നടന്നു വരുന്ന സ്ത്രീകൾക്ക് പുറകിൽ വിതുമ്പുന്ന ആ മുഖം കണ്ടതും സത്യന്റെ അടിവയറിൽ നിന്നൊരു വിറയൽ ഉരുണ്ടുകയറി….

ഇരുളും വെളിച്ചവും

Story written by Sebin Boss J

“”ഏഹ് ..സത്യേട്ടനോ … ഇതെന്തായിവിടെ ?”” ചാരിയിട്ടിരുന്ന വാതിൽ അനുവാദം ചോദിക്കാതെ തള്ളിത്തുറന്നു വന്നയാളെ ദേഷ്യത്തോടെയാണ് നോക്കിയ തെങ്കിലും ആളെ കണ്ടപ്പോൾ സത്യജിത്തിന് ദേഷ്യം മാറി .

അനുജിത്ത് മഹേഷ് . പോരാത്തതിന് അവൻ യൂണിഫോമിലും .

“‘നീയെന്താ ഇവിടെ ? ”” എഴുന്നേറ്റ് ഹാങ്കറിൽ നിന്ന് ഷർട്ട് എടുത്തിട്ടിട്ട് സത്യൻ അവനു മുന്നിലേക്ക് കസേര നീക്കിയിട്ടു .

“” ഇന്നിവിടെ സ്റ്റേഷനിൽ ചാർജ്ജ് എടുത്തു . .വീട്ടിലേക്ക് വിളിച്ചപ്പോ ചേച്ചി പറഞ്ഞിരുന്നു മൂന്നാല് ദിവസമായി ആളെ കണ്ടില്ലെന്ന് . എന്നുമുള്ള പോലെ ആണോ , അതോ സീരിയസ് ആണോ ഇപ്പഴത്തെ പ്രശ്നം ? ”’ ”’ തൊപ്പി ഊരിവെച്ചിട്ട് അനുജിത്ത് ടീപ്പോയിയിലെ ജഗ്ഗിൽ നിന്ന് വെള്ളം വായിലേക്കൊഴിച്ചു .

“” ഹേയ് . കുറച്ചെഴുതാനുണ്ടെടാ ജിത്തൂ . ഇവിടാവുമ്പോ ആരുടേം ശല്യമില്ലാതെയെഴുതാം “” ജിത്തു സത്യനെ നോക്കി . പോലീസുകാരന്റെ മുന്നിൽ നുണപറഞ്ഞ കള്ളനെ പോലെ സത്യന്റെ മുഖം കുനിഞ്ഞു .

“” സത്യേട്ടാ … പലപ്പോഴും ചോദിക്കണമെന്ന് കരുതിയിട്ടുള്ളതാ . എന്നെങ്കിലും വല്യേച്ചിയെ ഉപേക്ഷിക്കണമെന്ന് സത്യേട്ടന് തോന്നിയിട്ടുണ്ടോ ?”’ അനുജിത്ത് സത്യന്റെ കണ്ണുകളിലേക്ക് നോക്കി .

“‘ഹേയ് … ഇല്ലടാ .. ഒരുതരം പോസ്സസീവ്നെസ് . തന്റെ ഭർത്താവ് മറ്റാരോടും സംസാരിക്കരുതെന്ന് . മറ്റാരുടെയും കാര്യത്തിൽ ഇടപെടരുതെന്ന് . തന്നെ മാത്രം സ്നേഹിക്കണം പരിഗണിക്കണം എന്നൊക്കെയുള്ള ചിന്ത . സ്നേഹക്കൂടുതൽ കൊണ്ടാണ് ഇതൊക്കെ .എന്നേക്കാൾ കൂടുതലവളുടെ സ്വഭാവം നിനക്കറിയാല്ലോ “‘

“‘ ഞാൻ ചിന്തിച്ചിട്ടുണ്ട് സത്യേട്ടാ .വല്യേച്ചിക്ക് സത്യേട്ടൻ അല്ലാതെ മറ്റാരേലുമാണ് ജീവിതപങ്കാളി ആയി വന്നിരുന്നതെങ്കിൽ മൂന്നിന്റന്ന് അവൾ വീട്ടിൽ നിന്നേനെയെന്ന് “‘ സത്യനൊന്നും മിണ്ടിയില്ല .

“‘ മുറച്ചെറുക്കൻ ബന്ധം ഒരുകണക്കിന് നന്നാണ് എന്ന് തോന്നിയിട്ടുള്ളത് നിങ്ങളുടെ ബന്ധത്തിൽ മാത്രമാണ് . ശെരി സത്യേട്ടാ ..ഞാൻ വൈകിട്ട് വീട്ടിലേക്ക് വന്നേക്കാം . മാളൂനോടും അപ്പൂസിനോടും പറയണ്ട . ഒരു സർപ്രൈസ് ആയിക്കോട്ടെ . “” ജിത്തു തൊപ്പി എടുത്തിട്ടെഴുന്നേറ്റു

”’ അല്ല നീയെന്താ ഈ ലോഡ്ജില് ? ഇവിടെങ്ങനെ പോലീസ് റെയ്ഡോന്നു മില്ലാത്തതാണല്ലോ “”

“‘ ആ .. സ്‌റ്റേഷനീന്ന് പറഞ്ഞായിരുന്നു സത്യേട്ടാ . ഇതേതോ മുന്തിയ നേതാവിന്റെയാണെന്ന് . … ഗ്രൂപ്പ് കളി മൂലം എന്തോ റെയ്ഡാ . അവരാദ്യം പ്രെസ്സിനെ വിവരമറിയിച്ചത് കൊണ്ട് വരാതിരിക്കാൻ പറ്റില്ല “”

”സാർ ..”‘ വാതിൽക്കൽ ഒരു പോലീസുകാരൻ വന്നപ്പോൾ അനുജിത്തും സത്യജിത്തും അങ്ങോട്ട് നോക്കി .

“” എന്താ ജേക്കബേ “‘

“” മൂന്നാലു റൂമീന്ന് ആൾക്കാരെ പൊക്കീട്ടുണ്ട് . അതിലൊരുത്തൻ നമ്മളുദ്ദേശിച്ച യുവജന പ്രസ്ഥാനത്തിന്റെ ടൗണിലെ ലീഡറാ “‘

“‘ ചെറുക്കാനെന്നാ പ്രായമുണ്ട് ജേക്കബേ ?”’ അനുജിത്ത് പോലീസ് ഓഫീസറോട് ചോദിച്ചു .

“‘ ഡിഗ്രി രണ്ടാം വർഷമെന്നാ പറഞ്ഞെ . പ്രായപൂർത്തിയായി സാറെ …ഡൽഹിയിലെ കേസ് പോലാവില്ല . “”

“” പണവും പെണ്ണും വെച്ചുനീട്ടുമ്പോൾ തന്റെ ഭാവിയോർക്കാതെ നേതാക്കൾക്ക് വേണ്ടിയിറങ്ങിത്തിരിക്കുന്ന അണികൾ , പാഴ്ജന്മം ആയി പോകുമല്ലോ പാവങ്ങളുടെ . സത്യേട്ടൻ വരുന്നോ .? സെൻസേഷൻ ഞാനായിട്ട് തന്നില്ലാന്ന് വേണ്ട ”’ ജിത്തു ചിരിച്ചു .

‘” ‘ഈ ചീഞ്ഞ രാഷ്ട്രീയവും പെൺ വാ ണിഭവും ..എനിക്കിന്ട്രെസ്റ്റ് ഇല്ലടാ . നീ ചെല്ല് . ഞാനൊന്ന് സമാധാനമായിട്ട് എഴുതട്ടെ “‘

“” സാറെ …ഞാൻ പാവമാ സാറെ . ഇങ്ങനത്തവളല്ല സാറെ “” .. “” അനുജിത് ഇറങ്ങിയപ്പോൾ വാതിലടക്കാനായി വന്ന സത്യൻ ഇടനാഴിയിൽ നിന്നുള്ള തേങ്ങൽ കേട്ടപ്പോഴാണ്അങ്ങോട്ട് നോക്കിയത് . കൂസലെന്യേ നടന്നു വരുന്ന സ്ത്രീകൾക്ക് പുറകിൽ വിതുമ്പുന്ന ആ മുഖം കണ്ടതും സത്യന്റെ അടിവയറിൽ നിന്നൊരു വിറയൽ ഉരുണ്ടുകയറി .

“‘ഭാമ …സത്യഭാമ “‘ സത്യന്റെ ചുണ്ടുകൾ അനങ്ങി .

വാതിൽ വലിച്ചടച്ചിട്ടയാൾ സ്റെപ്പിനടുത്തേക്ക് നീങ്ങിയപ്പോഴേക്കും അവരെയും കൊണ്ട് പോലീസുകാർ റിസപ്‌ഷനിലേക്ക് നടന്നിരുന്നു .

“‘എന്തായിത് .. വേണ്ട ..”” തെരുതെരെ ചിമ്മിയടയുന്ന പത്രക്കാരുടെ ഫ്ലാഷ് ലൈറ്റുകളുടെ മുന്നിൽ കയറി നിന്ന് ആ സ്ത്രീകളെ മറച്ചുകൊണ്ട് സത്യജിത്ത് അലറി .

“‘സത്യേട്ടാ …”‘അനുജിത്ത് സത്യനെ വിസ്മയത്തോടെ നോക്കി .

“‘ ജിത്തൂ … എനിക്കിവരെ അറിയാം .. പക്ഷെ ..ഭാമേ ..നീ ..നീയെന്തിനിത് ചെയ്തു “”

“‘സത്യേട്ടനെങ്ങനെയാണിവരെ പരിചയം . ആരെ ഒഴിവാക്കിയാലും ഇവരെ ഒഴിവാക്കാൻ പറ്റില്ല . ഇവരെയാണ് ആ പയ്യന്റെ കൂടെ പിടിച്ചത് . “‘

” എന്റെ …ഭാമ ..ഭാമയെ എനിക്കറിയാം ..പണ്ടുമുതലേ .. പ്ലീസ് ജിത്തൂ ..ഞാൻ നിന്റെ കാലുപിടിക്കാം . ഇതുമാത്രമെനിക്ക് വേണ്ടി . പ്ലീസ് “” ഉള്ളിലേക്ക് കയറിവന്നു അന്നത്തേ സെൻസേഷനു വേണ്ടുന്ന ചിത്രങ്ങളെടുക്കുന്ന പത്രക്കാരെ തള്ളിമാറ്റി സത്യജിത്ത് തന്റെ ഷർട്ട് ഊരി സത്യഭാമയുടെ ശരീരം മറച്ചുകൊണ്ട് അനുജിത്തിന്റെ നേരെ തിരിഞ്ഞു .

“‘സത്യേട്ടാ ..ഞാൻ ..ഞാനെങ്ങനെ “‘ അനുജത്തിന്റെ മുഖം വിവർണമായി .

“‘അയാൾക്കൊന്നും ചെയ്യാൻ പറ്റില്ല സാറെ . യൂണിഫോം പാവങ്ങളുടെ നേരേയുള്ളു .അലക്കിത്തേച്ച വെള്ള ഷർട്ടിനും കൊടിവെച്ച കാറിനും സല്യൂട്ട് അടിക്കാൻ മാത്രമറിയാവുന്ന പാവങ്ങൾ “”

“‘ മിണ്ടാതിരിക്കടി ഭവാനീ “” അവരുടെ കൂടെ അറസ്റ്റിലായ ഒരു സ്ത്രീ പറഞ്ഞപ്പോൾ ജേക്കബ് അവരെ ശാസിച്ചു . .

“‘നിങ്ങളുദ്ദേശിക്കുന്ന പോലൊരു ഓഫീസറല്ലിവൻ . മേലുദ്യോഗസ്ഥരുടെ ഇഷ്ടത്തിന് നിൽക്കാത്തതുകൊണ്ടാണിന്ന് ഇവിടെ ചാർജ്ജ് എടുക്കേണ്ടി വന്നതും . സത്യൻ അവരോട് കയർത്തിട്ട് സത്യഭാമയുടെ നേരെ തിരിഞ്ഞു .

“” ഭാമേ ..നീ .. നീയെന്തിനാണ് ഇത് . ഹസ്ബൻഡും പിള്ളേരുമൊക്കെ യിതറിഞ്ഞാൽ “‘ സത്യൻ പറഞ്ഞപ്പോൾ അയാളെ നോക്കാനാവാതെ സത്യഭാമ പൊട്ടിക്കരഞ്ഞു .

”മാമൂലുകളും ആഭിജാത്യവും നോക്കിയിരുന്നാൽ അടുപ്പ് പുകയില്ല സാറെ .. അവരെയെന്തിനാ ക്രൂശിക്കുന്നെ . സാറും പത്രക്കാരനല്ലേ . എനിക്കറിയാം നിങ്ങളെ . ഇവളുടെ കീറിച്ച കണ്ടിട്ട് ആദ്യമായിട്ടാണെന്ന് തോന്നുന്നു . സാറെന്നോട് ചോദിക്ക് . നിങ്ങൾക്ക് വേണ്ട ചൂടൻ വാർത്ത ഞാൻ തരാം ”’ ഭവാനി സത്യന്റെ മുന്നിലേക്ക് നീങ്ങിനിന്നു .

” ഭാമേ … നീ പേടിക്കണ്ട . ആരുടെ കാലുപിടിച്ചിട്ടാണെങ്കിലും ഞാൻ നിന്നെയിതിൽ നിന്നൊഴിവാക്കും “‘ ജീപ്പിലേക്ക് അവരെ കയറ്റുമ്പോൾ സത്യജിത്ത് ഭാമയോട് പറഞ്ഞു .

“‘സത്യേട്ടാ … ഒരു ലൈറ്റ് പോലുമിടാതെ ..”” അനുജിത് അകത്തുകയറി വന്ന് ലൈറ്റിട്ടു സെറ്റിയിൽ കണ്ണടച്ചു ചാരിക്കിടക്കുന്ന സത്യനെ നോക്കി .

“‘ഹമ് …”” സത്യൻ കണ്ണ് തുറക്കാതെ മൂളി . മുറ്റത്ത് ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം അയാൾ കേട്ടിരുന്നു . നേരമിരുട്ടിയിട്ടും അയാൾ ലൈറ്റ് പോലുമിടാതെ വീട്ടിൽ ചടഞ്ഞിരിക്കയായിരുന്നു .

“‘ വല്യേച്ചി വീട്ടിലേക്ക് പോയല്ലേ . ഞാൻ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞതാ . എന്നിട്ടും ..”” അനുജത്തിന്റെ ശബ്ദം പതറി . പാതി കാലിയായ കുപ്പിയിൽ നിന്ന് ഗ്ലാസ്സിലേക്ക് മ ദ്യമൊഴിച്ച് അവൻ ഒറ്റവലിക്ക് അകത്താക്കിയിട്ട് തല കുടഞ്ഞു . .

“‘ ഒഴിവാക്കിയേക്ക് സത്യേട്ടാ .. സ്വർണം കായ്ക്കുന്ന മരമാണേലും പുരക്ക് ചാഞ്ഞാൽ വെട്ടിയേക്കണം . അമ്മാവനേം അമ്മായിയേം ഓർത്താണെല് ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞോളാം . അല്ലെങ്കിലും അവർക്കറിയാം വല്യേച്ചീടെ സ്വഭാവം . “‘

” .കണ്ണികൾ പൊട്ടിച്ചെറിയാൻ എളുപ്പമാ ജിത്തൂ .. കൂട്ടിച്ചേർക്കാനാണ് പാട് . ഞാനിതുവരെ മനസിൽ പോലുമവളെ വെറുത്തിട്ടില്ല . ഒന്ന് വെറുത്താൽ അത് മനസിൽ കിടന്ന് തിളച്ചുമറിയും . പുറത്തേക്ക് വന്നാൽ വല്ലാതെ ദുർഗന്ധമാകും . അവൾ വന്നോളും കുറച്ചു ദിവസം കഴിയുമ്പോൾ പതിവ് പോലെ “” “‘

“‘ ഇന്ന് ചിത്തിരയാണ് . ഓണത്തിനിനി എട്ടുനാൾ . ഈയോണം പിള്ളേരുടെ കൂടെയിവിടെ കൂടാമെന്ന് കരുതിയാണിരുന്നത് . പിന്നെ സത്യേട്ടാ … അവരെ എല്ലാം ഇറക്കി വിട്ടു . ആ ഭവാനി എല്ലാം തുറന്നുപറയുമെന്ന് ഭീഷണി പ്പെടുത്തിയപ്പോൾ ഇവരെ കുടുക്കിയ ആൾ തന്നെ മുകളിലേക്ക് വിളിച്ചു പറഞ്ഞു കേസില്ലാതെ ഊരി വിട്ടു””’

”അത് കൊണ്ടെന്ത് കാര്യം ജിത്തൂ . ഞാനടക്കമുള്ള മാധ്യമപ്രവർത്ത കരോടിപ്പോൾ പുച്ഛം തോന്നുന്നു . അവരെ തെറ്റുപറയാനാവില്ല . കാരണം അങ്ങനയൊരു സാഹചര്യത്തിൽ പിടിച്ചതാണല്ലോ . ഷർട്ട് ഇടാതെ അവരുടെ കൂടെ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ അനുപമയിറങ്ങിപ്പോയി . അതുപോലൊരവസ്ഥ തന്നെയായിരിക്കില്ലേ ഭാമയുടെ വീട്ടിലുമിപ്പോൾ . ഒന്നവിടെക്ക് പോകാൻ പോലും എനിക്ക് പറ്റില്ലല്ലോ ഈശ്വരാ ..എന്ത് പറഞ്ഞവിടേക്ക് കയറിപോകും . “‘

” സത്യേട്ടാ … ആരാണവർ “‘

സത്യൻ ഒന്നും പറയാതെ നെടുവീർപ്പിട്ടപ്പോൾ അനുജിത്ത് അപ്പുറത്തെ മുറിയിലേക്ക് കയറിപ്പോയി .

ഉത്രാടം .

മുറ്റമടിച്ചുകൊണ്ടിരുന്ന അനുപമ സൈക്കിൾ ബെൽ കേട്ടപ്പോൾ ചൂലവിടെയിട്ടിട്ട് പേപ്പറെടുക്കാനായി ഗേറ്റിനടുത്തേക്ക് വന്നു . . പത്രക്കാരൻ അവളെ നോക്കിയൊന്ന് ചൂളമടിച്ചിട്ട് സൈക്കിൾ നീട്ടിച്ചവിട്ടി .

“‘ആരാടീയവൻ .. കുറെ ദിവസമായി കാണുന്നു . ഇതൊന്നുമിവിടെ പറ്റുവേല . കുടുംബമായിട്ട് താമസിക്കുന്നതാ ‘ ”’ ഉച്ചത്തിലുള്ള ചോദ്യം കേട്ട് അനുപമയൊന്ന് ഞെട്ടി , പുറകിലേക്ക് നോക്കി വീട്ടിലാരെലും കേട്ടോയെന്നു നോക്കിയിട്ടവൾ അവരുടെ നേരെ തിരിഞ്ഞു . നോക്കി . രണ്ട് സ്ത്രീകൾ . ചോദിച്ച സ്ത്രീ മൊബൈലിൽ എന്തോ ചെയ്തുകൊണ്ടാണ് വരുന്നത് .

”ഏഹ് ..എന്ത് .. എന്ത് ചെയ്‌തെന്ന് ? ”’അനുപമ വിക്കിക്കൊണ്ട് അവരെ നോക്കി .

“‘ കണ്ടോ കണ്ടോ .. അവള് വിക്കുന്നത് കൊണ്ടോടി . കയ്യോടെ പിടിച്ചപ്പോ നിന്ന് വിക്കുന്നു ”’

“ദേ .. വേണ്ടാതീനം പറയരുത് . അതിവിടെ പത്രമിടാൻ വന്നതാ .ഞാൻ മുറ്റം തൂത്തൊണ്ട് നിന്നപ്പോൾ പത്രം വന്നു , ഞാനെടുത്തു . “”‘ അനുപമ ആദ്യത്തെ പതറലിനു ശേഷം സ്വന്തം ഭാഗം വിശദീകരിച്ചു .

“” അവൻ നിന്നെ നോക്കി ചൂളമടിക്കുന്നത് കേട്ടല്ലോ “‘

”അതിന് ഞാനെന്തു പിഴച്ചു അയാള് വല്ലതും ചെയ്തേന് . ഓരോന്ന് ഓരോരുത്തര് ചെയ്തിട്ട് എനിക്കയോ കുറ്റം . നിങ്ങളാരാ ഇതിലൊക്കെ ഇടപെടാൻ .. പൊക്കോണം ഇവിടുന്ന് “‘ അനുപമ കൈ ചൂണ്ടിക്കൊണ്ടവരുടെ നേരെ അടുത്തു .

“‘ കൈ ചൂണ്ടി സംസാരിക്കുന്നോ നീ “‘ ആദ്യം വന്നവൾ അനുപമയെ അടിച്ചതും കവിൾ പൊത്തിക്കൊണ്ട് നിലത്തേക്കിരുന്നുപോയ് .

“‘ഭവാനി ചേച്ചി ..എന്തായിത് . അനൂ ..എന്തേലും പറ്റിയോ ? “”അവരുടെ കൂടെ വന്ന പെണ്ണ് പെട്ടന്ന് അനുപമയെ പിടിച്ചെഴുന്നേൽപ്പിച്ചു ..”‘

“‘ ഒരെണ്ണം പൊട്ടിച്ചാലേസത്യഭാമേ ഇവളൊക്കെ മര്യാദക്ക് കേൾക്കൂ ..ഡി കൊച്ചെ ..കൈ ചൂണ്ടി സംസാരിക്കാനോ എടീ പോടീന്ന് വിളിച്ചാലോ കയ്യും കെട്ടി നില്ക്കാൻ ഞാൻ നിന്റെ കെട്യോനോല്ല . “‘

”എന്നാലും നീയാല് കൊള്ളാമല്ലോടി കൊച്ചെ …. കെട്യോനായിട്ട് പിണങ്ങി വന്നിട്ട് ആഴ്ച തെകയൂന്നേനു മുന്നേ വേറെരുത്തനെ കേറി പിടിച്ചല്ലോ “”

“‘ ദേ .. കള്ളത്തരം പറഞ്ഞാൽ നിങ്ങളെ ഞാൻ പോലീസിലേൽപ്പിക്കും . എന്റാങ്ങള എസ് ഐ യാ “””‘ അനുപമ വിതുമ്പിക്കൊണ്ട് പറഞ്ഞു .

“‘പിന്നെയിത് എന്നാ . . ദേ നോക്കടി ഭാമേ വീഡിയോ . സോഷ്യൽ മീഡിയയിൽ കേറ്റി ഇട്ടാൽ കണ്ണടച്ച് തുറക്കുന്ന നേരം വേണ്ട വൈറലാവാൻ . ഇടട്ടേടി കൊച്ചേ ?””’ അവർ കയ്യിലെ മൊബൈൽ നീട്ടിക്കാണിച്ചു . അനുപമ മുറ്റമടിക്കുന്നതും പത്രക്കാരൻ ചൂളമടിച്ചുകയ്യും കാലും കാണിക്കുന്നതും കണ്ടപ്പോൾ അനുപമ വിയർത്തു .

”’ ഭവാനി ചേച്ചി അരുത്. അയാളെന്തെലും ചെയ്തെന് അനുവെന്ത് പിഴച്ചു “” സത്യഭാമ ഭവാനിയുടെ കൈ പിടിച്ചു . “‘

”ഇല്ല …ഞാനൊന്നും ചെയ്തിട്ടില്ല .നിങ്ങളും കണ്ടതല്ലേ … ദൈവത്തെ യോർത്തിടല്ലേ . എനിക്ക് കുടുംബമുള്ളതാ “”””’

” കരയുന്നോടീ ..നിനക്കെന്താണ് കരയാൻ യോഗ്യത . ഇതേ അവസ്ഥയിൽ നിന്റെ കെട്യോനവിടെ വീട്ടിലുണ്ടല്ലോ ..ഒരിറ്റ് ദയ നീയയാളോട് കാണിച്ചോ .അയാളുടെ പക്ഷം കേൾക്കാനെങ്കിലുമുള്ള ക്ഷമ നീ കാണിച്ചോ .കെട്ടിപ്പെറുക്കിപ്പോന്നു . മകളെന്ത് കാണിച്ചാലും തിരുത്താൻ തയ്യാറല്ലാത്ത ഒരച്ഛനും അമ്മയുമുള്ളതാ നിന്റെ കുഴപ്പം .എന്റെയെങ്ങാനും മോളായിരുന്നേൽ അടിച്ചിറക്കി വിട്ടേനെ ഞാൻ “‘ അത് കേട്ടതും അനുപമ അവരെ തുറിച്ചു നോക്കി .

“‘ആരാത് ..”‘ വാതിൽക്കലേക്കിറങ്ങി വന്ന അനുപമയുടെ അമ്മ അവരെ നോക്കി ചോദിച്ചപ്പോൾ വന്ന ഭവാനി അങ്ങോട്ടേക്ക് നീങ്ങി . പുറകെ അനുവും സത്യഭാമയും

“‘ മോളെ തെറ്റ് തിരുത്തി വളർത്തണം .. നല്ലതും ചീ ത്തയും പറഞ്ഞു മനസ്സിലാക്കണം . അല്ലാതെ ലാളിച്ചും കൊഞ്ചിച്ചും വളർത്തിയാൽ ഇങ്ങനെയിരിക്കും . ഇവളെന്തിനാ വന്നതെന്നെങ്കിലും നിങ്ങൾക്ക് അറിയാമോ ?”’

“‘ അറിയാം .. ഇനിയവളെ അങ്ങോട്ട് വിടുന്നില്ല “” പുറത്തേക്കിറങ്ങി വന്ന അനുപമയുടെ അച്ഛനാണ് അത് പറഞ്ഞത് .

“‘ ഓഹോ ..തെറ്റ് ആരുടെ പക്ഷത്താണെന്ന് പോലും ചിന്തിക്കാതെ മകളെ ഇപ്പോഴും ന്യായീകരിക്കുന്നോ .അറ്റ് പോയ ബന്ധം കൂട്ടിച്ചേർക്കാനാണോ പൊട്ടിച്ചെറിയാനാണോ നിങ്ങൾക്ക് തിടുക്കം ? “‘ ഭവാനി കോപം കൊണ്ട് ജ്വലിച്ചു .

“‘ഇവളെ ന്യായീകരിച്ചതല്ല മോളെ .. . കെട്ട് കഴിഞ്ഞപ്പോൾ മുതൽ മുറപ്പെണ്ണ് ആണെന്ന് കരുതിയും ഞങ്ങളെ ഓർത്തും സത്യനിതുവരെ എല്ലാം സഹിച്ചു ജീവിച്ചു . ഇനിയത് വേണ്ട . അവനെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ . അച്ഛനുമമ്മക്കും മക്കളെന്ത് തെറ്റ് ചെയ്താലും ഉപേക്ഷിക്കാനാവില്ലല്ലോ ””

”അച്ഛാ …”” അനുപമ അവിശ്വസനീയതൊടെ അച്ഛനെ തുറിച്ചു നോക്കിയിട്ട് അമ്മയെ നോക്കി. അമ്മയും തല താഴ്ത്തിയപ്പോൾ കയ്യിലിരുന്ന ചൂല് വലിച്ചെറിഞ്ഞിട്ടകത്തേക്ക് കുതിച്ചു . ”’അമ്മേ”’ യെന്ന് വിളിച്ചു പുറത്തേക്ക് വന്ന മക്കളെ തള്ളിമാറ്റി അവൾ അകത്തുകയറുന്നതിന് മുൻപ് ഭവാനി അവളുടെ കയ്യിൽ പിടിച്ചു നിർത്തി

”ദേ ..കൊച്ചെ .. മുൻപ് തന്നതിന്റെ ബാക്കി ഞാൻ തരും മര്യാദക്കിവിടെ നിന്നില്ലേൽ “‘ അനുപമയോന്ന് പകച്ചു .

“‘ ഇവളും ഇവളുടെ അനിയത്തിയുമായി വലിയ പ്രായ വ്യത്യാസം ഇല്ലാത്തത് കൊണ്ട് ഇവൾക്ക് ചെറുപ്പത്തിലേ എല്ലാറ്റിനോടും ദേഷ്യവും എന്തേലും പറഞ്ഞാൽ സങ്കടവും ആയിരുന്നു . അത് കൊണ്ടിവളെയാണ് അനുജിത്തിനെക്കാളും അനുതാരയെക്കാളും ശ്രദ്ധിച്ചത് . അതും ഡോക്ടറുടെ നിർദ്ദേശ പ്രകാരം . മനസ്സിന് കട്ടിയില്ലാത്തത് കൊണ്ട് ഇവളുടെ തെറ്റുകൾ പലതും കണ്ടും കേട്ടുമില്ലന്ന് നടിച്ചു . വിവാഹപ്രായമായപ്പോൾ വരുന്ന ചെറുക്കൻ എങ്ങനെയിവളെ അഡ്ജസ്റ്റ് ചെയ്യുമെന്നുള്ള ചിന്തയിലിരിക്കുമ്പോഴാണ് സത്യന്റെ കാര്യം ഓർമ വരുന്നത് . ഇവളുടെ സ്വഭാവം പണ്ട് മുതലേയറിയുന്ന സത്യനാണിവൾക്ക് ഏറ്റവും യോഗ്യനെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു . ഞാൻ ചെന്നാവശ്യപ്പട്ടയുടനെ അവനെതിര്‌ പറയാതെയിതിന് സമ്മതിച്ചു . മോള് കേറിയിരിക്ക് .സത്യന്റെ പത്രത്തിലാണോ ജോലി ?”’ അനുവിന്റെ അച്ഛൻ ഭവാനിയെ നോക്കി . .””

”” അല്ല … സത്യൻ സാറിനൊപ്പം പാത്രത്തിൽ ഞങ്ങളുടെ ഫോട്ടോ കണ്ടു കാണും നിങ്ങൾ. ഞാൻ ഭവാനി . നിനക്കറിയാമോടി കൊച്ചേ ഈ സത്യഭാമയെ . നിനക്കൊരു ജീവിതം കിട്ടിയപ്പോൾ ജീവന് തുല്യം പ്രണയിച്ച പുരുഷനെ യാണിവൾക്ക് നഷ്ടപ്പെട്ടത് . “‘അനുപമയത് കേട്ടതും അവരെ അന്തിച്ചു നോക്കി .

“‘ അതെ .. നിന്റെ കെട്യോനും ഇവളുമായി പ്രേമത്തിലാരുന്നേടി കൊച്ചെ . നിന്റച്ഛൻ വന്ന് സംസാരിച്ചതും കൂടെ നിന്റെ സ്വഭാവവും എല്ലാമറിയാവുന്നയിവൾ സത്യേട്ടൻ അനുവിനെ കെട്ടിക്കോയെന്ന് പറഞ്ഞൊഴിവായതാ . അന്നുമുതലിന്നുവരെ അവർ തമ്മിൽ കണ്ടിട്ടില്ല . സ്നേഹിച്ച പുരുഷനെ മനസ്സിൽ നിന്നിറക്കിവിടാൻ പറ്റില്ലാത്തത് കൊണ്ട് ഇവളിതുവരെ കല്യാണം കഴിച്ചതുമില്ല . അത് സത്യൻ സാറിനറിയത്തുമില്ല . സ്റ്റേഷനിൽ കിടക്കുമ്പോഴും നിന്റെയും സത്യൻ സാറിന്റെയും ജീവിതത്തെപ്പറ്റി പറഞ്ഞായിരുന്നു ഇവളുടെ കരച്ചിൽ . എനിക്ക് ഓഫർ ചെയ്ത വലിയ തുക വേണ്ടാന്ന് വെച്ച് , അവരുടെ ഭീഷണിയും വകവെക്കാതെ ഇവളെയും കൂട്ടി ഞാനിങ്ങോട്ട് വന്നത് നിന്റെ കുടുംബത്തിന് വേണ്ടിയാ “”’

”” എടി കൊച്ചെ … ഒരുവാക്കോ ഒരു നോട്ടമോ മതി മനസ്സിൽ വെറുപ്പിന്റെ തീയാളിപ്പടരാൻ . ബന്ധങ്ങൾ ശിഥിലമാക്കാൻ എളുപ്പമാണ് . പക്ഷെ അതൊന്നു കൂട്ടിച്ചേർക്കാൻ നോക്കുമ്പോഴാണ് അതത്ര എളുപ്പമല്ല എന്നറിയുക . ഇന്നിപ്പോൾ നിനക്ക് അച്ഛനും അമ്മയും ആങ്ങളെയുമൊക്കെയുണ്ട് . നാളെ ആരൊക്കെ ഉണ്ടാവുമെന്നറിയില്ല . നിന്റെ കുഞ്ഞുങ്ങൾ തന്നെ നിന്നെ നാളെ കുറ്റപ്പെടുത്തും ഇവൾ ദാനം തന്ന ജീവിതം നീയായിട്ട് തട്ടിത്തെറിപ്പിക്കരുത് മോളെ …. നാളെ നിന്റെ സ്ഥിതിയെന്ന് നിനക്ക് ഊഹിക്കാൻ പോലും പറ്റാത്തത് ആയിരിക്കും . .എന്റമ്മ ചെയ്തൊരു ചെറിയൊരു തെറ്റിന്റെ അനന്തരഫലമാണ് ഞാനിപ്പോഴും അനുഭവിക്കുന്നത് . ഒരു ഭർത്താവും കുഞ്ഞും കുടുംബ ജീവിതവുമൊക്കെ സ്വപ്നത്തിൽ പോലും വന്നിട്ടില്ലെനിക്ക് … ””’ ഭവാനിയൊന്നുനിർത്തി തുടർന്നു
””
ഇന്ന് ഉത്രാടമാണ് . നീ വീട്ടിലേക്ക് മടങ്ങ് . തെറ്റുകൾ പറയാനും കുമ്പസാരിക്കാനുമൊന്നും നിൽക്കണ്ട . ഓരോന്ന് പറഞ്ഞു തുടങ്ങിയാൽ പിന്നെ അതും ചിലപ്പോൾ നീണ്ടുപോയേക്കാം . അല്ലെങ്കിലും സത്യൻ സാറിന് നിന്നെയറിയാവുന്നതല്ലേ .സഹോദരിയോ ഭാര്യയോ അമ്മയോ ആരുമാകട്ടെ , പുരുഷൻ ഒരു സ്ത്രീയുടെ അപകടത്തിൽ കൂടെ നിൽക്കുമ്പോഴാണ് അയാൾ ആണാകുന്നത് . നിന്റെ കെട്യോനൊരു ആണാണ് . ഇവളുടെ നഗ്‌നത മറക്കാനാണ് സ്വയം നഗ്‌നനായത് . ആ തെറ്റേ അദ്ദേഹം ചെയ്തിട്ടുള്ളൂ . ഇനിയുമൊന്ന് കേട്ടെടുത്തു ചാടുന്നതിന് മുൻപ് രണ്ട വട്ടം ചിന്തിച്ചു നോക്കണം .നാളെ ഓണത്തിന് നിങ്ങളെല്ലാവരും ഒന്നിച്ചുണ്ടാവണം . ഇനി നിന്റെ തീരുമാനമാണ് . “‘ അവസാനം പതറിയപ്പോൾ ഭവാനി പുറത്തേക്ക് നടന്നു , ഒപ്പം സത്യഭാമയും .

തിരുവോണനാൾ

“‘ ജിത്തൂ … കണ്ടോടാ “‘ മുറ്റത്ത് വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അനുപമ കാറിന്റെ അടുത്തേക്കോടി വന്നു . കറിക്കറിഞ്ഞുകൊണ്ടിരുന്ന കത്തിയും ഒരു വാഴക്കയും അവളുടെ കയ്യിൽ ഉണ്ടായിരുന്നു .

“‘ആവോ എനിക്കറിയില്ല …നീ തന്നെ പോയി തപ്പിപ്പിടിക്ക് “” അനുജിത്ത് സിറ്റ്ഔട്ടിലേക്ക് കയറി .

“‘നീയൊക്കെ എന്നാ പോലീസുകാരനാടാ . എന്നെ പറഞ്ഞാൽ മതിയല്ലോ .. എന്റെയാവശ്യമല്ലേ …ഞാൻ തന്നെ പൊക്കോളാം “‘അനുപമ ദേഷ്യത്തോടെ ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയതും ഗേറ്റ് കടന്ന് ഒരു ഓട്ടോ വന്നു നിന്നു .

“‘ചേച്ചീ …തന്നെയേ ഉള്ളോ ?”’ഓട്ടോയിൽ നിന്ന് ആ സ്ത്രീ മാത്രമിറങ്ങിയപ്പോൾ അനുപമ കാറിനുള്ളിലേക്ക് നോക്കിയിട്ട് ചോദിച്ചു .

“‘സത്യഭാമ വരില്ല . അവളിപ്പോഴും തനിച്ചാണെന്ന് അറിഞ്ഞാൽ അത് നിന്റെ ജീവിതത്തിൽ പിന്നെയും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പറഞ്ഞ് “”

””അതൊന്നുമില്ല ഭവാനിച്ചേച്ചി . ഏട്ടനോട് പറഞ്ഞിട്ടുണ്ട് ഒരു ജോലി തരപ്പെടുത്തി കൊടുക്കാൻ . നമ്പറുണ്ടേൽ ചേച്ചി ഭാമയെ വിളിക്ക് . ””

“‘ആഹാ മോളിവിടെ നിക്കുവാണോ കേറിവാ അകത്തേക്ക് “‘അനുവിന്റെ അച്ഛൻ സൈറ്റ് ഔട്ടിലേക്കിറങ്ങി വന്നു .

”വേണ്ട സാർ ..എന്നെപോലെയുള്ളവരെ കണ്ടാൽ രാവിലത്തെ നല്ലതാണെന്ന് പറയുമെന്നല്ലാതെ ആരും വീട്ടിൽ കയറ്റാറില്ല . “‘

“‘ സൂര്യനെക്കാൾ പ്രകാശം റാന്തൽ വിളക്കിനില്ല . പക്ഷെ ഇരുട്ടിൽ വെളിച്ചമേകുന്നത് ആ റാന്തൽ വിളക്കാണ് . ഈ ഓണം ഇവരോടൊപ്പം കൂടാൻ ഞങ്ങളെക്കാൾ എന്തുകൊണ്ടും യോഗ്യത നിനക്കാണ് ..കേറി വാ “‘

ഭവാനിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ അനുപമ അവളെ ചേർത്തു പിടിച്ചുകൊണ്ടകത്തേക്ക് കയറി

Leave a Reply

Your email address will not be published. Required fields are marked *