കല്യാണം കഴിക്കാൻ പലരും നി൪ബ്ബന്ധിച്ചിട്ടും സിറ്റിയിൽ വലിയ വീടുവെച്ചിട്ടും തനിച്ചുതന്നെ തുട൪ന്നു……

വൈകിട്ട് കണ്ട ആൾ

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

അവനെന്തിനായിരിക്കും തന്നെ പിൻതുട൪ന്നത്..?

ഓഫീസിൽനിന്നും ഇത്തിരി ലേറ്റായാണ് സജീവ് ഇറങ്ങിയത്.

ഭാരിച്ച ചുമതലകളൊന്നുമില്ലാഞ്ഞിട്ടും എല്ലാറ്റിനും നല്ല ക്വാളിഫൈഡായിട്ടുള്ള ഉദ്യോഗസ്ഥരെ നിയമിച്ചിട്ടും തന്റെ സമയം എല്ലാം നോക്കാൻ മതിയാകാതെ വരുന്നുണ്ട് ഈയ്യിടെയായി.

സജീവ് ചിന്തകളിൽ മുഴുകി കാറിൽ കയറുകയായിരുന്നു. ബൈക്കിൽ ചാരിനിന്ന ഒരുവൻ നോക്കിക്കൊണ്ടിരുന്ന മൊബൈൽ കീശയിലേക്ക് ധൃതിയിൽ തിരുകി തന്റെ പിറകേ വെച്ചുപിടിച്ചു.

താനാദ്യമൊന്നും ഗൌനിച്ചില്ല. പിന്നീട് തോന്നി അല്പം വളഞ്ഞവഴിയിൽ വീട്ടിലെത്തിയാൽ മതി. ഇന്നിനി ആരെയും കാണാനുള്ള ക്ഷമയില്ല. വലിയ ക്ഷീണം.. ചിലപ്പോൾ നാട്ടിൽനിന്നും ആരെങ്കിലും പറഞ്ഞ് കമ്പനിയിൽ ഒരു ജോലി തരപ്പെടുത്താനുള്ള റിക്വസ്റ്റ് ആവും.

കത്തിച്ചുവിട്ടു. ട്രാഫിക്കിൽ കുടുങ്ങി അവനെവിടെയോ താനുമായുള്ള ബന്ധം നഷ്ടമായപ്പോൾ സമാധാനമായി.. എന്തോ, അറിയുന്ന ആരെയും കാണാൻ ഈയ്യിടെയായി തീരെ ഇഷ്ടമല്ല.. നാട്ടിലെ ഓരോരോ ബന്ധവും പറഞ്ഞോണ്ട് വരും. അഥവാ റിജക്റ്റ്‌ ചെയ്താൽ പിന്നീട് പരിഭവം കേൾക്കേണ്ടിവരും.

വീട്ടിലെത്തി ഒന്ന് കുളിച്ച് നല്ലൊരു ചായയിട്ട് മൊബൈലുമായി ടിവിയുടെ മുന്നിൽ പതിവുപോലെ ചടഞ്ഞുകൂടി. വാർത്തകളും വാട്സാപ്പ് തമാശകളും അലസമായി ശ്രദ്ധിച്ച് സജീവിന്റെ മനസ്സ് എന്നത്തെയുംപോലെ‌ പൂ൪ണ്ണിമയിൽ ചെന്നുനിന്നു.

ജനിച്ച നാൾതൊട്ട് അയൽവക്കത്തുള്ള തന്നെയവൾക്ക് വലിയ ഇഷ്ടമായിരുന്നു. അവളുടെ അമ്മ ടീച്ചറായതുകൊണ്ട് മിക്കപ്പോഴും ‘സജു ഒന്ന് മോളെ യെടുക്കുമോ’ എന്ന് ചോദിച്ച് തന്നെയേൽപ്പിക്കും. അഞ്ച് വയസ്സിന് മൂത്ത തന്നെയവൾ സജൂട്ടാ എന്നാണ് വിളിച്ചുതുടങ്ങിയത്. അതാരും തിരുത്താനും പോയില്ല. അവളുടെ അമ്മയും അമ്മമ്മയും മാത്രമാണ് മിക്ക ദിവസവും അവിടെ ഉണ്ടാവുക. ഇടയ്ക്ക് അവളുടെ അച്ഛൻ ജോലിസ്ഥലത്തുനിന്നും വരും. അടുത്ത ദിവസം പോവുകയും ചെയ്യും.

താമസിയാതെ അവൾക്കൊരു അനിയൻ പിറന്നു. അതോടെ ടീച്ച൪ക്ക് അവളെ ശ്രദ്ധിക്കാൻ തീരെ സമയമില്ലാതായി. സ്കൂൾ വിട്ടുവന്നാൽ കൂടുതൽ സമയവും താനവിടെത്തന്നെയായി. ടീച്ചറും അമ്മമ്മയുമുണ്ടാക്കിത്തരുന്ന പലഹാരങ്ങൾ പങ്കിട്ടുകഴിച്ചും കഥകൾ പറഞ്ഞുകൊടുത്തും ഒന്നിച്ച് കളിച്ചും തങ്ങൾ വള൪ന്നു. അവളുടെ ഓരോ പഠനവും മുന്നേറിക്കൊണ്ടിരുന്നപ്പോൾ താനൊരു ലോക തോൽവിയായി. എട്ടാം ക്ലാസ്സിൽ തോറ്റതോടെ പഠിത്തം നിർത്തി. അച്ഛനെ സഹായിക്കാൻ പല ജോലിയും ചെയ്തുതുടങ്ങി.

ഒരുദിവസം പൂ൪ണ്ണിമയുടെ‌ അച്ഛൻ അവളുടെ അമ്മയോട് അകത്തുനിന്നും സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് താൻ അവിടേക്ക് കയറിച്ചെന്നത്..

മോൾ വള൪ന്നുവരികയാണെന്ന ചിന്തവേണം നിനക്ക്…അവനെ കുറച്ച് ദൂരെ നി൪ത്തേണ്ട സമയമായി.

അവളതിന് ഏഴാം ക്ലാസ്സിലല്ലേ ആയുള്ളൂ..

അതിന്..?

അദ്ദേഹത്തിന്റെ കയ൪ത്ത ശബ്ദം കേട്ടു ടീച്ചറും ഒപ്പം താനും ഞെട്ടി. അക ത്തേക്ക് കയറാതെ കുനിഞ്ഞ മുഖത്തോടെ തിരിച്ചുനടക്കുമ്പോഴാണ് പൂ൪ണ്ണിമയും എല്ലാം കേട്ടുകൊണ്ട് തൊട്ടുപിന്നിൽ വന്നുനിന്നത് കാണുന്നത്.

അവളുടെ മിഴികൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

അധികം വൈകാതെ വീട്ടിലെ ദാരിദ്ര്യം കാരണം താൻ നാടുവിട്ടു. ദൂരെയുള്ള അമ്മാമന്റെ വീട്ടിലെത്തി. ചെയ്യാത്ത ജോലികളില്ല.

ക്രമേണ അല്പസ്വല്പം മിച്ചംവെച്ച് താൻ പച്ചക്കറി വില്പന തുടങ്ങി. പണക്കാര നാകണമെന്ന മോഹമായിരുന്നു ആദ്യമൊക്കെ. കഠിനാദ്ധ്വാനം കാരണമാകാം പിന്നീടങ്ങോട്ട് വളർച്ചയുടെ പടവുകൾ കയറി. പലപല ബിസിനസ്സുകൾ.. പത്ത് പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നാട്ടിൽ പോവുന്നത്. അപ്പോഴേക്കും പൂ൪ണ്ണിമയെയും കുടുംബത്തെയും അവളുടെ അച്ഛൻ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു. അമ്മമ്മ മരിച്ചതോടെ അവിടെ തനിച്ചുകഴിയാൻ അദ്ദേഹം സമ്മതിച്ചില്ലത്രേ..

അച്ഛനും അമ്മയും വല്ലപ്പോഴും അമ്മാമന്റെ വീട്ടിൽ വന്ന് തന്നെ കാണും. ചിലവിനുള്ളത് അമ്മാമന് കൊടുത്തശേഷം ബാക്കിവരുന്ന നുള്ളിപ്പെറുക്കിവെച്ച തുക കൈനിറയെ കൊടുക്കുമ്പോൾ അമ്മയുടെ കണ്ണ് നിറയുമായിരുന്നു. പതിയെ വീടൊന്ന് പുതുക്കിപ്പണിതു. അവ൪ രണ്ടുപേരും മരിച്ചതോടെ നാട്ടിൽ പോകുന്നത് തീരെ ഇല്ലാതായി.

പിന്നീടങ്ങോട്ട് എന്തോ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയായിരുന്നു. വയസ്സ് നാൽപ്പതാവാറായി. കല്യാണം കഴിക്കാൻ പലരും നി൪ബ്ബന്ധിച്ചിട്ടും സിറ്റിയിൽ വലിയ വീടുവെച്ചിട്ടും തനിച്ചുതന്നെ തുട൪ന്നു.

പൂ൪ണ്ണിമയുടെ മുഖം മാത്രം മനസ്സിൽനിന്നും മാഞ്ഞുപോയില്ല. വലിയ ജോലി കിട്ടിക്കാണും, വിവാഹിത യായിക്കാണും, പിള്ളേരുമായിട്ടുണ്ടാകും..

ചിന്തകൾ അത്രത്തോളമെത്തിയപ്പോഴാണ് കാളിംഗ്ബെൽ മുഴങ്ങിയത്. വാതിൽ തുറന്നപ്പോൾ ദേ, അവൻ…

അല്പം പരുഷമായിത്തന്നെ‌ ചോദിച്ചു:

ഉം, എന്താ..?

സജൂട്ടനല്ലേ..?

പെട്ടെന്ന് ഓർമ്മകൾ ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പിലേക്ക് പറന്നു.. അവന് പൂ൪ണ്ണിമയുടെ ഛായയുണ്ട് ചെറുതായി..

പ്രത്യുഷാണോ..?

അതേലോ..

അവനതും പറഞ്ഞ് ആരെയോ ഫോൺ ചെയ്തു.

ചേച്ചീ.. ആളതുതന്നെയാ.. ഞാൻ കൈയ്യോടെ കൂട്ടിവരാം..

അവന്റെ സംസാരം കേട്ടപ്പോൾ സജീവിന്റെ ഹൃദയം പെരുമ്പറ മുഴക്കി. പൂ൪ണ്ണിമയുടെ വിശേഷങ്ങളറിയാൻ തിരക്കായെങ്കിലും ഒന്നും ചോദിക്കാതെ അയാളവനെ അകത്തേക്ക് വിളിച്ചു.

ആരുമില്ലേ ഇവിടെ..? തനിച്ചാണോ..?

സജീവ് അതേയെന്ന് തലയാട്ടി.

എന്തേ..?

വീണ്ടും പ്രത്യുഷ് മനസ്സ് ചികയാനുള്ള പുറപ്പാടാണ്. അയാൾ അകത്ത് ചെന്ന് ഒരു ചായയിട്ട് അവന് കൊണ്ടുവന്നുകൊടുത്തു. അടുത്തുള്ള ഹോട്ടലിൽ വിളിച്ച് രണ്ടുപേ൪ക്കുള്ള ഫുഡിന് ഓഡ൪ കൊടുത്തു.

പ്രത്യുഷ് എന്തുചെയ്യുന്നു…?

ഞാൻ കുവൈത്തിലാണ്.. എഞ്ചിനീയറാണ്.

വീട്ടിൽ..?

അമ്മ, എന്റെ ഭാര്യ, മകൻ..

അവൻ പൂ൪ണ്ണിമയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്ന് അയാളോ൪ത്തു. പക്ഷേ എന്നിട്ടും ചോദിക്കാൻ മടിച്ചു.

എനിക്കൊന്ന് കുളിക്കണം.. അതിനുശേഷം സംസാരിക്കാം..

സജീവ് തലയാട്ടിയതേയുള്ളൂ.

അവൻ ബാത്റൂമിലേക്ക് കയറിയപ്പോഴാണ് അവന്റെ ഫോണിൽ ബെല്ലടിച്ചത്. ടീപ്പോയിൽ കിടന്ന ഫോണിൽ ചേച്ചി എന്ന് കണ്ടപ്പോൾ കൈ നീണ്ടതാണ്.. പിന്നെ മടിച്ചു.

ബാത്റൂമിൽനിന്നും അവന്റെ ശബ്ദം:

സജൂട്ടാ.. ചേച്ചിയാണെങ്കിൽ ഒന്നെടുക്കുമോ..? കുളിച്ചിട്ട് വിളിക്കാമെന്ന് പറയൂ..

സജീവ് ഫോൺ എടുത്ത് ചെവിയോട് ചേ൪ത്തു. ആ ശബ്ദം കാതിൽ കുളി൪ മഴയായി..

സജൂട്ടനെന്താ പറയുന്നത് പ്രത്യൂ..?

എന്നെ ചോദിച്ചോ..?

പ്രത്യുഷ് കുളിക്കുകയാണ്.. ഞാൻ സജീവാണ്…

തന്റെ ശബ്ദം ഏതോ ഗുഹാമുഖത്തുനിന്നും കേൾക്കുന്നതുപോലെ അയാൾക്കുതന്നെ അനുഭവപ്പെട്ടു. കൂടുതൽ വാക്കുകൾ കിട്ടാതെ അയാൾ പരിഭ്രമിച്ചു. മറുതലയ്ക്കലും മൌനം കനത്തപ്പോൾ അയാൾ പറഞ്ഞു:

പ്രത്യുഷ് കുളിച്ചുവന്നതിനുശേഷം വിളിക്കും..

വെക്കുകയാണോ..

അവൾ തരളിതമായ ശബ്ദത്തിൽ കുറുകി.

അതേ..

സജീവിന്റെ ശബ്ദം പിന്നേയും നേ൪ത്തു.

എന്നോടൊന്നും ചോദിക്കാനില്ലേ..?

എന്ത്..?

വലിയ കമ്പനിമുതലാളിയല്ലേ… അറ്റ്ലീസ്റ്റ് ഇന്റ൪വ്യൂവിന് വരുന്നവരോട് ചോദിക്കുന്ന രണ്ടുമൂന്ന് ചോദ്യങ്ങളെങ്കിലും ചോദിച്ചൂടെ…?

അയാൾ പൊട്ടിച്ചിരിച്ചുപോയി.

അവളും ചിരിച്ചു.

എന്തുചെയ്യുന്നു..?

അവൾ ജോലിചെയ്യുന്ന സ്ഥലത്തെക്കുറിച്ച് പറഞ്ഞു.

ഫാമിലി..?

ഇതുവരെ ആയില്ല..

എന്തേ..?

അത്… മനസ്സ് ഒരാൾക്ക് പണയം വെച്ചിരിക്കയാണ്.. അയാൾക്ക് വേണ്ടെങ്കിൽ അതൊന്ന് തിരിച്ചെടുക്കണം..അതിനാണ് അവനെ പറഞ്ഞയച്ചത്..എന്നിട്ടു വേണം ബാക്കി കാര്യങ്ങൾ ചിന്തിക്കാൻ…

ഞാനാ പണയപ്പണ്ടമുരുക്കി ഒരു കൊട്ടാരം കെട്ടി. പൌ൪ണ്ണമി എന്ന കൊട്ടാരം…

അയാളുടെ ശബ്ദം വിറച്ചു.

അവൾ പറഞ്ഞു:

പ്രത്യുഷ് പറഞ്ഞു, വീടിന്റെ പേര് പൌ൪ണ്ണമി എന്നാണെന്ന്…

ഞാൻ പറഞ്ഞത് നെഞ്ചിൽ തീ൪ത്ത കൊട്ടാരത്തെക്കുറിച്ചാണ്.. ഇനിയാ പണയം തിരിച്ചുതരാനൊക്കില്ല എന്നാണ്..

ആയ്ക്കോട്ടെ.. ഞാനും കൂടി ആ കൊട്ടാരത്തിൽ വന്ന് കൂടുകൂട്ടട്ടേ..?

എനിക്ക് തന്റെയത്ര വിദ്യാഭ്യാസമില്ലെടോ.. തന്റെ സോഷ്യൽ സ്റ്റാറ്റസ്സിന് ചേ൪ന്ന ബന്ധം കണ്ടുപിടിക്കാൻ നോക്ക്..

എന്റെ ശമ്പളത്തിന്റെ നാലിരട്ടി ഉണ്ടാക്കുന്നില്ലേ.. അതുമതി… ഞാൻ സഹിച്ചു..

ഹ.. ഹ..എന്നാലിങ്ങ് പോന്നോളൂ… അധികം വൈകിക്കണ്ട…

വൈകിയാൽ..?

നാളെ മാത്രം ഞാൻ കാത്തുനിൽക്കും… വന്നില്ലെങ്കിൽ…

വന്നില്ലെങ്കിൽ..?

വന്നില്ലെങ്കിൽ അടുത്ത ദിവസം ഞാനങ്ങ് വരും..അത്രതന്നെ..

അവളുടെ ചിരിയുടെ അലയൊലികൾ അയാളുടെ ഉള്ളിൽ വീണുചിതറി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *