ഒരു പക്ഷേ അയാൾക്ക് തന്നെ ഒരു ഭാര്യയായി അംഗീകരിക്കാൻ കഴിയില്ലായിരിക്കാം. മറ്റൊരാളോടൊപ്പം ജീവിച്ച പെണ്ണിനെ സ്വീകരിക്കാൻ മടിയുണ്ടാകും……

എഴുത്ത്:-സുമി

ചാരിയ വാതിൽ മെല്ലെ തുറന്ന് ആരതി റൂമിലേയ്ക്ക് കടന്നു വരുമ്പോൾ ആദിത്യൻ എന്തോ ആലോചനയിലാണ്ട് കസേരയിൽ ഇരിക്കുന്നു. ചുണ്ടിൽ പുകയുന്ന സിiഗററ്റ്….. ഇടയ്ക്കിടക്ക് പുറത്തേക്ക് ഊതി വിടുന്ന പുക ആ മുറിയാകെ നിറഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി. സിഗi ററ്റിൻ്റെ മനം മടുപ്പിക്കുന്ന ഗന്ധം….. പണ്ടേ അവൾക്കിഷ്ടമല്ലായിരുന്നു. എങ്കിലും യാതൊരു ഭാവവ്യത്യാസവും കൂടാതെ അവൾ അയ്യാൾക്കരുകിലെത്തി.

” പാല്”…. കയ്യിലിരുന്ന ഗ്ലാസ്സ് ആദിത്യന് നേരേ നീട്ടി അവൾ നിന്നു.

മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അയ്യാൾ തലകുനിച്ചിരിക്കുന്നത് കണ്ട് അവൾ ചെറുതായൊന്ന് ചുമച്ചു. ആദിത്യൻ തലയുയർത്തി അവളുടെ മുഖത്തേയ്ക്ക് നോക്കി. ആരതിയുടെ മുഖത്ത് വല്ലാത്തൊരു ഭംഗി അയാൾ കണ്ടു. മുൻപ് എത്രയോ തവണ താനവളെ കണ്ടിരിക്കുന്നു. വീട്ടിനു തൊട്ടടുത്ത് താമസിക്കുന്നവൾ. ഒരുമിച്ച് ഒരേ സ്കൂളിലും കോളേജിലും പഠിച്ചവർ. കുട്ടിക്കാലം മുതൽ ഒന്നിച്ച് കൂട്ടുകൂടി നടന്നവർ….. പക്ഷേ അന്നൊന്നും ഇവളിലെ സൗന്ദര്യം താൻ കണ്ടിരുന്നില്ല. ഇപ്പോൾ ഈ സൗന്ദര്യത്തിന് വല്ലാത്ത വശ്യതയുള്ളതു പോലെ….. ആദിത്യൻ മനസ്സിൽ ചിന്തിച്ചുപോയി.

അവൻ മെല്ലെ കസേരയിൽ നിന്നും എണീറ്റു. അവളുടെ കൈയ്യിൽ നിന്നും പാൽഗ്ലാസ്സ് വാങ്ങി മേശപ്പുറത്ത് വച്ചു. ആ പെണ്ണിൻ്റെ കണ്ണുകളിലേയ്ക്ക് നോക്കാനുള്ള ശക്തി അയാൾക്കില്ലായിരുന്നു.

” തനിക്ക് ഉറക്കം വരുന്നെങ്കിൽ കിടന്നോളു. ” അടുത്തു കിടക്കുന്ന കട്ടിലിലേയ്ക്ക് വിരൽ ചൂണ്ടി അവൻ പറഞ്ഞു. ” ഞാൻ കിടക്കുമ്പോൾ ഒരുപാട് ലേറ്റാകും. അതുവരെ നോക്കി ഇരിക്കണ്ട….. കിടന്നോളു. ” ആ ശബ്ദത്തിലൊരു താക്കീതിൻ്റെ സ്വരമുള്ളതുപോലെ തോന്നി. അയാളുടെ കണ്ണുകളിലെ തീക്ഷണത അവളെ വല്ലാതെ ഭയപ്പെടുത്തി

ഒരു നവവധുവിൻ്റെ നാണമൊന്നും ആരതിയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. എവിടെയോ ഒരു സ്വരചേർച്ചയില്ലായ്മയുടെ ഗന്ധം അവൾക്ക് ഫീൽ ചെയ്തു. അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവൾ അയാൾ പറഞ്ഞത് അനുസരിച്ചു.

എത്ര ശ്രമിച്ചിട്ടും ഉറക്കം വരാതെ നിശബ്ദയായി അവൾ കിടന്നു. തൻ്റെ ജീവിതത്തിൽ ഇനിയുമെന്തൊക്കെയോ അരുതാത്ത കാര്യങ്ങൾ സംഭവിക്കുമെന്നൊരു ഭയം ആ മനസ്സിനെ വല്ലാതെ അലട്ടുന്നു ണ്ടായിരുന്നു. അപ്പോഴും ആദിത്യൻ പഴയതു പോലെ സിഗരറ്റും പുകച്ചുകൊണ്ട് കസേരയിൽതന്നെ ഇരുന്നു. എന്തോ അഗാധമായൊരു ചിന്തയിലായിരുന്നു അയാൾ.

മനസ്സു കൊടുത്ത് സ്നേഹിച്ചപ്പെണ്ണ് മറ്റൊരാളുടേതായപ്പോൾ….. ജീവിതത്തിൽ ഇനിയൊരിക്കലും ഒരു വിവാഹം വേണ്ടാ എന്നു തീരുമാനിച്ചിരുന്നതാണ്. ആത്മാർത്ഥമായി ചിരിച്ചു കൊണ്ട് ആണിനെ വഞ്ചിക്കുന്നവളാണ് പെണ്ണ്….. അതുകൊണ്ടുതന്നെ ഇനിയൊരു പെണ്ണിനേയും വിശ്വസിക്കുകയോ സ്നേഹിക്കുകയോ ചെയ്യില്ലെന്ന് ശപഥമെടുത്തിരുന്നതാണ്. പക്ഷേ ആ ശപഥം തെറ്റിക്കേണ്ടി വന്നിരിക്കുന്നു. ഒരിക്കലും ഭാര്യയായി സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു പെണ്ണ് തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു. അതും ഒരു വിധവ…..

ഓർക്കും തോറും അയാൾ ഊതി വിടുന്ന പുകയുടെ ശക്തിയേറി ക്കൊണ്ടിരുന്നു.

എത്ര സമയം അങ്ങനെ ഇരുന്നെന്ന് അറിയില്ല. അയ്യാൾ കസേരയിൽ തന്നെയിരുന്ന് ഉറങ്ങിപ്പോയി. അപ്പോഴും ഉറക്കം വരാതെ ആരതി തൻ്റെ കട്ടിലിൽ കിടക്കുന്നത് ഓർത്തതേയില്ല.

ആരതിക്ക് ഭയാനകമായ ഒരു രാത്രി സമ്മാനിച്ച് ആദിത്യൻ കസേരയിൽ ചാരിക്കിടന്ന് സുഖമായുറങ്ങി. ജീവിതത്തിൽ സംഭവിച്ച വലിയ ഒരു ദുരന്തത്തിൽ നിന്നും മറ്റൊരു ദുരന്തത്തിലേയ്ക്കുള്ള യാത്രയുടെ തുടക്കമാണെന്നോർത്ത് ഉറക്കം വരാതെ അവളും.

ഒരിക്കൽ നിർത്താതെ ഒഴുകിയ കണ്ണുനീർത്തുള്ളികൾ വീണ്ടുമാ മിഴികളിൽ നിറയാൻ തുടങ്ങുകയാണോ എന്നവൾക്ക് തോന്നി.

ആദിത്യൻ്റെ അമ്മ വിവാഹക്കാര്യം സൂചിപ്പിച്ചപ്പോൾ അതു ശരിയാകില്ല എന്നു പറയാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല. കുഞ്ഞുന്നാൾ മുതൽ അറിയുന്ന ആൾ. വളരെ നല്ല സ്വഭാവം. നാട്ടിൽ എല്ലാവർക്കും ആദിത്യനെ വളരെ ഇഷ്ടമായിരുന്നു. ഒരാളും അയാളെ കുറിച്ച് കുറ്റം പറഞ്ഞ് കേട്ടിട്ടില്ല. അതുകൊണ്ടു തന്നെ ജീവിതം മുരടിച്ചു പോയൊരു പെണ്ണിന് സന്തോഷത്തോടെ സ്വീകരിക്കാൻ പറ്റുന്നൊരു ബന്ധമായിരുന്നു അത്.

ആദിത്യനോടൊപ്പം സ്കൂളിൽ പോയിരുന്നതും ഒരേ ക്ലാസ്സിലിരുന്ന് പഠിച്ചതും….. മുതിർന്നപ്പോൾ ഒരു പുഞ്ചിരിയിലൊതുക്കിയിരുന്നതുമായ സൗഹൃദം അവൾ ഓർത്തെടുത്തു. പക്ഷെ തൻ്റെ മനസ്സിലെപ്പോഴോ അവനോട് തോന്നിയ പ്രണയം പറയുവാൻ മടിച്ച് മനസ്സിലൊളിപ്പിച്ച് നടന്നൊരു കാലമുണ്ടായിരുന്നു. പറയണമെന്ന് കരുതിയപ്പോ ഴൊക്കെയും മനസ്സിലെ അപകർഷതാബോധം അതിനെ മറച്ചുകളഞ്ഞു.

കറുത്തു മെലിഞ്ഞ ഒരു പെൺകുട്ടി. പല്ലുകൾ അൽപം പൊന്തിയിരുന്ന മുഖത്ത് സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന ഒരു ഭംഗി. അതു കൊണ്ടു ആൺകുട്ടികളൊന്നും അന്നു അവളെ ഇഷ്ടപ്പെടില്ലായിരുന്നു. കൂലിപ്പണിക്കാരായ അച്ഛൻ്റേയും അമ്മയുടേയും നാല് പെൺമക്കളിൽ അവസാനത്തേത്. ആകെ ഒരു ചേച്ചിയുടെ വിവാഹം മാത്രമെ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു. ആദിത്യനെപ്പോലെ സുന്ദരനായ അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള ഒരാളെ ഒരിക്കലും സ്വപ്നം കാണാൻ യോഗ്യതയില്ലാത്ത പെണ്ണ്. സ്വന്തം കുറവുകൾ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു മാറിയവൾ. പക്ഷേ ഇന്ന് ആ മനുഷ്യൻ്റെ ഭാര്യയായി അയാളുടെ മുറിയിൽ കിടക്കുമ്പോഴും രണ്ടു പേർക്കുമിടയിൽ ഒരുപാട് അകലമുള്ളതു പോലെ ആരതിയ്ക്ക് തോന്നി. ഒരിക്കലും അടുക്കാൻ കഴിയാത്ത വിധമുള്ള അകലമായിരുന്നു അതെന്ന് ആ പാവം ചിന്തിച്ചു കാണില്ല.

ഒരു പക്ഷേ അയാൾക്ക് തന്നെ ഒരു ഭാര്യയായി അംഗീകരിക്കാൻ കഴിയില്ലായിരിക്കാം. മറ്റൊരാളോടൊപ്പം ജീവിച്ച പെണ്ണിനെ സ്വീകരിക്കാൻ മടിയുണ്ടാകും. പിന്നെന്തിനാകും തന്നെപ്പോലൊരു വിധവയെ വിവാഹം ചെയ്യാൻ ആ മനുഷ്യൻ തീരുമാനിച്ചത്? ഇനി ഒരു പക്ഷേ ആരെങ്കിലും നിർബന്ധിച്ചിട്ടാകുമോ? അങ്ങനെ ഒത്തിരി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിച്ച മനസ്സുമായി കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ അവൾ ഉറങ്ങിപ്പോയി.

രാവിലെ എഴുന്നേൽക്കുമ്പോൾ ആദിത്യൻ റൂമിലുണ്ടായിരുന്നില്ല. അവൾ ഉറക്കമുണർന്ന് അടുക്കളയിൽ ചെല്ലുമ്പോൾ അയാളുടെ അമ്മ ചായയും കാപ്പിയുമൊക്കെ ഉണ്ടാക്കി മേശപ്പുറത്ത് വച്ചിരുന്നു.

” ആദിത്യൻ എവിടെപ്പോയതാ അമ്മേ….?” അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അമ്മ തിരിഞ്ഞു നോക്കി.

” ആ മോള് എണീറ്റോ….. അവൻ അപ്പുറത്തെങ്ങാനും കാണും. ജോലിക്കു പോകാനുള്ള ഒരുക്കത്തിലാകും”…… അതും പറഞ്ഞ് ആ സ്ത്രീ തൻ്റെ ജോലി തുടർന്നു.

ആ വലിയ വീടിൻ്റെ ഓരോ റൂമിലും നോക്കിയ ശേഷം അവൾ മുറ്റത്തേയ്ക്കിറങ്ങി. അപ്പോൾ അയാൾ ചെടികൾ നനച്ചു കൊണ്ട് നിൽക്കുന്നതാണ് കണ്ടത്. ആരതി അടുത്തേയ്ക്ക് ചെന്നു.

” ആ താൻ എണീറ്റോ….?”

” മ്മ്”

” തനിക്ക് വേണ്ട ഡ്രസ്സും മറ്റുമൊക്കെ മുറിയിലെ ഷെൽഫിലുണ്ട്”

” മ്മ്”

” പിന്നെ ഈ പഴയ കാലത്തെ ഭാര്യമാരെപ്പോലെ ഞാൻ ജോലി കഴിഞ്ഞെത്തുന്നതും കാത്ത് ഇരിക്കണ്ട. ഇയ്യാൾ സ്വന്തം കാര്യങ്ങൾ മാത്രം നോക്കിയാൽ മതി കേട്ടോ “

“മ്മ്”

” എവിടെയെങ്കിലും പോകാനോ മറ്റോ ഉണ്ടെങ്കിൽ അമ്മയേയും കൂട്ടി പോകണം. എന്നെ ഒന്നിനും നിർബന്ധിക്കരുത്” അപ്പോഴേക്കും അയാളുടെ മൊബൈൽ റിംഗ് ചെയ്തു. ഓസ് ആരതിയുടെ കൈയ്യിൽ കൊടുത്ത് ബാക്കിയുള്ള ചെടികൾ നനയ്ക്കാൻ പറഞ്ഞ് അകത്തേയ്ക്ക് പോവുകയും ചെയ്തു.

അയാൾ പറഞ്ഞതൊന്നും മനസ്സിലാകാതെ അവൾ നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആദിത്യൻ കുളിച്ച് ഒരുങ്ങി ജോലിക്ക് പോകാനായി പുറത്തേയ്ക്ക് വന്ന് ബൈക്കിൽ കയറി പോകാനൊരുങ്ങി. അപ്പോഴും അയാൾ അവളുടെ മുഖത്ത് നോക്കുകയോ യാത്ര പറയുകയോ ചെയ്തില്ല

അവൾ തിരികെ അടുക്കളയിലേക്ക് വന്ന് അമ്മയെ സഹായിക്കാൻ തുടങ്ങി. ആ സ്ത്രീയോടും എന്തൊക്കൊയോ ചോദിക്കണമെന്നുണ്ടെങ്കിലും അവൾക്കതിനുള്ള ധൈര്യമുണ്ടായിരുന്നില്ല.

ദിവസങ്ങൾ കഴിയവേ അവൾക്ക് ചോദിക്കാതിരിക്കാൻ കഴിയു മായിരുന്നില്ല.

” അമ്മേ….. ഈ ആദിത്യനെന്താ ഇങ്ങനെ”

” എന്തു പറ്റി മോളേ” അവർ സംശയത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി.

” അത്….. ആദിത്യൻ എന്നോട് അധികം സംസാരിക്കുന്നില്ല.”

” ഓ….അതൊക്കെ ആദ്യമായതു കൊണ്ടാകും. പിന്നീട് ശരിയാകും….. മോള് അവനോട് കൂടുതൽ അടുത്ത് ഇടപഴകിയാൽ മതി. കല്യാണമേ വേണ്ട എന്നു പറഞ്ഞു നടന്നവനല്ലേ. അതുകൊണ്ടാകും.”

പിന്നീട് ഒന്നും ചോദിക്കാൻ അവൾക്ക് തോന്നിയില്ല.

ദിവസങ്ങൾ മുന്നോട്ട് നീങ്ങവേ ആരതിയുടെ ജീവിതത്തിൽ മാറ്റങ്ങ ളൊന്നും സംഭവിച്ചില്ല. ആദിത്യൻ്റെ സംസാരം ഒട്ടുമില്ലാതെയായി. അവളുടെ മുഖത്തു പോലും നോക്കാറില്ലായിരുന്നു. അമ്മയും മകനും മാത്രമുള്ള ആ വലിയ വീട്ടിൽ ആരതി തീർത്തും ഒറ്റപ്പെട്ടിരുന്നു. അധ്യാപ. കനായ മകൻ ജോലിക്ക് പോയിക്കഴിഞ്ഞാലുടൻ അമ്മ തൻ്റെ റൂമിൽ കയറി വാതിലടച്ചു കിടപ്പാണ്. അവരും അവളോട് അധികം സംസാരിക്കാ റില്ലായിരുന്നു. മുൻപൊരിക്കൽ ………കൂട്ടിന് ആരുമില്ലാതെ…………. ഒറ്റപ്പെട്ടുപോയവൾ ഇന്ന് ആളുണ്ടായിട്ടും…… എല്ലാമുണ്ടായിട്ടും………. സ്വർണ്ണകൂട്ടിലടയ്ക്കപ്പെട്ടിരിക്കുന്നു.

വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞെത്തുന്ന ആദിത്യൻ്റെ കാര്യങ്ങൾ നോക്കുന്നത് അമ്മതന്നെയായിരുന്നു. ആരതി എന്നൊരു പെണ്ണിനെ അയാൾ മറന്നുപോയിരുന്നു.

തന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ ? അതോ താനൊരു വിധവ ആയതാണോ അയാളുടെ പ്രശ്നമെന്ന് പിടികിട്ടാതെ ആരതി ദിവസങ്ങൾ തള്ളിനീക്കി കഴിഞ്ഞു.

അച്ഛൻ്റെയും അമ്മയുടേയും മരണശേഷം പല കുടുംബങ്ങളിൽ ചേക്കേറിയിരുന്ന ചേച്ചിമാർ മൂന്നും ചേർന്ന് തനിക്ക് ഒരു വിവാഹം ഉറപ്പിച്ചു. അന്നും ആരും തന്നോട് ഒരു വാക്ക് പോലും ചോദിച്ചിരുന്നില്ല.

ഇരുപത്താറ് വയസ്സുള്ള തനിയ്ക്ക് നാൽപത്താറ് വയസ്സ് പ്രായമുള്ള രാജേഷ് എന്ന ഒരു വരനെ കണ്ടുപിടിച്ച് ചേച്ചിമാരും അവരുടെ കുടുംബവും ബാധ്യത തീർക്കുകയായിരുന്നു. ആഡംബരമോ ആർഭാടമോ ഒന്നുമില്ലാതെ രജിസ്ട്രാർ ഓഫീസിലെ രജിസ്റ്ററിൽ ഒപ്പുവെച്ച വിവാഹം.

മോഹിച്ചു കിട്ടിയതല്ലെങ്കിലും പൊരുത്തപ്പെടാൻ ശ്രമിച്ച ജീവിതം. ഒരു ഭർത്താവിൻ്റെ സ്നേഹമോ സാമിപ്യമോ ഇല്ലാതെ കഴിഞ്ഞുപോയ നാല് വർഷങ്ങൾ. അയാളെക്കാൾ പ്രായമുള്ള മറ്റൊരു സ്ത്രീയിൽ സുഖം കണ്ടെത്തിയ ആൾക്ക് തന്നോടെന്നും വെറുപ്പായിരുന്നു. നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കാനൊരു ഭാര്യ എന്നതിൽ കവിഞ്ഞ് മറ്റൊരു സ്ഥാനവും അയാൾ തന്നിരുന്നില്ല. എങ്കിലും മോഹങ്ങളെല്ലാം ഉള്ളിലടക്കി പരാതിയും പരിഭവവും പറയാതെ മുന്നോട്ട് ജീവിക്കാൻ ശ്രമിച്ചു.

മiദ്യപിച്ച് എപ്പോഴെങ്കിലുമൊക്കെ വീട്ടിൽ എത്തുന്ന ആൾ. എന്തെങ്കിലും കാരണങ്ങളുണ്ടാക്കി എന്നും മർദ്ദിച്ച് അവശയാക്കുമായിരുന്നു. അയാളുടെ അച്ഛനും അമ്മയും ഒന്നും മിണ്ടാതെ ആ കാഴ്ചകണ്ട് രസിച്ചു നിൽക്കും. നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലെ ആളിനു വേണ്ടി തന്നെപ്പോലൊരു പെണ്ണിനെ വിവാഹം ആലോചിച്ചപ്പോൾ കരുതിയത് ആളുടെ പ്രായക്കൂടുതൽ കാരണമാകും എന്നാണ്. പക്ഷെ പിന്നീടാണ് കാര്യങ്ങൾ മനസ്സിലായത്. തൊട്ടുത്തുള്ള വീട്ടിലെ ഒരു സ്ത്രീയുമായി അയാൾക്ക് അiവിഹിതം ഉണ്ടായിരുന്നു. ആ ബന്ധത്തിൽ നിന്നും പിൻതിരിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ പേരിന് ഒരു ഭാര്യ വേണമായിരുന്നു. അതിനു വേണ്ടി പാവപ്പെട്ട തൻ്റെ ജീവിതം നശിപ്പിക്കുകയായിരുന്നു. എല്ലാമറിഞ്ഞുകൊണ്ട് സഹോദരങ്ങളും അതിന് കൂട്ടുനിന്നു.

പക്ഷേ അധികനാൾ നീണ്ടു പോകാതെ നാല് വർഷം കൊണ്ട് ആ ബന്ധം മുറിഞ്ഞു. അമിത മiദ്യപാനിയായ അയാൾ ഒരു ആക്സിഡൻ്റിൽ അവസാനിച്ചപ്പോൾ തനിക്ക് പ്രായം മുപ്പത്.. ഭർത്താവ് ജീവിച്ചിരുന്നപ്പോൾ പോലും സ്വസ്ഥതയില്ലാതിരുന്ന ജീവിതം പിന്നീടങ്ങോട്ട് നരകതുല്യമായി. വിധവയുടെ സ്ഥാനം തന്ന് വീടിനുള്ളിലെ ഒരു മുറിയിൽ ഒതുക്കിയ ബന്ധുക്കൾ. സമയത്ത് ആഹാരമോ വെള്ളമോ കിട്ടാതെ ആ മുറിയ്ക്കുള്ളിൽ ഒതുങ്ങിയ ദിനങ്ങൾ. ആഘോഷങ്ങളിലും വിശേഷങ്ങളിലും പങ്കെടുപ്പിക്കാതെ ഒരു വർഷം തന്നെ ആ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടു എന്നു വേണം പറയാൻ. പിന്നെ സ്വത്തിൻ്റെ കാര്യത്തിൽ ഭർത്താവിൻ്റെ സഹോദരങ്ങൾ തർക്കം ഉന്നയിച്ചപ്പോൾ അവിടെ തനിക്കൊരു സ്ഥാനമില്ലാതെയായി. ഭാര്യ ജീവിച്ചിരിക്കെ ഭർത്താവിൻ്റെ സ്വത്തുക്കൾ എല്ലാം രണ്ടു സഹോദരിമാർക്കായി വീതിക്കപ്പെട്ടപ്പോൾ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു.

കുത്തുവാക്കുകളും കുറ്റാരോപണങ്ങളും കേട്ട് സഹിക്കാൻ കഴിയാതെ ആ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നു.

ബാധ്യതകൾ ഒന്നുമില്ലാതെ ഒറ്റയ്ക്ക്……. വിധവയുടെ സ്ഥാനവുംപേറി ജനിച്ച വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ജീവിതത്തിൽ തീർത്തും ഒറ്റപ്പെടുക യായിരുന്നു.

ജീവിച്ചിരിപ്പുണ്ടോ എന്നു തിരക്കാൻപോലും ആരുമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞു പോയവൾ വിധവയായി തിരികെ എത്തിയപ്പോൾ വീടിൻ്റെ വാതിലിൽ മുട്ടാൻ പലരും ഉണ്ടായിരുന്നു..പേടിച്ചരണ്ട പല രാത്രികളിലും ഉറക്കമില്ലാതെ എണീറ്റിരുന്നിട്ടുണ്ട്. അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും അനുഭവിക്കേണ്ടി വരില്ലെന്ന് അവൾക്കറിയാമായിരുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയവരാ ണെങ്കിലും മറ്റ് മൂന്ന് പെൺമക്കളേയും അന്തസ്സായി അവരവർക്ക് ചേരുന്ന പുരുഷൻമാരുടെ കൈകളിൽ ഏൽപ്പിച്ചിട്ടാണ് അവർ പോയത്. അന്ന് താൻ ഡിഗ്രി അവസാന വർഷം പഠിക്കുകയായിരുന്നു. ചേച്ചിമാരുടെ വീടുകളിൽ മാറിമാറി നിന്നു വീട്ടുവേല ചെയ്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടയിലാണ് രാജേഷ് എന്ന ആളുമായിട്ടുള്ള വിവാഹം നടന്നതും. ആ ജീവിതം അവസാനിച്ചപ്പോൾ ചേച്ചിമാരുടെ അടുത്തേക്ക് പോകാൻ തോന്നിയില്ല. അവരാരും അതിനുശേഷമുള്ള തൻ്റെ അവസ്ഥ എന്താണെന്ന് അന്വോഷിച്ചിട്ടില്ല. ഒരിക്കൽ ബാധ്യത തീർത്തു വിട്ടതല്ലേ.

പിന്നീടങ്ങോട്ട് ജീവിക്കാൻ വേണ്ടി പല സ്ഥാപനങ്ങളിലും ജോലിയ്ക്ക് പോയിനോക്കി. പക്ഷെ അവിടെ പലരും അവളുടെ ശരീരത്തിന് വിലപേശി. പൊന്നും പണവും ആഡംബരങ്ങളും വാഗ്ദാനം നൽകി. ഒന്നിലും വീഴാതെ പിടിച്ചുനിന്നു നോക്കും. ഒട്ടും പറ്റാതെ വരുമ്പോൾ ജോലി ഉപേക്ഷിക്കും. വീണ്ടും പുതിയൊരു ജോലി തേടി അലയും. ബി.കോം വരെ പഠിച്ചിട്ടുണ്ടെങ്കിലും നല്ലൊരു ജോലി കിട്ടാൻ പ്രയാസമായിരുന്നു.

അങ്ങനെ വീടിനടുത്ത ജംഗ്ഷനിലെ ചെറിയൊരു ടെക്സ്റ്റൈൽ ഷോപ്പിൽ സ്ഥിരമായി ജോലിയ്ക്ക് പോയിത്തുടങ്ങി. രണ്ടു മൂന്ന് സ്ത്രീകൾ ചേർന്ന് നടത്തുന്ന ഷോപ്പായതിനാൽ മറ്റു ശല്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അവിടെ നിന്നുകിട്ടുന്ന തുച്ഛമായ വരുമാനത്തിൽ കഴിഞ്ഞുപോകുന്ന ജീവിതം. നടന്നു പോകുന്ന വഴികളിൽ പിന്നാലെ കൂടി കമൻ്റുകൾ പറയാനും അശ്ശീലങ്ങൾ സംസാരിക്കാനും പ്രായഭേദമന്യേ പല പുരുഷൻമാരും ഉണ്ടായിരുന്നു. ഒരു ദിവസത്തേക്ക് എങ്കിലും ഒന്നു പരിഗണിക്കണമെന്നാവശ്യവുമായി പലരും അടുത്തു കൂടി. അവരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി ഓടുകയായിരുന്നു. പക്ഷേ കുറേന്നാൾ ഓടിയപ്പോൾ തളരാൻ തുടങ്ങുന്നപോലെ അവൾക്ക് തോന്നി.

നാട്ടിലെ പതിവ്രതകളായ സ്ത്രീകളും മാന്യതയുടെ അങ്ങേയറ്റം കണ്ട പുരുഷൻമാരും പല കഥകളും അവളെക്കുറിച്ച് പറഞ്ഞു. ഒരു രീതിയിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ കഴിയാതെ പകച്ചു നിന്നന്നാളുകൾ.

നല്ല ആഹാരം കഴിക്കാനും വസ്ത്രങ്ങൾ ധരിക്കാനും ഒരുപാട് മോഹിച്ചു കഴിഞ്ഞ ദിവസങ്ങൾ. ഇഷ്ടങ്ങൾ അറിയാനോ കഷ്ടപ്പാടുകൾ മനസ്സിലാക്കാനോ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ മുന്നോട്ട് പോകെ ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന് ആരതിയ്ക്ക് തോന്നിത്തുടങ്ങി.

ഒരു നേരത്തെ ആഹാരമെങ്കിലും വയറു നിറച്ചു കഴിക്കാൻ……. കാiമക്കൊ തിയോടെ അടുത്തു വരുന്ന കഴുകൻമാർക്ക് മുന്നിൽപ്പെട്ട് പെഴച്ചു പോകാതിരിക്കാൻ…….. ഒരു രാത്രിയെങ്കിലും ഭയമില്ലാതെ സുഖമായി കിടന്നൊന്നുറങ്ങാൻ…… അതിനെല്ലാം പുറമേ തൻ്റെ സങ്കടങ്ങളിൽ നെഞ്ചോട് ചേർത്ത് പിടിച്ചൊന്ന് ആശ്വസിപ്പിക്കാൻ കരുത്തുള്ള ഒരാണിൻ്റെ കരങ്ങൾ അവൾക്ക് ആവശ്യമായിരുന്നു.

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു തുടങ്ങിയ പത്ത് വർഷങ്ങൾ. മനസ്സാകെ മരവിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഒരു ദിവസമാണ് ആദിത്യൻ്റെ അമ്മ അയാൾക്ക് വേണ്ടി ആരതിയെ വിവാഹം ആലോചിച്ചത്.

മനസ്സിൽ ആദ്യമായി മോഹം തോന്നിയ പുരുഷൻ…… കേട്ടപ്പോൾ ഒരുപാട് സന്തോഷിച്ചു. സമ്മതമറിയിച്ചു. വളരെപ്പെട്ടെന്ന് എല്ലാം നടക്കുകയും ചെയ്തു.

ഒരാൾ താലികെട്ടിയതിൻ്റെ പേരിൽ ആണിനെയറിയാതെ വിധവയെന്ന പട്ടം പേറിയവൾ. വീണ്ടും മറ്റൊരു പുരുഷൻ്റെ ഭാര്യയായി അയാളുടെ വീട്ടിലെത്തിയിരിക്കുന്നു. ഈ നാൽപതാം വയസ്സിലും അവൾ ഒരു ജീവിതം സ്വപ്നം കണ്ടിരുന്നു. ഒരുപാട് മോഹങ്ങൾ ഉള്ളിലൊതുക്കി യിരുന്നു. പക്ഷേ എല്ലാം വെറുതെയായിരിക്കുന്നു.

ആദിത്യൻ്റെ മനസ്സിൽ ആരതി എന്നും ഒരു സുഹൃത്ത് മാത്രമായിരുന്നു. എന്നുകരുതി അവളോട് ഒന്ന് മിണ്ടാനോ സംസാരിക്കാനോ അയാൾ ശ്രമിച്ചിരുന്നില്ല. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവളുടെ കഴുത്തിൽ താലികെട്ടി എന്നതിനപ്പുറം അയാൾക്ക് അവളെ ഭാര്യയായി അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അവളുടെ മുഖത്തെ നിരാശയും സങ്കടവും അയാൾ കാണുന്നുണ്ടായിരുന്നു. പക്ഷേ മറ്റൊരു പെണ്ണിലേയ്ക്കും മനസ്സ് ചായാതിരിക്കാൻ പുരുഷത്വത്തിനുമേൽ ബന്ധനം തീർത്തവന് ഇനി എന്തു ചെയ്യാനാകും. അതുകൊണ്ടു തന്നെ ആരതിയിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞു മാറി അയാൾ നടന്നു. അവളോട് ഒന്ന് മിണ്ടിയാൽ എല്ലാം പറയേണ്ടി വരും…… അത് ഒരു പക്ഷേ ആ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. ജീവിതത്തിൽ ഒരുപാട് അനുഭവിച്ചവളാണ്. ഇനിയൊന്നുകൂടി താങ്ങാൻ കഴിയില്ല. ഇപ്പോൾ പ്രതീക്ഷയുടെ ഒരു കണികയെങ്കിലും അവളുടെ ഉള്ളിലുണ്ടാകും. ആ പ്രതീക്ഷയോടെ ആ പാവം ജീവിക്കട്ടെ.

ഇനി ഒരാളും അവളുടെ മാനത്തിന് വില പറഞ്ഞു വരില്ല….. രാത്രി പേടിയില്ലാതെ ഉറങ്ങാം….. ധൈര്യമായി പുറത്തിറങ്ങി നടക്കാം….. കാരണം ഇപ്പോൾ അവൾ ആദിത്യൻ്റെ പെണ്ണാണ്…….

ഇന്ന് അവൾ ഉറങ്ങുമ്പോൾ കാവലായി അയ്യാൾ അരികിലുണ്ട്…….. ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിന് ഏറ്റവും അത്യാവശ്യവും അതാണ്.

മാസങ്ങളും വർഷങ്ങളും മുന്നോട്ട് പൊയ്കൊണ്ടിരുന്നു. പരസ്പരം ഒന്നും മിണ്ടാതെ ഒരുമിച്ച് ഒരു മുറിയിൽ ഉറങ്ങുമ്പോഴും വികാരവിചാരങ്ങൾ ഉള്ളിലടക്കി ….. ജീവിച്ചിരിക്കുന്ന ഭർത്താവിനു മുന്നിൽ ഒന്നുമറിയാതെ ആരതി ഇന്നും ഒരു വിധവയെപ്പോലെ മുന്നോട്ടു പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *