ഒരിക്കൽ അപ്പൻ വീട്ടിലേക്ക് വന്നത് ഒരു സന്തോഷ വാർത്തയുമായിട്ടാരുന്നു. ഞങ്ങളുടെ വീട്ടിലും കാറ് വാങ്ങിക്കാൻ പോണു.അന്ന് സണ്ണിച്ചായന്റെ വീട്ടിൽ മാത്രമേ കാറുണ്ടാരുന്നുള്ളൂ……

Story written by Adam John.

അപ്പൻ ആളൊരു അടിച്ചു പൊളിക്കാരനാണ്. നാളെക്കായി ഒന്നും മാറ്റി വെക്കാത്ത ശീലം. ഇന്നത്തെ കഴിഞ്ഞു മതി നാളേക്ക് എന്നാണ് അപ്പന്റെ ആപ്ത വാക്യം.

രാവിലെ എഴുന്നേറ്റാലുടൻ ബുള്ളറ്റുമെടുത്തോണ്ട് ഒരൊറ്റ പോക്കാണ്. തൊട്ടടുത്ത കവലയിലേക്കാ. അവിടെ തട്ടു കടയിൽ നല്ല ചൂട് ചായേം മൊരിഞ്ഞ വടയേം കിട്ടും. ഞങ്ങൾക്കും എന്തേലുമൊക്കെ വാങ്ങിച്ചോണ്ട് വരും. വീട്ടിലെ ചായ കുടിച്ചാൽ പോരെന്ന് ചോദിക്കരുത്. അത് ചായയാണോ എന്നാണ് തിരിച്ചു ചോദിക്ക. വടയുണ്ടാക്കുവാണേൽ എൽദോച്ചായന്റെ വട പോലുണ്ടാക്കണം എന്നാ പറയാ.

കേൾക്കുന്നവർക്ക് എന്താ തോന്നാ.അമ്മച്ചിക്ക് ഒന്നും ഉണ്ടാക്കാനറിയില്ലെന്നല്ലേ. എന്നാലേ അമ്മച്ചിക്ക് നന്നായി പാചകം ചെയ്യാനറിയാ. രണ്ടല്ലി വെളുത്തുള്ളിയും ഇച്ചിരെ മുളക് പൊടിയും ഉപ്പും ചേർത്ത് അമ്മച്ചിയുണ്ടാക്കുന്ന കറി മതിയാരുന്നു ഉച്ചക്ക് ഒരു പറ ചോറുണ്ണാൻ. അങ്ങനെ പറയല്ലാതെ വേറെ വഴിയില്ല. വീട്ടില് മിക്കപ്പഴും വെളുത്തുള്ളി കറിയാണ്.

വല്ലപ്പോഴുമൊക്കെ മീൻ വാങ്ങിക്കും. ആവോലിയൊക്കെ വാങ്ങിക്കാണേൽ ബ്ലേഡ് പോലെയാ മുറിച്ചെടുക്കാ. കത്തിക്ക് മൂർച്ച കുറവാന്നെൽ അമ്മച്ചി മുറിച്ച ആവോലിയെന്ന് ഒരെണ്ണമെടുത്താൽ മതി. സവാളയൊക്കെ കുനു കുനാന്നരിഞ്ഞിടാം. നല്ലസ്സല് കത്തിയാണ്. നാവിനെക്കാളും മൂർച്ചണ്ടാവും.

എന്തൊക്കെ പറഞ്ഞാലും അരിവാള് കാലിനടിയിൽ ചവിട്ടി പിടിച്ചോണ്ട് അമ്മച്ചി മീൻ വെട്ടുന്ന കാണാൻ നല്ല ചേലാണ്. കൂട്ടിരിപ്പ്കാരായി കുറച്ചു പൂച്ചകളും കാണും. ആദ്യം ഒരു പൂച്ചയായിരുന്നു വന്ന് തുടങ്ങിയെ. പിന്നത് രണ്ടായി മൂന്നായി.

എന്നാത്തിനാ അവമ്മാര് അമ്മച്ചിയുടെ മുന്നിൽ വാ പൊളിച്ചോണ്ടിരിക്കുന്നെ ന്ന് ദൈവം തമ്പുരാനറിയാം.

തല ഭാഗം കറിവെക്കാനും ഉടല് വറുക്കാനും മാറ്റി വെച്ചാൽ പിന്നെ എന്തുണ്ടാവാനാ. എന്നാലും അവര് പെമ്പിള്ളേർക്ക് റിക്വസ്റ്റ് അയച്ചു കാത്തിരിക്കുന്ന പോലെ കുത്തിയിരിക്കുന്ന കാണാം.

മീൻ മുറിച്ചു അമ്മച്ചി എഴുന്നേറ്റ് നടക്കുമ്പോ പിറകെ അവരും നടക്കും. വല്ലതും തടയുമെന്നുള്ള പ്രത്യാശയാവും പൂച്ചകളെ മുന്നോട്ടേക്ക് നയിക്കുന്നെ.

മീൻ വെള്ളം കറിവേപ്പിലക്ക് കീഴിലാ കൊണ്ടോയി ഒഴിക്കാറ്. അങ്ങനെ ചെയ്‌താൽ കറി വേപ്പില തഴച്ചു വളരുമത്രേ.

എവിടെ വളരാനാ. രണ്ടില വരുമ്പോഴേക്കും അമ്മച്ചി ചെന്നത് നുള്ളി എടുക്കും. പോട്ടെ രണ്ടെണ്ണമല്ലെന്ന് കരുതി വേപ്പിലപ്പെണ്ണ് ക്ഷമിക്കും. അമ്മച്ചി പിന്നേം അതാവർത്തിക്കും. ഫലമെന്താ ഞാനിട്ട പോസ്റ്റ് കണക്കെയായി പാവം കറിവേപ്പിലയും. ഒന്നോ രണ്ടോ ലൈക് അല്ല ഇല കണ്ടാലായി.അതിനപ്പുറം വളർന്നീല.

പാലൊഴിച്ചോണ്ട് ഒരു ചായിണ്ടാക്കും. നിറം കണ്ട് ഊഹിച്ചോളണം. അല്ലാതെ അതിൽ പാലുണ്ടെന്ന് ലാബ് ടെസ്റ്റിനയച്ചാൽ പോലും കണ്ടു പിടിക്കാൻ ആവുകേല..എന്നാലും ചായ അളന്നൊഴിച്ചു തരുന്നതല്ലാതെ ഒരു തുള്ളി അധികം വീഴുകേല. ചോദിച്ചാൽ പറയ എന്നാ ചിലവാന്നാ.

പച്ചവെള്ളത്തിൽ രണ്ട് തുള്ളി പാലിറ്റിച്ചോണ്ട് തേയിലയും പഞ്ചസാരയും ഇട്ട് തിളപ്പിക്കാൻ എന്നാ ചിലവാ.

മൂന്നോ നാലോ ചിട്ടിയുണ്ട് അമ്മച്ചിക്ക്. അപ്പന്റെ കാശ് പോക്കറ്റടിച്ചും വീട്ടു ചിലവ് കുറച്ചൊണ്ടും ചിട്ടിയിൽ കൊണ്ടോയിടുന്നതാ. ചിട്ടി പിടിച്ചാലും അതീന്നൊരു ചില്ലിക്കാശ് ആർക്കും കൊടുക്കുകല..

ഡ്രസ്സ് വേണമെന്ന് പറഞ്ഞാലും ഉള്ളതിനെന്നാ കുഴപ്പം താൽക്കാലത്തേക്ക് അത് മതീന്ന് പറയും. പക്ഷെ അമ്മച്ചി അറിയാതെ അപ്പൻ ഞങ്ങളെ കൂട്ടിക്കൊണ്ടോയി ഇഷ്ട്ടുള്ളതൊക്കെ വാങ്ങിച്ചു തരും. ശരിക്കും അപ്പനായിരുന്നു ഞങ്ങടെ ഹീറോ.

അപ്പൻ ഇടയ്ക്കിടെ അമ്മച്ചിയോട് ചോദിക്കാറുമുണ്ടാരുന്നു..ആർക്ക് വേണ്ടിയാ നീയിങ്ങനൊക്കെ പിശുക്കി ഉണ്ടാക്കുന്നെന്ന്..അമ്മച്ചി മറുപടിയൊന്നും പറയുകേല. വെറുതെ ചിരിക്കും.

ഒരിക്കൽ അപ്പൻ വീട്ടിലേക്ക് വന്നത് ഒരു സന്തോഷ വാർത്തയുമായിട്ടാരുന്നു. ഞങ്ങളുടെ വീട്ടിലും കാറ് വാങ്ങിക്കാൻ പോണു.അന്ന് സണ്ണിച്ചായന്റെ വീട്ടിൽ മാത്രമേ കാറുണ്ടാരുന്നുള്ളൂ. ഞായറാഴ്ചകളിൽ അവര് കാറേൽ കേറി പുറത്തോട്ട് പോവുമ്പോ എത്രയോ വട്ടം നോക്കി നിന്നിട്ടുണ്ട്.

കാറ് കൊണ്ടന്നാൽ ആരൊക്കെ ഏതൊക്കെ സീറ്റിലിരിക്കണം എന്നത് വരെ ഞങ്ങള് അതായത് ഞാനും ചേട്ടനും കുഞ്ഞനിയനും കൂടി ഏതാണ്ട് തീരുമാനത്തിൽ എത്തിയതായിരുന്നു. പിന്നീടാണറിയുന്നത് കാറു വാങ്ങിക്കണേൽ അമ്മച്ചിയുടെ കഴുത്തിലെ മാലയും ചിട്ടി പിടിച്ച കാശും കൂടി ഉണ്ടായാലേ നടക്കുള്ളൂന്ന്. തരുകെലെന്ന് അമ്മച്ചി തീർത്ത് പറഞ്ഞതോടെ അപ്പൻ കാറ് വാങ്ങിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി.

ഈ സ്വഭാവങ്ങൾ കൊണ്ട് തന്നെ ഞങ്ങൾക്കും അമ്മച്ചിയോട് ഇച്ചിരെ നീരസമൊക്കെ ഉണ്ടായീന്നുള്ളത് ശരിയാണ് ട്ടാ. ആർക്കായാലും ഉണ്ടാവില്ലേ.

ഒരിക്കൽ തോട്ടത്തിൽ നിന്ന് വരുന്ന വഴി അപ്പനൊരു ആക്സിഡന്റുണ്ടായി. ഇടിച്ച വണ്ടി നിർത്താതെ പോയത് കാരണം അപ്പൻ ഏറെനേരം ചോ രയിൽ കുളിച്ചു കിടക്കേണ്ടി വന്നാരുന്നു. ഒടുക്കം അതുവഴി വന്ന ഏതോ ലോറി ഡ്രൈവറാണ് അപ്പനെ പൊക്കിയെടുത്തോണ്ട് ആശുപത്രീല്ക്ക് എത്തിച്ചേ. വിവരമറിഞ്ഞ അമ്മച്ചി ഞങ്ങളെ ആന്റിയുടെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കി ആശുപത്രീലേക്ക് പോയി.

രണ്ടാഴ്ചയോളം ആശുപത്രീല് കിടക്കേണ്ടി വന്നു അപ്പന്. ഡിസ്ചാർജ് ചെയ്തു തിരികെ വീട്ടിലേക്ക് മടങ്ങുമ്പോ അമ്മച്ചിയുടെ കഴുത്ത് ശൂന്യമായിരുന്നു. ചിട്ടി പിടിച്ചു സ്വരൂപിച്ചു വെച്ച കാശ് തികയാഞ്ഞപ്പോ വിറ്റതാണത്രേ. ഒക്കെ കേട്ടപ്പോൾ ഞങ്ങടെ കണ്ണും നിറഞ്ഞു പോയി. അമ്മച്ചി അപ്പഴും ചിരിച്ചതേയുള്ളു.

അപ്പനെ കെട്ടിപ്പിടിച്ചോണ്ട് ഞങ്ങള് അകത്തേക്ക് നടക്കുമ്പോ അപ്പൻ പറയുവാ അമ്മച്ചിയാണ് മക്കളെ യഥാർത്ഥ ഹീറോയെന്ന്..അപ്പഴും അമ്മച്ചി ചിരിക്കുക മാത്രേ ചെയ്തുള്ളൂ.

അല്ലേലും ഹീറോകൾക്ക് ജയിച്ചു കാണിക്കാനല്ലേ അറിയത്തുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *