ഒരു മിനിറ്റ് മോളെ. എനിക്കുമുണ്ട് ഒരു കെട്ടിയൊൾ.. ഇത്രയേറെ ഹാൾസ് മുട്ടായിയും ചുയിങ്ങയും കഴിച്ചിട്ടും ഞാൻ കു ടിച്ചെന്ന് അവൾ കണ്ടുപിടിച്ചെടി…..

എഴുത്ത് :- ഞാൻ അനുശ്രീ

രാത്രി ഉറങ്ങാൻ നേരമാണ് പണ്ടാരമടങ്ങാനായിട്ട് മുള്ളാൻ തോന്നുന്നത്..

ആണായി പിറന്നിരുന്നെങ്കിൽ സത്യം പറയാമല്ലോ, ആ ജനാലയിൽ കൂടി കാര്യം സാധിച്ചേനെ.

ഓണത്തിന് കെട്ടിയോന്റെ പഴയ തറവാട്ട് വീട്ടിൽ കുടുംബക്കാരൊക്കെ ഒത്തുകൂടന്നത് പതിവാണ്..

രണ്ടുദിവസം മുന്നേ തന്നെ, എന്നെയും കെട്ടിവലിച്ച് ഇവിടെ കൊണ്ടിട്ടിരിക്കുന്നത് അതിൻറെ ഭാഗമാണ്..

ഒത്തുകൂടിയവരെല്ലാം ചേർന്ന് പത്തു നൂറു പേരുണ്ടെങ്കിലും, അത്രയും വലിയ വീട്ടിൽ, രാത്രി 12 മണി കഴിഞ്ഞാൽ. മഷിയിട്ടു നോക്കിയാൽ പോലും ഒന്നിനെയും കാണാൻ കിട്ടത്തില്ല..

പഴയ വീടായതുകൊണ്ട് തന്നെ, ബാത്റൂമൊക്കെ പറമ്പിലാണ്.. ഈ നട്ടപ്പാതിരക്ക് ഒറ്റയ്ക്കിറങ്ങി ചെല്ലാനുള്ള ചങ്കൂറ്റമൊന്നും എനിക്കില്ല..

കിടക്കാൻ നേരം, കെട്ടിയോൻ ഹാൾസ് മിട്ടായിയും നുണഞ്ഞാണ് വന്നത്… അപ്പോഴേ എനിക്കറിയാം കു ടിച്ചിട്ടാണ് വന്നതെന്ന്… രണ്ടെണ്ണം അ ടിച്ചതിന്റെ ക്ഷീണത്തിൽ കിടക്കുന്നതുകൊണ്ട് മൂപ്പരെ വിളിച്ചിട്ട് കാര്യമൊന്നുമില്ല..
ഒറ്റയ്ക്കിറങ്ങി ചെല്ലണം..

ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു..

ദൈവമെ.. അല്പം ഒച്ചയും ബഹളവും ഒക്കെ ഉണ്ടായിരുന്നെങ്കിൽ.. പേടിക്കാതെ പോയി കാര്യം സാധിക്കാമായിരുന്നു.

മുറിയുടെ വാതിൽ മെല്ലെ തുറന്നു പുറത്തിറങ്ങിയപ്പോൾ.. ദേ കിടക്കുന്നു തറയിൽ ഒരു മനുഷ്യൻ. കെട്ടിയോന്റെ വകയിലെ ഏതോ ഒരു അമ്മാവനാണ്.. മൂപ്പരുടെ ചുറ്റും പൂക്കളം ഇട്ടതുപോലെ ഹാൾസ് മിട്ടായിയും സെൻറർ ഫ്രഷ് ബബിൾഗവുമൊക്കെ ചിന്നി ചിതറി കിടപ്പുണ്ട്..

അമ്പടാ അപ്പോൾ എൻറെ കെട്ടിയോനെ കു ടിപ്പിച്ചത് ഇങ്ങേരാണ് അല്ലേ..

എന്നെ കണ്ടതും, കഷ്ടപ്പെട്ട് ആടികുഴഞ്ഞ് എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു..

ശ്രീക്കുട്ടി ആണോ..

ആണെങ്കിൽ…

ആണെങ്കിൽ മോളെ.. നീ… നിഷ്കളങ്കയായ ഒരു പാവമാ…

ആണോ അമ്മാവൊ.. അല്പം മാറി നിന്നിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു…

ഒരു മിനിറ്റ് മോളെ. എനിക്കുമുണ്ട് ഒരു കെട്ടിയൊൾ.. ഇത്രയേറെ ഹാൾസ് മുട്ടായിയും ചുയിങ്ങയും കഴിച്ചിട്ടും ഞാൻ കു ടിച്ചെന്ന് അവൾ കണ്ടുപിടിച്ചെടി.. എന്നും പറഞ്ഞ് അയാൾ ഒറ്റ കരച്ചിലാണ്..

ഹോ ഇയാൾ എന്തൊരു മണ്ടൻ.. മൂക്കറ്റം കു.ടിച്ച് ആടിക്കുഴയുന്നയാൾ ഹൾസ്മി ഠായി തിന്നിട്ടെന്താ കാര്യം.. ഞാൻ അത് പറയാൻ വരുകയായിരുന്നു അപ്പോഴേക്കും മൂപ്പരുടെ അടുത്ത ഡയലോഗ്..

മുട്ടായിയൊക്കെ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തോന്നുന്നു… നിൻറെ കെട്ടിയോൻ കഴിച്ചത് ഒറിജിനൽ മുട്ടായി ആണ്. അത് ഞാൻ കഴിച്ചാൽ മതിയായിരുന്നു.. ഇങ്ങനെ പുറത്ത് കിടക്കേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു.. പറഞ്ഞിട്ട് കാര്യമില്ല ഞാനാണ് തെറ്റുകാരൻ ഞാനാണ് അവന് അത് കൊടുത്തത്..

പിന്നെ കരച്ചിലോട് കരച്ചിൽ ആയിരുന്നു…

പെട്ടെന്നാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്.. ഒറ്റയ്ക്ക് പുറത്തു പോകാൻ എന്തായാലും പേടിയാണ്.. ഇങ്ങേരെയും കൂട്ടിയാൽ ഒരു ധൈര്യമായല്ലോ.. ഉടനെ നമ്പർ ഇറക്കി

അമ്മാവൊ ബാത്റൂം എവിടെയാണ്..

ഉടനെ അയാൾ എൻറെ റൂം കാണിച്ചിട്ട് പറയുവ.

അപ്പൊ ഇത് ബാത്റൂം അല്ലായിരുന്നൊ.. ദൈവം കാത്തു..

എന്താ അമ്മാവാ…

ഞാനെ. മുള്ളാൻ വേണ്ടി വന്നതാ.. അതിനിടെ ആ വൃത്തികെട്ട പൂച്ച വട്ടം ചാടി.. പിന്നെ എനിക്കൊന്നും ഓർമ്മയില്ല..

ഹാഹ.. അത് ശരി.. മൂപ്പര് മുള്ളനായിട്ടാണ് ഇങ്ങ് വന്നേക്കണത്.. ഇനി ഇയാൾ എങ്ങാനും മുറിയുടെ പുറത്ത് മുള്ളിയോ എന്ന് ഞാൻ ഒന്ന് നോക്കി..

ഏയ്. ഇല്ല… ബോധം പോയത് നന്നായി…

അമ്മാവൊ ബാത്റൂം പുറത്താണ്.. ഞാൻ വേണമെങ്കിൽ കൊണ്ടുവിടാം..

നന്ദിയുണ്ട് മോളെ..

അങ്ങനെ അമ്മാവനെയും കൂട്ടി പുറത്തിറങ്ങി.. പുറത്താണെങ്കിൽ ഒടുക്കത്തെ തണുപ്പ്.. എന്നെ തള്ളിമാറ്റി മൂപ്പര് ആദ്യം ടോയ്ലറ്റിൽ കയറി.. ബാത്റൂമിന്റെ അകത്ത് ഒരു പാറ്റ മലർന്ന് കിടന്ന് പിടക്കുന്നുണ്ടായിരുന്നു..

ശ്ശോ.. പാവം.. കണ്ടോ കുട്ടീ… എല്ലാദിവസവും ഒരു നന്മ ചെയ്തില്ലെങ്കിൽ മനസ്സിനൊരു സുഖം ഉണ്ടാവില്ല..

അതും പറഞ്ഞ് ബാത്റൂമിലെ മൂലയിൽ ഉണ്ടായിരുന്ന ചൂലെടുത്ത് അതിനെ നേരയാക്കി..

പിന്നെ വലിയ ശബ്ദത്തിൽ പാട്ടുപാടാൻ ആരംഭിച്ചു..

“നന്മയുള്ള ഈ ലോകമേ.. കാത്തിരുന്നു കാണുക”

ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു അടുത്ത വീട്ടിലെ ആൾക്കാര് ലൈറ്റ് ഇട്ടു തുടങ്ങി..

പാവം പാറ്റ.. അമ്മാവനെ നോക്കി മീശ കുലക്കി നന്ദി പ്രകടിപ്പിച്ച് ഏന്തി വലിഞ്ഞു നടക്കുകയായിരുന്നു.. അപ്പോഴാണ് അമ്മാവൻ കാലിലെ ചെരുപ്പൂരി അതിനെ അടിച്ചത്.

പ്ലം…

ശേഷം അതിനെ ക്ലോസലിട്ടിട്ട് ഫ്ലാഷ് അടിച്ചു..

അപ്പോഴും ആ പാട്ട് നിർത്തിയിട്ടുണ്ടായിരുന്നില്ല…

അമ്മാവൻറെ നിലവിളിച്ചുള്ള പാട്ട് കേട്ട്.. പലരും പുറത്തേക്ക് വന്നു തുടങ്ങി..

ഞാൻ മെല്ലെ ഒരു മൂലയിൽ പതുങ്ങി..

അമ്മാവൻറെ കെട്ടിയോളും കുട്ടിയോളും വീട്ടുകാരും ഒക്കെ വന്ന് ആകെ ബഹളം..

അവർക്കിടയിൽ ഞാൻ മെല്ലെ വലിഞ്ഞുകയറി.. എന്താ പ്രശ്നം എന്താ പ്രശ്നം..

ഒന്നുമില്ല മോളെ…

എന്നാൽ ഒന്ന് മാറമൊ.. ടോയ്‌ലറ്റിൽ പോവാനാണ്..

എല്ലാവരെയും മാറ്റി സന്തോഷത്തോടെ ബാത്റൂമിൽ കയറി.. പുറത്തു നല്ല ഒച്ചയും ബഹളവും ഉള്ളതുകൊണ്ട് പേടിക്കാതെ കാര്യം സാധിച്ചു..

ചില സമയത്ത് ദൈവം അങ്ങനെയാണ്.. നമ്മുടെ കാര്യപ്രാർത്ഥിക്ക് വേണ്ടി.. മറ്റുള്ളവരുടെ ഉറക്കം നശിപ്പിക്കും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *