ദ്വിതാരകം~ഭാഗം 01~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

ഗംഗ മോളേ….. നീ ഇറങ്ങാറായോ…? ദേ ഹരിയ്ക്കുള്ള ഭക്ഷണവുമായി സുഭദ്രാമ്മ ഓടിവരുന്നുണ്ട്.

ഗംഗേ…. മോളേ…. എന്റെ ദൈവമേ ഇവള് മനഃപൂർവം പറയാതെ പോയോ….? കിതച്ചുകൊണ്ട്മു റിയിലേയ്ക്ക് ഓടിവന്ന ശാരദാമ്മയെ ഗംഗ ദേഷ്യഭാവത്തിൽ അടിമുടി ഒന്ന് നോക്കി.

ദേ പെണ്ണേ…. ഒരെണ്ണം ഞാനങ്ങ് വച്ച് തന്നാലുണ്ടല്ലോ…. ശാരദാമ്മ കണ്ണുരുട്ടി കയ്യോങ്ങിക്കൊണ്ട്  ഗംഗയുടെ അടുത്തേയ്ക്ക് ചെന്നു.?

തല്ല്… എനിക്കിട്ട് തല്ല്…. ഗംഗ കളിയായി ശാരദാമ്മയോട്  പറഞ്ഞു.?

അപ്പോൾ നീ ഊമയല്ല… അല്ലേ?

എടി എത്ര തവണ ഞാൻ നിന്നെ വിളിച്ചു.പാവം സുഭദ്രാമ്മ…. അത് രാവിലെ എല്ലാം റെഡിയാക്കി ഓടി കൊണ്ടുവരുന്നുണ്ട്.നീ പോകുമോ എന്ന് പേടിച്ച് ഞാൻ ഓടി ഇറങ്ങി വന്നതാ…..

അതേ എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ….. അമ്മയ്ക്ക് തലയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?

സുഭദ്രാമ്മ രാവിലെ ഭക്ഷണം ഉണ്ടാക്കുന്നത് അവരുടെ മോന് വേണ്ടിയിട്ടല്ലേ? അല്ലാതെ എനിക്കല്ലല്ലോ? അതിന് എന്റെ അമ്മ ഇത്ര കിടന്ന് ഓടുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

പിന്നെ ഒരുകാര്യം ഈ സുഭദ്രാമ്മയുടെ  മോൻ കുഞ്ഞ് വാവയൊന്നും അല്ലല്ലോ….? അതുപോലെ എനിക്ക്ബി .എഡിന്നു വേറെങ്ങും കിട്ടാഞ്ഞിട്ടല്ലല്ലോ
ഹരിയേട്ടൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെ പോയാൽ മതി എന്ന് അമ്മ പറഞ്ഞത്. അപ്പോൾ ഒത്തുകളി…. മോനുള്ള ഭക്ഷണവുമായി പുറകെ പോകാൻ ഒരാൾ…. ഞാൻ ആ കോളേജിൽ പോയില്ലായിരുന്നെങ്കിൽ ഹരിയേട്ടൻ പട്ടിണി കിടക്കുമായിരുന്നോ?

മോളേ ഗംഗേ….

സുഭദ്രാമ്മയുടെ ശബ്ദം കേട്ടതും ശാരദാമ്മ തലയിൽ കൈവച്ചു.

സമാധാനമായോടി നിനക്ക്…. ദൈവമേ സുഭദ്രാമ്മ എല്ലാം കേട്ടല്ലോ…..

എന്റെ സുഭദ്രാമ്മേ ഇവളുടെ നാക്ക് ശരിയല്ല….. ഒന്നും തോന്നല്ലേ…. ശരദാമ്മ പറഞ്ഞു.

എന്താ ശാരദേ ഇത് ഞാൻ ഇവളെ ഇന്നും ഇന്നലെയും ഒന്നും കാണുന്നതല്ലല്ലോ….?

ആ അതാണ്…. സുഭദ്രാമ്മ പറഞ്ഞതിനെ ശരി വച്ചുകൊണ്ട് ഗംഗ രംഗത്തെത്തി. അല്ല സുഭദ്രാമ്മേ ഞാൻ ചോദിച്ചതിൽ എന്താ തെറ്റ്? ഈ വയ്യാത്ത സുഭദ്രാമ്മ രാവിലെ ഭക്ഷണവുമായി ഇങ്ങോട്ട് ഓടി വരേണ്ട കാര്യമുണ്ടോ?ഇത്രയും വല്ല്യ പാത്രത്തിൽ ഭക്ഷണം എടുക്കാൻ വർഷങ്ങളായി പട്ടിണി കിടക്കുന്ന ആളൊന്നും അല്ലല്ലോ ഹരിയേട്ടൻ…. നാല് ചക്രമുള്ള വണ്ടി എന്നും ഓടിച്ചുകൊണ്ടല്ലേ ഹരിയേട്ടൻ ഇവിടെ നിന്ന് പോകുന്നത്അ ല്ലാതെ ആ വണ്ടി തലയിൽ ചുമന്നുകൊണ്ടല്ലല്ലോ?നേരം വെളുക്കുന്നതിനു മുൻപ് കോളേജിൽ ചെന്നിട്ട് പെൺപിള്ളേരെ വായിൽ നോക്കണം. അതാണ് പണി.

അത്കൊണ്ട് പൊന്നു മോനോട് ഒരു കാര്യം പറഞ്ഞേക്കണം. ഞാൻ ബസിലെ ഇടിയും ചവിട്ടുമൊക്കെ കൊണ്ട് ഭക്ഷണവും താങ്ങിപിടിച്ച് ഹരിയേട്ടന് കൊണ്ടുപോയി കൊടുക്കുന്ന പരിപാടി ഇന്നത്തെ കൊണ്ട് നിർത്തി എന്ന്. കേട്ടല്ലോ രണ്ടാളും…. ഗംഗ രണ്ടുപേരുടെയും മുഖത്തേയ്ക്ക് നോക്കി. എന്റെ പൊന്നു മോളേ ഗംഗേ…. നാളെ മുതൽ അവൻ പട്ടിണി ഇരുന്നോട്ടെ… രാവിലെ എങ്ങാനും?ശാരദയെ ഹരിയ്ക്കുള്ള ഭക്ഷണം എടുക്കാൻ വീട്ടിലേയ്ക്ക് വിട്ടാൽ…. അപ്പോൾ ഞാൻ പറയാം അതിന്റെ ബാക്കി. പിന്നെ അവൻ രാവിലെ കോളേജിലേയ്ക്ക് പോകുന്നത് വായിൽ നോക്കാനാണെങ്കിൽ  നന്നായിപ്പോയി എന്നേ ഞാൻ പറയൂ… എന്റെ പൊന്ന് ഗംഗ മോളേ… നിന്നെയും ഹരിയെയും ഞങ്ങൾക്ക് രണ്ടുപേർക്കും നന്നായിട്ടറിയാം.

പിന്നെ ബി. എഡ് തീരുന്നത് വരെ കാത്തിരിക്കണമെന്നില്ല നീ ഒന്ന് സമ്മതം മൂളിയാൽ ചടങ്ങ് ഉടനെ നടത്താം.ഞാനും ശാരദാമ്മയും നേരത്തെ തന്നെ തീരുമാനിച്ചതാ. അല്ല നീ അങ്ങോട്ട് വന്നാൽ എന്റെ രാവിലത്തെ ഓട്ടം അങ്ങ് കുറയ്ക്കാം. എന്ത് പറയുന്നു നീയ്…..സുഭദ്രാമ്മയും, ശാരദാമ്മയും ഉറക്കെ ചിരിച്ചു. ഗംഗയുടെ മുഖം ഒരു റോസാ പൂവ് കണക്കേ ചുവന്നു തുടുത്തു.

അയ്യടാ എന്തൊരു തമാശ….. ഈ വളിച്ച തമാശ കേട്ടുകൊണ്ടിരുന്നാൽ എന്റെ ബസ് അതിന്റെ പാട്ടിനു പോകും. രണ്ടാളും ഇവിടെ ചിരിച്ചുകൊണ്ടിരുന്നോ….. ഞാൻ പോകുവാ…. ദേഷ്യം അഭിനയിച്ച് ഗംഗ വീട്ടിൽ നിന്നിറങ്ങി.

ബസിൽ കയറി തിരക്കിനിടയിൽ നിൽക്കുമ്പോഴും ഗംഗയുടെ മനസ്സ് നിറയെ ഹരിയുടെ മുഖമായിരുന്നു. ഒരിക്കൽപോലും തന്നെ ഇഷ്ടമാണെന്ന് ഹരിയേട്ടൻ പറഞ്ഞിട്ടില്ല. പക്ഷെ ആ മനസ്സ് നിറയെ തനാണെന്ന് പറയാതെ പറഞ്ഞിട്ടുണ്ട്. ഹരിയേട്ടന്റെ പെണ്ണാണ് താനെന്ന് സുഭദ്രാമ്മ കൂടി പറഞ്ഞപ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെൺകുട്ടി തനാണെന്ന് തോന്നിപോകുന്നു. സന്തോഷകരമായ ജീവിതത്തിനിടയിൽ ഞങ്ങളിൽ നിന്ന് അച്ഛനെ പറിച്ചെടുത്ത ദൈവത്തെ ഞാൻ എപ്പോഴും കുറ്റപ്പെടുത്തിയിട്ടേ ഉളളൂ… പക്ഷെ ഇപ്പോൾ…. ഇപ്പോൾ എല്ലാ ദൈവങ്ങളുടെയും മുൻപിൽ ഞാൻ എന്റെ നന്ദി അറിയിക്കുകയാണ്……. ഒരായിരം കിനാവുകൾ കണ്ടുകൊണ്ട് കോളേജ് ക്യാമ്പസിലൂടെ നടന്ന് നീങ്ങിയപ്പോൾ തന്റെ വരവിനായി കാത്ത് നിൽക്കുന്ന ഹരിയുടെ തിളക്കമേറിയ കണ്ണുകൾ കണ്ടപ്പോൾ ഗംഗയുടെ സന്തോഷം ഇരട്ടിച്ചു.

ഹരിയേട്ടാ….. അവൾ മെല്ലെ വിളിച്ചു. ഇതാ…. ഹരിയേട്ടനുള്ള ഫുഡ്‌…. തന്റെ കയ്യിലുള്ള കവർ അവൾ ഹരിയുടെ കയ്യിലേയ്ക്ക് കൊടുത്തു.

ഹലോ….. ഇപ്പോൾ എന്നെ എന്താ വിളിച്ചതെന്നറിയാമോ? ഇത് വീടല്ല കോളേജ് ആണ്. ഞാൻ നിന്റെ അധ്യാപകനും. സ്ഥലകാല ബോധം നഷ്ടപ്പെട്ടോ…?

ഹരിയുടെ ചോദ്യം കേട്ട് നാണത്തോടെ ശിരസ്സ് കുനിച്ച് ഗംഗ തന്റെ ക്ലാസ്സിനെ ലക്ഷ്യമാക്കി നടന്നു.

ഈ പെണ്ണിനിതെന്താ പറ്റിയത്? എപ്പോഴും ചാടിക്കടിക്കാൻ വരുന്ന പെണ്ണിന്റെ പെട്ടെന്നുള്ള മാറ്റത്തിന്റെ പൊരുൾ എന്തായിരിക്കും……?ഹരി അതിശയത്തോടെ ഗംഗ നടന്ന് നീങ്ങുന്നതും നോക്കി നിന്നു…..

 തുടരും……

Leave a Reply

Your email address will not be published. Required fields are marked *