ഡിവോഴ്സ്
Story written by Jayachandran NT
കോഴിക്കോട് പുസ്തകമേളയിൽ വച്ചാണ് അനുരാധയെ വീണ്ടും കാണുന്നത്.
തമ്മിൽ പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. പുസ്തകങ്ങൾക്കിടയിലേക്ക് മറഞ്ഞു നിന്നവളെ കണ്ടു. അയാളുടെ മനസ്സൊന്നു പിടഞ്ഞു, ഹൃദയമിടിപ്പ് കൂടി. നാളെയും അവൾ വരുമെന്നതൊരു തോന്നലാണ്.
അതൊരബദ്ധധാരണയാണെന്നറിയാം.
ഒന്നാമത് അവൾ ഇപ്പോൾ ബാംഗ്ലൂരിലാണെന്നാണറിഞ്ഞിരുന്നത്.
രണ്ട്, അത് അനുരാധയാണോന്നുറപ്പില്ല. എങ്കിലും പിറ്റേദിവസവും അയാളവിടെയെത്തി, ആൾക്കൂട്ടത്തിനിടയിൽ നടന്നു, ചില പുസ്തകങ്ങളെടുത്ത് തുറന്നുനോക്കി. ചിലതിൻ്റെ മണം ആസ്വദിച്ചു.
വേർപിരിഞ്ഞതിനുശേഷം ഒരിക്കൽ പോലും കണ്ടിട്ടില്ല. കാണണമെന്ന് തോന്നിയിട്ടുണ്ട്. വിളിക്കണമെന്ന് തോന്നുമ്പോഴെല്ലാം ഫോണെടുത്തു നോക്കും. പഴയ ചിത്രങ്ങൾ, സംഭാഷണങ്ങൾ വീഡിയോകൾ എല്ലാം കണ്ടു തീർക്കാൻ തന്നെ മണിക്കൂറുകളാകും.
ഒന്നു വിളിക്കാം, കോൺടാക്ട്സിൽ നമ്പർ തിരയും. ഇല്ല, അത് ഡിലീറ്റിയെന്നറിയാം. എങ്കിലും എവിടെങ്കിലും ഉണ്ടാകുമോ എന്ന പ്രതീക്ഷ. ഓർമ്മയിൽ നിന്ന് അക്കങ്ങൾ ചികഞ്ഞെടുക്കാൻ വൃഥാ ശ്രമം നടത്തും. എല്ലാം വെറുതെയാണ്, എല്ലാശ്രമങ്ങൾ ക്കൊടുവിലും വന്നുചേരുന്ന നിരാശയിലെ ലiഹരി, ഉൻമാദം അതാസ്വദിക്കാം.
നമ്പർ നഷ്ടമായത് കൊണ്ടാണ് വിളിക്കാനാകത്തത്, അല്ലെങ്കിൽ മറന്നുപോയതിനാലാണെന്ന സ്വയം ന്യായീകരണങ്ങൾ. എന്തുകൊണ്ട് തിരിച്ചുവിളിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുകൾ.
അന്നും ഇങ്ങനെയായിരുന്നു, വേർപിരിയുന്നതിന് മുൻപും കോടതി അനുവദിച്ച് ഒരേ ഫ്ലാറ്റിൽ മൂന്നു മാസം കഴിഞ്ഞു. തമ്മിൽ ഒരു വാക്ക് പോലും സംസാരിച്ചിരുന്നില്ല. ചില ദിവസങ്ങളിൽ അവൾ ഭക്ഷണം ഉണ്ടാക്കി വച്ചിരുന്നു.വാശിയോടെ അതെല്ലാം നിരസിച്ചവളെ വേദനിപ്പിച്ചനുഭവിച്ച ആത്മനിർവൃതി ഒരു ദിവസം ഭക്ഷണപാത്രങ്ങൾ കാണാതായപ്പോൾ തളർന്നു.
വർഷങ്ങളോളം പ്രണയിച്ചു, ചില വർഷങ്ങൾ ഒരുമിച്ചു കഴിഞ്ഞു. ഒന്നു ചേർന്നതിനു ശേഷവും പ്രണയമെങ്ങനെ നഷ്ടമായെന്നറിയില്ല.
കലഹവും, കുറ്റപ്പെടുത്തലുകളും മൗനയുദ്ധവും പതിവായപ്പോൾ പരസ്പരം പിരിയാൻ തീരുമാനമായി. മൂന്നുമാസം ഒരുമിച്ച് കഴിയുമ്പോൾ തീരുമാനത്തിന് മാറ്റമുണ്ടാകുമെന്ന് കോടതി പരീക്ഷിച്ചു. ഫ്ലാറ്റിലെത്തി അന്നുതന്നെ താമസം രണ്ടുമുറികളിലേക്കായിരുന്നു.
രാത്രിയിൽ ഒരാൾ ചുമയ്ക്കുമ്പോൾ അടുത്ത മുറിയിൽ നിന്നുമത് കേൾക്കാറുണ്ടായിരുന്നു. ഒന്നു തുമ്മിയാൽ, ഒരു ഗ്ലാസ് നിലത്തുവീണാൽ ഒക്കെ അതാവർത്തിക്കാറുണ്ടായിരുന്നു. പരസ്പരം മുറിവാതിൽക്കൽവരെ ചെന്ന് നിൽക്കും. തുറന്നാൽ അകത്തേക്കു കയറാം. പൂട്ടിയിട്ടുണ്ടോ ന്നറിയില്ല. ശ്രമിച്ചിട്ട് പൂട്ടിയിട്ടുണ്ടെങ്കിൽ! ചിന്തകൾ അഭിമാനത്തിന് കളങ്കമാണെന്നോർമ്മിപ്പിച്ചു. മൂന്ന് മാസം കടന്നുപോയി. ‘നിങ്ങൾ പിരിയാൻ തീരുമാനിച്ചോ?’ കോടതിയുടെ ചോദ്യത്തിന് രണ്ടുപേർക്കും ആംഗ്യഭാഷയിൽ സമ്മതമെന്നറിയിക്കാനെ കഴിഞ്ഞുള്ളു. ദിവസങ്ങൾ കൊണ്ടുണ്ടായ നിശബ്ദതയിൽ ഭാഷ മറന്നുപോയിരുന്നു.
പുറകിലാരോ തൊട്ടു വിളിക്കുന്നതായി തോന്നിയപ്പോഴാണ് അയാൾ തിരിഞ്ഞു നോക്കിയത്.
‘അനുരാധയോ!?’ പെട്ടെന്ന് കണ്ടു മനസ്സിലാകാത്തതുപോലെ അഭിനയിച്ചു.
അവൾ ചിരിച്ചു. നമുക്ക് കുറച്ച് നടക്കാമെന്ന് പറഞ്ഞത് അവൾ തന്നെയാണ്. നല്ലതാണെന്ന് അയാൾക്കും തോന്നി. ആൾക്കൂട്ടത്തിൽ നിന്നൊഴിവാകാം, തണുത്ത കടൽക്കാറ്റും വീശുന്നുണ്ടായിരുന്നു. അവളൊരുപാട് മാറിയതായി തോന്നി. വേഷം, ഭാവങ്ങൾ! അതിശയം മറച്ചുവച്ചില്ല. സൂചിപ്പിച്ചപ്പോൾ അവൾ പറഞ്ഞു.
“മാറ്റങ്ങളുണ്ടാകും! വയസ്സ് നാല്പതുകഴിഞ്ഞിരിക്കുന്നു. നിൻ്റെ വിശേഷങ്ങൾ പറയൂ ഡിവോഴ്സായതിനു ശേഷം നീ ഹാപ്പിയായിരുന്നോ?”
‘അതെ’
”എന്താ ഇവിടെ?”
‘പുസ്തകമേളയിലെന്തിനാ വരുന്നത്? അനു എന്താണിവിടെ?’
”ഞാനൊരു കൂട്ടിനെത്തിരഞ്ഞു വന്നതാണ്ഇ ന്നലെയിവിടെ കണ്ടതായി തോന്നിയിരുന്നു.”
‘എന്നിട്ടിന്നു കണ്ടോ?’
“ഇല്ല അത് വെറും തോന്നലായിരുന്നു! മുൻപും ഇതുപോലെ ചില തോന്നലുകളുമായി ദിവസങ്ങളോളം നാലുചുമരുകൾക്കുള്ളിൽ കഴിഞ്ഞിട്ടുണ്ട്. ഒരിക്കലെങ്കിലും നീയെൻ്റെ മുറിവാതിൽ തുറന്ന് അധികാരത്തോടെ അകത്തേക്ക് കയറി വന്നിരുന്നെങ്കിലെന്ന്, അവകാശത്തോടെ എന്നെ ചേർത്തു പിടിച്ച് ചുംiബിച്ചിരുന്നെങ്കിലെന്ന് അതിനായി ഞാനെൻ്റെ വാതിൽ ഒരിക്കലും പൂട്ടിയിരുന്നില്ല.”
‘ഇനി അതൊക്കെ പറഞ്ഞിട്ടെന്തിനാണ്?’
”അതെ, വഴിയും അവസാനിച്ചിരിക്കുന്നു.! എനിക്ക് വലത്തോട്ടാണ് പോകേണ്ടത്മി സ്റ്റർ, കൃഷ്ണദാസ് എവിടേക്കാണ്?”
‘ഞാനൊന്നുകൂടെ തിരികെ നടക്കാൻ ശ്രമിക്കുകയാണ്.’
”ഉം,
ഞാൻ പൊയ്ക്കോട്ടെ?”
‘പോകുകയാണോ?’
”എനിക്കിനിയും യാത്ര ചെയ്യാനുണ്ട്, അതുകഴിയുമ്പോൾ ഒരുപക്ഷെ ഞാനും തിരിച്ചു സഞ്ചരിച്ചേക്കാം. മറ്റെന്തെങ്കിലും പറയാനുണ്ടോ?”
‘ഇല്ല, മിസ്, അനുരാധയ്ക്കെന്തെങ്കിലും പറയാനുണ്ടോ?’
”ഇല്ല, എന്നാൽ ശരി, പൊയ്ക്കോട്ടെ?”
‘ബൈ’