ഊപകാരം
Story written by Jayachandran NT
അവധിക്കാലം കഴിഞ്ഞു, വീണ്ടും പ്രവാസത്തിലേക്ക് ചേക്കേറാനൊരുമ്പോഴാണ് അപരിചിതമായ നമ്പരിൽ നിന്നൊരു കാൾ വന്നത്.
”ഹലോ ആരാണ്?”
”ജയനല്ലേ?”
‘അതെല്ലോ’
“നിങ്ങൾ നാളെ മടങ്ങി പോകുകയാണല്ലേ?”
‘അതെ’
“കുറച്ച് സർട്ടിഫിക്കറ്റുകൾ കൂടെ കൊണ്ടുപോകാമോ?”
‘നിങ്ങളാരാണ്?
നമ്പരെങ്ങനെ കിട്ടി?’
അയാൾ പേര് പറയുന്നു. നമ്പർ ട്രാവൽസിൽ നിന്ന് കിട്ടിയതാണെന്നറിയിച്ചു. സർട്ടിഫിക്കറ്റുകൾ അവിടെ ഉള്ള ആളിന് എന്തോ അത്യാവശ്യമാണെന്ന് പറയുന്നു.?ഒന്നു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അപരിചിതരിൽ നിന്ന് ഒന്നും വാങ്ങികൊണ്ടു പോകുന്നതത്ര സുരക്ഷിതമല്ല.?എന്നൊക്കെയുള്ള ചിന്തകൾ കടന്നുകൂടി. എന്നാലും, കുറച്ച് സർട്ടിഫിക്കറ്റുകളല്ലേ കൊണ്ടു പോയേക്കാം. എല്ലാം നോക്കി പരിശോധിച്ചിട്ട് ലഗേജിൽ വച്ചാൽ മതിയല്ലോ!
‘ശരി, വൈകുന്നേരം കൊണ്ടു വരൂ ഞാൻ നാളെയാണ് പോകുന്നത്.’
വൈകുന്നേരമായപ്പോൾ രണ്ടുപേർ വന്നു. അപരിചിത രായിരുന്നു. കുറച്ച് കടലാസ്സുകളെടുത്തു, സർട്ടിഫിക്കറ്റുകളാണെന്ന് കാണിച്ചു. അവർ തന്നെ കവറിനുള്ളിലിട്ട് ഒട്ടിക്കുകയാണെന്നു പറഞ്ഞു.
‘ഹലോ ഒട്ടിക്കണ്ട.’
”എന്താ”
‘ഞാൻ നോക്കിയിട്ട് ഒട്ടിച്ചേക്കാം’?കവർ വാങ്ങുന്നു.
”അതെ, ഈ രണ്ട് ബോട്ടിലുകളും കൂടെ കൊണ്ടുപോകണം.” അവർ പറഞ്ഞു.
‘എന്താണിത്?’
”നല്ല പോത്ത് ഉലത്തിയതും മട്ടൻ കറിയുമൊക്കെയാണ്.”
നോക്കിയപ്പോൾ ഒരു കിലോ പ്ലാസ്റ്റിക് ടിന്നുകളിലാക്കി ദം ബിരിയാണി പോലെ ടേപ്പൊക്കെ ചുറ്റി സീലടിച്ചു വച്ചിരിക്കുന്നു.?മറ്റേ ചിന്ത കടന്നു വന്നു.
‘സോറി എൻ്റെ ബാഗ് ഫുള്ളായിഇനിയിത് ബുദ്ധിമുട്ടാണ്.’
“എന്ത് ബുദ്ധിമുട്ട്, ഇതൊരറ്റത്ത് വച്ചാൽ പോരെ?”
അവരുടെ സ്വരം മാറുന്നു. ‘എന്താണ് കേട്ടില്ല!’
“അല്ല മോനെ, ഇതൂടെ കൊണ്ടുപോയ്ക്കൂടെ?”
‘സോറി മാഷെ,
സർട്ടിഫിക്കറ്റ് കൊണ്ടു പോകണോ?”
”എന്നാ ശരി അതുകൊണ്ട് പൊയ്ക്കോ”
എന്നു പറഞ്ഞവർ ഫോൺ നമ്പരും വാങ്ങി എൻ്റെ മുന്നിലിട്ടു തന്നെ ബൈക്കും തിരിച്ച് ചുണ്ടിനുള്ളിലിട്ട് എന്തോ പിറുപിറുത്തവർ പോയി.
ഫ്ലൈറ്റ് ലേറ്റായിരുന്നു. രാത്രി വൈകിയാണ് ലാൻഡ് ചെയ്തത്?
ഫോൺ കണക്ടായതും മെസേജുകൾ വരാൻ തുടങ്ങി. അൽപ്പനേരം ഫോൺ ഹാങ്ങായിരുന്നു. കുറച്ചു കഴിഞ്ഞതും അപരിചിതമായ നമ്പരിൽ നിന്ന് കാൾ വന്നു ടാക്സി എത്തിയിട്ടുണ്ടാകും! പട്ടാണിയാണ്, കൂട്ടുകാരനോട് പറഞ്ഞിരുന്നു, അവനെ പറഞ്ഞു വിടാൻ. ഞാൻ ഫോണെടുത്തു
‘ഹലോ’?”ജയനല്ലേ” മലയാളിയുടെ ശബ്ദം! പട്ടാണിയല്ലല്ലോ
‘അതെ, ആരാണ് പറയൂ ‘
”നിങ്ങളെന്താ ലേറ്റായത്? പത്തുമണിക്കെത്തുമെന്നല്ലേ പറഞ്ഞത്ഇ പ്പൊ സമയം കുറെയായല്ലോ ”
‘അതെ, ഫ്ലൈറ്റ് ലേറ്റായിരുന്നു.’
”അതെന്താ ലേറ്റായത്”
‘എങ്ങനെ!? എനിക്ക് മനസ്സിലായില്ല നിങ്ങളാരാണ്?’
”എൻ്റെ രണ്ടാൾക്കാർ കുറച്ച് സാധനം നിങ്ങളെ ഏൽപ്പിച്ചില്ലേ അതു വാങ്ങാനാണ്എ പ്പൊ കൊണ്ടുവരും”
‘സർട്ടിഫിക്കറ്റുകളൊക്കെയല്ലേ’
”അതെയതെ ”
ഫോണിൽ പട്ടാണിയുടെ കാൾ വരുന്നുണ്ടായിരുന്നു. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഞാനയാളുടെ കാൾ കട്ട് ചെയ്തു. പട്ടാണിയുടെ കാൾ എടുത്തു.?അവനെ കണ്ടുപിടിച്ചു. റൂമിലേക്ക് പോയി. ഇതിനിടയിൽ ഫോൺ ചാർജ് തീർന്നു ഓഫായിരുന്നു. നാട്ടീന്നെത്തിയ സങ്കടത്തിൽ നാലെണ്ണം അടിച്ച് ഒരുദിവസം മുഴുവൻ കിടന്നുറങ്ങി. പിറ്റേന്ന് എണീറ്റ് ഫോൺ ഓണാക്കിയതും മെസേജുകളും, മിസ്കോൾ നോട്ടിഫിക്കേഷനും വന്നുകൂടി. ഒരേ നമ്പരിൽ നിന്ന് ഒരുപാട് മിസ്കാൾസ്! ഫ്രഷായി വന്നിട്ട് തിരിച്ചുവിളിക്കാമെന്നു കരുതി. ഓഫീസിലേക്ക് പോയി അവധിക്കാലം താമസിച്ചതിന് നല്ലൊരു ഫൈൻവാങ്ങി നിർവൃതിയടയാനായി റെഡിയായിറങ്ങി. പഴയ നമ്പരിൽ നിന്ന് വീണ്ടും കാൾ വന്നു.
‘ഹലോ പറയൂ’
“നിങ്ങളെന്താണ് ഫോണെടുക്കാത്തത്എmത്രനേരമായി വിളിക്കുന്നു.”
‘ആരാണ് മനസ്സിലായില്ല.’
“ഞാനാണ് എൻ്റെ ആൾക്കാർ കുറച്ച് സാധനം തന്നില്ലാരുന്നോ?
അതെവിടാണ്?”
‘ഓ നിങ്ങളാണോ അതെ, ഞാൻ ഓഫീസിൽ പോകാൻ നിൽക്കുകയാണ്. വന്നിട്ട് വിളിക്കാം.’ ഫോൺ കട്ട് ചെയ്യുന്നു.
ഓഫീസിൽ പോയി നല്ലൊരു തുക ഫൈനായി കിട്ടി ബോധിച്ചു. ഒരു രാജ്യത്തെ കടം തീർക്കാൻ മറ്റൊരു രാജ്യത്തെത്തി ഇപ്പൊ രണ്ട് രാജ്യത്ത് കടം എന്നു പറയുന്നതുപോലെ ഉച്ചയായപ്പോൾ മടങ്ങിയെത്തി.
രാത്രി ഡ്യൂട്ടിക്ക് പോകണം. ഫോൺ സൈലൻ്റാക്കി അലാം വച്ച് കിടന്നുറങ്ങി. അലാം അടിച്ചില്ല. ഉറങ്ങിപ്പോയി.?ബസ് സമയം കഴിഞ്ഞിട്ടാണ് ഉണർന്നത്.
പെട്ടെന്ന് റെഡിയായി. ഇനി ടാക്സി പിടിച്ചു പോകണം. പൈസയുമില്ല.?അലാം എന്താണ് അടിക്കാത്തത് ഫോൺ എടുത്തു നോക്കി. അത് ഓഫായിരിക്കുന്നു. രണ്ടു മിനിട്ട് ചാർജിൽ കുത്തി അഞ്ചു ശതമാനമാക്കി പുറത്തേക്കിറങ്ങി. ഫോൺ ഓണാക്കി. പുതിയൊരു നമ്പരിൽ നിന്ന് നൂറ്റമ്പത് മിസ്ഡ് കാൾസ്! നോട്ടിഫിക്കേഷൻ വന്നു. വെറുതെയല്ല ഫോൺ ഓഫായത്. സൈലൻ്റായതിനാൽ അറിഞ്ഞില്ല. ടാക്സിക്ക് കൊടുക്കാൻ പൈസക്കായി ഒരു കൂട്ടുകാരനെ വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ പഴയ നമ്പരിൽ നിന്ന് വീണ്ടും കാൾ വന്നു.
“ഹലോ നിങ്ങളെന്താ ഫോണെടുക്കാത്തെ എത്രനേരമായി വിളിക്കുന്നു.
ഓഫാക്കി വച്ചിരിക്കുന്നതെന്തിനാണ്?”
‘ഹലോ ആരാണ് എനിക്ക് മനസ്സിലായില്ലല്ലോ’
“ഞാനാണെടോ എൻ്റെ ആൾക്കാർ സാധനം നിങ്ങളെ ഏൽപ്പിച്ചില്ലേ?”
ഉള്ള ചാർജും തീർന്നു ഫോൺ ഓഫായി
പിന്നൊരു ടാക്സിക്കാരന് കടം പറഞ്ഞു ഡ്യൂട്ടിക്കെത്തി. ഫോൺ ഓണാക്കിയില്ല. പിറ്റേന്ന് രാവിലെ റൂമിലെത്തി ഫോൺ ചാർജിന് വച്ചു. ഫ്രഷായി വന്നനേരം കൊണ്ട് നൂറ് മിസ്ഡ് കാൾസ്!ഫോണിലാ ണെങ്കിൽ ചാർജ് കയറുന്നുമില്ല. കാൾ വന്നുകൊണ്ടിരിക്കുന്നു.
ഫോണെടുത്തു.
‘ഹലോ’
“ഞാനാണ് ഹെ, എൻ്റെ ആൾക്കാർ സാധനം”
‘മനസ്സിലായി മനസ്സിലായി
പറയൂ’
“നിങ്ങളെന്താണ് സാധനം കൊണ്ട് തരാത്തത് പറ്റില്ലെങ്കിൽ പറ്റില്ലെന്നു പറയണം. ഇതൊരുമാതിരി ഫോണും ഓഫ് ചെയ്ത് വച്ച്.”
‘അതെ ക്ഷമിക്കണം, ഞാൻ കുറച്ച് തിരക്കിലായി പോയി
സാധനം എൻ്റെടുത്തുണ്ട് കേട്ടോ’
“അത് നിങ്ങളുടെ അടുത്ത് ഒണ്ടായിട്ട് എന്തു കാര്യം, എപ്പ കൊണ്ടത്തരും”
‘എന്താ കേട്ടില്ല’
“എപ്പ കൊണ്ടത്തരുമെന്ന്?”
‘അതെ, ഞാനിവിടെ ക്യാമ്പിലാണ്. എട്ടാം നമ്പർ ഗേറ്റിൽ വന്നിട്ട് വിളിച്ചാൽ മതി കൊണ്ടുത്തരാം.’
“ക്യാമ്പിലോ അതിവിടെന്ന് രണ്ടു കിലോമീറ്ററുണ്ടല്ലോnനിങ്ങക്കവിടെന്നിങ്ങ് നടന്നു കൊണ്ടത്തന്നൂടെ”
‘എന്താ കേട്ടില്ല’
“നിങ്ങളെന്താ പൊട്ടനാ?നിങ്ങള് വന്നിട്ടെത്ര ദെവസായി എത്രവട്ടം ഞാൻ വിളിച്ചുnനിങ്ങൾക്കൊരു ഉത്തരവാദിത്തം ഇല്ലേ ഞങ്ങ എത്രയായി കാത്തിരിക്കണ്.”
ഇത്രയും ആയപ്പോൾ ഫോൺ കട്ട് ചെയ്തു. അപ്പുറത്ത് ബെഡിൽ കിടന്ന കുഞ്ഞേട്ടൻ ഉണർന്നു
“എന്താടോ വിഷയംnരണ്ടു ദിവസമായല്ലോ”
‘ഒന്നൂല കുഞ്ഞേട്ടാ, ബി പി ക്കുള്ള ഗുളിക തീർന്നാരുന്നോ?’
“ഉണ്ടല്ലോ”
‘രണ്ടെണ്ണം തരാമോ’
“അതിന് ജയന് ലോ ബി പി അല്ലേ?”
‘സാരംല്ല രണ്ടെണ്ണം തന്നേ’
വീണ്ടും കാൾ വന്നു.
‘ഹലോ’
“നിങ്ങളെന്താ ഫോൺ കട്ട് ചെയ്തത്ഒ രു മര്യാദവേണം പറ്റില്ലെങ്കി നിങ്ങളെന്താ സാധനം മേടിച്ചു കൊണ്ടുവന്നത്.”
‘ഹലോ ഒരു മിനിട്ട് എനിക്ക് നൽകാമോ ഞാനൊന്ന് പറയട്ടെ’
“ശരി പറയൂ”
എഴുത്ത് ഭാഷയ്ക്കിടവേള നൽകി, എനിക്ക് പറയാനുള്ള വാമൊഴികൾക്ക് ശേഷം ഇത്രയും കൂട്ടിച്ചേർത്തു.
‘ശരി, ഞാൻ നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഇന്നു വൈകുന്നേരം എട്ടുമണിക്ക് ക്യാമ്പിലെ എട്ടാം നമ്പർ ഗേറ്റിൽ സെക്യൂരിറ്റിയെ ഏൽപ്പിച്ചിരിക്കും. എട്ടു പത്ത് വരെ ആ പരിസരത്തൊന്നും അത് വാങ്ങാനായി വരരുത്.?എട്ടുപത്തിനുള്ള ബസിൽ ഞാൻ പോയതിനുശേഷം അതുവാങ്ങി പൊയ്ക്കോളൂ?നാട്ടിൽ നിന്ന് വന്ന പ്രഷർ വേറെയുണ്ട്.?കളഞ്ഞിട്ട് പോകാൻ കാരണമില്ലാതെ നിൽക്കുവാണ്. ജയിലിപ്പോയിട്ട് നാട്ടിപ്പോകാൻ വയ്യ. അതുകൊണ്ട് ആ സമയത്തൊന്നും വരരുത് കേട്ടല്ലോ’
മറുവശത്ത് അൽപ്പനേരം മൗനം. അതിനുശേഷം!
“സപ്രിപിട്ടൊക്കെ ഞങ്ങ വാങ്ങിച്ചോളാം അപ്പൊ പോത്തോ? അതെവിടെ?”
‘എന്ത്!’
“പോത്തൊലത്തിയതും ആട്ടിൻകറിയുമെന്തിയേ അതു നിങ്ങള് തിന്നാ?”
‘എന്താന്ന്!’
ഫോൺ കട്ട് ചെയ്ത് കുഞ്ഞേട്ടനെ വിളിച്ചു. ‘കുഞ്ഞേട്ടാ ബി പി ക്കുള്ള ടാബ്ലറ്റുണ്ടോ’?

