നിങ്ങളുടെ മോൻ ഫോണുമായാണ് സ്കൂളിൽ വരാറെന്നും അതിൽ പെൺകുട്ടികളുടെ ചിത്രമെടുക്കലാണ് അവന്റെ പണിയെന്നും…..

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ

പത്താം തരത്തിൽ പഠിക്കുന്ന മകന്റെ ഫോൺ പരിശോധിച്ചപ്പോൾ ഒരു ഫോൾഡറിൽ മുഴുവൻ പോ ൺ വീഡിയോസായിരുന്നു. അത് കണ്ടെന്റെ കണ്ണ് തള്ളി! നെഞ്ച് രണ്ടായിടിച്ചു! തൊണ്ട വരണ്ടു!

അന്ന് രാത്രിയിൽ കെട്യോനോട് കാര്യം പറഞ്ഞപ്പോൾ സാരമില്ലെന്നും, ഈ പ്രായത്തിന്റെ പ്രശ്നമാണെന്നും, നമ്മള് വളർന്ന കാലമൊന്നുമല്ലല്ലോയെന്നും പറഞ്ഞ് വിഷയ സംസാരം അവസാനിപ്പിച്ചു.

എന്നാലും എനിക്കത് തീരേ ഉൾക്കൊള്ളാനായില്ല. ഒറ്റമോനാണ്.. ലാളിച്ചും കൊഞ്ചിച്ചും തലയിലേറ്റിയാണ് അവനെ വളർത്തിയത്. ഞാനെതിർത്താലും അങ്ങേര് അവന്റെ ഒരാഗ്രഹവും സാധിച്ച് കൊടുക്കാതിരുന്നിട്ടില്ല.. ചെക്കന്റെ പോക്ക് ശരിയെല്ലായെന്ന നെഞ്ചിടിപ്പോടെയാണ് അന്ന് ഞാനുറങ്ങിയത്.

ഒരിക്കൽ അവന്റെ സ്കൂളിൽ നിന്നെന്നെ വിളിപ്പിച്ച് നിങ്ങളുടെ മോൻ ഫോണുമായാണ് സ്കൂളിൽ വരാറെന്നും അതിൽ പെൺകുട്ടികളുടെ ചിത്രമെടുക്കലാണ് അവന്റെ പണിയെന്നും പറഞ്ഞു. അത് കേട്ടപ്പോൾ എവിടെ നിന്നോ ഒരു അരിശമെന്റെ തലയിലേക്ക് കേറി വന്നു. എന്റെയരികിൽ നിൽക്കുന്ന അവനെ ഞാൻ തുറിച്ച് നോക്കി. അവനപ്പോഴെന്റെ കണ്ണുകളിലേക്ക് നോക്കാതെ തലകുനിച്ചു.

ഇനിയിങ്ങനെയൊന്നും ഉണ്ടാകാതെ നോക്കിക്കൊള്ളാം മിസ്സേയെന്നും പറഞ്ഞ് ഞാനവനേയും കൂട്ടി വീട്ടിലേക്ക് പോയി. ഓട്ടോയിൽ വീടെത്തുന്നത് വരെ ഞങ്ങളൊന്നും പരസ്പരം സംസാരിച്ചില്ല. അവനെന്റെ മുഖത്തേക്ക് ഞാൻ നോക്കിയതേയില്ല. വീടെത്തിയപ്പോൾ ചെക്കനിറങ്ങിയോടി അവന്റെ മുറിയിലേക്ക് കയറി കതകടച്ചു.

അന്ന് രാത്രി കാര്യമറിഞ്ഞ അവന്റെ അച്ഛൻ വിഷയം ഗൗരവ്വത്തിൽ തന്നെ യെടുത്ത് അവനിൽ നിന്നുമാ ഫോൺ തിരിച്ച് വാങ്ങിയെന്റെ കയ്യിലേക്ക് തന്നു. പഠിക്കേണ്ട കാര്യങ്ങൾക്ക് മാത്രമിനി ഫോണെടുത്താൽ മതിയെന്നും, മുറിയടച്ചിട്ട് പഠിക്കുന്ന ഏർപ്പാട് ഇന്നത്തോടെ നിർത്തണമെന്നും പറഞ്ഞു. മുഴുവനും കേൾക്കും മുമ്പേ അവനവന്റെ മുറിയിലേക്ക് കേറിപ്പോയി.

ഫോൺ കൈകളിൽ നിന്ന് നഷ്ട്ടമാകുമ്പോൾ പ്രാണൻ പോകുന്ന പരവേശ മായിരുന്നു അവനപ്പോൾ.. അന്നവനൊന്നും കഴിച്ചില്ല. എനിക്കതോർത്ത് കിടന്നിട്ടുറക്കവും വന്നില്ല. അല്ലെങ്കിലും മക്കള് വിശപ്പോടെ കിടക്കുമ്പോൾ കത്തുന്നത് അമ്മമാരുടെ വയറാണല്ലോ..! ഭൂരിഭാഗം മക്കളും അതറിയാനേ ശ്രമിക്കാറില്ലായെന്നതാണ് സത്യം..!

ഞാനങ്ങേരോട് അവനെ വല്ല കൗൺസിലിംഗിനും കൊണ്ടുപോയാലോയെന്ന് ചോദിച്ചു. അതിന്റെയൊക്കെ കാര്യമുണ്ടോയെന്ന് അങ്ങേര് തിരിച്ച് ചോദിച്ചപ്പോൾ ഉണ്ടെന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു. രാവും പകലും ഫോണിൽ ഗെയിമും കളിച്ചിരുന്ന സുധേടെ മോന്റെ കാര്യം നിങ്ങൾക്കറിയില്ലേയെന്ന് ഞാൻ ചോദിച്ചു. ഫോണില്ലാതായപ്പോൾ തൂങ്ങിച്ചാകുന്ന പിള്ളേര് വളരുന്ന കാലമാണിതെന്നും കൂടി ഞാൻ കൂട്ടിച്ചേർത്തൂ…! അത് കേട്ടപ്പോൾ അങ്ങേരൊന്നും പറയാതെയൊരു നെടുവീർപ്പോടെ തിരിഞ്ഞ് കിടന്നു.

എനിക്കുറക്കം വന്നതേയില്ല. ഇടവിട്ട് ഇടവിട്ട് ഞാനവന്റെ മുറിയിലേക്ക് പോയെത്തി നോക്കും. കതക് കുറ്റിയിടരുതെന്ന് അവനോട് പ്രത്യേകം പറഞ്ഞതാണവന്റെ അച്ഛൻ. അവന്റെ അച്ഛനെ മാത്രമേ അവനീ ലോകത്ത് പേടിയുള്ളുവെന്ന് ഞാൻ പലപ്പോഴുമോർക്കാറുണ്ട്. തീൻ മേശയിൽ അവന് വിളമ്പിയടച്ച് വെച്ച ഭക്ഷണം അതുപോലെ ഇരിക്കുകയാണ്….

അവന് നല്ല ബുദ്ധി കൊടുക്കണേ ഈശ്വരന്മാരേയെന്നും പ്രാർത്ഥിച്ച് പുലർച്ചയൊക്കെ ആകുമ്പോഴാണ് ഞാനൊന്ന് ഉറങ്ങിയത്. അങ്ങേര് തട്ടി വിളിക്കുമ്പോൾ നേരമെട്ട്. ഞാൻ പെട്ടെന്നെഴുന്നേറ്റ് മകന്റെ മുറിയിലേക്കെത്തി നോക്കി. അവനവിടെ ഉണ്ടായിരുന്നില്ല..!

‘ദേ… ഇങ്ങ് വന്നേ…മോനെ കാണുന്നില്ല…!’

നെഞ്ച് പൊട്ടിയ ഉച്ചത്തിലാണ് ഞാനത് പറഞ്ഞത്. അങ്ങേര് വന്നെല്ലാ മുറിക്കകത്തും വീടിന്റെ പുറത്തും ടെറസിലുമൊക്കെയായി കിതച്ച് കിതച്ച് പരതി. ഞാനപ്പോൾ വല്ലാത്തയൊരു ചങ്കിടിപ്പോടെ കിണറിലേക്ക് എത്തി നോക്കുക യായിരുന്നു. അവനെ എവിടേയും കണ്ടെത്തനായില്ല.

‘അവന്റെ ഫോണെവിടെ..?’

അങ്ങേരുടെ സംശയം ശരിയായിരുന്നു. ഹാളിലെ മേശവലിവിൽ നിന്ന് മകനവന്റെ ഫോണും കൊണ്ടാണ് വീട് വിട്ട് പോയത്. അങ്ങേരവന്റെ നമ്പറിലേക്ക് വിളിച്ച് കൊണ്ടേയിരുന്നു. റിങ്ങടിച്ചിട്ടും അവനെടുത്തില്ല.

കാര്യങ്ങൾ കൈവിട്ട് പോകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടപ്പോൾ തന്നെയെന്റെ തല കറങ്ങുന്നത് പോലെ തോന്നി. മനുഷ്യർ അത്രയും ഉയരത്തിലാണ്. ഓരോ കണ്ടുപിടുത്തങ്ങളും ഓരോ നാണയങ്ങളാണ്. ഒരുവശം തിളങ്ങുന്ന നന്മയെങ്കിൽ മറുവശം തുരുമ്പിന്റെ തിന്മയായിരിക്കും. തിളക്കം കാണാതെ മറുവശത്തെ തുരുമ്പ് തൊട്ടവരെല്ലാം താഴേക്ക് വീണിട്ടേയുള്ളൂ.. ഉയരം കൂടുമ്പോൾ വീഴ്ച്ചകൾ വേദനാജനകമാണ്..!

നേരം വൈകാതെ ഞങ്ങളടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയി നീട്ടിവലിക്കാതെയൊരു പരാതിയെഴുതി കൊടുത്തു. പിള്ളേര് ചാടിപ്പോയിട്ടുണ്ടെങ്കിൽ വളർത്ത് ദോഷമെന്നും പറഞ്ഞിട്ടൊരു കാക്കിത്തല ഞങ്ങളെയടിമുടി നോക്കിയിട്ട് അകത്ത് നിന്ന് പുറത്തേക്ക് പോയി.

പരാതിയിൽ കൊടുത്ത നമ്പറിലേക്ക് എസ്‌ ഐ അയാളുടെ ഫോണിൽ നിന്നും ഡയൽ ചെയ്ത് ലൗഡ് സ്പീക്കറിലിട്ടപ്പോൾ ബീപ്… ബീപ്… ബീപ്… എന്ന ശബ്ദം മാത്രം കേട്ടു… പേടിക്കേണ്ട പരിഹാരമുണ്ടാക്കാമെന്നും പറഞ്ഞ് പോലീസുകാർ ഞങ്ങളെ പറഞ്ഞയച്ചു. പാതി തളർന്ന ഞാൻ സ്റ്റേഷന്റെ മുറ്റത്തെത്തിയ പ്പോഴേക്കും അങ്ങേരുടെ ദേഹത്തേക്ക് തല ചുറ്റി വീണിരുന്നു.

ബോധം വരുമ്പോഴേക്കും ഞാൻ ആശുപത്രിയിൽ കൈകളിലൂടെ ഗ്ലൂക്കോസും കുടിച്ചിട്ടങ്ങനെ കിടക്കുകയായിരുന്നു. തന്റെ വേദന പുറത്ത് കാട്ടാതെ അങ്ങേരെന്നെ പറ്റുന്നപോലെയൊക്കെ ആശ്വസിപ്പിക്കുന്നുണ്ട്. എനിക്കപ്പോഴു മൊന്നും വ്യക്തമായിരുന്നില്ല. തലയ്ക്കകത്ത് മുഴുവനാ ശബ്ദമായിരുന്നു. ബീപ്….. ബീപ്…. ബീപ്…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *