നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് മെയിൻ റോഡിലൂടെയേ വരാവുള്ളൂവെന്ന് …കണ്ടത്തിലൂടെ വന്നാൽ ദൂരം കുറവുണ്ടേലും എന്തെലും…..

Story written by Sebin Boss J

”’ പ ട്ടി അമ്മച്ചീ …പ ട്ടീ ….”

ഉച്ചത്തിലുള്ള വിളി കേട്ടാണ് ചമ്മന്തി അരക്കുകയായിരുന്ന സെലീന ചാടി മുറ്റത്തേക്കിറങ്ങിയത് .

”ഡാ ..ചെറുക്കാ . നിന്റെ വൃത്തികെട്ട നാക്ക് അടക്കിവെച്ചോണം . അതെങ്ങനാ … ഏത് സമയോം കവല നിരങ്ങലല്ലേ ? വേണ്ടാത്ത കൂട്ടും നടന്ന് പെറ്റ തള്ളയെ വരെ പ ട്ടീന്ന് …”’

സെലീന ചമ്മന്തി വാരിയൊതുക്കിയ കൈകൊണ്ട് തന്റടുത്തേക്ക് ഓടി വന്ന മകൻ മനുവിന്റെ ചെവി പിടിച്ചു തിരുമ്മി .

” ആഹ് ..അമ്മച്ചീ വിട് .. അമ്മച്ചീനെ വിളിച്ചതല്ല.. എന്നെ പ ട്ടി കടിക്കാനോടിച്ചു ”

മനു കുതറിമാറിക്കൊണ്ട് ചിണുങ്ങി .

”അച്ചോടാ …അമ്മച്ചിയോർത്തു അമ്മച്ചീനെ ആണെന്ന് ..അല്ലേലും എന്റെ പൊന്നുമോൻ മിടുക്കനല്ലേ .നീയിങ്ങനത്തെ വർത്തമാനമൊന്നും പറയൂല്ല എന്നെനിക്ക് അറിയത്തില്ലേ”’ സെലീന മനുവിന്റെ കവിളിൽ തലോടി സാന്ത്വനിപ്പിച്ചു

”അയ്യോ … മുളക് ..നീറുന്നെ ”’ കയ്യിലെ അരപ്പ് മുഖത്തായതും മനു നിലവിളിച്ചു കൊണ്ട് കിണറ്റിൻകരയിൽ കോരി വെച്ചിരുന്ന വെള്ളം എടുത്തുമുഖം കഴുകി .

”അയ്യോ ഈ സാമദ്രോഹി …ആ വെള്ളം മുഴുവൻ നശിപ്പിച്ചോ ..നിനക്കാ കപ്പിൽ വെള്ളം കോരി കഴുകിയാൽ പോരെ …ഇനീം ഞാൻ വെള്ളം കോരണോല്ലോ ഈശ്വരാ ”’ സെലീന തലയിൽ കൈവെച്ചുകൊണ്ടോടി വന്നു

” ഹോ !! ഇതിൽ ഭേദം ആ പ ട്ടി കടിക്കുന്നതാരുന്നു ”’മനു പിറുപിറുത്തുകൊണ്ട് അവിടുന്നോടി രക്ഷപെട്ടു .

”അമ്മച്ചി ഇനി അയൽക്കൂട്ടത്തിനും തൊഴിലുറപ്പിനുമൊന്നും പോകണ്ട ‘
അടുക്കള പാതകത്തിലിരുന്ന് ചേമ്പ് പുഴുങ്ങിയത് കാന്താരിച്ചമ്മന്തിയിൽ മുക്കിയടിക്കുകയായിരുന്ന മനു സെലീനയെ നോക്കിപ്പറഞ്ഞു .

” ഏഹ് …അതെന്നാ … ഓണം ബമ്പറടിച്ചോ നിനക്ക് . ?”’

”’ ഉവ്വ …നാപ്പതുരൂപേടെ സാദാ ലോട്ടറി എടുക്കാൻ പറ്റാത്തപ്പോഴാ ബമ്പറെടുക്കുന്നെ ..അതേയ് ഈ അയൽക്കൂട്ടവും തൊഴിലുറപ്പും ആൾക്കാരുടെ ഒക്കെ കൂടെ നടന്നിട്ടാ അമ്മച്ചി ഇങ്ങനെ വഴി തെറ്റിപ്പോയെ … ഇന്ന് സാമദ്രോഹിയിൽ ഒതുങ്ങി ..അല്ലാതെ എന്നെ എന്തൊക്കെയാ വിളിക്കുന്നെന്നറിയാമോ ?”

”എനിക്ക് വഴക്ക് കൂടാനും കൂട്ട് കൂടാനും നീയല്ലേടാ ഉള്ളൂ ” സെലീന മനുവിന്റെ മുടി വാരിയൊതുക്കിക്കൊണ്ട് നെറുകയിൽ ചും ബിച്ചു

”ആട്ടെ … എന്റെ മോനെ പട്ടിയൊത്തിരിയൊടിച്ചോ ?”’ സെലീനയുടെ സ്നേഹം വഴിഞ്ഞൊഴുകി

” കഷ്ടിച്ചാ രക്ഷപെട്ടെ..ഓടി ഊപ്പാടിളകി ”

”നിനക്ക് തിരിഞ്ഞുനിന്ന് ഒരു കല്ലെടുത്തെറിഞ്ഞാൽ പോരാരുന്നോ ?ഒരിക്കലും പ ട്ടി കടിക്കാൻ വരുമ്പോ ഓടാൻ പാടില്ല”’

”ഉവ്വാ ..നാലഞ്ചെണ്ണം ഒന്നിച്ചൊടിക്കാൻ വരുമ്പോ ഓടുവല്ലാതെ എന്നാ ചെയ്യാനാ … ആദ്യമൊരുത്തനാ വന്നത് … അവന്മാർക്കും യൂണിയനുണ്ടെന്നാ തോന്നുന്നേ ..അവനെ എറിയാൻ കല്ല് നോക്കിയപ്പോ ദേ വരുന്നു മൂന്നാലെണ്ണം പുറകെ … അത്യാവശ്യസമയത്ത് കല്ല് നോക്കിയിട്ടൊന്നും കാണാനുമില്ല ”

” ഡാ മനു … സത്യം പറ ..നീ കണ്ടത്തിന്റെ അതിലെ അല്ലെ വന്നേ ?” സെലീന അവനെ നോക്കി കണ്ണുരുട്ടി .

”അമ്മക്കെങ്ങനെ മനസ്സിലായി ?”’ മനു അമ്പരപ്പോടെ അമ്മയെ നോക്കി .

”’ നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് മെയിൻ റോഡിലൂടെയേ വരാവുള്ളൂവെന്ന് …കണ്ടത്തിലൂടെ വന്നാൽ ദൂരം കുറവുണ്ടേലും എന്തെലും പറ്റിയാൽ വിളിച്ചു കൂവിയാൽ പോലും ആർക്കുമറിയില്ല….ആഹ്… അനുഭവിച്ചോ..ഞാൻ പറഞ്ഞത് അനുസരിക്കത്തത് കൊണ്ടല്ലേ.. ?”’

” അമ്മെ …പറ ..അമ്മക്കെങ്ങനെയാ ഞാൻ കണ്ടത്തിലൂടെയാ വന്നെന്ന് മനസ്സിലായെ ?”

” അതോ …പ ട്ടീനെ എറിയാൻ കല്ലു കണ്ടില്ലാന്നു പറഞ്ഞപ്പോഴേ മനസിലായി … റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുവല്ലേ …ഇഷ്ടം പോലെ മെറ്റൽ ഒക്കെയുണ്ട് …പ ട്ടീനെ എറിഞ്ഞു രക്ഷപെടാൻ വേണ്ടിയാ റോഡൊക്കെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നെ ” സെലീന തന്റെ കണ്ടുപിടുത്തത്തിന് അടുത്ത നോബൽ സമ്മാനം തനിക്ക് കിട്ടുമെന്ന രീതിയിൽ ഞെളിഞ്ഞു നിന്നു

” അപ്പൊ കാലാവസ്ഥാ പ്രശ്നം കൊണ്ടല്ല അല്ലെ ?”’ മനുവിന് സംശയം

”ഹേയ് ..ഒരിക്കലുമല്ല … പിന്നേയ് മോൻ ഇനി മുതൽ ബസിന് പോയാൽ മതി സ്കൂളില് ”

”’ അതിനമ്മച്ചീ …പ്രൈവറ്റ് ബസ് കുറവല്ലേ ഇതിലെ … സർക്കാര് വണ്ടിക്ക് ഫുൾ ടിക്കറ്റെടുക്കണ്ടേ ? അതിനുള്ള പൈസയുണ്ടോ നമുക്ക് ?”’

”’ കൺസഷൻ എടുക്കണം ..”

”അതിന് ടൗണിൽ സ്റ്റാൻഡിൽ പോകണ്ടേ അമ്മച്ചീ കൺസഷൻ കാർഡ് എടുക്കണേൽ ..ഞാൻ തനിച്ചൊന്നും അത്രേം ദൂരം പോകൂല്ല..”’

”അതിനെന്നാ … ഞാനും വരാം ” സെലീന മോനെ സമാധാനിപ്പിച്ചു

”എന്നാ നാളെ ഉച്ച കഴിഞ്ഞു പോകാം . സ്‌കൂളിൽ നിന്ന് അഡ്മിഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡും റേഷൻ കാർഡും …ആ അമ്മച്ചി വരുമ്പോ ശ്രീകലചേച്ചീടെ വീട്ടിൽ പോയിട്ട് ശ്രീനിയേട്ടന്റെ ഹെൽമറ്റും കൂടെ വാങ്ങിച്ചോണ്ട് വരണം ..എനിക്കുള്ളത് ഞാൻ ഒപ്പിച്ചോളാം ”’ മനു ഒന്നാലോചിച്ചിട്ടു പറഞ്ഞു.

”അതെന്നാത്തിനാടാ ഹെൽമറ്റ് ? നമ്മള് ബസിലല്ലേ പോകുന്നെ ?”’

” അതേയമ്മച്ചി ..പക്ഷെ കാർഡ് എടുക്കാൻ ചെല്ലുമ്പോ അവരെന്തെലും പറഞ്ഞാൽ അമ്മച്ചീടെ സ്വഭാവത്തിന് ചോദിക്കും .. പിന്നെ പിടിവലിയായി ..ബഹളമായി … ഹെൽമറ്റ് ഉണ്ടേൽ മുഖമെങ്കിലും രക്ഷപെടൂല്ലോ ?”’

” ആ ..അത് ശെരിയാ … സൈക്കിളോടിക്കാൻ ഹെൽമറ്റ് നിർബന്ധമാക്കിയ സ്ഥിതിക്ക് അടുത്ത ഉത്തരവ് സർക്കാർ ബസിലും സ്റ്റാൻഡിലും പോകണേൽ ഹെൽമറ്റ് വേണോന്ന് ആരിക്കും ” രാവിലെ കണ്ട പത്രവാർത്ത മനസിലേക്ക് വന്നപ്പോൾ സെലീന പറഞ്ഞു

പിറ്റേന്ന് ഉച്ചയായപ്പോഴാണ് സെലീന സ്‌കൂളിന്റെ മുന്നിലെത്തിയത് .
ടൗണിലെ ബസ് സ്റ്റേഷനിൽ പോയി വരാൻ ഏതാണ്ട് മൂന്ന് മണിക്കൂറോളം എടുക്കുമെന്നതിനാൽ ആണ് അവൾ മനുവിനെ ഉച്ചക്ക് ക്‌ളാസിൽ പോയി വിളിക്കുവാൻ തീരുമാനിച്ചത് .

അല്ലേലും അവൻ അത്ര പഠിത്തക്കാരനൊന്നുമല്ല !! എങ്ങനെയേലും ജയിച്ചാൽ ..അല്ല ജയിക്കും … 99.99% വിജയത്തിൽ മോനും ജയിക്കാൻ ചാൻസുണ്ട് … അല്ലാതെ വരാൻ ഇത് ലോട്ടറി ടിക്കറ്റ് റിസൾട്ട് ഒന്നുമല്ലല്ലോ .

ജയിച്ചാൽ വല്ല മെക്കാനിസത്തിനും വിടാം അതേ പറ്റൂ , നൂറിൽ 99 എണ്ണവും ഫുൾ ഏ പ്ലസ് വാങ്ങി ജയിച്ചു ഡോക്ടറാകാൻ നോക്കുമ്പോ നമ്മളെപ്പോലുള്ള പാവങ്ങൾക്ക് മെഡിസിനും എഞ്ചിനീയറിങ്ങുമൊക്കെ പറ്റുമോ …ആഹ് !! ഇക്കണക്കിന് പോയാൽ ഒരു പത്തുവർഷത്തിനുള്ളിൽ രോഗികളെക്കാൾ കൂടുതൽ ഡോക്ടർമാരാകും ഇവിടെ .

ഏഹ് !! ഇതെന്നാ ഇന്ന് PTA മീറ്റിംഗ് വല്ലോമാണോ ?

സ്‌കൂൾ ഗേറ്റിന് മുന്നിൽ കൂട്ടമായി നിൽക്കുന്ന നായ്ക്കളെ കണ്ടപ്പോൾ സെലീനയോർത്തു.

സാമ്പത്തിക മാന്ദ്യം ആയത് കൊണ്ടാകും കുട്ട്യോൾടെ സുരക്ഷക്ക് ഇവറ്റകളെ നിയോഗിച്ചിരിക്കുന്നത് . CCTv ക്കൊക്കെ എന്താപ്പോ വില !!

നായ്ക്കളെ തിരിഞ്ഞുനോക്കി സ്‌കൂളിനുള്ളിലേക്ക് നടക്കുമ്പോൾ സെലീനയോർത്തു

”അമ്മെ … പ ട്ടീ ”’

മോന്റെ വിളി കേട്ടാണ് സെലീന പുറകിലേക്ക് നോക്കിയത് . വായും പൊളിച്ചു ചാടി വരുന്ന പ ട്ടിയെ കണ്ടതും അവൾ സ്തംഭിച്ചു നിന്നുപോയി .

” വിടടാ പ ട്ടീ … ”

മനു ഓടിവന്നു കയ്യിലിരിക്കുന്ന സ്‌കൂൾ ബാഗ് കൊണ്ട് പട്ടിയെ വീശിയടിച്ചു .
സെലീനയുടെ കാൽമുട്ടിന് താഴെ പല്ലുകളാഴ്ത്തിയ പട്ടി രണ്ടാമത്തെ അടിക്കാണ് കടി വിട്ട് പിന്തിരിഞ്ഞത്

” അമ്മക്ക് കല്ലെടുത്തെറിയാൻ മേലാരുന്നോ ?”’

” നീ പകരം വീട്ടുകയാണ് അല്ലേടാ ” കടിയേറ്റ കാലിൽ പിടിച്ചു കൊണ്ട് സെലീന നരസിംഹം സ്റ്റൈലിൽ മനുവിനെ ക്രൂ ദ്ധമായി നോക്കി .

” ഇതെന്നാ ചേച്ചീ മോനെ കുച്ചിപ്പുടിക്ക് ചേർക്കാൻ വന്നതാണോ ?”

പ ട്ടി കടിച്ച വേദനയിൽ മുടന്തി മെയിൻ റോഡിലേക്ക് നടക്കുകയായിരുന്ന സെലീന ദേഷ്യത്തോടെയാണ് തിരിഞ്ഞു നോക്കിയത്

” ആഹാ ..മെമ്പറോ ? കോളനീലേക്ക് കുടിവെള്ളം ഇപ്പൊ എത്തിക്കാമെന്നും പറഞ്ഞു പോയതാണല്ലോടാ രമേശാ നീ … പിന്നെയിപ്പോഴാണല്ലോ കാണുന്നെ ?”

” ഈ മഴക്കാലത്തെന്നാ കുടിവെള്ള പ്രശ്‌നമാ ചേച്ചീ … മഴ മാറട്ടെ വേനലാകുമ്പോ പൈപ്പവിടെയെത്തും ” പഞ്ചായത്ത് മെമ്പർ രമേശൻ വെളുക്കെ ചിരിച്ചു .

” ഒറ്റ ദിവസം കൊണ്ട് പൈപ്പിടാൻ പറ്റുമോ …അതിനിന്നെയിടണം .എന്നാലേ വേനൽക്കാലത്ത് എങ്കിലും പൂർത്തിയാകൂ… അരകിലോമീറ്റർ നടന്നാലാ പിന്നെ ഒരു കിണറുള്ളൂ..നിനക്ക് അറിയാല്ലോ.. ”’

”ഓഹ് ..എന്റെ ചേച്ചീ ..ഇപ്പൊ വർഷത്തിൽ മുക്കാലും മഴയാ .. കൂടിയാൽ ഒരു മാസം വെള്ളം കോരേണ്ടി വരും …അത്രയല്ലേ ഉള്ളൂ ..അതൊരു വ്യായാമമായി കണ്ടാൽ മതി… ചേച്ചി ഒരു അഞ്ഞൂറിങ്ങെടുത്തെ !! ”

”ദേ ..മെമ്പറെ എന്റെ വായീന്ന് കേൾക്കരുത് കേട്ടോ … കൂലിപ്പണി ചെയ്യുന്ന ഞാൻ വെള്ളം കോരുന്നത് വ്യായാമം ആയിട്ടെടുക്കണം പോലും .. അതൊക്കെ ദേഹമനങ്ങാതെ ഇരിക്കുന്ന നിനക്ക് മതി ” സെലീന കോപമടക്കി മുന്നോട്ട് നടന്നു .

വോട്ടിന് മാത്രം കൈകൂപ്പി ചിരിക്കുന്ന ആൾക്കാരാ .. നമുക്കെന്തെലും കാര്യം സാധിക്കാൻ ഉണ്ടേൽ മുട്ടിന്മേൽ നിന്ന് തൊഴണം ..എന്നാലും പിണക്കുന്നത് ശെരിയല്ല

” അല്ലടാ … നീയെന്തിനാ കാശു ചോദിച്ചേ ? രമണിച്ചേച്ചിക്ക് ആശൂത്രിക്കേസ് എന്തേലും?” പൊടുന്നനെ മെമ്പർ ചോദിച്ച അഞ്ഞൂറ് മനസിലേക്ക് വന്നതും സെലീന തിരിഞ്ഞു നിന്ന് ചോദിച്ചു

” ഹേയ് …എനിക്ക് കാശിനെങ്ങും ആവശ്യമില്ല … ഇത് മഹാ. ഭാരത യാത്രക്കാ ”

ശ്ശെടാ !! അല്ലെങ്കിലും ഇവനോട് ചോദിച്ച ഞാനാ പൊട്ടി .!! സെലീന ആത്മഗതം നടത്തി .

പണ്ട് രമണി ചേച്ചിയും ഒന്നിച്ചാരുന്നു പണിക്ക് പോയിരുന്നത് . എട്ടാം ക്‌ളാസിൽ പൊട്ടി ഒരു പണിക്കും പോകാതെ കവല നിരങ്ങി നടക്കുന്ന രമേശനെ പറ്റി പറഞ്ഞു കരയാനേ രമണിച്ചേച്ചിക്ക് അന്നൊക്കെ സമയമുണ്ടായിരുന്നുള്ളൂ . വർഷങ്ങൾ കഴിഞ്ഞവൻ ഇലക്ഷന് നിന്നപ്പോ ഞെട്ടിപ്പോയി . പാർട്ടീടെ കൂടെ നടപ്പാണ് എന്ന് ഇടക്കെപ്പോഴോ രമണിച്ചേച്ചി പറഞ്ഞു കേട്ടിരുന്നു ആദ്യ ഇലക്ഷന് അവനു വൻവിജയമായിരുന്നു . അല്ലെങ്കിലും ഫുൾടൈം കവലയിൽ വായിനോക്കിയിരിക്കുന്ന അവനെയറിയാത്ത ആരുമുണ്ടായിരുന്നില്ലല്ലോ . ആദ്യ അഞ്ചു വർഷത്തിനുള്ളിൽ തന്നെ കല്യാണവും കഴിഞ്ഞു . നല്ല പൂവമ്പഴം പോലൊരു പെങ്കൊച്ച് … കല്യാണം കഴിഞ്ഞാറു മാസത്തിനുള്ളിൽ അവൾക്ക് സഹകരണ ബാങ്കിൽ ജോലിയുമായി . PSc ഒക്കെ എഴുതി ഒന്നും കിട്ടാതിരുന്ന കുട്ടിയാണ് , രമേശന്റെ പാർട്ടിക്കളികൊണ്ടാണ്അ വൾക്ക് ജോലി കിട്ടിയതെന്നും , അതല്ല സർക്കാർ ജോലി വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനത്തിലാണ് കെട്ടിയതെന്നും ശ്രുതിയുണ്ട് …അതെന്തായാലും ആവട്ടെ , രമണിചേച്ചിക്കിപ്പോ നല്ല കാലമാണ് . മരുമോൾക്ക് ശമ്പളം , ചെറുക്കന് ശമ്പളം ഇത് കഴിഞ്ഞാൽ പെൻഷൻ !! ആ രമണിചേച്ചിക്കാണ് പൈസ വല്ലതും ആവശ്യമുണ്ടോന്ന് താൻ ചോദിച്ചത് ..

സെലീന നാക്ക് കടിച്ചു .

ആ പണ്ട് ആവശ്യങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും കൊടുക്കൽ വാങ്ങൽ ഉണ്ടായിരുന്നു , ആ ഓർമയിൽ ചോദിച്ചുപോയതാണ് .

ഹ്മ്മ് … മനു പരീക്ഷക്ക് പാസായില്ലേൽ അവനെയും രാഷ്ട്രീയത്തിലിറക്കണം . അവനും കവലയിൽ നിന്ന് കേറാൻ സമയമില്ലല്ലോ .അത്യാവശ്യം തരികിട ഒക്കെ അവനിപ്പോഴേ ഉണ്ട്.

മകന്റെ ഭാവിയിലുള്ള ഉത്ഖണ്ഠക്കൊരു ഉത്തരമായതിൽ സെലീന സന്തോഷിച്ചു

” ചേച്ചീ … പൈസ താ … പോയിട്ട് നൂറുകൂട്ടം പണിയുണ്ട് ” അക്ഷമനായ മെമ്പർ രമേശന്റെ ശബ്ദമാണ് സെലീനയെ ചിന്തയിൽ നിന്നുണർത്തിയത്

” എന്ത് പൈസ ..എന്റേൽ പൈസയൊന്നുമില്ല രമേശാ … ഒന്നാമത് പണിയൊക്കെ കുറവാ ..ഈ മഴക്കിടയിൽ മൂന്നോ നാലോ പണികിട്ടിയാലായി …അത് കൊണ്ട് വേണം കുടുംബം പുലരാൻ ..അല്ല ..ഇപ്പൊ ഈ രാമായണ യാത്ര എന്നാത്തിനാ ?”’

” രാമായണ യാത്ര അല്ല ചേച്ചീ … മഹാ ഭാരത യാത്ര … ചേച്ചിയിപ്പോ പറഞ്ഞില്ലേ ? കുടുംബം പുലരാനെന്ന് …നിങ്ങളെപ്പോലെയുള്ള പാവപ്പെട്ടവരുടെ കഷ്ടതകളിൽ നിന്ന് രക്ഷിക്കാൻ ആണ് ഈ മഹാ ഭാരത യാത്ര ” രമേശൻ ഞെളിഞ്ഞു നിന്നു

” ഞങ്ങളുടെ കഷ്ടതകളിൽ നിന്ന് രക്ഷിക്കാൻ ആണേൽ ഈ പിരിവൊക്കെ ഒന്ന് നിർത്തിയാൽ മതി . ഇതുകൊണ്ടൊരു ഗുണോം ഞങ്ങൾക്ക് ഇല്ല .. നിങ്ങള് ഭരിക്കുമ്പോ അവര് നടത്തും …അവര് ഭരിക്കുമ്പോ നിങ്ങള് നടത്തും ..എല്ലാറ്റിനും പിരിവ് ഞങ്ങളും കൊടുക്കണം … ”’

” ചേച്ചിയിങ്ങനെ ബൂ ർഷ്വാ ആകരുത് … പൈസ താ ”

”എന്റേൽ ഇല്ലന്ന് പറഞ്ഞില്ലേ രമേശാ …ആകെയുള്ളത് ഈ അഞ്ഞൂറാ …. കൊച്ചിന് കൺസഷൻ എടുക്കാൻ വെച്ചതാ …അപ്പൊ ഈ നശിച്ച പട്ടിയും കടിച്ചു ..അതിനിനി പേ വി ഷ കുത്തിവെപ്പും എടുക്കണം ..അതിനെത്രയാകുമോ എന്തോ ! ”’

” ഓ … പേപ്പട്ടിയോന്നുമില്ലന്നെ ..അതുങ്ങളിവിടെ സ്ഥിരം ഉള്ളതാ … ഒരു റ്റി റ്റി എടുത്താൽ മതി . അതിന് പത്തിരുപത്തിയഞ്ചു രൂപയെ അകത്തുള്ളൂ … ചേച്ചി ആ അഞ്ഞൂറ് ഇങ്ങെട് . റ്റിറ്റി എടുക്കാനുള്ളത് ഞാൻ തരാം … ഇങ്ങനെ യൊക്കെയല്ലേ നിങ്ങളെ സഹായിക്കാനാവൂ ”’ രമേശൻ സ്വന്തം സഹായമ നസ്കതയിൽ അഭിമാനം പൂണ്ടു കോളർ വലിച്ചു വിട്ടു

” നീയൊന്ന് പോയെ രമേശാ … ” സെലീന കോപമടക്കി എന്തിവലിഞ്ഞു മുന്നോട്ട് നടന്നു.

”അമ്മേ … ആശുപത്രീൽ പോകാം …ഇവിടെയുള്ളതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല … വേറെയും പട്ടികൾ വന്നു കടിപിടി കൂടാറുണ്ട് . വല്ല പേപ്പട്ടിയും കടിച്ച നായ ആണേലോ ?” മനു സെലീനയുടെ കയ്യിൽ പിടിച്ചുവലിച്ചു .

”’ അമ്മേ … അപ്പൊ കൺസഷൻ കാർഡ് എടുക്കണ്ടേ ?”’ കുത്തിവെപ്പുമെടുത്തു തിരിച്ചു വീട്ടിലേക്ക് ബസ് കേറാൻ നിൽക്കുന്ന സെലീനയോട് മനു ചോദിച്ചു

”’ ഓ .. ഇന്നിനി വേണ്ടടാ … എവിടുന്നേലും ഒരു കടിയോ അടിയോ കിട്ടിയാൽ പോരെ ..അതിങ്ങനെ ആയെന്ന് കരുതിയാൽ മതി ”

വീട്ടിൽ വന്ന് തുണിമാറി ക്ഷീണിത ആണെങ്കിലും അത്താഴത്തിനെന്തേലും ചെയ്യണമല്ലോ എന്ന ചിന്തയിൽ കട്ടിലിൽ നിന്ന് എണീക്കാൻ നോക്കുമ്പോഴാണ് മുറ്റത്താരോ വിളിക്കുന്ന വിളിക്കുന്ന പോലെ സെലീനക്ക് തോന്നിയത്

”ഡാ മനൂ ..ആരോ വന്നിട്ടുണ്ട് ..ആരാന്ന് നോക്കിക്കേ ..നോക്കീട്ട് വാതിൽ തുറന്നാൽ മതി ” സെലീന വിളിച്ചു പറഞ്ഞിട്ട് മുഖം കഴുകി വാതിൽക്കലേക്ക് പോകാൻ നോക്കി ..

”അമ്മേ ..ഒരു പട്ടി … സ്‌നേഹി ”

”ഏഹ് ..എന്തോന്ന് ?”’

”ആ ..അമ്മേ … ഒരു മൃഗസ്നേഹി ആണെന്ന് പറഞ്ഞൊരാൾ വന്ന് നിക്കുന്നു ”

”ഏഹ് …അയാക്കിനി എന്തോ വേണം ?”’

ഏന്തിവലിഞ്ഞു സെലീന മുൻവശത്തെത്തി ജനാലയിലൂടെ എത്തിനോക്കി

വെള്ളമുണ്ടും ജൂബയുമിട്ട ഒരാൾ .. എവിടെയോ കണ്ട പരിചയം

” ആരാ ..എന്തുവേണം ?”’

” നിങ്ങളെ ഒന്ന് കാണാൻ വന്നതാ ..നിങ്ങൾ ഇന്ന് ഒരു മിണ്ടാപ്രാണിയെ ഉപദ്രവിച്ചെന്നറിഞ്ഞു ” ജനാലക്ക് മുന്നിൽ വന്നയാൾ സെലീനക്ക് നേരെ രോഷം കൊണ്ടു .

” മിണ്ടാപ്രാണിയോ …. അസലായിട്ട് കുരക്കുന്നൊരു പട്ടിയാ അത് ”’ മനു ഇടയിൽ കയറി.

” മിണ്ടാതിരിക്കട ചെറുക്കാ ..നിന്നെപ്പോലെ കുറേപ്പേരെ കണ്ട ഒരു കോളേജ് അദ്ധ്യാപകനാ ഞാൻ ..അന്നേരമാ സ്‌കൂളിൽ നരന്തു ചെക്കൻ ” മനു ഇടക്ക് കേറിയപ്പോൾ വന്നയാൾ അവന് നേരെ ചാടിക്കടിച്ചു

“”ആ…അത് ശെരി… ഉദ്യോഗമൊക്കെ കഴിഞ്ഞ് റിട്ടയാറായി ഇപ്പൊ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയെക്കുവാ അല്ലെ….പെൻഷൻ ഒക്കെ സമയാസമയം കിട്ടുന്നുണ്ടല്ലോ അല്ലെ…ഇനി അടുത്ത തിടഞ്ഞെടുപ്പിൽ നിൽക്കാനാവും ഉദ്ദേശം….നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയെക്കുന്നു… ഇയാളൊന്ന് പോയെ…ഇവിടെ മറ്റുള്ളോർക്ക് വേറെ പണിയുണ്ട്.. ഒന്നാമത് പട്ടി കടിച്ച വേദന.. അതിന്റെ കൂടെ ഇഞ്ചക്ഷനും…..അന്നേരമാ ഓരോന്ന് കുറ്റീം പറിച്ചു വരുന്നെ””

സെലീന ജനാല വലിച്ചടിക്കാൻ നോക്കി.

” അങ്ങോട്ട് ഉപദ്രവിച്ചാൽ അല്ലാതെ ഒരു നായയും ചുമ്മാതെ കടിക്കില്ല.. നിങ്ങൾ ആയുധം കൊണ്ട് ആ നായയെ ഉപദ്രവിച്ചത് കണ്ട ദൃക്‌സാക്ഷികൾ ഉണ്ട് . കേസ് കൊടുത്താൽ അമ്മയും മോനും അകത്താ “”

“”എഹ്.. എന്നെ പട്ടി കടിച്ചു പറിച്ചപ്പോ മോൻ ബാഗ് കൊണ്ട് അടിച്ചതേയുള്ളൂ കടി വിടുവിക്കാൻ… അല്ലാണ്ട് ഞങ്ങൾ അതിനെ ഉപദ്രവിച്ചിട്ടൊന്നും ഇല്ല സാറേ “” കേസെന്നും ജെയിലെന്നുമൊക്കെ കേട്ടപ്പോ സെലീന ഒന്ന് ഭയന്നു.

“” വിദ്യാർത്ഥിയുടെ ആയുധം ബുക്കും പുസ്തകവുമാ…ബാഗിൽ പുസ്തകം അല്ലാരുന്നോ അമ്മേ…അപ്പൊ ആയുധം എന്ന് പറഞ്ഞത് ശെരിയാ “” മനു വീണ്ടും ഇടയിൽ കയറി.

“”മിണ്ടാതിരിയട ചെറുക്കാ…നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും, ഇയാൾടെ കാലു പിടിച്ചിട്ടാണേലും കേസിൽ നിന്ന് ഒന്നൊഴിവാകാൻ നോക്കുമ്പോഴാ അവന്റെ അളിഞ്ഞ കോമഡി”” സെലീന മനുവിനോട് ദേഷ്യപ്പെട്ടു.

“”പ ട്ടീ… “”

“”നീ വന്നപ്പോ മുതൽ എന്നെ ചൊറിയുന്നതാ …ദേ പെമ്പറന്നോത്തി.. ചെറുക്കനെ മര്യാദക്ക് വളർത്തിക്കോണം.. മാന്യന്മാരെ ബഹുമാനിക്കാൻ പഠിപ്പിക്കണം ആദ്യം “” പുറത്തു നിന്നയാൾ മനുവിനെയും സെലീനയെയും നോക്കി ആക്രോശിച്ചു.

“”അയ്യോ സാറെ അതല്ല…ദേ പ ട്ടി..””

മനു ജനാലയിലൂടെ പുറത്തേക്ക് കൈ ചൂണ്ടിയപ്പോഴാണ് അയാൾ പുറകിലേക്ക് തിരിഞ്ഞു നോക്കിയത്.

ഒരു പൂച്ചയുടെ പുറകെ പാഞ്ഞു വന്ന രണ്ട് പ ട്ടികൾ വരാന്തയുടെ മുന്നിൽ ഇരയെ നഷ്ടപ്പെട്ട വേദനയിൽ അങ്ങുമിങ്ങും നോക്കി നിൽക്കുന്നു.

“പോ.. പ ട്ടീ… അയ്യോ.. പ ട്ടീ””

പുറത്തു നിന്നയാൾ കയ്യിലുണ്ടായിരുന്ന ഡയറിയും പത്രക്കടലാസുകളും പ ട്ടിക്ക് നേരെ വീശി പുറകോട്ട് മാറിയെങ്കിലും നായ്ക്കൾ അണുവിട പുറകോട്ട് ചലിക്കാത്തവർ ആയിരുന്നു.

അയാളുടെ അലക്കി തേച്ച മുണ്ടിനടിയിൽ ഒളിച്ച പൂച്ച ബഹളംകെട്ട ജനാലയിലൂടെ അകത്തേക്ക് ചാടി കയറിയപ്പോൾ അതിനെ കിട്ടാത്ത ദേഷ്യത്തിൽ ഒരു പ ട്ടി കുരച്ചു കൊണ്ട് ഉമ്മറത്തേക്ക് ചാടിക്കയറി.

“” സാറേ…പ ട്ടികളെ ഉപദ്രവിക്കാത്തവരെ അവർ കടിക്കില്ല… സാർ ഒന്നും ചെയ്യാതെ അനങ്ങാതെ നിന്നാൽ മതി..”” മനു ജനാലയിലൂടെ അയാളോട് വിളിച്ചു പറഞ്ഞു.

“”പോടാ… പ ട്ടീ…അയ്യോ.. വാതിൽ തുറക്കോ””

മൃഗസ്നേഹി പറഞ്ഞത് തന്നോടല്ലായെന്ന മട്ടിൽ മനു അകത്തേക്ക് നടന്നപ്പോൾ സെലീന തന്റെ അച്ഛന്റെ കാലൻ കുട തപ്പുവായിരുന്നു മകന് സ്വയ രക്ഷക്ക് പിറ്റേന്ന് സ്‌കൂളിൽ കൊണ്ട് പോകാൻ.

Leave a Reply

Your email address will not be published. Required fields are marked *