മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗംഗാ ഞാൻ പുറത്തുണ്ടാവും….. ഹരി പറഞ്ഞു തീർന്നതും ഐ സി യു വിന് പുറത്തേക്കിറങ്ങി.
ഗംഗ അനന്തുവിന്റെ അടുത്ത് കുറച്ചു സമയം കൂടി നിന്നു.
അനന്തു…… ഞാനും ഹരിയേട്ടനും പുറത്തുതന്നെ ഉണ്ടാവും. സിസ്റ്ററമ്മയോട് ഇപ്പോൾ തന്നെ ഞാൻ കാര്യങ്ങൾ വിളിച്ചു സംസാരിച്ചോളാം. നീ സമാധാനമായിരിക്ക്. ഞങ്ങളെല്ലാവരും നിന്റെ കൂടെത്തന്നെ ഉണ്ട്.
ഗംഗാ…. നീ എന്റെ സമാധാനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനി എനിക്കൊരിക്കലും തിരിച്ചുകിട്ടാത്ത ഒന്നാണ്.
എന്റെ സ്വപ്‌നങ്ങൾ പ്രതീക്ഷകൾ എല്ലാം തകർന്നടിഞ്ഞു. സ്നേഹദീപത്തിലെ ഓരോരുത്തർക്കും ആശ്രയമാകേണ്ട ഞാൻ ഇനി അങ്ങോട്ട് അവരെ ആശ്രയിക്കേണ്ട അവസ്ഥ……?എന്റെ മനസ്സ് ഞാൻ തന്നെ പാകപ്പെടുത്തിക്കോളാം.
ഗംഗയും ഹരി സാറും ഇവിടെ നിൽക്കണമെന്നില്ല…. ഇടയ്ക്ക് സമയം പോലെ വന്നാൽ മതി. അനന്തുവിന്റെ പെട്ടെന്നുള്ള മാറ്റം……മുഴക്കമുള്ള ശബ്ദത്തിൽ ഇടറാതെയുള്ള സംസാരം ഗംഗയെ അത്ഭുതപ്പെടുത്തി.
അനന്തു…. തല്ക്കാലം നിന്നെ ഇവിടെ തനിച്ചാക്കി ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല. ഞങ്ങൾ പുറത്തുണ്ടാവും….
ഗംഗ പുറത്തിറങ്ങിയതും ഹരിയോട് ഫോൺ മേടിച്ച് സ്നേഹദീപത്തിലേയ്ക്കാണ് വിളിച്ചത്.
മോളേ… ഗംഗേ….. പറയൂ… ഏയ് ഒന്നുമില്ലമ്മേ….. ഞങ്ങൾ അനന്തുവിനെ കണ്ടു. അവൻ എല്ലാകാര്യങ്ങളെയും ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്.
വിഷമമില്ലെന്നല്ല….. എങ്കിലും അവൻ ബോൾഡ് ആകുന്നുണ്ട്. സിസ്റ്റർ അമ്മ അവരോടെല്ലാവരോടും പറഞ്ഞേക്ക്.
പറഞ്ഞോളാം മോളേ…. എനിക്ക് മോളുടെ ഫോൺ കോൾ വന്നപ്പോൾ പേടിയായിരുന്നു. എന്താവും മോൾക്ക് പറയാനുള്ളതെന്ന പേടി….. എന്തായാലും എന്റെ കുഞ്ഞിന് തമ്പുരാൻ എല്ലാം ഉൾക്കൊള്ളാനുള്ള മനോധൈര്യം കൊടുക്കട്ടെ എന്ന് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്.?പിന്നെ മോളേ ഒരു കാര്യം കൂടി ഹോസ്പിറ്റലിൽ അടക്കാനുള്ള തുക എന്റെ കൈവശമുണ്ട്. നാളെ ഞാൻ രാവിലെ വരാം. എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ വിളിക്കണേ ഗംഗ മോളേ……
ആരും വിഷമിക്കണ്ട…. എല്ലാം ശരിയാകും. എന്തുണ്ടെങ്കിലും ഞാൻ സിസ്റ്ററമ്മയെ വിളിച്ചോളാം……?എങ്കിൽ ശരി മോളേ…..
ഫോൺ കട്ട് ആയതും ഗംഗ ഹരിയുടെ അടുത്തേയ്ക്ക് ചെന്നു.
ഹരിയേട്ടാ….. വീട്ടിൽ പോയി ഡ്രസ്സും എനിക്കുള്ള ഫുഡും എടുത്തുകൊണ്ടു വാ. എന്നിട്ട് ഹരിയേട്ടൻ നേരത്തെ വീട്ടിലേയ്ക്ക് പൊയ്ക്കോ…..
ശരി ഗംഗേ….. ഇതാ… ഇത് അയ്യായിരം രൂപയുണ്ട്. തല്ക്കാലം കയ്യിലിരിക്കട്ടെ….
വേണ്ട ഹരിയേട്ടാ….ആവശ്യത്തിനുള്ള പൈസ എന്റെ കൈവശമുണ്ട്…എനിക്ക് ഇപ്പോൾ പൈസ ഒന്നും വേണ്ട. ഹരിയേട്ടൻ കയ്യിൽ വച്ചോ….
നിന്റെ കയ്യിൽ എവിടെ നിന്നാ പൈസ….?
ഹരിയേട്ടൻ എന്നെ കുറിച്ച് എന്താ വിചാരിച്ചിരിക്കുന്നത്? ഞാൻ എന്നെ കൊണ്ട് പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്യും.പൈസ കിട്ടാറുമുണ്ട്. അതൊക്കെ എന്റെ അക്കൗണ്ടിൽ സേഫ് ആയിട്ടുണ്ട്.
നീ ആള് കൊള്ളാമല്ലോ…..ഹരി ചെറു പുഞ്ചിരിയോടെ അവളെ നോക്കി.
അതേ നമ്മുടെ വീടിനടുത്തുള്ള ഒരു വീടുകളിലും ആരും പച്ചക്കറി വാങ്ങിക്കാറില്ല…. കാരണ മാറിയാമോ എല്ലാ കറികൾക്കുമുള്ള പച്ചക്കറികൾ അരിഞ്ഞു ഞാൻ?ആൾക്കാർക്ക് എത്തിച്ചു കൊടുക്കാറുണ്ട്.
ഒരിക്കലും മറ്റൊരാളുടെ മുൻപിൽ പൈസയ്ക്ക് നമ്മൾ കൈനീട്ടരുത്. നമുക്ക് പറ്റുന്നത് നമ്മൾ ചെയ്യണം.മനസ്സിലായോ….. ഗംഗ അഭിമാനത്തോടെ പറഞ്ഞു.
ഹരിയ്ക്ക് അവളെക്കുറി ച്ചോർത്ത് ചെറിയൊരഹങ്കാരം തോന്നി.
തനിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണവൾ….. അവൻ മനസ്സിൽ പറഞ്ഞു.
ഗംഗാ….. ഞാൻ പോയിട്ടുവരാം….
ഹരി പോയതും ഗംഗ ശാരദാമ്മയെ വിളിച്ചു.
അമ്മേ ഹരിയേട്ടൻ അങ്ങോട്ട് വന്നിട്ടുണ്ട്. എനിക്കുള്ള ഡ്രസ്സും ഭക്ഷണവും കൊടുത്തുവിട്ടേക്കണം.
മോളേ ഗംഗേ…. അമ്മ ഒരു കാര്യം ചോദിച്ചോട്ടെ… കല്യാണത്തിന് മുൻപ് നിങ്ങൾ രണ്ടുപേരും ഒരുമിച്ചു നിന്നാൽ ആളുകൾ എന്ത് പറയും? അമ്മയ്ക്കെന്തോ ഒരു പേടി…. മോള് തെറ്റു ചെയ്യുമെന്നല്ല കേട്ടോ…..
അമ്മേ അമ്മ എന്തിനാ പേടിക്കുന്നെ…. ഹരിയേട്ടൻ ivide നിൽക്കുന്നില്ല. ഞാൻ മാത്രേ ഉളളൂ…. ഹരിയേട്ടൻ ഡ്രസ്സും ഭക്ഷണവും തന്നിട്ട് തിരിച്ചു പോരും. അമ്മ പേടിക്കണ്ട. പിന്നെ അമ്മ അവിടെ തന്നെ കിടക്കരുത്. സുഭദ്രാമ്മയുടെ അടുത്തേയ്ക്ക് പൊയ്ക്കോണം. എന്നാൽ ഞാൻ വച്ചോട്ടെ. ശരി മോളേ…. ആ മോളേ വയ്ക്കല്ലേ….. ശാരദാമ്മയ്ക്ക് മറ്റെന്തോ പറയാനുണ്ടെന്ന് അവൾക്ക് മനസ്സിലായി.
മോളേ… സുഭദ്രാമ്മയുടെ വീട്ടിലേയ്ക്ക് രണ്ട് മൂന്ന് വണ്ടി ആൾക്കാർ പോയിട്ടുണ്ട് എന്താന്ന് അമ്മയ്ക്കറിയില്ല.
മൂന്ന് വണ്ടി ആൾക്കാരോ….. അതാരാ…? അമ്മയ്ക്കൊന്നു പോയി നോക്കാമായിരുന്നില്ലേ…..?മോളേ… ഞാൻ സുഭദ്രാമ്മയെ വിളിച്ചിരുന്നു .ഞാനങ്ങോട്ടു ചെല്ലാണോ എന്ന് ചോദിച്ചതാ…. അപ്പോൾ വേണ്ടാന്ന് പറഞ്ഞു.പിന്നെവിളിക്കാമെന്നു പറഞ്ഞു കട്ട് ചെയ്തു.അതാ മോളേ അമ്മ അങ്ങോട്ട് പോകാത്തത്.
സാരമില്ല അമ്മേ….. സുഭദ്രാമ്മയ്ക്ക് അറിയാവുന്ന ആരെങ്കിലും ഒക്കെ ആവും.
ഹരിയേട്ടനും ഒന്നും പറഞ്ഞു കേട്ടില്ല.
അമ്മ ഏതായാലും എന്റെ ഡ്രസ്സും ഭക്ഷണവും എടുത്തു വയ്ക്ക്.
മോളേ അനന്തു ജീവിതത്തിലേക്ക് തിരിച്ചുവരുമോ?
തിരിച്ചു വന്നല്ലോ….. ഇപ്പോൾ നടക്കാനാവില്ല. പക്ഷെ അവനെ ഞങ്ങൾ നടത്തും….. അനന്തു ഒരിക്കലും ഒരു മുറിയിൽ വീൽ ചെയറിൽ ജീവിതം പാഴാക്കേണ്ടവനല്ല അവൻ…. അവന്റെ സ്വപ്‌നങ്ങൾ എല്ലാം നിറവേറണം….. എന്നാൽ ശരി അമ്മേ…… അമ്മ വച്ചോ…… ഗംഗ ഫോൺ കട്ട് ചെയ്തു….
****************
ഹരി വീടിനു മുൻപിൽ ചെന്നപ്പോൾ പരിചയമില്ലാത്ത മൂന്ന് കാറുകൾ….. അവൻ കാറിൽ നിന്നുമിറങ്ങി ഒന്നും മനസ്സിലാകാതെ വീടിനുള്ളിലേയ്ക്ക് കയറി.
ഹാളിൽ ഏകദേശം സ്ത്രീകളും പുരുഷന്മാരുമായി പതിനഞ്ചു പേരോളം ഉണ്ടായിരുന്നു.
അമ്മേ….. ആരാ ഇവരൊക്കെ…..? ഹരി നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.
മോനേ നീ പെട്ടെന്നുപോയി കുളിച്ചിട്ട് വാ…. കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കാനുണ്ട്.
ഹരി മനസ്സില്ലാ മനസ്സോടെ കുളിച്ച് ഡ്രസ്സ് മാറി വന്നു.
മഹാദേവൻ സാറേ…. ഇതാണ് എന്റെ മകൻ ഹരി…
നിങ്ങൾക്ക് സംസാരിക്കാനുള്ളത് സംസാരിക്ക്….
എന്ത് സംസാരിക്കാൻ….? ഹരി തിരിച്ചു ചോദിച്ചു.
ഇവിടെ ഇരിക്ക് മോനേ….. കാര്യങ്ങളൊക്കെ ഞാൻ തന്നെ പറയാം. കണ്ടാൽ ഒരു കോടീശ്വരൻ ആണെന്ന് മനസ്സിലാകും.
മോനേ ഞാൻ മഹാദേവൻ……. മോൻ പഠിപ്പിക്കുന്ന കോളേജിൽ പഠിക്കുന്ന മൃദുലയുടെ അച്ഛൻ……….
എന്റെ മകൾ….. അവളെന്തു കാര്യം പറഞ്ഞാലും ഞാനത് കേൾക്കും. കാരണം എനിക്ക് ഒറ്റമോളാ……. അവളുടെ എല്ലാ ഇഷ്ടങ്ങളും ഞങ്ങളുടെ ഇഷ്ടങ്ങളാ…….. നിങ്ങളുടെ വീടോ സൗകര്യങ്ങളോ ഞങ്ങൾക്ക് പ്രശ്നമല്ല…. പണം അത് വേണ്ടത്തിലും അധികം ഞങ്ങൾക്കുണ്ട്. അയാൾ പറഞ്ഞുകൊണ്ടേ ഇരുന്നു.
സർ നിങ്ങളെന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? ഹരി അയാളോട് നേരെ ചോദിച്ചു.
മോനേ ഹരി എന്റെ മോൾ മൃദുലയ്ക്ക് മോനേ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു….. ഇപ്പോൾ മോന്റെ അമ്മയുമായി ഞങ്ങൾ വാക്കുറപ്പിച്ചിട്ടാ മോനോട് സംസാരിക്കുന്നത്……..
വാക്കോ….. എന്ത് വാക്ക്…..? അമ്മേ എന്താ ഇതൊക്കെ……?ഹരി ആരാഞ്ഞു…..
നിന്റെ ഭാവിയാ ഹരി എനിക്ക് വലുത്….. ഞാനിവർക്ക് വാക്ക് കൊടുത്തു. ഉടനെ വിവാഹനിശ്ചയം ഉണ്ടാകും. കല്ല്യാണം അവളുടെ പഠനം കഴിഞ്ഞ് അതാണ് ഞങ്ങളെടുത്ത തീരുമാനം…..
അമ്മേ….. എന്റെ അമ്മ തന്നെയാണോ ഇത്?അമ്മയ്ക്കെങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നു……
അമ്മയ്‌ക്കൊരു വാക്കേ ഉളളൂ മോനേ….. അത് ഞാനിവർക്ക് കൊടുത്തു കഴിഞ്ഞു………
തന്റെ ജീവിതം കൈവിട്ടു പോവുകയാണെന്നു പോവുകയാണെന്ന് ഒരു നിമിഷം ഹരി മനസ്സിലാക്കി ……
തുടരും….


