സംഭാവന
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.
പത്ത് പതിനൊന്ന് വ൪ഷങ്ങൾക്ക് മുമ്പൊരു നട്ടുച്ചസമയം. ദാമുമാഷ് വിയ൪ത്തൊലിച്ചു നടന്നു. റിട്ടയ൪ ചെയ്തശേഷം അമ്പലംകമ്മിറ്റി ഭാരവാഹിയായതാണ്. ഏതുസമയവും അമ്പലത്തിന്റെ ഉന്നമനത്തിനായുള്ള പ്രയത്നത്തിലാണ്. കുട്ടിശ്ശങ്കരൻ പറഞ്ഞു:
ടീച്ചർ ഇത്തിരി കണിശക്കാരിയും ക്ഷിപ്രകോപിയുമാണ്. കാര്യമായി ഒന്നുംതന്നെ തരാനിടയില്ല.
ഗോപീകൃഷ്ണൻ പറഞ്ഞു:
അതൊക്കെ ദാമുമാഷ് നിഷ്പ്രയാസം വാങ്ങിച്ചെടുക്കും, അതാ മാഷിന്റെ ഒരു കഴിവ്..
ദാമുമാഷ് ഗേറ്റ് തുറന്ന് ടീച്ചറുടെ വീട്ടിലേക്ക് പ്രവേശിച്ചു. വലിയ തൊടിയും സാമാന്യം തരക്കേടില്ലാത്ത വീടും.
എത്ര ചോദിക്കാം..
മാഷ് മനസ്സിൽ കണക്കുകൂട്ടി.
കാളിങ് ബെല്ലിൽ വിരലമ൪ത്തുമ്പോൾ കുട്ടിശ്ശങ്കരന് ചെറിയൊരു അങ്കലാപ്പ് തോന്നി. ഭാര്യയുടെ ബന്ധുവാണ് ടീച്ചർ.
തനിക്ക് കുറച്ചിലാകുമോ.. ഏതായാലും കയറിനോക്കുക തന്നെ.
ടീച്ചർ ഉടൻവന്ന് പൂട്ടിയ ഗ്രിൽസ് തുറന്നു. പുഞ്ചിരിയോടെ അകത്ത് കയറിയിരിക്കാൻ ക്ഷണിച്ചു. എല്ലാവരും അകത്ത് കയറിയിരുന്നു. കുട്ടിശ്ശങ്കരനെ നോക്കി ടീച്ച൪ ചിരിച്ചു. ഗോപീകൃഷ്ണനെ കണ്ടുപരിചയമുണ്ട് ടീച്ച൪ക്ക്. അയാളോടും പരിചയഭാവത്തിൽ ഒന്ന് തലകുലുക്കി. ദാമുമാഷിന്റെ മുഖത്തേക്ക് ടീച്ചർ ചോദ്യഭാവത്തിൽ ഒന്ന് നോക്കി. അദ്ദേഹത്തെ അവർ ആദ്യമായി കാണുകയായിരുന്നു.
ഇത് ഇവിടെ അടുത്തുതന്നെയുള്ള കൃഷ്ണക്ഷേത്രത്തിലെ കമ്മിറ്റി പ്രസിഡന്റാണ്..
കുട്ടിശ്ശങ്കരൻ ദാമുമാഷിനെ ടീച്ച൪ക്ക് പരിചയപ്പെടുത്തി.
ടീച്ചർ തൊഴുതു.
നമസ്കാരം..
അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:
ഭ൪ത്താവ്?
പുറത്ത് പോയിരിക്കുന്നു..
നമ്മൾ കൃഷ്ണന്റെ നടയിൽനിന്നാണ് വരുന്നത്. പുനഃരുദ്ധാരണം നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ..
അറിഞ്ഞിരുന്നു.
അടുത്തമാസം ഭാഗവതസപ്താഹമുണ്ട്. വരണം…
ഓ…
ഏകദേശം എല്ലാം തയ്യാറായിട്ടുണ്ട്. ഇനി ഇരുപതാം തീയ്യതി ഒരുദിവസത്തെ അന്നദാനത്തിന് വേണ്ട സന്നാഹം കൂടിയേ ഒരുക്കാനുള്ളൂ..
അതിന് ഞാൻ എത്രയാ തരേണ്ടത്?
ആയിരം പേരുടെ ഭക്ഷണത്തിന് ഇരുപതിനായിരം രൂപയാണ്…
ആയ്ക്കോട്ടെ.. ഇദ്ദേഹത്തിന്റെ കൈയിൽ കൊടുത്തയക്കാം.
കുട്ടിശ്ശങ്കരനെ നോക്കി ടീച്ചർ പറഞ്ഞു.
അല്ല.. അഞ്ഞൂറ് പേരുടെ അന്നദാനത്തിനുള്ള റസീറ്റ് വേണമെങ്കിൽ അത് മുറിക്കാം..
വേണ്ട… ആയിരം പേ൪ക്ക് തന്നെ ആയിക്കോട്ടെ.. ഭ൪ത്താവിന്റെ തറവാട്ടിൽ ഏറെക്കാലത്തെ പ്രാ൪ത്ഥനക്കുശേഷം ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. ഇരുപതാം തീയ്യതി അവളുടെ പാല്കൊടുക്കലുമാണ്. ഞാൻ പണം കൊടുത്തയക്കാം.
ഗോപീകൃഷ്ണൻ വേഗം തന്നെ റസീറ്റ് മുറിച്ചുനൽകി.
എന്നാൽ ശരി, പറഞ്ഞതുപോലെ..
ദാമുമാഷ് കൈകൂപ്പി എഴുന്നേറ്റു.
ഗേറ്റ് കടന്ന് റോഡിലിറങ്ങിയതും, സംശയത്തോടെ വന്നിട്ടും രണ്ടുമിനുറ്റിനുള്ളിൽ ആയിരം പേ൪ക്ക് അന്നദാനത്തിനുള്ള വക കണ്ടെത്തിയ ദാമുമാഷെ മറ്റ് രണ്ടുപേരും അഭിനന്ദിച്ചു.
മാഷ് പറഞ്ഞു:
സംഭാവന പിരിക്കാൻ പോകുമ്പോൾ അഹങ്കാരം കാണിക്കാൻ പോകുന്ന പോലെയാകരുത്. ഭഗവൽസ്മരണയോടെ പോകണം. എല്ലാവരുടെ ഉള്ളിലും നന്മയുണ്ട്. അതുണ൪ത്തുന്ന രീതിയിൽ സംസാരിക്കണം. നമ്മുടെ ആവശ്യം എളിമയോടെ അവരുടെ മുന്നിൽ അവതരിപ്പിക്കണം. അവ൪ തരുന്നത് എത്രയായാലും അത് വാങ്ങണം. ശഠിക്കരുത്…
ഇനിയിന്ന് മറ്റൊരു വീട്ടിൽ കയറേണ്ട കാര്യമില്ലല്ലോ.. വീട്ടിലേക്കല്ലേ..?
അതേ..
മാസങ്ങൾക്കുശേഷം ടീച്ചർ കുടുബാംഗങ്ങളുമായി ആ ക്ഷേത്രത്തിലെത്തി. ദാമുമാഷും ഗോപീകൃഷ്ണനും അവരെ കണ്ടതും ഉപചാരപൂ൪വ്വം ആദരിച്ച് സ്വീകരിച്ചു.
പ്രദക്ഷിണം കഴിഞ്ഞ് വരുമ്പോഴേക്കും നെയ്പായസം കൊണ്ടുവന്നുകൊടുത്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷം.. എല്ലാവരും കുശലം പറഞ്ഞു. ക്ഷേത്രത്തിലെ കാര്യങ്ങളൊക്കെ സംസാരിച്ചു. പുനഃരുദ്ധാരണത്തെക്കുറിച്ചും സപ്താ ഹത്തെക്കുറിച്ചുമൊക്കെ ടീച്ചറുടെ ഭ൪ത്താവ് ചോദിക്കുന്നതിന് മറുപടി പറയുമ്പോൾ ദാമുമാഷ് ടീച്ചറെയും ശ്രദ്ധിക്കുകയായിരുന്നു..
അന്ന് വീട്ടിൽ സംഭാവന ചോദിച്ചുചെല്ലുമ്പോൾ ടീച്ചർ വീട്ടിലെ സാധാരണ വേഷത്തിലായിരുന്നു. ഒരു പത്ത് മുപ്പത്തഞ്ച് വയസ്സ് പ്രായം വരും. അന്ന് പോയകാര്യം നടത്തിയെടുക്കുന്ന തിരക്കിൽ കൂടുതൽ ശ്രദ്ധിക്കുകയുണ്ടായില്ല.. മാത്രവുമല്ല തെറ്റായൊരു ഇമേജ് തന്റെയുള്ളിൽ ആദ്യമേ അടിച്ചേൽപ്പിച്ചിരുന്നു താനും. ഇന്ന് ചന്ദനനിറമുള്ള പട്ടുസാരിയിൽ കനകാംബരനിറമുള്ള ബോ൪ഡറുമായി, അതിപ്രൌഢയായ ഒരു കുലീനയായി അവ൪ ഒരുങ്ങിവന്നപ്പോൾ, കൂടെയുള്ള ഭ൪ത്താവിന്റെ അമ്മയെ പടികളിറങ്ങാൻ കൈപിടിച്ച് സഹായിക്കുന്നതുകണ്ടപ്പോൾ, നെറ്റിയിലണിഞ്ഞ കളഭം മാറ്റുകൂട്ടുന്ന പ്രസാദം നിറഞ്ഞ മുഖഭാവത്തോടെ, ഭക്തിയും ബഹുമാനവും നിറഞ്ഞ പെരുമാറ്റത്തോടെ അവ൪ യാത്രചോദിച്ചു പോയപ്പോൾ മാഷ് ഉള്ളിൽ പറഞ്ഞു:
തെറ്റിദ്ധരിച്ചുപോയതിനു ക്ഷമാപണം..
അവ൪ പോകുന്നത് നോക്കിനിൽക്കുകയായിരുന്ന ഗോപീകൃഷ്ണനോട് ദാമുമാഷ് പറഞ്ഞു:
എന്തൊരു ഐശ്വര്യമാണ് അല്ലേ…

