ഞാൻ സംസാരത്തിനിടെ ഓരോരോ വിഷയങ്ങളിൽ തൊട്ട് കുരുവില്ലാത്ത മറ്റേ സാനത്തിലോട്ട് വിഷയം കൊണ്ട് മുട്ടിക്കാൻ തൊടങ്ങിയപ്പോ അതിനെടയ്‌ക്കൂടെ മറ്റേ മാമൻ വിളിക്കുന്ന്……

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

കൂട്ടുകാരിയൊരുത്തിയുണ്ട്.. അങ്ങ് ദുഫായിൽ.. അവിടെ നേഴ്സാണെങ്കിലും അവടെ വിചാരം അവിടുത്തെ രാജാവിന്റെ ഇന്ത്യയിലെ മഹാറാണിയാണെന്നാ.. നാട്ടിൽ വരുമ്പോ ഫ്രേ തരണമെന്ന് വിചാരിച്ചിട്ടായിരിക്കും അടുത്തിടെയായി എന്റെ മെസേജൊന്നും നോക്കുന്നുമില്ല..

മാസത്തിൽ ഒരു മൂന്ന് തവണ വിളിക്കും.. വിളിച്ചാൽ പിന്നെ രണ്ടര മണിക്കൂർ പരസ്യമില്ലാത്ത സിനിമയ്ക്ക് കേറുന്ന പോലെയാണ്.. ദുഫായിലുള്ള സകല അറബിക്കഥകളും ലവള് പറയും.. “ഇൻഷാ അള്ളാ,, ഇൻഷാ അള്ളാ,, ഇൻഷാ അള്ളാ ” പറഞ്ഞു ഞാനും മൂളും…

കഴിഞ്ഞയിടെ കെട്ടിയോനുമായി ഇച്ചിരി പിണക്കത്തിലിരുന്നൊരു നാൾ ഞാനെന്റങ്ങേരുടെ മാമനോട്‌ ഇങ്ങോട്ടൊന്നു വരാൻ പറഞ്ഞ്.. വന്നാൽ പിന്നെ മാമനും കുടുംബവും പെട്ടെന്നൊന്നും തിരിച്ചു പോകാത്തത് കൊണ്ട് പരമാവധി മാമനെ ഒരു കാര്യത്തിലും ഇങ്ങോട്ട് വിളിച്ച് ഞാൻ ബുദ്ധിമുട്ടിക്കത്തില്ല..

“ഇങ്ങോട്ട് വരണേ മാമാ”ന്ന് വിളിച്ചപ്പോ ജോലിയില്ലാത്ത ഒരൂസം വരാമെന്നു മാമൻ പറഞ്ഞാർന്നു.. ജോലിയുള്ള ദിവസം വൈകിട്ട് ഇതിലെ വന്നാൽ മതിയെന്നും പിറ്റേന്ന് രാവിലെ തന്നെ തിരിച്ചു പോകാമെന്നും പറഞ്ഞപ്പോ..

“എന്തായാലും വരുമ്പോ ഞാൻ ഒരാഴ്ച നിന്നിട്ടേ പോകുന്നുള്ളെന്ന് ” മാമൻ പറഞ്ഞു..

ഇങ്ങേർക്ക് ബന്ധുക്കടെ വീട്ടിൽ വന്ന് നിന്ന് വെക്കേഷൻ ആഘോഷിച്ചു മതിയായില്ലേ…???

പിറ്റേന്ന് രാവിലെയാണ് എന്റെ കൂട്ടുകാരി വിളിക്കുന്നത്.. നാട്ടിൽ വരുമ്പം അവളോടിച്ചിരി കുരുവില്ലാത്ത ഈന്തപ്പഴവും പാൽപ്പൊടിയും കൊണ്ട് വരാൻ പറയണം..മുൻവശത്തെ കതകുമടച്ച് ഞാൻ കട്ടിലിൽ കേറിയിരുന്ന് കൂട്ടുകാരിയുടെ ദുഫായിൽ നിന്നുള്ള ന്യൂസ്‌ അവർ കണ്ടോണ്ട് കേൾക്കാൻ തുടങ്ങി..നാട്ടിലെ നൊണയൊക്കെ കിട്ടിയ കണക്കിൽ ഞാനവൾക്കും കൊടുത്ത്..കൊച്ചുങ്ങളും ഡോറയും കൂടെ ഏതോ പാലത്തിൽ കേറി എങ്ങോട്ടോ യാത്ര പോയേക്കുന്നു.. വരാനിച്ചിരി താമയ്ക്കും.. അത്രേം നേരം സ്വസ്ഥം…

ഞാൻ സംസാരത്തിനിടെ ഓരോരോ വിഷയങ്ങളിൽ തൊട്ട് കുരുവില്ലാത്ത മറ്റേ സാനത്തിലോട്ട് വിഷയം കൊണ്ട് മുട്ടിക്കാൻ തൊടങ്ങിയപ്പോ അതിനെടയ്‌ക്കൂടെ മറ്റേ മാമൻ വിളിക്കുന്ന്.. മുഖത്തോട് മുഖം നോക്കിയിരുന്നിട്ട് പെട്ടെന്ന് വീഡിയോയിൽ നിന്ന് എന്നെ കാണാതെ വന്നപ്പോ..

“എന്തുവാടീ,, നിന്നെ കാണുന്നില്ലല്ലോന്ന് ” അവള് ചോദിച്ചു..

” മാമൻ വിളിക്കുവാടീ..ഇങ്ങോട്ട് വരണേന്ന് ഞാൻ പറഞ്ഞാരുന്നു.. നമ്പർ ബിസി കാണിക്കുമ്പ കട്ട് ചെയ്ത് പൊക്കോളും.. നീ പറ.

അവളത് കേട്ട് വീണ്ടും സംസാരിക്കാൻ തുടങ്ങി.. മറ്റേ സാനത്തിന്റെ കാര്യം പറയാനുള്ള മൂഡ് പോയോണ്ട് അവളോരോന്ന് ചോയ്ക്കുമ്പോ ഞാനതിനൊക്കെ മറുപടി കൊടുത്തോണ്ടിരിക്കുവാ.. അപ്പം ദാണ്ടെടെ മാമൻ വീണ്ടും വാട്‌സ്ആപ്പിൽ വിളിക്കുന്ന്..

“കാൾ വെയ്റ്റിംഗ് കണ്ടാലും പിന്നേം കുത്തിയിരുന്ന് വിളിക്കുവാന്നല്ലോ.. ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ..

ഞാൻ പറഞ്ഞത് കേട്ട് കൂട്ടുകാരി എന്റെ മുഖത്തോട്ട് സൂക്ഷിച്ചു നോക്കി..

“മാമൻ തന്നെയാന്നോ.. അതോ വേറെ വല്ലോരുമാന്നോ.. വെയ്റ്റിംഗ് കണ്ടിട്ടും പിന്നേം വിളിക്കുന്നോണ്ട് ചോദിച്ചതാ..

എനിക്കത് കേട്ടിട്ട് സഹിച്ചില്ല..

“അങ്ങേർക്ക് വയസ് കാലത്ത് കണ്ണും പിണീമൊന്നും കാണത്തില്ല പെണ്ണേ,, വൈകുന്നേരം ഏഴ് മണിക്ക് എനിക്ക് വാട്‌സ്ആപ്പിൽ സുപ്രഭാതം ഇട്ടു തരും.. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ശുഭരാത്രിയും തന്ന് ജോലിയൊതുക്കും.. ചുമ്മാ കെടന്നങ്ങു വിളിയാ.. ചോറ് തിന്നോ ചായൂച്ചോന്നൊക്കെ ചോദിച്ച്… ഇതൊക്കെ ഒണ്ടാക്കാൻ അറിയാമെങ്കിൽ തിന്നാനും എനിക്കറിഞ്ഞൂടെ.. മാമൻ എടയ്ക്ക് വീഡിയോ കോള് ചെയ്യും.. ലൈറ്റ് അണച്ചിട്ട് അങ്ങേര് കിടക്കാൻ നേരം.. ഞാനും കൊച്ചുങ്ങളും കൂടെ എത്ര നേരം സൂക്ഷിച്ചു നോക്കിയാലും ഇങ്ങേര് എവിടെ കുത്തിയിരുന്നാ കാര്യം പറയുന്നതെന്ന് കണ്ട് പിടിക്കാനൊക്കത്തില്ല..ശല്യമെന്ന് പറഞ്ഞാ ഭയങ്കര ശല്യവാ.. കഷ്ടകാലത്തിന് ഇങ്ങോട്ടൊന്നു വരാൻ പറഞ്ഞിട്ടൊണ്ട്.. ഈ പടയൊക്കെ വന്നാ പിന്നെ പോകുവോ,,അതല്ലിയോ പാട്…

എനിക്ക് പറഞ്ഞു പറഞ്ഞു സങ്കടം വരുവാരുന്നു..

“നീ വെഷമിക്കാതെ പെണ്ണേ, ഇങ്ങനൊള്ളതിനെയൊന്നും അടുപ്പിക്കണ്ട…

അവളെന്നെ ആശ്വസിപ്പിച്ചു..

അവളെന്നെ ആശ്വസിപ്പിച്ച ആ ആശ്വാസത്തിനെടേക്കൂടെ മറ്റേ സാനം വാങ്ങിച്ചോണ്ട് വരാനങ്ങോട്ട് പറയാൻ തുടങ്ങിയതും മാമൻ വീണ്ടും വിളിക്കുന്ന്..ഹോ.. .. എന്തൊരു കഷ്ടവാ..

“ഓടീ,, ആ പന്നങ്ങേര് വീണ്ടും കെടന്നു വിളിക്കുവാ.. അതാ വീഡിയോ കട്ടാവുന്നത്.. സോറി മുത്തേ..

ഒടനെ നാട്ടിൽ വരുന്ന അവളോടിച്ചിരി കുരുവില്ലാത്ത ഈന്തപ്പഴവും പാൽപ്പൊടിയും കൊണ്ടരാൻ പറയാൻ ആ പന്ന മനുഷ്യൻ സമ്മയ്ക്കില്ല.. കൊണകൊണാന്ന് കെടന്നങ്ങു വിളിക്കുവാ..എന്ത് ചെയ്യുമെന്ന് പറ..

“സാരൂല്ലെടീ,, നീ കട്ട്‌ ചെയ്തിട്ട് ആ കോളെടുക്ക്… എന്തെങ്കിലും അത്യാവശ്യം കാണും..

എന്തോ കൊണ്ടു വരാൻ പറയാനാണെന്ന് മനസിലായത് കൊണ്ടായിരിക്കും ഞാനെന്തെങ്കിലും മറു പടി പറയുന്നേനു മുന്നേ അവള് ഫോണ് വെച്ചടെ.. ഇങ്ങേരൊരുത്ത നുണ്ടാക്കുന്ന ഊദ്രം ചില്ലറയല്ല.. ഇങ്ങനെ ഊദ്രിക്കാൻ മാത്രം ഞാനെന്ത് തെറ്റ് ചെയ്തു..

“ആരാ അമ്മച്ചീ വിളിച്ചേ,,,

കൊച്ചെർക്കൻ ഡോറയുടെ കൂടെയുള്ള യാത്രയ്ക്കിടയിൽ എന്റടുത്തോട്ട് വന്ന് ചോയ്ച്ചു…

“ആ മാമൻ,, അങ്ങേർക്ക് വേറെ പണിയൊന്നുമില്ലാതിരിക്കുവല്ലിയോ,, ഇരുപത്തിനാല് മണിക്കൂറും കുത്തിയിരുന്നങ്ങു വിളിക്കുവാ… ഇമ്മാതിരി പടകളുടെ എടയ്ക്കോട്ടാണല്ലോ എന്നെ എടുത്തോണ്ട് വന്നത്..അങ്ങേര് കാരണവാ ഈന്തപ്പഴവും പാൽപ്പൊടിയും കിട്ടാതെ പോയത്.. പന്നങ്ങേര്..

കൊച്ചിനോട് പറഞ്ഞിട്ട് ഞാൻ ഫോണെടുത്ത് അങ്ങോട്ട് വിളിച്ച്.. ഒറ്റ ബെല്ലിൽ തന്നെ പുള്ളി ഫോണെടുത്തു കേട്ടോ..

“മാമാ.. എന്തുവാ വിളിച്ചേ,, ഇന്ന് ജോലിയില്ലാരുന്നോ.. മാമൻ വിളിച്ചപ്പോ ഞാൻ കൊച്ചിന്റെ ടീച്ചറിനെ വിളിച്ച് പുസ്തകത്തിന്റെ കാര്യം ചോയ്ക്കുവാരുന്നു.. അതാ കട്ട് ചെയ്തേ.. മാമനെ കണ്ടോളാഞ്ഞിട്ട് വയ്യ..മാമനെന്നാ ഇങ്ങോട്ട് വരുന്നേ…

മാമനെ കണ്ടോളാൻ മുട്ടിയിരിക്കുന്ന എനിക്ക് ഒറ്റശ്വാസത്തിൽ അത്രേം ചോയ്ച്ചപ്പോ എന്തൊരാശ്വാസം. .മറുവശത്തു നിന്നും പ്രതീക്ഷിച്ച പോലെ വലിയ തോതിലുള്ള അനക്കമൊന്നുമില്ല..

“ഹലോ,, കേക്കുന്നില്ലേ.. ഹലോ,, അലോ.. അലോ…

ഞാൻ വീണ്ടും നാല് ഹലോ വിട്ടു..

“ഞാൻ വന്നിട്ട് കൊറേ നേരമായി..അപ്പഴാ കതകടച്ചേക്കുന്നത് കണ്ടത് .. രണ്ട് മൂന്ന് വട്ടം തട്ടിയിട്ടും നീ വാതിലു തൊറന്നില്ല.. അതാ ഫോണീ വിളിച്ചേ..അല്ലാതെ ഈന്തപ്പഴവും പാൽപ്പൊടിയുമൊന്നും നിനക്ക് കിട്ടരുതെന്ന് കരുതീട്ടൊന്നുമല്ല… നീ വിളിച്ചോണ്ടാ ഒള്ള ജോലീം മെനക്കെട്ട് ഞാൻ വന്നേ..അല്ലാതെ വേറൊന്നിനുമല്ല..

മാമൻ പറഞ്ഞത് കേട്ട് എന്നെയും കൊച്ചുങ്ങളെയും ചേർത്ത് ഞങ്ങൾ മൂന്ന് വട്ടം സ്തംഭിച്ചു നിന്ന് പോയി.. കൊച്ചു ടീവിയുടെ ഒച്ച കാരണം കൊച്ചുങ്ങളും വായ്ക്ക് രുചിയായിട്ട് നൊണ പറഞ്ഞും കേട്ടും സുഖം പിടിച്ചപ്പോ ഞാനും മാമന്റെ കതകിൽ തട്ട് കേട്ടില്ല.. അതാണ് സംഭവിച്ചത്..

“ന്നാപ്പിന്നെ മഴ ഒറയ്ക്കുന്നതിന് മുന്നേ ഞാനെറങ്ങുവാ കൊച്ചേ… അവനോട് ഞാൻ വന്നെന്ന് പറഞ്ഞാൽ മതി…

നാവെറങ്ങി നിന്ന എന്നെ നോക്കി പറഞ്ഞിട്ട് ബാലേട്ടനിലെ നെടുമുടി വേണുവിനെപ്പോലെ മാമൻ കൊടയും ചൂടി മഴയത്തോട്ടിറങ്ങിപ്പോയി…

എനിക്ക് പറയാനുള്ളത് കേൾക്കാതെ ഇറങ്ങിപ്പോകുന്ന മാമനെ കണ്ട് എനിക്ക് സങ്കടം വന്നു…

മാമന് കതകിൽ ഇച്ചിരി ഒറക്കെ തട്ടാമായിരുന്നു.. ഒന്നൊറക്കെ തട്ടിയിരുന്നെങ്കിൽ ഞാനൊണർന്നേനെ മാമാ..,,, ഞാനൊണർന്നേനെ…

മാമന്റെ രാത്രിയിലെ സുപ്രഭാതവും ഉച്ചയ്ക്കലത്തെ ശുഭരാത്രിയുമില്ലാതെ എന്റെ ഓരോ ദിവസങ്ങളും കടന്ന് പോവുകയാണ്.. ഓരോ മഴയിലും കൊട ചൂടി വരുന്ന മാമനെ പ്രതീക്ഷിച്ച് കതകും തൊറന്നിട്ടിട്ട് ഞാനീ കട്ടിലിലിരുന്ന് ഇന്നും ഞാനീ ഫോണിൽ തോണ്ടിയിരിക്കുന്നു ..

എന്റെ മാമൻ വരും,,,

വരുവോ….??

പിന്നെ വരാതെ,,,വരാതിരിക്കില്ല,,,,

അല്ല,,,ഇനി വരുവായിരിക്കുവോ,,

ആ,,, വരുന്നെങ്കി വരട്ട്……..

Related Posts

Leave a Reply

Your email address will not be published. Required fields are marked *