ദൈവമേ ഞാൻ മരിക്കാൻ പോകുക ആണല്ലോ.. ഒരു നിമിഷം കൊണ്ട് അമ്മയുടെ മുഖം കണ്മുന്നിൽ തെളിഞ്ഞു വന്നു.. ഞാൻ ഇല്ലാതെ ആയാൽ സുഖം ഇല്ലാത്ത അമ്മ എങ്ങനെ ജീവിക്കും……

അവൻ

എഴുത്ത്:- ലൈന മാർട്ടിൻ

ഒഴുകി പരക്കുന്ന ഓളങ്ങൾക്കിടയിൽ ഞാൻ ശ്വാസം കിട്ടാതെ പിടയുന്നത് അറിയുന്നുണ്ട്.. ശ്വാസം എടുക്കാൻ ഉള്ള തിടുക്കത്തിൽ കൈകാലുകൾ ആഞ്ഞു വെള്ളത്തിൽ ശക്തിയായി അടിക്കുന്നുണ്ട്… മൂക്കിലൂടെയും വായിലൂടെയും കയറുന്ന വെള്ളം ശ്വാസത്തെ തടസപ്പെടുത്തുന്നു..

“ദൈവമേ ഞാൻ മരിക്കാൻ പോകുക ആണല്ലോ”.. ഒരു നിമിഷം കൊണ്ട് അമ്മയുടെ മുഖം കണ്മുന്നിൽ തെളിഞ്ഞു വന്നു.. ഞാൻ ഇല്ലാതെ ആയാൽ സുഖം ഇല്ലാത്ത അമ്മ എങ്ങനെ ജീവിക്കും? പെട്ടെന്ന് എന്റെ മുഖം വെള്ളത്തിനു മുകളിലേക്കു ഉയർന്നു വന്നു, ശക്തിയായി കിതച്ചു കൊണ്ട് ശ്വാസം എടുത്തു ഞാൻ ചുറ്റിലും നോക്കി..

ബലിഷ്ടമായ രണ്ട് കരങ്ങൾ എന്റെ മുടിച്ചുറ്റിൽ ഉയർത്തി പിടിച്ചു കൊണ്ട് എന്നെയും കൊണ്ട് നീന്തുന്നുണ്ട്.. ആരായിരിക്കും.. എന്നെ രക്ഷിക്കാൻ വന്ന ദൈവദൂതനോ? ആ മരണമുഖത്തും ഞാൻ ശ്രമിച്ചത് ആ മുഖം ഒന്നു കാണാൻ ആണ്.. കരയിലെ പുല്ലിന്റെ വരൾച്ചയിൽ എന്റെ ദേഹം വന്നടുത്തു.. ഞാൻ പതിയെ തല ഉയർത്താൻ ശ്രമിച്ചു കൊണ്ട് ആ മുഖത്തേക്ക് നോക്കി.. നെറ്റിയിലേക്ക് വീണു കിടക്കുന്ന അലസമായ മുടിയും ബ്രൗൺ നിറത്തിലുള്ള കണ്ണുകളും ആണ് ഞാൻ ആദ്യം കണ്ടത്.. പിന്നെ നീണ്ട മൂക്കും അങ്ങിങ് കുറ്റിത്തടിയുമുള്ള ആ മുഖം ഞാൻ നന്നായി കണ്ടു.. എന്റെ കവിളിൽ ആ കൈ ചേർത്ത് എന്നെ തട്ടി വിളിക്കുന്നുണ്ട്… അമ്മു… അമ്മു…. എഴുന്നേൽക്ക്‌..

കണ്ണ് തുറന്ന് നോക്കിയപ്പോ അമ്മ..!! അപ്പൊ ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ? ഒരു സ്വപ്നം ഇത്രയും വ്യക്തമായി കാണാനും അനുഭവിക്കാനും കഴിയോ? ആരാണ് അയാൾ? ഞാൻ ഇതുവരെ ആ മുഖം കണ്ടിട്ട് പോലുമില്ല.. ഒന്ന് എഴുന്നേറ്റു കുളിക്ക് അമ്മു.. ഇന്ന് ജോലിക്ക് നേരത്തെ പോകണം എന്ന് നീ പറഞ്ഞിരുന്നില്ലേ? ‘ഓണം സീസൺ ആയതു കൊണ്ട് ടെക്സ്റ്റ്‌റ്റെയിൽസ് നേരത്തെ തുറക്കും.’ എന്ന് പറഞ്ഞിട്ട് നീ ഇവിടെ കിടന്ന് ഉറങ്ങുവാണോ? പറയും പോലെ ഇന്ന് ഷോപ്പിൽ നേരത്തെ എത്തേണ്ടത് ആണല്ലോ.. സീസൺ ആയത് കൊണ്ട് രാവിലെ മുതൽ തിരക്കാകും..

കുളിച്ചു വന്നു അമ്മ തന്ന ദോശ നുള്ളി കഴിക്കുമ്പോഴും ഞാൻ കണ്ട സ്വപ്നവും സ്വപ്നത്തിൽ കണ്ട ആ മനുഷ്യനും ആയിരുന്നു മനസ് നിറയെ.. എന്നാലും ആരായിരിക്കും അയാൾ? അങ്ങനെ ഒരാൾ ഈ ഭൂമിയിൽ എവിടെങ്കിലും ഉണ്ടാകുമോ? ചിന്തകളെ മുറിച്ചു കൊണ്ട് ഏഴു മണിയുടെ അലാറം അടിച്ചു.. ഇപ്പോൾ ബസ് സ്റ്റോപ്പ്‌ലേക്ക് ഓടിയാലേ എഴേകാലിന്റെ ബസ് പിടിക്കാൻ പറ്റുള്ളൂ.. കഴിച്ചെന്നു വരുത്തി കൈ കഴുകി അമ്മയുടെ സാരി തുമ്പിൽ തുടച്ചു അമ്മ തന്ന ലഞ്ച് ബോക്സും മേടിച്ചു ഞാൻ പുറത്തേക്ക് ഓടിയിറങ്ങി.. ഭാഗ്യം! ബസ് കിടപ്പുണ്ട് അവിടെ, ഷോപ്പിൽ കൂടെ ജോലി ചെയ്യുന്ന ഉഷ ചേച്ചി ബസിൽ തന്നെ ഇരുന്നു കൊണ്ട് പെട്ടന്ന് കയറാൻ വിളിച്ചു പറഞ്ഞു.. ഷോപ്പിൽ എത്തിയത് മുതൽ തിരക്കായിരുന്നു.. ഉച്ചക്ക് ഊണ് കഴിക്കാൻ ഉള്ള സമയം പോലും കിട്ടാത്ത അത്രയും തിരക്ക്!

നഗരത്തിലെ പ്രധാനപ്പെട്ട തുണികടയിൽ ഒന്നായത് കൊണ്ട് തന്നെ നല്ല തിരക്ക് എല്ലാ ദിവസവും അനുഭവപ്പെടാറുണ്ട്.. സീസൺ സമയം ആയാൽ പറയുകയും വേണ്ടാ.. പത്തു മണിക്കൂർ ജോലി ചെയ്താലും സൂപ്പർവൈസ് ന് നിൽക്കുന്നവരുടെ തൃപ്തി ഇല്ലാത്ത മുഖവും സംസാരവും കാണാനും കേൾക്കാനും ആണ് നമ്മൾ സെയിൽസ് ഗേൾസ് ന്റെ വിധി എന്ന് ഉഷ ചേച്ചി പറയുന്നത് സത്യം ആണ്.. ***

വൈകിട്ട് 6 മണിക്കുള്ള ബസിൽ വീട്ടിലേക്ക് തിരിക്കുമ്പോഴേക്കും മനസും ശരീരവും കുഴഞ്ഞിട്ടുണ്ടായിരുന്നു.. കണ്മുന്നിൽ നഗര കാഴ്ചകൾ ഒഴുകി മായുന്നത് നോക്കി ഞാൻ ഇരിക്കുമ്പോഴും മനസ് എന്തിനെന്നു അറിയാതെ അസ്വസ്ഥമായിരുന്നു… ബസ് നിർത്തിയ സ്റ്റോപ്പിൽ ആളുകൾ ഇറങ്ങുന്നത് നോക്കി ഞാൻ ഇരുന്നു.. ബസ് ലേക്ക് കയറാൻ ആയി തിക്കും തിരക്കും കൂട്ടുന്ന സ്കൂൾ കുട്ടികൾ!

പെട്ടന്ന് ബസ് സ്റ്റാൻഡിലെ മതിലിൽ പതിപ്പിച്ച ഒരു ചിത്രത്തിൽ എന്റെ കണ്ണുകൾ ഉടക്കി!

ഇത് അയാൾ!!! ഇയാളെ അല്ലേ ഞാൻ ഇന്ന് സ്വപ്നം കണ്ടത്? അതെ അയാൾ തന്നെ!! ആ പതിച്ചിരിക്കുന്ന ചിത്രത്തിന് താഴെ എന്തായിരുന്നു എഴുതിയിരുന്നത്? അത് വായിക്കും മുൻപ് ബസ് വിട്ടു പോയല്ലോ!! പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ ഞാൻ എഴുന്നേറ്റ് ബസ് നിർത്താൻ കണ്ടക്ടർനോട് ആവശ്യപ്പെട്ടു..

” നിങ്ങൾ ഇതുവരെ ഉറങ്ങി പോയോ, ഓരോന്ന് വരും മനുഷ്യനെ മെനക്കെടുത്താൻ” എന്നൊക്കെ ഉള്ള അയാളുടെ അമർഷത്തെ മറികടന്നു ഞാൻ ആ സ്റ്റോപ്പ്‌ ൽ ഇറങ്ങി.. അല്ലെങ്കിലും ആരെന്തു പറഞ്ഞാലും അത് കേൾക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ… ഞാൻ ആ ബസ് സ്റ്റോപ്പ്‌ ലേക്ക് നടന്നു..

“അമൃത നിൽക്കടാ നീ എവിടെ പോകുന്നു? ഉഷ ചേച്ചി പിറകിൽ നിന്ന് വിളിക്കുന്നുണ്ട്.. എന്റെ പെട്ടെന്നുള്ള ഇറങ്ങി വരവിൽ ടെൻഷൻ ആയിട്ടാകും ഉഷ ചേച്ചിയും പിറകെ ഇറങ്ങിയത്…. ബസ് സ്റ്റോപ്പിൽ പതിച്ചിരിക്കുന്ന ആ ചിത്രത്തിനു മുൻപിൽ ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു!

ജോ( 26 വയസ്സ് ) ആദരാഞ്ജലികൾ! അങ്ങനെ ആയിരുന്നു ആ പോസ്റ്ററിൽ എഴുതിയിരുന്നത്.. എന്താ അമൃത? ആരാ ഇത്? നീ എന്തിനാ കരയുന്നത്? ചേച്ചി ചുമലിൽ തട്ടി വിളിച്ചപ്പോഴാണ് ആ ചിത്രത്തിനു മുൻപിൽ നിന്ന് കരയുക ആണെന്ന് ഞാൻ അറിഞ്ഞത്!

“ആരാണ് എന്നറിയില്ല പക്ഷെ എനിക്ക് ഈ ആളെ അറിയാം”.*. “എനിക്ക് നീ പറയുന്നത് ഒന്നും മനസിലാകുന്നില്ല കുട്ടി”….

വിറയാർന്ന വാക്കുകളിലൂടെ ഞാൻ കണ്ട സ്വപ്നം ചേച്ചിയോട് പറഞ്ഞു…”അപ്പൊ നീ ഒരിക്കലും ഈ പയ്യനെ കണ്ടിട്ടില്ലേ? “ഇല്ല ചേച്ചി… എനിക്കിത് ആരാണ് എന്നറിയണം, ഈ ആളിന് എന്ത് സംഭവിച്ചു എന്നും അറിയണം”..

“നീ സമാധാനം ആയിരിക്കു നമുക്ക് ആ കടയിൽ ഒന്ന് ചോദിക്കാം .. ഈ ചുറ്റുവട്ടത്തു തന്നെ ഉള്ളതാകും..” മധ്യവയ്സ്കനായ ഒരാൾ ആയിരുന്നു കടയിൽ ഉണ്ടായിരുന്നത്.. ചേച്ചി ആ പോസ്റ്റർ ചൂണ്ടികാണിച്ചു കൊണ്ട് ആ പയ്യനെ അറിയോ എന്ന് ചോദിച്ചു… “അത് നമ്മുടെ ജോ കുട്ടൻ അല്ലേ..വലിയ പറമ്പിൽ ദേവസ്യയുടെ മോൻ ” ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ പോയതാ അടിയൊഴുക്കിൽ പെട്ടു പോയ്‌”…

മിഴിഞ്ഞ കണ്ണുകളോടെ ചേച്ചി എന്നെ നോക്കി.. വീഴാതെയിരിക്കാൻ അടുത്തുള്ള തൂണിൽ ഞാൻ മുറുക്കെ പിടിച്ചു .. “ഇന്ന് ഉച്ചക്ക് ആണ് ബോഡി കിട്ടിയത് ഇപ്പോൾ പോസ്റ്റ്മോർട്ടം ഒക്കെ കഴിഞ്ഞു പള്ളിലേക്ക് കൊണ്ട് പോയിട്ടുണ്ട്.. പാവം ആ തന്തക്കും തള്ളക്കും ആകെ ഒന്നേ ഒണ്ടാർന്നുള്ളു.. എത്ര സ്വത്ത്‌ ഒണ്ടായിട്ടെന്താ അനുഭവ യോഗം ഇല്ലാണ്ടായാൽ…! നിങ്ങൾ അടക്കിനു കൂടാൻ വന്നവരാണോ?ഈ വഴി നേരെ പോയാൽ മതി പള്ളിയിൽ എത്തും!”

പെട്ടെന്നു ഞാൻ മുൻപോട്ട് നടന്നു.. വേച്ചു പോകുന്നുണ്ടെന്ന് തോന്നിയിട്ടും ഞാൻ നിന്നില്ല.. കാലുകളെക്കാൾ വിറയൽ മനസിന്‌ ആയിരുന്നു.. “അമ്മു നീ എവിടേക്ക് ആണ്?

നമുക്ക് തിരിച്ചു പോകാം കുട്ടി, ആരോ ഒരാൾ.. അയാൾ മരിച്ചു.. നമുക്ക് അതിൽ എന്താ ചെയ്യാൻ കഴിയുക? ഒന്നുമില്ല”.. എന്റെ കൈകളിൽ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ട് ഉഷ ചേച്ചി പറഞ്ഞു… “ഇല്ല ചേച്ചി എനിക്ക് ആ മുഖം ഒന്ന് കാണണം! ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത…ആരുമല്ലാത്ത … എന്റെ സ്വപ്നത്തിൽ അയാൾ വന്നുവെങ്കിൽ ആ മുഖം ഒരു വട്ടം എങ്കിലും കാണാൻ ഉള്ള അവകാശം എനിക്കുണ്ട്”.. പള്ളിയിൽ അടക്കിനു വന്ന ജനങ്ങൾക്കിടയിലൂടെ ഞാൻ ആ ഹാളിലേക്ക് കടന്നു.. അവിടെ നിറയെ റോസാപൂക്കളാൽ അലങ്കരിച്ച പെട്ടിക്കുള്ളിൽ അയാൾ ഉറങ്ങുന്നത് പോലെ.. എന്നെ വെള്ളത്തിൽ നിന്ന് ഉയർത്തിയെടുത്ത ആ കൈകൾ നെഞ്ചിനു കുറുകെ കെട്ടി വച്ചിട്ടുണ്ട്… മുഖം വ്യക്തമല്ല ആൾക്കാർക്കിടയിലൂടെ ഞാൻ പതിയെ മരണ ശ്രുശ്രുഷ നടത്തുന്ന ആ പെട്ടിക്ക് അടുത്തെത്തി.. ആ മുഖത്തേക്ക് നോക്കി നിൽക്കെ എന്നോട് എന്തോ പറയാൻ വെമ്പുന്ന പോലെ ആ ചുണ്ടുകൾ ….

പെട്ടന്ന് എന്റെ കൈയിൽ ആരോ തൊട്ടത് പോലെ.. ഞാൻ തിരിഞ്ഞ് നോക്കി,! നേർത്തു മെലിഞ്ഞ ഒരു പെൺകുട്ടി!. കരഞ്ഞു കലങ്ങിയ കണ്ണുകൾ.. “ഞാൻ സെലിൻ ആണ്..ജോച്ചായന്റെ കസിൻ സിസ്റ്റർ! ഇച്ചായിയുടെ ഫോണിൽ നിറയെ ചേച്ചിയുടെ ഫോട്ടോസ് കണ്ടിട്ടുണ്ട് ഞാൻ.. കടയിൽ വരുമ്പോൾ ഒക്കെ ചേച്ചി അറിയാതെ എടുത്തത് ആണെന്ന് പറഞ്ഞിട്ടുണ്ട്.. അത് കണ്ടിട്ടുള്ളത് കൊണ്ട് പെട്ടന്ന് മനസിലായ്.. ഒരുപാട്.. ഒരുപാട് ഇഷ്ടം ആയിരുന്നു ഇച്ചായിക്ക് ചേച്ചിയെ…. ഇച്ചായി മമ്മിയോട് വരെ പറഞ്ഞു സമ്മതം മേടിച്ചു വച്ചേക്കുവായിരുന്നു”…

എന്റെ കണ്ണിൽ നിന്ന് അടർന്നു വീഴുന്ന മിഴിനീർ കാഴ്ചയെ മറക്കുമ്പോഴും എന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരമായി അവൻ എന്റെ മുൻപിൽ ചിരിച്ചു കൊണ്ട് കിടക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *