ഒരു ദിവസം ഞാൻ വെള്ളം കോരാൻ ചെന്നപ്പോൾ ആ വീടിന്റെ ജനലിൽക്കൂടി രണ്ടു കണ്ണുകൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു . ഞാൻ പതിയെ അടിമുടി ഒന്ന് നോക്കി….

എഴുത്ത്:- സാജു പി കോട്ടയം

കൊറേ വർഷങ്ങൾക്ക് മുൻപ് നടന്നൊരു സംഭവമാണ്.

അന്ന് ഞാൻ അവിവാഹിതനായിരുന്നു.. കൂട്ടുകാരുടെ കൂടെ കൂടി ദൂരെ സ്ഥലങ്ങളിൽ താമസിച്ചു പണിക്ക് പോകും. നാട്ടിൽ പണിയൊന്നും ചെയ്യില്ലെങ്കിലും ദൂരെ ദേശത്തു പോയാൽ രണ്ടു ഗുണമുണ്ട് . എന്നും വെള്ളമടി നടക്കും പിന്നെ പല പല നാടും കാണാൻ പറ്റും. പിന്നെ നാട്ടിൽ വരുമ്പോൾ ഇഷ്ടംപോലെ കാശും കൈയിൽ കാണും അത് തീരുംവരെ ഞെളിഞ്ഞു നടക്കാം. അങ്ങനെ കേരളത്തിലും തമിഴ്നാട്ടിലും ബാംഗ്ളൂരിലുമൊക്കെയായി കുറെ നാൾ കറങ്ങി നടന്നു. അതൊക്കെ ഒരു കാലം.

ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കുന്നതിനിടെ ത്രിശൂർ ഒരു വർക്ക്‌ കിട്ടി. ഏകദേശം രണ്ടോ മൂന്നോ മാസം അവിടെ ചിലവഴിക്കേണ്ടി വരും. ഞാനും പണിക്കാരും സാധനജഗമവസ്തുക്കൾ എല്ലാം വച്ചുകെട്ടി നേരെ ത്രിശൂർക്ക് വണ്ടി വിട്ടു.

അവിടാണ് നമ്മുടെ കഥ തുടങ്ങുന്നത്.

ഒരു വലിയ വീടിന്റെ പെയ്റ്റിംഗ് & പോളിഷിങ് വർക്ക്‌ ആണ് ചെയ്യേണ്ടത് ആദ്യം തന്നെ പരിസരമൊക്കെ ഒന്ന് വീഷിച്ചു അടുത്ത് ഒരു വീട് മാത്രം അവിടെ ഒരു അമ്മച്ചി മാത്രമാണ് താമസിക്കുന്നത് . ഞങ്ങൾ ജോലിചെയ്യുന്ന വീട്ടിൽ പുതിയ കിണർ ആയതിനാൽ വെള്ളം കുടിക്കാൻ അമ്മച്ചിയുടെ വീട്ടിലെ കിണറാണ് ഉപയോഗിക്കുന്നത്. അങ്ങനെ ഒന്നുരണ്ടു ആഴ്ച കഴിഞ്ഞു.

ഒരു ദിവസം ഞാൻ വെള്ളം കോരാൻ ചെന്നപ്പോൾ ആ വീടിന്റെ ജനലിൽക്കൂടി രണ്ടു കണ്ണുകൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു . ഞാൻ പതിയെ അടിമുടി ഒന്ന് നോക്കി പെണ്ണാണ് എന്തെങ്കിലും ഒന്ന് ചോദിക്കാമെന്ന് കരുതി അടുത്തേക്ക് ചെന്നപ്പോൾ അവൾ ആകത്തേക്ക് പതിയെ വലിഞ്ഞു. ആദ്യമായി കണ്ടതിന്റെ ചമ്മലോ പേടിയോ ആയിരിക്കും പെണ്ണല്ലേ.

അമ്മച്ചിയുടെ അകന്ന ബന്ധത്തിലുള്ള ആരോ കൊണ്ടുവന്നു ആക്കിയതാണ് അമ്മച്ചിക്ക് ഒരു കൂട്ടിനു.

പിന്നിടുള്ള ദിവസങ്ങളിൽ മിക്കവാറും ഞാൻ തന്നെയാണ് വെള്ളം കോരാൻ പോകുന്നത് അപ്പോഴെല്ലാം ഞങ്ങൾ പരസ്പരം കാണും കണ്ണുകൾ കൊണ്ട് സംസാരിക്കും. ഇതൊന്നും ആദ്യമൊക്കെ അമ്മച്ചിയുടെ കണ്ണിൽ പെട്ടില്ലെങ്കിലും കൂടെ പണിയുന്ന ചിലയവന്മാരുടെ കണ്ണിൽ പെട്ടു.

മിക്കവാറും ദിവസം അവളുടെ കളിയും ചിരിയുമൊക്കെ എന്റെ ജോലിയുടെ മടുപ്പ് മാറ്റി ഇടയ്ക്കൊക്കെ അമ്മച്ചി കാണാതെ ജനലിക്കൂടെ എന്റെയൊരു ആഹാരത്തിന്റെ പങ്കു വരെയും അവൾക്കായി ഞാൻ പകുത്തു കൊടുത്തു.

“നിന്റെ ഈ പോക്ക് ശെരിയല്ല കേട്ടോ” കൂട്ടുകാർ ഉപദേശിച്ചു തുടങ്ങി.

എനിക്കണേ നാൾക്ക്നാൾ സ്നേഹം കൂടിക്കൂടി വന്നു.

അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം നാട്ടിലേക്ക് പോകേണ്ട അത്യാവശ്യം വന്നു. രാത്രിയിൽ തന്നെ അവിടുന്ന് യാത്രയായി ഒന്ന് കാണാനോ മിണ്ടാനോ പറ്റിയില്ല.

പിന്നീട് വേറെ കുറച്ചു സൈറ്റിൽ അര്ജന്റ് വർക്ക്‌ ഉള്ളതുകൊണ്ട് പെട്ടന്ന് തിരിച്ചു പോകാനും കഴിഞ്ഞില്ല. പിന്നെയും ഒരു മാസം കഴിഞ്ഞു അവിടേക്ക് തന്നെ തിരിച്ചു ചെന്നു ഒരാഴ്ചത്തെ ഫിനിഷിങ് വർക്ക്‌ ഉണ്ട് അതുകഴിഞ്ഞാൽ അവിടുന്ന് യാത്ര പറഞ്ഞു പോരണം.

വന്നിട്ട് രണ്ടു ദിവസമായെങ്കിലും ഞാൻ അങ്ങോട്ട്‌ പോയില്ല അവളെ ഫേസ് ചെയ്യാനൊരു വിഷമം. ഇനിയും തമ്മിൽ കണ്ടുകഴിഞ്ഞാൽ ഇപ്പോഴുള്ള വിഷമത്തെക്കാൾ കൂടുതൽ പ്രയാസമുണ്ടാക്കും അതുകൊണ്ടാണ് മനഃപൂർവം ഒഴിഞ്ഞു മാറിയത്.

എങ്കിലും ദൂരെനിന്ന് അവൾ കാണാതെ ഞാൻ നോക്കും. അപ്പോഴൊക്കെയും അവൾ ജനലിൽക്കൂടി ഇങ്ങോട്ടേക്കു നോക്കി നിക്കുന്നുണ്ടായിരുന്നു.

അവസാന ദിവസം

വണ്ടിയിൽ സാധനങ്ങൾ കയറ്റി ഞങ്ങൾ എല്ലാരോടും യാത്ര പറഞ്ഞു. കൂട്ടുകാർ അമ്മച്ചിയോടു യാത്ര പറഞ്ഞു തിരിച്ചു വന്നു.

നീ അമ്മച്ചിയോട് യാത്ര പറയുന്നില്ലേ? കൂട്ടത്തിൽ ആരോ ചോദിച്ചു.

ഞാൻ പതിയെ അമ്മച്ചിയുടെ വീട്ടിലേക്കു ചെന്നു അമ്മച്ചിയോടു നന്ദി പറഞ്ഞു യാത്രചോദിക്കുമ്പോ അറിയാതെ കണ്ണുകൾ ജനാലയിലേക്ക് നീങ്ങി.

അവിടെ അവൾ കണ്ണുകൾ നിറഞ്ഞു എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നു.

ഞാൻ അരികിലേക്ക് ചെന്നപ്പോൾ അവൾ പിന്നോട്ട് മാറി തല കുനിച്ചു ഭിത്തിയിൽ ചേർന്ന് നിന്ന് ഒരു തേങ്ങൽ…

നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ കൂടെ കൊണ്ടുപോയ്ക്കൂടെ…? നിങ്ങൾ പോയതിനു ശേഷം ആഹാരം പോലുമവൾ ശെരിക്കും കഴിച്ചിട്ടില്ല.

ഇവളെയും കൊണ്ട് വീട്ടിൽ ചെന്നാൽ എതിർപ്പുകളുണ്ടാവും എന്നാലും അവളെ അവിടെ വിട്ടുകളയാൻ മനസുവന്നില്ല.

അമ്മച്ചി വാതിൽ തുറന്നു.

അവൾ കരഞ്ഞുകൊണ്ടോടി വന്നു എന്റെ കാലിൽ കെട്ടിപിടിച്ചു . ഞാനവളെ കോരിയെടുത്തു അവളെന്റെ മുഖത്തും തലയിലുമെല്ലാം വാലാട്ടിക്കൊണ്ട് ഉമ്മവയ്ക്കുകയും നക്കുകയുമൊക്കെ ചെയ്തു സ്നേഹം പ്രകടനം നടത്തി ❤

NB: സ്നേഹിക്കാൻ മനുഷ്യരേക്കൾ നല്ലത് മൃഗങ്ങൾ തന്നെയാ ❤❤😘🙏🙏

Leave a Reply

Your email address will not be published. Required fields are marked *