രാത്രിയും പകലുമില്ലാതെ പണിയെടുത്ത് കിട്ടുന്ന കാശ് സ്വരൂപിച്ച് മാസാവസാനം അമ്മയുടെ പേരിലേയ്ക്ക് അയയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു……..

Story written by Sumi

ഇരുപത്തിമൂന്നു വർഷങ്ങൾക്ക് മുൻപ് അറബിനാട്ടിലേയ്ക്ക് വിമാനം കയറാനൊരുങ്ങുമ്പോൾ ജീവിത പ്രാരാബ്ദ്ധങ്ങൾ മാത്രമാണ് അജയന് കൂട്ടിനുണ്ടായിരുന്നത്. രോഗശയ്യയിലായ അച്ഛനു കാവലിരിക്കുന്ന അമ്മയും, കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന രണ്ടു പെങ്ങന്മാരും പിന്നെ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനുജനും. ഉത്തരവാദിത്വങ്ങൾ മുഴുവൻ ചുമലിലേറ്റി തന്റെ ഇരുപത്തി നാലാം വയസ്സിൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രതീക്ഷയോടെ തന്നെ നോക്കിയ കണ്ണുകളായിരുന്നു പിന്നീടങ്ങോട്ടുള്ള കഷ്ടപ്പാടിലും മുന്നോട്ട് ജീവിക്കാൻ അയാളെ പ്രേരിപ്പിച്ചിരുന്നതും. ആകെയുണ്ടായിരുന്ന മൂന്നു സെന്റും വീടും പണയപ്പെടുത്തി കൂട്ടുകാരന്റെ വാക്ക് വിശ്വസിച്ച് ദുബായിലേയ്ക്ക് പറക്കുമ്പോൾ ഒരുപാട് സ്വപ്നം കണ്ടിരുന്നു അയാൾ. അറബി നാട്ടിൽ പണം കായ്ക്കുന്ന മരമുണ്ടാകുമെന്നും അതിൽ നിന്നും കുറേ കായ്കൾ ഇറുത്തെടുത്ത് നാട്ടിലേയ്ക്ക് തിരിച്ചുപോകാമെന്നും കരുതിയിട്ടുണ്ടാകും പാവം മനുഷ്യൻ.

കഥകളിലും കവിതകളിലും വായിച്ചിരുന്ന ഈന്തപ്പഴം കായ്ക്കുന്ന നാട്ടിലെ മധുരമൂറും വാക്കുകളൊക്കെ വെറും സങ്കല്പങ്ങൾ മാത്രമാണെന്ന് അറബി നാട്ടിലെ കൈപ്പേറിയ ജീവിതം അയാളെ പഠിപ്പിച്ചു. ഒരു ഡ്രൈവറായി ബിരുദധാരിയായ അജയനെ പറഞ്ഞയയ്ക്കുമ്പോൾ കൂട്ടുകാരന്റെ മനസ്സിലെ ചിന്താഗതി എന്തായിരുന്നു എന്നുമാത്രം ഉത്തരമില്ലാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു. ഒരുപക്ഷെ പ്രാരാബ്ദ്ധക്കാരനായ കൂട്ടുകാരൻ എങ്ങനെ യെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയിട്ടുണ്ടാകും അയാൾ.

രാത്രിയും പകലുമില്ലാതെ പണിയെടുത്ത് കിട്ടുന്ന കാശ് സ്വരൂപിച്ച് മാസാവസാനം അമ്മയുടെ പേരിലേയ്ക്ക് അയയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു. വിലകുറഞ്ഞ ഭക്ഷണവും കഴിച്ച് വെള്ളവും കുടിച്ച് ഒരു ചെറിയ റൂമിൽ ഇരുപത് പേർക്കിടയിൽ ഒരാളായി കിടക്കുമ്പോഴും പെങ്ങന്മാരുടെ കല്യാണവും അച്ഛന്റെ ചികിത്സയും അമ്മയുടെ സുരക്ഷിതത്വവും അനുജന്റെ പഠനവുമായിരുന്നു മനസ്സ് നിറയെ. ഓണവും വിഷുവുമെല്ലാം മധുരമുള്ള ഓർമ്മകളായി മനസ്സിൽ തെളിയുമ്പോൾ ജന്മനാട്ടിലെയ്ക്കൊന്ന് ഓടിയെത്താൻ മനസ്സ് വല്ലാതെ കൊതിയ്ക്കും. പക്ഷെ കഴിയില്ലല്ലോ….. അയാൾ ഒരു പ്രവാസി അല്ലേ….. ആഘോഷങ്ങളും കഴിവുകളുമെല്ലാം മനസ്സിലൊതുക്കി നിരാശയോടെ കഴിയേണ്ടുന്നവനല്ലേ…..

കുടുംബത്തിന് വേണ്ടി സിരകളിലൂടൊഴുകുന്ന ചോര വിയർപ്പാക്കി അലിയിച്ചു കളയണം. സങ്കടങ്ങളും സന്തോഷങ്ങളും നെഞ്ചിലടക്കി ഉരുകിത്തീരാൻ വിധിക്കപ്പെട്ടവൻ. ഒന്ന് പൊട്ടിച്ചിരിക്കാനോ കരയാനോ സ്വാതന്ത്ര്യമില്ലാതെ വീർപ്പടക്കിയിരിക്കേണ്ടുന്നവൻ.

എല്ലാവരെയും ഒരു കരയ്ക്കെത്തിച്ചിട്ട്‌ വേണം സ്വന്തം ജീവിതത്തെക്കുറിച്ച് അജയന് ചിന്തിക്കാൻ.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ പാട്ടുപാടാനും, ചിത്രം വരയ്ക്കാനും പ്രസംഗിക്കാനുമൊക്കെ കഴിവുള്ള അജയൻ എന്ന സമാന്യം തെറ്റില്ലാത്ത ചെറുപ്പക്കാരന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കാൻ ഒരുപാട് പെൺകുട്ടികളുണ്ടായിരുന്നു. പക്ഷെ കുഞ്ഞുനാൾ മുതൽ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ശ്രീലേഖ എന്ന പെൺകുട്ടിയോട് ഇഷ്ടം തോന്നിയത് എപ്പോഴാണെന്ന് മാത്രം അജയന് അറിയില്ലായിരുന്നു. അവളോടുള്ള തന്റെ ഇഷ്ടം തുറന്ന് പറയാൻ മടിച്ച് രഹസ്യമായി ഉള്ളിലടക്കി നടക്കുമ്പോഴും ആ പെൺകുട്ടി തന്റെ പ്രണയം തിരിച്ചറിയുന്നുണ്ടെന്ന് അവൻ വിശ്വസിച്ചു. മറ്റൊരാളു മായുള്ള അവളുടെ വിവാഹം നിശ്ചയിക്കപ്പെടുന്നതുവരെ മാത്രം നീണ്ടുനിന്നു ആ വിശ്വാസം. ശ്രീലേഖയുടെ വിവാഹം കഴിഞ്ഞു പോകുമ്പോൾ വിവാഹപ്രായം പോലുമാകാത്ത അജയന് നിശബ്ദനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. പിന്നെയൊരു പ്രണയം അയാളുടെ മനസ്സിൽ പൂത്തിട്ടുമില്ല……. തളിർത്തിട്ടുമില്ല….

മസ്കറ്റിൽ കൺസ്ട്രക്ഷൻ പണി ചെയ്തിരുന്ന അച്ഛൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും തെന്നിവീണു നടുവിന് പരുക്കുപറ്റി നാട്ടിലേയ്ക്ക് കൊണ്ടുവന്നതോടെ ഡിഗ്രി അവസാനവർഷം പഠിച്ചുകൊണ്ടിരുന്ന അജയന്റെ പഠനവും മുടങ്ങിയിരുന്നു. എങ്കിലും ആ വർഷം പരീക്ഷയെഴുതി ഒരു ഡിഗ്രി സെർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ അയാൾ മറന്നില്ല.

അത്യാവശ്യം സാമ്പത്തിക ചുറ്റുപാടിൽ വളർന്ന അവരുടെ ജീവിതം ക്രമേണ ദാരിദ്ര്യത്തിന്റെ പടികൾ ചവിട്ടി കയറാൻ തുടങ്ങി. ഉള്ളതെല്ലാം വിറ്റ്പെറുക്കിയും കടംവാങ്ങിയും അച്ഛന്റെ ചികിത്സ നടത്താൻ തുടങ്ങിയതോടെ കയ്യിൽ ഒന്നു മില്ലാത്ത അവസ്ഥയായി. കിടക്കാനുള്ള സ്ഥലമാത്രം ആവശേഷിച്ചു. ഇപ്പോൾ അതും പണയപ്പെടുത്തിയാണ് അജയൻ ജീവിതം തേടി മണൽക്കാടുകൾ താണ്ടാൻ തുടങ്ങിയിരിക്കുന്നതും.

നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം …… ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട്…….. അയാൾ തിരിഞ്ഞ് തന്റെ ജീവിതത്തിലേയ്ക്ക് നോക്കുമ്പോൾ അവിടം ശൂന്യമായിരുന്നു. രാപകലില്ലാതെ വിയർപ്പൊഴുക്കി ഉണ്ടാക്കിയതെല്ലാം ഊറ്റിയെടുത്ത് സഹോദരങ്ങൾ അവരുടെ ജീവിതം മെച്ചപ്പെടുത്തി. അച്ഛന്റെ മരണശേഷം ഡോക്ടറായ അനുജന്റെ കൂടെ അമ്മ താമസമാക്കുകകൂടി ചെയ്തതോടെ തനിയ്ക്ക് ആരുമില്ലാതെയായി. എല്ലാവരും കുടുംബവും കുട്ടികളുമായി സുഖമായി ജീവിക്കുമ്പോൾ താൻ മാത്രം മണൽത്തിട്ടകൾ ചവിട്ടി മെതിച്ച് നടന്നു. വല്ലപ്പോഴും നാട്ടിലേയ്ക്ക് ചെല്ലുമ്പോൾ തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പെറ്റമ്മപോലും ഉണ്ടായിരുന്നില്ല.

കാത്തിരിക്കാൻ ആരുമില്ലാത്തതുകൊണ്ടും സമ്പാദ്യങ്ങൾ ഒന്നുമില്ലാത്തതു കൊണ്ടും നാട്ടിലേയ്ക്ക് പോകാൻ കഴിയാതെ ഈ നാല്പത്തേഴാം വയസ്സിലും വണ്ടിയുടെ വളയം പിടിച്ച് ഇവിടെയിങ്ങനെ……

ഇനി അതിനും കഴിയില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ടാക്സി ഓടിക്കുന്നിതിനയിൽ പറ്റിയ ചെറിയൊരു പാളിച്ച നിയന്ത്രണം വിട്ട് മണൽത്തിട്ടയിൽ ഇടിച്ചു മറിഞ്ഞ വണ്ടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ബോധമുണ്ടായിരുന്നില്ല. ഓർമ്മ വീണപ്പോൾ വീട്ടിൽ അറിയിക്കണോ എന്നാരോ ചോദിച്ചു. അവിടെ ആരുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. വലിയ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിലും സ്റ്റിയറിങ്ങിൽ ഇടിച്ചു നെറ്റിയുടെ വലതു ഭാഗത്ത് വലിയൊരു മുറിവ് പറ്റിയിരുന്നു.

കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു. ഭാഗ്യത്തിന് അവിടെ ഒരു മലയാളിയായ ഡോക്ടർ ആയിരുന്നതുകൊണ്ട് അത്യാവശ്യം കാര്യങ്ങളൊക്കെ നടന്നു. അജയനെ ശുശ്രൂഷിക്കാനായി ഇന്തോനേഷ്യക്കാരിയായ ഒരു നഴ്സിനെ ഏർപ്പാട് ചെയ്തു ആ ഡോക്ടർ.

മെഹറിൻ അതായിരുന്നു അവരുടെ പേര്. നാൽപതിനോടടുത്ത പ്രായം. വളരെ സ്നേഹത്തോടെയും അതീവ ശ്രദ്ധയോടെയും അയാളെ പരിചരിച്ചു അവർ. ഭാഷ ഒരു പ്രശ്നമായിരുന്നെങ്കിലും അറബിലും ഇംഗ്ലീഷിലുമൊക്കെയായി ആശയ വിനിമയം നടത്തി രണ്ടുപേരും.

അജയനെപ്പോലെ തന്നെ ഇരുപത്തൊന്നാം വയസ്സിൽ ഗൾഫിലേയ്ക്ക് വന്നതാണ് മെഹറിനും പ്രാരാബ്ദ്ധങ്ങൾ തന്നെയായിരുന്നു പ്രശ്നം. എല്ലാം തീർത്തു കഴിഞ്ഞപ്പോഴേയ്ക്കും പ്രായം കഴിഞ്ഞുപോയത് അറിഞ്ഞില്ല. എങ്കിലും നാട്ടിൽ അവരെ കത്തിരിക്കാൻ ബന്ധുക്കളുണ്ട്….. സമ്പാദ്യങ്ങൾ ഉണ്ട്. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും ജന്മനാട്ടിലേക്യ്ക്ക് മടങ്ങിപ്പോകാം അവർക്ക്. രണ്ടു പേരുടെയും അവസ്ഥ ഏകദേശം ഒന്നായിരുന്നതുകൊണ്ട് പരസ്പരം മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു. അവർക്കിടയിൽ ഇനിയൊരു പ്രണയത്തിന് സ്ഥാനമില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർത്തവരാണ്. ജോലിചെയ്ത് ക്ഷീണിച്ച് അവശരായി വീട്ടിലേയ്ക്ക് വരുമ്പോൾ തലചായ്ക്കാൻ ഒരു തോളും…….. ദാഹിച്ചു തൊണ്ട വരളുമ്പോൾ ഒരു ഗ്ലാസ്സ് വെള്ളം കോരിക്കൊടുക്കാൻ ഒരു കയ്യും…… അതാണ് അവർ രണ്ടുപേരും ആഗ്രഹിക്കുന്നത്. പരസ്പരം താങ്ങും തണലുമാകാൻ…… ശേഷിച്ച ജീവിതത്തിൽ സ്നേഹിച്ചു കൊതിതീർക്കാൻ അവർ ഒന്നാകാൻ തീരുമാനിച്ചു.

അജയൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി പോകുന്ന ദിവസം രണ്ടുപേരും ഫോൺ നമ്പർ വാങ്ങിയിരുന്നു.

ഒരു വർഷത്തിനു ശേഷം മെഹറിൻ ഇന്ന് അവളുടെ നാട്ടിലേയ്ക്ക് തിരിച്ചു പോവുകയാണ്. പോകുമ്പോൾ അവളുടെ കൂടെ അജയനും ഉണ്ട്. ജന്മനാട്ടിലേയ്ക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നുറപ്പിച്ച്…… മറ്റൊരു പ്രവാസത്തിലെയ്ക്ക് അയാൾ പോകുന്നു….. ആവശ്യങ്ങൾ എല്ലാം തീർന്നപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും തിരക്കാത്ത ബന്ധുക്കളെ തേടി ഇനിയെന്തിനു അയാൾ നാട്ടിലേയ്ക്ക് പോണം.

ഭാഷ അറിയില്ലെങ്കിലും സ്നേഹിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള മനസ്സ് രണ്ടുപേർക്കും ഉണ്ട്. ഏത് നാട്ടിൽ ജീവിച്ചാലും ഏത് ഭാഷ സംസാരിച്ചാലും ഒരു സ്ത്രീയക്കും പുരുഷനും വേണ്ടതും അതുതന്നെയാണ്. അവരുടെ ജീവിതം ശേഷിക്കുന്ന കാലം സുഖമായി മുന്നോട്ട് പോകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *