ആണേൽ ആരും ഉണ്ടായില്ല.. കുറച്ചു നേരം കാത്തിരുന്നു.. ആരും വന്നില്ല..

ആ ബാഗ് ആരുടെ ആണെന്ന് ചോദിക്കാൻ അവടെ ഞാൻ നോക്കിയപ്പോൾ ആരേയും കണ്ടില്ല..

ഞാൻ ബാഗ് എടുത്തു തുറന്നു നോക്കി.. അതിൽ കൊറേ പണമുണ്ടായിരുന്നു.. പിന്നെ കൊറേ സ്വർണവും.. ഒരു അഡ്രെസ്സ്.. ഒരു കല്യാണകുറി.. ആ കല്യാണ കുറിയുടെ അഡ്രെസും.. അതിൽ ഉണ്ടായിരുന്ന അഡ്രെസും ഒന്നായിരുന്നു..

കല്യാണം നാളേയാണ്.. അതിനുള്ള ആഭരണങ്ങളും കാശുമാണ് ബാഗിൽ എന്ന് തോന്നി.. അതിൽ കണ്ട മൊബൈൽ നമ്പറിൽ വിളിച്ചു.. സ്വിച് ഓഫ് എന്നാണ് പറഞ്ഞത്…

നമുക്ക് ഈ പണവും ആഭരണങ്ങളും അവരുടെ വീട്ടിൽ എത്തിക്കാം മാഡം..” ശബരി പറഞ്ഞത് കേട്ട് പ്രഭ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി.. പിന്നെ ബാഗ് വാങ്ങി പരിശോധിച്ചു..

“മ്മ്.. താൻ പറഞ്ഞത് ശരിയാണ്.. നമുക്ക് ഈ അഡ്രെസിൽ പറഞ്ഞ സ്ഥലത്തു പോയി നോക്കാം.. ഇവിടേന്ന് കുറച്ചു നേരം യാത്രയുള്ളൂ..” അതും പറഞ്ഞു പ്രഭ കാർ മുന്നോട്ടെടുത്തു..

അരമണിക്കൂറോളം യാത്ര ചെയ്തു അവർ ആ വീടിന്റെ മുന്നിൽ എത്തി..

“ഇത് തന്നേ ആണെന്ന് തോന്നുന്നു വീട്.. കല്യാണ വീട് പോലേ തന്നേയുണ്ട്.. ബാഗ് കാറിൽ ഇരിക്കട്ടെ.. താൻ വാ.. നമുക്ക് ഒന്ന് പോയി അന്വേഷിച്ചു വരാം..” ഡോർ തുറന്നു പ്രഭ പുറത്തേക്ക് ഇറങ്ങി…പിന്നാലേ ശബരിയും..

“മുജീബിന്റെ വീടാണോ..” പ്രഭ മുറ്റത്ത്‌ നിന്ന ഒരാളോട് ചോദിച്ചു..

“മ്മ്…” അയ്യാൾ മൂളി..

“വാ…” പ്രഭ ശബരിയേ വിളിച്ചു.. ഇരുവരും മുന്നോട്ട് നടന്നു..

“ആരാ മുജീബ്….” സിറ്റ്ഔട്ടിലേക്ക് കയറി കൊണ്ട് പ്രഭ ചോദിച്ചു…

“ബാപ്പാ..” ഇരുപത് വയസ് പ്രായം തോന്നുന്ന ഒരു ആൺകുട്ടി അകത്തേക്കു നോക്കി വിളിച്ചു..

“ന്താ..” അമ്പതു വയസ് പ്രായം തോന്നുന്ന ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു… അയ്യാളുടെ മുഖത്ത് വിഷാദം തളം കെട്ടിനിൽപ്പുണ്ടായിരിന്നു.. കരഞ്ഞു കലങ്ങിയ പോലേ തോന്നി കണ്ണുകൾ…

“ആരുടെയാ നിക്കാഹ്..” ശബരി ചോദിച്ചു..

“മകളുടെ.. പക്ഷേ…” തേങ്ങി പോയി മുജീബ്..

“നിക്കാഹ് നടക്കില്ല… പണ്ടവും, പണവുമടങ്ങിയ ബാഗ് നഷ്ടപെട്ടു… എന്റെ കൈയ്യിന്ന്.. ന്റെ മോൾടെ.. നിക്കാഹ്.. ന്റെ പടച്ചോനെ…”

പ്രഭ തിരിഞ്ഞു ശബരിയേ നോക്കി.. ശബരി തിരികേ കാറിലേക്ക് നടന്നു.. കാറിൽ നിന്നും ബാഗ് എടുത്തു തിരിഞ്ഞു നടന്നു..

“എല്ലാം ഉണ്ടോ ന്ന് നോക്കൂ.. ടൗണിലേ ബസ് സ്റ്റാൻഡിൽ നിന്നും കിട്ടിയതാ..” മുജീബിന്റെ നേർക്ക് ബാഗ് നീട്ടി കൊണ്ട് ശബരി പറഞ്ഞത് കേട്ട് മുജീബ് വിശ്വാസം വരാതെ ഇരുവരെയും മാറി മാറി നോക്കി..

മുജീബ് വിറക്കുന്ന കൈകൾ കൊണ്ട് ബാഗ് വാങ്ങി തുറന്നു നോക്കി..

“ആരാ… ആരാ നിങ്ങള്…” കൈകൾ കൂപ്പി കൊണ്ട് മുജീബ് പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു..

“ഞാൻ കിളിവാർകുന്ന് സ്റ്റേഷനിലേ സബ് ഇൻസ്‌പെക്ടർ ആണ്.. ഇയ്യാൾക്കാണ് ബാഗ് കിട്ടിയത്.. ബാഗിൽ അഡ്രെസ്സ് ഉണ്ടായിരുന്നു… അങ്ങനെ വന്നതാ..”

“പടച്ചോൻ വല്യവനാ…” വിതുമ്പി കൊണ്ട് മുജീബ് പറഞ്ഞു..

അൽപ്പ നേരത്തിനു ശേഷം..

“അപ്പൊ.. ഇനി യാത്രയില്ല.. ഇറങ്ങട്ടെ… നിക്കാഹ്‌ ഭംഗിയായി നടക്കട്ടെ..” പ്രഭ എല്ലാരേം നോക്കി പറഞ്ഞു…

“അതേ… ഇക്കാ… ഒരു കാര്യം പറയട്ടെ..” രണ്ടു സ്റ്റെപ്പ് മുന്നോട്ട് നടന്ന ശബരി തിരിഞ്ഞു നിന്നു മുജീബിനെ നോക്കി..

“സ്ത്രീയാണ് ധനം.. അല്ലാതെ സ്ത്രീധനം അല്ല ധനം.. വരാൻ പോകുന്ന പുയ്യാപ്ലയോട് ഞാൻ പറഞ്ഞു ന്ന് പറഞ്ഞേക്ക് ട്ടോ..” അതും പറഞ്ഞു ശബരി തിരിഞ്ഞു നടന്നു.. പ്രഭയേ നോക്കി ചിരിച്ചു…

“എന്താ പേര്…” കാർ മുന്നോട്ട് പായുന്ന നേരം തല ചെരിച്ചു പ്രഭ ശബരിയേ നോക്കി ചോദിച്ചു..

“ശബരിനാഥൻ..”

“വീട്ടിൽ ആരൊക്കെ…”

“അച്ഛൻ.. അമ്മ… അനിയത്തി..”

“എന്താ ജോലി..”

“അച്ഛന്റെ കൂടെ കൃഷിയൊക്കെ നോക്കി നടത്തുന്നു…”

“അപ്പൊ പഠിച്ചില്ലേ..”

“പഠിച്ചു ലോ.. എം എ ലിറ്ററേച്ചർ… അധ്യാപകൻ ആണ്… പക്ഷേ ഇപ്പൊ കുറച്ചു നാളായി അച്ഛനോടൊപ്പം കൃഷിയുടെ ഒപ്പം ആണ്..

അധ്യാപനം വീട്ടിൽ.. പാവപെട്ട കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുന്നു.. പിന്നെ പി എസ് സി കോച്ചിങ് കൊടുക്കുന്നു ആവശ്യകാർക്ക്..”

“അതേ.. അച്ഛന് ഹോസ്പിറ്റലിൽ പണത്തിനു ആവശ്യം ഉണ്ടായിട്ട് എന്തേ ആ പണം എടുത്തില്ല..”

“അച്ഛന്റെ ബിൽ പേ ചെയ്യാൻ ഇനീം രണ്ട് ദിവസം കൂടി ഉണ്ട്.. പക്ഷേ.. ആ വീട്ടുകാർക്ക് ഇന്ന് രാത്രി കൂടിയേ സമയം ഉണ്ടായുള്ളൂ.. അവരുടെ മുഖത്ത് കണ്ട സന്തോഷം.. അത് മതി ന്നേ.. ഞാൻ ഇപ്പൊ അനുഭവിക്കുന്ന വേദന യാണ് അവർ ഇത്രയും നേരം അനുഭവിച്ചത്…. അത് മറ്റാരേക്കാളും കൂടുതൽ എനിക്ക് മനസ്സിലാവും..

പിന്നേ.. ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു.. മിറാക്കിൾ.. അത് ഉണ്ടാകും..”

“എത്ര എമൗണ്ട്…”

“മൂന്നര ലക്ഷം…”

“ഞാൻ തന്നാൽ മതിയോ..”

“ആര് തന്നാലും വാങ്ങും… എനിക്ക് ഒന്നര മാസം സാവകാശം മതി… പക്ഷേ.. ഈടൊന്നും തരില്ല..”

“മ്മ്… നാളേ നമുക്ക് ബിൽ സെറ്റിൽ ചെയ്യാം..”

“ആയിക്കോട്ടെ… എന്നെ ഇവിടേ ഇറക്കിയേക്ക്.. ഇവിടന്ന് എനിക്ക് ബസ് കിട്ടും..”

“എവടാ വീട്..”

“നമ്പിയാർ വയൽ…”

“ഞാൻ ഡ്രോപ്പ് ചെയ്യാം..”

“എതിർക്കില്ല… അങ്ങനെ ഡ്രോപ്പ് കിട്ടിയാൽ ഒരുപാട് സന്തോഷം…” പ്രഭയേ നോക്കി ശബരി ചിരിച്ചു….

***************

വർഷങ്ങൾക്ക് ശേഷം…

“അമ്മേ.. ഈ പയ്യൻ കൊള്ളാം ല്ലേ..” മാട്രിമോണിയിലേ പ്രൊഫൈളുകൾ നോക്കുന്ന നേരം പ്രഭ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു…

“എന്റെ കൃഷ്ണാ.. എന്റെ പ്രാർത്ഥന നീ കേട്ടു ലോ ഒടുവിൽ..” അടുക്കളയിൽ നിന്നും സാരി തലപ്പ് വലിച്ചു എളിയിൽ കുത്തി കൈയ്യിലേ വെള്ളം സാരിയിൽ തുടച്ചു കൊണ്ട് രുക്മണി ഹാളിലേക്ക് ഓടി വന്നു.

“എങ്ങനെണ്ട്… കൊള്ളാമോ..” ലാപ് ടോപ്പിലേക്ക് നോക്കി പ്രഭ ചോദിച്ചു..

“ശബരിനാഥൻ..

എവിടെയോ കണ്ട് മറന്ന മുഖം..” രുക്മണി ആലോചിച്ചു കൊണ്ട് പറഞ്ഞു..

“അന്നത്തെ രാത്രി.. ആദ്യത്തെ ലിഫ്റ്റ് കൊടുത്ത ആള്.. കക്ഷി ആണ്.. ഇത് വരേയും കെട്ടിയിട്ടില്ല ന്ന് തോന്നുന്നു.. ഒന്ന് നോക്കിയാലോ..” പ്രഭ ചിരിച്ചു കൊണ്ട് രുക്മണിയേ നോക്കി.. പിന്നെ മൊബൈൽ എടുത്തു പ്രൊഫൈലിൽ കണ്ട നമ്പർ ഡയൽ ചെയ്തു…

“അറിയോ…” പ്രഭ ചോദിച്ചു..

“അതെന്താ മാഡം അങ്ങനെ ഒരു ചോദ്യം… നമ്പർ ഇപ്പോളും ഉണ്ട് എന്റെ മൊബൈലിൽ..”

“അച്ഛൻ… അമ്മ.. അനിയത്തി.. എല്ലാർക്കും സുഖമല്ലേ…”

“സുഖം.. ബാങ്കിൽ ഇട്ടേർന്നു ക്യാഷ്.. കിട്ടിയാർന്നോ..”

“മെസ്സേജ് ഇട്ടിരുന്നു ലോ.. കിട്ടി ന്ന്..”

“മ്മ്..”

“ഞാൻ ഒരു താങ്ക്സ് പ്രതീക്ഷിച്ചു…”

“എന്തിന്…അതിന്റെ ആവശ്യമില്ല..”

“മ്മ്.. ആയിക്കോട്ടെ…”

“അല്ല.. എന്തേ പെട്ടന്ന് ഇപ്പൊ ഒരു ഓർമ..”

“ഒന്നൂല്യ….മാട്രിമോണിയായിൽ പ്രൊഫൈൽ കണ്ടിരുന്നു…ഇപ്പോളും സിംഗിൾ ആണോ..”

“അതേ ലോ…”

“ഇപ്പോളും കൃഷിയൊക്കെ ഉണ്ടോ..”

“മ്മ്… ഉണ്ട് ലോ..”

“ഇങ്ങോട്ട് ഒന്ന് വരോ…അച്ഛനെയും അമ്മയേയും അനിയത്തിയേയും കൂടെ കൂട്ടി..”

“വരണോ..”

“മ്മ്… വാ… ഉറപ്പിച്ചിട്ട് തിരിച്ചു പോകാം..”

“മ്മ്… രണ്ട് ദിവസം ഇച്ചിരി തിരക്കാണ്.. ഞായറാഴ്ച വരാം ഞങ്ങൾ…”

“ആയിക്കോട്ടെ…”

“ങ്കിൽ ഞാൻ കട്ട്‌ ചെയ്യുവാ.. പാടത്തു പണിക്കാർ ഉണ്ട്…”

“ഓക്കേ… ഞാനും ഇറങ്ങുവാ… ഡ്യൂട്ടി..

പിന്നേ.. ഒരു കാര്യം..”

“ന്തേ…”

“കല്യാണം ഇനി നീട്ടി പോകണ്ട.. നമുക്ക് പ്രായം കൂടുന്നു.. മറക്കണ്ട….” ചിരിയോടെ പ്രഭ ഫോൺ കട്ട് ചെയ്തു..

ചുണ്ടിൽ നേർത്ത ചിരിയോടെ ശബരി മുറ്റത്തേക്ക് ഇറങ്ങി..

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *