ദിവസങ്ങൾ കഴിയവേ ആയിഷയെ എനിക്ക് വേണമെന്നുള്ള എന്റെ വാശി എന്നെ തന്നെ……

ആയിഷ

Story written by Ammu Santhosh

നിലാവ് പൊഴിയുന്ന കണ്ണുകളായിരുന്നു അവളുടേത്‌ .പൂർണ ചന്ദ്രനെ പോൽ പ്രകാശിക്കുന്ന മുഖത്ത് കരിനീലമിഴികൾ വിടർന്നു നിന്നു ഒരു പൂവ് പോലെ .കണ്ണുകൾക്കിത്ര ഭംഗി ഉണ്ടെന്ന് ,ആളെ അടിമയാക്കാനുള്ള കഴിവുണ്ടെന്ന്, ആദ്യമായി ഞാനറിഞ്ഞത് അന്നാണ് .മൈതാനത്തിൽ നടന്നു പുഷ്പഫല പ്രദർശനം കാണാൻ പോയതായിരുന്നു ഞാൻകൂട്ടുകാരും .കൂട്ടുകാരികൾ ക്കൊപ്പം അവൾ .മൈലാഞ്ചി ചുവപ്പണിഞ്ഞ വിരലുകൾ തലയിലെ തട്ടം കാറ്റിൽ പറന്നു പോകാതിരിക്കാൻ ഇടയ്ക്കിടെ വലിച്ചിടുന്ന കാഴ്ചയായിരുന്നു എന്റെ കണ്ണിൽ ആദ്യം പെട്ടത് .

ജീവിതത്തിലൊരിക്കലും പ്രണയിക്കില്ല എന്ന വാശി കാറ്റിൽ പറന്നു പോയി .അവളുടെ വീടോ നാടോ എനിക്കറിയുമായിരുന്നില്ല .ഒരു നോട്ടം മാത്രമേ കണ്ടതുള്ളൂ. മറക്കാൻ ശ്രമിച്ചുമില്ല.എനിക്ക് മറക്കണ്ട അവളെ.അവൾ എന്റെ വാശി ആയി. കണ്ടു പിടിക്കാൻ ഞാൻ ഒരു പാട് അലഞ്ഞു .വീണ്ടും ആറു മാസത്തിനു ശേഷം ചേച്ചിയുടെ ഹോസ്പിറ്റലിൽ വെച്ച് ഞാൻ അവളെ വീണ്ടും കണ്ടു .ദൈവമായിട്ടു അവളെ എന്റെ മുന്നിൽ കൊണ്ടെത്തിക്കുകയായിരുന്നു .

ചേച്ചിയുടെ മുറിയിൽ നിന്നിറങ്ങി പോകുന്ന അവളെ കണ്ടു അവളുടെ പിന്നാലെ പോകണോ ചേച്ചിയുടെ മുറിയിലേക്ക് പോകണോ എന്ന് സംശയിച്ചു നിന്ന എന്നെ വിനയേട്ടൻ വന്നു കൂട്ടികൊണ്ടു പോയി .വിനയേട്ടൻ ചേച്ചിയുടെ ഭർത്താവു ആണെങ്കിലും എനിക്കെന്റെ സ്വന്തം ഏട്ടൻ തന്നെയാണ് .

അവളുടെ പേര് ” ആയിഷ” .മാതാപിതാക്കൾ മരിച്ചു പോയി. ഒരു ബന്ധുവിനൊപ്പമാണ് താമസം .

നിലാവ് വഴിയുന്ന കണ്ണുകളിൽ പ്രകാശമില്ലാത്തവൾ

ജന്മനാ അന്ധയായവൾ

ആ ദിവസം എനിക്കിന്നും ഓർമയുണ്ട് .ഹൃദയത്തിനുള്ളിൽ ഒരു അഗ്നികുണ്ഡം പുകഞ്ഞ ദിവസം .കുടിച്ച കള്ളിനും എരിച്ചു തീർത്ത സിഗരറ്റ്കൾക്കും കണക്കില്ലാതെ പോയ ദിവസം .

ആർക്കുമറിയാത്ത ഒരു മോഹം .വേണമെങ്കിൽ എനിക്കിവിടെ ഉപേക്ഷിച്ചു കളയാം .

ഹൈ കോടതി ജഡ്ജി മുകുന്ദൻ മേനോന്റെ മകന് ഏറ്റവും നല്ല ബന്ധം തന്നെ കിട്ടും .അല്ലെങ്കിലും ആയിഷയ്ക്കൊപ്പം ജീവിക്കണമെങ്കിൽ ഞാനേറെ വീട് മറക്കേണ്ടി വരും .അമ്മയെ,അച്ഛനെ, ചേച്ചിയെ ഒക്കെ ധിക്കരിക്കേണ്ടി വരും.

അവളെ ഞാൻ സ്നേഹിച്ചത് അവളുടെ കണ്ണുകൾ കണ്ടിട്ടു തന്നെയാണ് . പക്ഷെ ആ കണ്ണുകളിൽ ഞാൻ ഉണ്ടാവില്ല എന്ന സത്യം എന്നെ തകർത്തു കളഞ്ഞു .

ദിവസങ്ങൾ കഴിയവേ ആയിഷയെ എനിക്ക് വേണമെന്നുള്ള എന്റെ വാശി എന്നെ തന്നെ കീഴടക്കി തുടങ്ങി .

ആയിഷ എനിക്കൊരു മറുപടി തന്നില്ല.ഓരോ തവണ അവളുടെ മുന്നിലെത്തുമ്പോളും കണ്ണീരു കൊണ്ട് അവളെന്നെ പരാജിതനും നിരായുധനുമാക്കി .അവളുടെ കണ്ണുകൾ നിറയുന്നതു കാണാൻ വയ്യാതെ ഞാൻ അവൾ പോകുന്ന വഴിയോരങ്ങളിൽ കാത്തു നിന്ന് .ഉൾകണ്ണുകൾ കൊണ്ട് അവളെന്നെ കാണുന്നുണ്ടാവും .എന്നെ കടന്നു പോകുമ്പോൾ ആ കാലടികൾക്കു വേഗത കുറയുന്നതും ആ മുഖം ചുവന്നു തുടുക്കുന്നതും ഞാൻ അറിയുന്നുണ്ടയിരുന്നു .ഞാൻ ഒരു അക്ഷരവും സംസാരിച്ചില്ലെങ്കിലും ഞാൻ നിൽക്കുന്ന വഴിയോരങ്ങളിലേക്കു അവൾ മുഖം തിരിച്ചു നോക്കാറുണ്ടായിരുന്നു .

ആയിഷ എന്നെ സ്നേഹിച്ചു തുടങ്ങി എന്ന് ഞാൻ അറിഞ്ഞത് ആരും പറഞ്ഞിട്ടല്ല .പെണ്ണ് പ്രണയിക്കുന്നത് ആഗ്രഹിക്കുന്നത് മനസിലാക്കാൻ ഒരു നല്ല പുരുഷന് വാക്കുകൾ വേണ്ട ചലനങ്ങൾ മതി. അവളുട സ്‌നേഹമായിരുന്നു പിന്നെയെന്റെ ധൈര്യം .

എന്റെയൊപ്പം യാത്ര ചെയുമ്പോൾ അവൾ നിർത്താതെ സംസാരിക്കും.. മഴയെ പറ്റി,കടലിനെ പറ്റി ,നിറങ്ങളെ പറ്റി, അവളൊരു കിലുക്കാംപെട്ടിയാണ് .പൊതുവെ അധികം സംസാരിക്കാത്ത എന്നെ ,വാശിക്കാരനുംതന്റേടിയുമായ എന്നെ മാറ്റി യെടുത്തത് അവളായിരുന്നു. എന്റെ നെഞ്ചിൽ ചേർന്ന് എന്റെ കണ്ണിലേക്കു പ്രകാശമില്ലാത്ത കണ്ണുകൾ കോർത്ത് വെച്ച് നനുത്ത അധരങ്ങളാൽ അവൾ തരുന്ന ചുംബനങ്ങളായിരുന്നുഎന്റെ ജീവശ്വാസം .

ഈ ലോകം മുഴുവൻ എതിർത്താലും ഞാനവളെ വിട്ടുകളയുമായിരുന്നില്ല .അത്രമേൽ അവളെന്റെ പ്രാണനായി കഴിഞ്ഞിരുന്നു.

എന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചു കൊണ്ട് എന്റെ ‘അമ്മ അന്നാദ്യമായി എന്റെ അച്ഛനെ എതിർത്ത് സംസാരിച്ചു .എനിക്ക് വേണ്ടി വീറോടെ ‘അമ്മ വാദിച്ചു,മതവും സമൂഹവും ഞങ്ങളുടെ പ്രണയത്തിനു മുന്നിൽ തോറ്റു പോയി ആയിഷ എന്റേത് മാത്രം ആയി .

ആയിഷ ഗർഭിണിയായിരിക്കുമ്പോൾ തന്നെ ചേച്ചി മുന്നയിറിപ്പ് തന്നിരുന്നു. ജനിക്കുമ്പോൾ ചിലപ്പോൾ കുഞ്ഞിന് ആയിഷയുടെ അവസ്ഥ വന്നേക്കാം .

ആയിഷയ്ക്കു എന്റെ സ്നേഹം കുറയുമോ എന്നൊരു പേടി ഉണ്ടായി ത്തുടങ്ങിയതായി എനിക്ക് തോന്നി .അവളെ അന്ന് വരെ സ്നേഹിച്ചതിലും തീവ്രമായി ഞാൻ സ്നേഹിച്ചു പോയതും ആ കാലയളവിലായിരുന്നു .അവളെപ്പോളും ഞാൻ ഒപ്പമുണ്ടാകാൻ വാശി പിടിച്ചുകൊണ്ടിരുന്നു .അവളുടെ താളത്തിനു ഒത്തു തുള്ളുന്ന പാവയായിരിക്കാൻ എനിക്ക് സന്തോഷമേ ഉണ്ടയായിരുന്നുള്ളു.

ഞങ്ങൾക്ക് ഒരു മകൾ ജനിച്ചു . വൈദ്യശാസ്ത്രം എന്റെ പ്രാര്ഥനകൾക്കു മുന്നിൽ തോറ്റു പോയി .

ആയിഷയെ പോലെ സുന്ദരിയെ മകൾ . കണ്ണുകളിൽ നീലക്കടലിന്റെ ഭംഗിയുള്ള സൂര്യതേജസ്സുള്ള കാഴ്ചയുടെ വർണ്ണപ്രപഞ്ചമുള്ള മകൾ .

ഇന്ന് എന്റെ മകളുടെ വിവാഹമാണ് കഴിഞ്ഞ ഇരുപത്തിയഞ്ചു വര്ഷം എന്റെ മകൾക്കു ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ .

പ്രണയത്തിന്റെ മഹാസാഗരമെന്നിൽ നിറച്ച ആയിഷ എന്റെ മകളെ എനിക്ക് തന്ന രാത്രി എന്നെ വിട്ടു പോയി .

ഈ ജന്മതിലിനി ഒരു പെണ്ണിനേയും മോഹിക്കാനോ സ്നേഹിക്കാനോ ഞാനശക്തനാണ് . അവളുടെ ഉടൽ മാത്രമേ ഈ ഭൂമിയിൽ നിന്ന് പോയിട്ടുള്ളൂ .

മാലാഖമാർക്കു ആയുസ്സു കുറവാണല്ലോ!

അവളുടെ ആത്മാവ് എനിക്കൊപ്പമുണ്ട് .എനിക്കവളെ കാണാം സംസാരിക്കാം കൊഞ്ചിക്കാം ലാളിക്കാം .അത്രമേൽ എന്റെ സിരകളിൽ ഉന്മാദം നിറച്ച പെണ്ണായിരുന്നു അവൾ .

സ്നേഹത്തിന്റെ ഒരിക്കലും വറ്റാത്ത അക്ഷയപാത്രം എനിക്ക് സമ്മാനിച്ച എന്റെ ആയിഷ .

ഞാൻ നിരാശനോ ദുഖിതനോ അല്ല .അങ്ങനെയാവുന്നതായിരിക്കും അവളെ വേദനിപ്പിക്കുക .

ഞാൻ ഭാഗ്യവാനായ പുരുഷനാണ് .പ്രണയത്തിന്റെ കൈലാസം കീഴടക്കിയ പുരുഷൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *