ഒരാളെ കുറിച്ച്. എന്നെ ഒരുപാട് സ്‌നേഹിച്ച ഒരാളെ പറ്റി ഇക്കയോട് പറയണം എന്ന്‌ തോന്നി. ഞാൻ ഇക്കയുടെ സ്വന്തം ആകുന്നതിനു മുൻപ്….

റെഡ് റോസ്

Story written by Navas Amandoor

“അവൾ എന്തിനാകും ഇപ്പൊ കാണണം എന്ന്‌ ആവശ്യപ്പെട്ടത്. “

കല്യാണത്തിന് നാട്ടിൽ വന്നതിന്റെ പിറ്റേ ദിവസം നജീബിനെ വിളിച്ചു സറീന ആവശ്യപ്പെട്ടത് കുറച്ചു നേരം സംസാരിക്കാൻ കഴിയോ എന്ന്‌മാത്രമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ ആചോദ്യം മനസ്സിൽ ഒരായിരം ചോദ്യങ്ങളുയർത്തി.

“അവൾക്ക് ചിലപ്പോ കല്യാണത്തിന് ഇഷ്ടക്കേട് ഉണ്ടായിരിക്കോ.. ?”

പുഴവക്കത്തെ പാർക്കിൽ അവളോടൊപ്പം ഇരിക്കുന്ന സമയത്തും എന്തായിരിക്കും അവൾക്ക് പറയാനുള്ളത് എന്നോർത്ത് വല്ലാത്തൊരു പേടിയുണ്ടായിരുന്നു മനസ്സിൽ. എന്തായാലും അവൾക്ക് പറയാൻ ഉള്ളത് കേൾക്കാം.

“സറീന എന്താ സംസാരിക്കാൻ ഉണ്ടന്ന് പറഞ്ഞത് “

“ഒരാളെ കുറിച്ച്. എന്നെ ഒരുപാട് സ്‌നേഹിച്ച ഒരാളെ പറ്റി ഇക്കയോട് പറയണം എന്ന്‌ തോന്നി. ഞാൻ ഇക്കയുടെ സ്വന്തം ആകുന്നതിനു മുൻപ്”

“നീ പറഞ്ഞോളൂ. ഞാൻ റെഡി ആണ്. നിന്നെ കേൾക്കാൻ”

“ഇക്കാ. വർഷങ്ങളുടെ പഴക്കുമുണ്ട് അവന്റെ ഇഷ്ടത്തിന്.പക്ഷെ ഒരിക്കൽ പോലും അവനോടു ഒരു ഇഷ്ടം എനിക്ക് തോന്നിട്ടില്ല. “

“മ്മ്. “

“പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്നോട് ഇഷ്ടമാണെന്നു പറഞ്ഞ അവനെ ഒരു പുഞ്ചിരിയോടെ മാറ്റി നിർത്തി. വിടാതെ പിന്തുടർന്ന് എന്നെ സ്‌നേഹിച്ചു. വർഷങ്ങൾ കഴിഞ്ഞു പോയെങ്കിലും അവന്റെ ഇഷ്ടത്തിന് കുറവ് ഉണ്ടായില്ല. പിന്നീട് പലവട്ടം അവനോട് എനിക്ക് ഇഷ്ടം ഇല്ലന്ന് പറഞ്ഞിട്ടും ഗൾഫിലേക്ക് പോകുന്നതിനു മുൻപ് അവന്റെ ഉമ്മയുമായി വീട്ടിൽ വന്നു എന്നെ കൊണ്ടു പോയി. എത്ര പറഞ്ഞിട്ടും മനസ്സിലാവാത്ത അവനോടു എന്റെ മനസ്സിൽ അപ്പോഴേക്കും വെറുപ്പ് തോന്നി തുടങ്ങി.”

നല്ലൊരു കേൾവി കാരനായി നജീബ് സെറീനയുടെ വാക്കുകൾ കേട്ടിരുന്നു. കുറച്ചു ദിവസം കഴിഞ്ഞാൽ ഇവൾ എന്റേതാണ്.കാറ്റിൽ പറന്ന് പോകുന്ന തട്ടം നേരെയാക്കി സറീന ബാക്കി പറഞ്ഞു തുടങ്ങി.

“ഗൾഫിൽ പോയപ്പോ ഇനി അവന്റെ ശല്യം ഉണ്ടാവില്ലെന്ന് തോന്നി.പക്ഷെ ആ തോന്നലും തെറ്റി. എന്റെ മൊബൈലിലേക്കു വിളിച്ചു കൊണ്ടിരുന്നു. എടുത്തുല്ലങ്കിൽ എടുക്കുന്ന വരെ വിളിക്കും. ഒരു ദിവസം രാത്രി അവൻ വിളിച്ചപ്പോ എനിക്ക് നല്ല ദെയ്‌ഷ്യം തോന്നി. അപ്പൊ തോന്നിയപോലെ ഞാൻ കൂറേ ചീ ത്ത പറഞ്ഞു. “

“ആണുങ്ങളുടെ വിലകളായാൻ ആണോ താനൊക്കെ ജനിച്ചത്. എത്ര വട്ടം പറഞ്ഞു എനിക്ക് നിന്നെ വേണ്ടന്നു. പറഞ്ഞാൽ മനസ്സിലാവില്ലേ. ഇങ്ങനെയുണ്ടോ ഒരു ശല്യം.ഇനി എനിക്ക് വിളിച്ചാൽ ഞാൻ ഉപ്പയോട്‌ പറയും. എനിക്ക് വയ്യ ഈ ശല്യം സഹിക്കാൻ… ഇങ്ങിനെ ഉണ്ടോ ഒരു ജന്മം പടച്ചോനെ… “

എവിടേക്കാണ് സെറീനയുടെ കഥ പോകുന്നത്.നജീബ് മനസ്സിൽ ആ രാത്രി വെറുതെ സങ്കൽപ്പിച്ചു നോക്കി. തിരിച്ചു കിട്ടാത്ത സ്‌നേഹം പ്രണയിനിയുടെ വാക്കുകൾ വേദനിപ്പിച്ച മുറിവോടെ മുറിയിൽ കട്ടിലിൽ മുഖത്തു പുതുപ്പ്‌ ഇട്ട് സങ്കടത്തോടെ കിടക്കുന്ന പ്രവാസിയായ കാമുകൻ.

“എന്നിട്ട് പിന്നെ അവൻ വിളിച്ചിരുന്നോ.”

“ഇല്ല. പിന്നെ വിളിച്ചില്ല.രണ്ട് ദിവസം കഴിഞ്ഞു അവന്റെ വീട്ടിൽ നിന്നും ആരോ ഉപ്പയെ വിളിച്ചു. “

“എന്തിന്…. ?”

“അവൻ അപകടത്തിൽ മരിച്ചു എന്ന്‌ പറയാൻ. “

സെറീനയുടെ കണ്ണുകൾ നിറഞ്ഞു. നിറഞ്ഞ കണ്ണുകൾ തുടച്ചു നജീബിനെ നോക്കി.

“ഞാൻ തെറ്റ് ചെയ്തിട്ടില്ലന്ന്‌ അറിയാം. എങ്കിലും ഇടക്ക് അവനെ ഓർക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയും. എന്റെ വാക്കുകൾ അവനെ ഒരുപാട് സങ്കടപ്പെടുത്തി കാണും അല്ലേ ഇക്കാ”

“മുനീർ ആണോ നീ ഈ പറയുന്ന അവൻ. “

” അതേ ഇക്ക. അവനാണ്. “

സറീന പുഴയിലെ ഓളങ്ങൾ വെട്ടി തിളങ്ങുന്നതു നോക്കി ഇരുന്നു.ഇടക്ക് കൈ കൊണ്ട് കണ്ണുകൾ തുടച്ചു.നജീബിന്റെ മനസ്സിൽ മുനീർ ചിരിച്ചു കൊണ്ട് സംസാരിക്കുന്ന മുഖം തെളിഞ്ഞു.ഒരുപാട് വട്ടം അവൻ പറഞ്ഞിട്ടുണ്ടങ്കിലും അവന്റെ പ്രണയത്തിലെ നായികയുടെ പേര് ഒരിക്കിലും പറഞ്ഞിരുന്നില്ല.

ഒരുമിച്ചു ഒരുമുറിയിൽ കിടന്ന് ഉറങ്ങിയ പ്രവാസത്തിൽ ഒരിക്കൽ അവനോടു ചോദിച്ചതാണ് നജീബ് നീ ഇത്രയധികം സ്‌നേഹിക്കുന്ന അവളുടെ പേരൊന്നു പറയാൻ.

“ഇല്ല മോനെ. ആദ്യം അവൾ എന്നെ ഇഷ്ടമാണെന്നു പറയട്ടെ.എന്നിട്ട് പെരും മറ്റും നിന്നോട് പറയുന്നുണ്ട് ഞാൻ. “

“ഇക്ക എന്താ ഒന്നും മിണ്ടാത്തത്.ഇക്കനോട് ഇതൊന്നു പറയാൻ വേണ്ടിയാണ് വരാൻ പറഞ്ഞത്. “

“സാരില്ല മോളേ.അതൊക്കെ കഴിഞ്ഞില്ലേ.നീ ഇതിൽ തെറ്റുകാരിയല്ല. വിഷമിക്കണ്ട ട്ടോ. “

അവൾ നടന്ന്‌ അരികിൽ നിന്നും പോയിട്ടും നജീബ് അവിടെ തന്നെ ഇരുന്നു.അന്ന് രാത്രി മുനീർ പൊട്ടി കരഞ്ഞതിനു കാരണം കിട്ടിയിരിക്കുന്നു.ഒരേ നാട്ടിൽ ആണെങ്കിലും കണ്ടതും പരിചയപ്പെട്ടതും ഗൾഫിൽ വെച്ചായിരുന്നു.തിരിച്ചു കിട്ടാത്ത സ്‌നേഹം അവനിൽ ഉണ്ടാക്കിയ നിരാശയും സങ്കടവും തന്നെയാകും അവൻ അന്ന് വണ്ടി ട്രക്കിന്റെ പിന്നിൽ കൊണ്ട് ഇടുപ്പിച്ചത്.

“അവൾ ഇല്ലാതെ ജീവിക്കാൻ എനിക്ക് കഴിയില്ല.ഞാൻ ജീവിച്ചിരിക്കുന്നത് അവൾക്ക് ശല്യമാണ് നജീബെ… ഞാൻ മരിച്ചാലോ… ?”

മുനീർ തമാശക്ക് പറഞ്ഞതാണ്.അന്ന് മരിക്കുന്നതിന്റെ തലേ ദിവസം.പക്ഷെ ആ തമാശ കാര്യമായിരുന്നു.ഇതൊന്നും സറീനയോട് പറയാൻ കഴിയില്ല.

“വേണ്ട നജീബ് അവൾ ഒന്നും അറിയണ്ട.മരിച്ചിട്ടും ഞാൻ ശല്യമാകുരുത് അവൾക്ക്”

നജീബ് ആരോ പറയുന്ന പോലെ കേട്ട വാക്കുകൾക്ക് തലയാട്ടി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *