ജോൺ സാർ …ഈശോയെ … സാറെന്താ ഇവിടെ … … ഞാൻ എവിടെയെല്ലാം അന്വേഷിച്ചു . പഴയ നമ്പർ മാറിയോ ?’ ” കുളിച്ചു തല തുവർത്തിക്കൊണ്ട്………

ഗുരുത്വം

Story written by Sebin Boss J

“‘ലീനാ … നിന്നെക്കാണാൻ ആരോ വന്നിരിക്കുന്നു “‘ ലീനയുടെ കൂട്ടുകാരി വിളിച്ചു പറഞ്ഞത് കേട്ട് ഉമ്മറത്തെ പ്ലാസ്റ്റിക് കസേരയിലിരുന്ന മനുഷ്യൻ സോഡാക്കുപ്പി പോലെയുള്ള കണ്ണട ഒന്നുകൂടി തുടച്ചിട്ട് സൂക്ഷിച്ചു നോക്കി .

അരണ്ട രൂപം മാത്രം കണ്ണിൽ തെളിയുന്നുണ്ട് !!.

ആഹ് !! വാർത്തയറിഞ്ഞത് മുതൽ മോളെ കാണാൻ നാട്ടുകാർ വന്നും പോയുമിരിക്കുവാണല്ലോ . വല്ല പത്രക്കാരുമാവും .

അയാൾ മങ്ങിയ രൂപത്തിലേക്ക് നോക്കിക്കൊണ്ട് പുറകോട്ട് തല ചായ്ച്ചു .

“‘ ചേട്ടാ ഇരിക്ക് കേട്ടോ … ഞാൻ ലീനയുടെ ഫ്രണ്ടാ . ഇത് ലീനയുടെ ചാച്ചൻ .ചാച്ചന് സുഖമില്ല . കണ്ണ് ശെരിക്കും കാണാനും വയ്യ . ചേട്ടൻ പത്രത്തീന്ന് വല്ലതുമാണോ . കഴിഞ്ഞ ദിവസങ്ങളിൽ എല്ലാരും തന്നെ വന്നു പോയി . “” ആ പെൺകുട്ടി ഒരു കസേര നീക്കി മുന്നിലേക്കിട്ടു പറഞ്ഞു

“‘ ജോൺ സാർ …ഈശോയെ … സാറെന്താ ഇവിടെ … … ഞാൻ എവിടെയെല്ലാം അന്വേഷിച്ചു . പഴയ നമ്പർ മാറിയോ ?’ ” കുളിച്ചു തല തുവർത്തിക്കൊണ്ട് ഇറങ്ങിവന്ന ലീന തിണ്ണയിൽ നിൽക്കുന്ന അയാളെക്കണ്ട് തോർത്തുപേക്ഷിച്ചോടി വന്ന് കൈപിടിച്ചു

“‘ഉം ..ഗൾഫിലായിരുന്നു . ഇന്ന് കാലത്തെയാണ് വന്നത് . വാർത്തയറിഞ്ഞപ്പോൾ തന്നെ വന്നൊന്ന് കാണണം എന്ന് തോന്നി “”

“‘ആരാ മോളെ അത് ? “”‘ കസേരയിലിരിക്കുന്ന മെല്ലിച്ച മനുഷ്യൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു .

“‘ ചാച്ചാ …ഞാൻ പറഞ്ഞിട്ടില്ലേ ജോൺ സാർ . സാറാണ് എനിക്കാദ്യം ജാവലിൻ കയ്യിലെടുത്തു തന്നത് . ജോൺ സാർ ത്കാലിക പോസ്റ്റിൽ ഡ്രിൽ മാഷായി വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്നീ നിലയിൽ എത്തില്ലായിരുന്നു . എടി .. നീ സ്കൂട്ടറിന് പോയി വെറ്റിലയും പാക്കും വാങ്ങിക്കൊണ്ട് വരാമോ . സാറിന്റെ അനുഗ്രഹം മാത്രം മതി എനിക്ക് ഈ മെഡൽ ലഭിക്കുവാൻ . “‘

ലീന അയാളുടെ കയ്യിൽ പിടിച്ചു വിതുമ്പുകയായിരുന്നു .ലീനയുടെ മുഖത്തെ സന്തോഷവും കരച്ചിലുമൊക്കെ കണ്ടപ്പോൾ കൂട്ടുകാരി പെട്ടന്ന് ബാഗുമെടുത്തു പോകാനിറങ്ങി .

“”മോളെ ഒന്നും വേണ്ട . എന്റെയനുഗ്രഹം എന്നുമുണ്ടാകും . കുട്ടിക്കാലത്ത് എന്റെ സ്വപ്നമായിരുന്നു ദേശീയ റെക്കോർഡ് . എനിക്കതിന് സാധിച്ചില്ലായെങ്കിലും ലീനക്ക് അതിനും മേലെ ഒളിമ്പിക്സിലേക്ക് സെലക്ഷൻ കിട്ടി . ഒത്തിരി സന്തോഷമായി . ഒന്നേ പറയാനുള്ളൂ .നേട്ടത്തിൽ ഒരിക്കലും അഹങ്കരിക്കരുത് . നിന്നെ തേടി ഇനി ഒരുപാട് പദവികൾ വരും . ധാരാളം ശിഷ്യന്മാരെത്തും . ഒരിക്കലും അവരെ കഴിവിന്റെ ബലത്തിലല്ലാതെ മറ്റൊരു തരത്തിൽ വേർതിരിക്കരുത് . ശുപാർശകളും പാരിതോഷികങ്ങളും നിന്നെ മോഹിപ്പിക്കും .പക്ഷെ അതുവെച്ചൊരാളുടെ കഴിവിനെ ഉയർത്താൻ പാടാണ് . അവർക്കൊരിക്കലും അവസാന റൗണ്ടിലെത്താൻ കഴിയില്ല . നേരെമറിച്ചു ഒരാൾക്ക് കഴിവ് മാത്രമുണ്ട് , പക്ഷെ ആ അവസരം വിനിയോഗിക്കാനുള്ള പണമില്ലായെങ്കിൽ നീ അവരെ തഴയരുത് , ആ ഒരു കാരണത്താൽ “”

“‘സാർ ഇതെന്നോട് പറയണ്ട കാര്യമില്ല . ചാച്ചന് അസുഖമായി ജോലിയും വീടും ഒക്കെ ന നഷ്ടപ്പെട്ട ഞങ്ങൾ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് സാറൊരാൾ മാത്രമാണ് . എന്റെ ആഗ്രഹം മനസ്സിലാക്കിയാണ് സാർ എനിക്ക് അവസരം തന്നത് . പിന്നെ സ്പോർട്സ് സ്‌കൂളിലേക്ക് മാറ്റിയതും കോളേജ് മീറ്റിലും മറ്റും പങ്കെടുപ്പിച്ചതും ഒക്കെ ..ആ എന്നോട് സാറിതു പറഞ്ഞല്ലോ. .ഒരിക്കലും വന്ന വഴി മറക്കില്ല സാറെ ഈ ലീന “”‘

“‘നീ കരയാൻ പറഞ്ഞതല്ല ലീനാ . എന്റെയനുഭവത്തിൽ നിന്ന് പറഞ്ഞതാണ് . ഞാൻ പഠിച്ചിരുന്നപ്പോൾ ജാതിയൊമതമോ എന്തെന്നറിയില്ലാത്ത എൽ പി സ്‌കൂൾ കാലഘട്ടത്തിൽ വരെ സ്പോർട്സിൽ പങ്കെടുപ്പിച്ചിരുന്നത് നാട്ടിലെ അറിയപ്പെടുന്നവരുടെ മക്കളെയും വെളുത്തവരെയും മാത്രമായിരുന്നു. കറുത്തവൻ എന്നത് കൊണ്ട് മാത്രം എന്നെ മാറ്റി നിർത്തിയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ വെളുത്ത മത്തായി സാർ . “”

ജോൺസ് സാറിന്റെ ശബ്ദമിടറി .

“‘കൂലിപ്പണിക്കാരുടെ മക്കൾ ഒന്നും പഠിക്കില്ലന്നുള്ള മുൻവിധി കൊണ്ടാണോ അതോ ജാതിയിൽ താന്നവൻ ഉയരത്തിലെത്തുമെന്നതിലുള്ള അനിഷ്ടം കൊണ്ടാണോ പ്രൈമറി സ്‌കൂളിൽ ഓട്ടത്തിന് ഒന്നാമത്തെത്തിയ എനിക്ക് ജില്ലയിലേക്ക് ഉള്ള മത്സരത്തിന് അവസരം നിഷേധിച്ചു വെളുത്ത മത്തായി സാർ . അത് അങ്ങനെയല്ലേ വരൂ . ഇനിഷ്യൽ കൊണ്ടോ പിതാവിന്റെ പേരുകൊണ്ടോ വേർതിരിക്കാൻ പറ്റുമ്പോഴാണ് രണ്ട് മത്തായി സാർ ഉള്ളത് കൊണ്ട് ഒരാൾ വെളുത്ത മത്തായിയും മറ്റെയാൾ കറുത്ത മത്തായിയും ആയത് . ജാതിയും മതവും പണവും . മനുഷ്യനെ ദുഷിപ്പിക്കുന്ന മയക്കുമരുന്ന് . അന്നെന്നെ ചേർത്തുനിർത്തുവാൻ ഒരു കരമുണ്ടായിരുന്നെങ്കിൽ ഇന്നെനിക്ക് ഈ ഗതി വരില്ലായിരുന്നു “” ജോൺ വിദൂരത്തേക്ക് നോക്കി കണ്ണിലൂറിയ നീർ തുടച്ചു .

”” അങ്ങനെയൊന്നും ഭാഗത്തുനിന്നും ഉണ്ടാകില്ല .സാറിന്റെ ശിഷ്യയാണ്ഞാൻ . ഞാൻ ഒരിക്കലും സാർ പറഞ്ഞതിൽ നിന്നണുവിട ചലിക്കില്ല. അതെന്റെയുറപ്പ് . “”

“‘അത് മാത്രം മതിയെനിക്ക് ഗുരുദക്ഷിണയായി . ഒരിക്കൽ കൂടി ഞാൻ ഇവിടേക്ക് വരും .നിന്റെ കഴുത്തിൽ ഒളിമ്പിക്സ് മെഡൽ കിടക്കുന്നത് കാണുവാൻ “”‘

“”‘ സാറിരിക്കൂ ..ഞാൻ ചായ എടുക്കാം . പെട്ടന്ന് കണ്ട അമ്പരപ്പിൽ ഞാൻ മറന്നുപോയി “”‘ ലീന അയാളുടെ കൈ പിടിച്ചു ചാച്ചന്റെയടുത്ത കസേരയിലിരുത്തി , അകത്തേക്ക് നടന്നു .

“‘ ശപിക്കരുത് ..എന്റെ മോളെ ശപിക്കരുത് “” പതറിയ ശബ്ദത്തിൻറെ അകമ്പടിയോടെ ലീനയുടെ ചാച്ചന്റെ വിറയ്ക്കുന്ന കൈകൾ തന്റെ ശരീരം തേടിവരുന്നത് കണ്ട ജോൺ സാർ അയാളുടെ മെല്ലിച്ച കൈകളിൽ പിടിച്ചു

“‘ഇല്ല മാഷെ .. ..എന്റെ ഗുരുനാഥൻ മത്തായി സാറിന്റെ മകൾ ആണെന്നറിഞ്ഞു മധുരപ്രതികാരം ചെയ്യാനൊന്നുമല്ല ഞാൻ അവൾക്ക് വേണ്ടുന്ന പരിശീലനം കൊടുത്തത് . അവൾക്ക് കഴിവുണ്ടായിരുന്നു , . ഞാനത് കണ്ടെത്തിയെന്ന് മാത്രം. ഒരിക്കലും ജാതി മത വർണത്തിന്റെ പേരിലോ സാമ്പത്തികത്തിന്റെ പേരിലോ എന്നെത്തേടിയെത്തുന്ന കഴിവുള്ള ആരും തഴയപ്പെടരുത് എന്ന് എന്റെ യനുഭവത്തിൽ നിന്ന് ഞാൻ ഉറപ്പിച്ചിരുന്നു . .തന്റെ ഗുരുക്കന്മാരെ സ്നേഹി ച്ചാലാണ് നമ്മുടെ ശിഷ്യന്മാരും നമ്മളെ സ്നേഹിക്കൂ ..അങ്ങനെയുള്ളവർക്കേ ഉയരത്തിലെത്താൻ പറ്റൂ . .ലീന ഗുരുത്വം ഉള്ളവളാണ് . കണ്ടില്ലേ അവളുടെ വാക്കുകളും പെരുമാറ്റവും . സാർ പേടിക്കണ്ട . അന്നേ ദിവസം ഞാൻ ടിവിയുടെ മുന്നിലുണ്ടാകും , കത്തിച്ചുവെച്ച മെഴുകുതിരിയുമായി . അവൾക്ക് മെഡൽ കിട്ടിയാൽ അതവളുടെ ആദ്യഗുരുവായ എനിക്ക് തന്നെ ലഭിച്ച പോലെയല്ലേ “”

വെളുത്ത മത്തായി സാറിന്റെ ശോഷിച്ച കൈകളിൽ ഒന്ന് ചുംബിച്ച ശേഷം ജോൺ പടിയിറങ്ങുമ്പോൾ വെറ്റിലയും പാക്കും വാങ്ങി ലീനയുടെ കൂട്ടുകാരിയുടെ സ്‌കൂട്ടർ വരുന്നുണ്ടായിരുന്നു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *