തൂവൽസ്പർശം
എഴുത്ത്:-ബിന്ദു എൻ പി
വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി ഒരു കപ്പ് കാപ്പിയുമായി ബാൽക്കാണി യിലിരുന്ന് കൊണ്ട് വാട്സാപ്പിൽ വന്നുകിടക്കുന്ന മെസ്സേജുകളിലൂടെ കണ്ണോടിക്കുകയായിരുന്നു അയാൾ.
” അങ്കിളേ നാളെ ഫ്രീയാണോ? ഞാൻ മോളെയും കൂട്ടി നാളെ വന്നോട്ടെ? ” പ്രിയയുടെ മെസ്സേജാണ്.
പ്രിയ. തന്റെ മകളെപ്പോലൊരു കുട്ടി. അതാവണം ആ കുട്ടിയോടൊരു വാത്സല്യം തോന്നാൻ കാരണം. മുഖപുസ്തകത്തിൽ നിന്ന് കിട്ടയാതണവളെ. പരിചയപ്പെട്ടു വന്നപ്പോ എന്തോ ഒരടുപ്പം തോന്നി. ഒരുപക്ഷേ തനിക്ക് ലഭിക്കാൻ ഭാഗ്യമില്ലാതെ പോയ ഒരു മകളുടെ സ്നേഹം ആ കുട്ടിയിൽ കണ്ടതുകൊണ്ടാവാം.. അല്ലെങ്കിൽ തന്റെ സങ്കല്പത്തിലെ മകളുടെ രൂപവുമായി സാമ്യമുള്ളത് കൊണ്ടാവാം. എന്താണെന്നറിയില്ല ആ കുട്ടി ഒരു മകളായി അയാളുടെ മനസ്സിൽ സ്ഥാനം പിടിക്കുകയായിരുന്നു.
കൂടുതലടുത്തപ്പോൾ അവൾ അവളുടെ കഥ പറഞ്ഞു. അവളുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു. രോഗിയായ അച്ഛൻ മാത്രമായിരുന്നു അവൾ ക്കാശ്രയം. പഠിക്കാൻ മിടുക്കിയായിരുന്നു പ്രിയ.അതുകൊണ്ട് തന്നെ ഒഴിവു സമയങ്ങളിൽ വീട്ടുവേല ചെയ്തും കുട്ടികൾക്ക് ട്യൂഷനെടുത്തും അവൾ ഡിഗ്രി വരെ പഠിച്ചു. ആ സമയത്താണവൾക്കൊരു കല്യാണ ലോചന വരുന്നത്.
രോഗിയായ അച്ഛന് തന്റെ കണ്ണടയുന്നതിനു മുമ്പ് മകളെ സുരക്ഷിതമായൊരു കൈകളിലേൽപ്പിക്കണമെന്നായിരുന്നു ആഗ്രഹം.അതുകൊണ്ട്തന്നെ അവൾക്കാ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു. അധികം താമസിയാതെ അച്ഛൻ മരണമടഞ്ഞു.
അതിനുശേഷമാണ് അവളുടെ കെട്ട്യോന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. കiള്ളുകുiടിയും ചീട്ടു കളിയും പതിവായി.വീട്ടിലെത്തിയാൽ അസഭ്യം പറയലും ശiരീരീക മiർദ്ദനവും വേറെ. അതെല്ലാം അവൾ സഹിച്ചു.
പക്ഷേ മറ്റ് വഴിവിട്ട ബന്ധങ്ങൾ കൂടി അയാൾക്കുണ്ടെന്ന റിഞ്ഞപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അവർക്കൊരു മോള് പിറന്നിരുന്നു. കുഞ്ഞിന് മൂന്നു വയസ്സായപ്പോഴാണ് അവൾക്ക് ചില വയ്യായ്കകൾ വന്നത്. അതോടെ അയാൾക്കവളെ വേണ്ടാതെയായി. അങ്ങനെ അവർ നിയമപരമായി വേർപിരിഞ്ഞു. കുട്ടികൾക്ക് ട്യൂഷനെടുത്തും തയ്യൽ ജോലികൾ ചെയ്തും അവൾ ജീവിതം മുന്നോട്ട് കൊണ്ടുപോയി. അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വേണം അവളുടെ ചികിത്സയ്ക്കും മകളുടെ പഠനത്തിനുമുള്ള ചെലവുകൾ നികത്താൻ. മോളിപ്പോ പ്ലസ് വണ്ണിന് പഠിക്കുകയാണ്.
അങ്ങനെയൊരിക്കൽ സംസാരത്തിനിടയിലെപ്പോഴോ സങ്കടത്തോ ടെയവൾ പറഞ്ഞു.. “എനിക്കിതുവരെ എന്റെ കുഞ്ഞിനെയൊന്ന് പുറത്തുകൊണ്ടുപോകാനോ അവൾക്കിഷ്ടപ്പെട്ടത് വാങ്ങിക്കൊടുക്കാനോ പറ്റിയിട്ടില്ല അങ്കിളേ. അതിനൊക്കെ എന്റെ മോൾക്ക് ആഗ്രഹമുണ്ടെ ന്നെനിക്കറിയാം. അമ്മയുടെ പരിമിതികളറിയുന്ന എന്റെ കുഞ്ഞ് അതൊന്നും വെളിയിൽ കാണിക്കുന്നില്ലെന്നേയുള്ളൂ.” അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നുവെന്നയാൾ തിരിച്ചറിഞ്ഞു.
” അതിനെന്താ..മക്കളൊരു ദിവസം മോളെയും കൂട്ടി ട്രിവാൻട്രത്തേക്ക് വായോ. നമുക്കവളെയും കൂട്ടി എല്ലായിടത്തും പോകാലോ. “
അത് പറഞ്ഞതിന് ശേഷമാണയാളോർത്തത്.. രiക്തബന്ധങ്ങൾക്ക് പോലും വിലയില്ലാത്തൊരീക്കാലത്ത് തന്റെ സംസാരം കേട്ട് ആ പെൺകുട്ടിക്ക് വല്ല സംശയവും തോന്നിക്കാണുമോയെന്ന്. എന്നാൽ ആ സംശയത്തിന് വിരാമമിട്ടുകൊണ്ട് ഉടൻ തന്നെ അവളുടെ മറുപടി വന്നു. ” വരാം അങ്കിളേ.. തീർച്ചയായും വരാം. “
അതുകേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. തനിക്കും ജീവിതത്തിൽ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ. ഒരു മകളും കൊച്ചു മകളും അകലെയെവിടെയോ. നാളെയൊരുപക്ഷേ തന്റെ കണ്ണടഞ്ഞു പോയാലും തന്നെ സ്നേഹത്തോടെയോർക്കാൻ ചിലരെങ്കിലുമുണ്ടാവുക യെന്നതും ഒരു ഭാഗ്യമാണല്ലോ..
പിറ്റേന്ന് രാവിലെ തമ്പാന്നൂർ ബസ്റ്റാൻഡിൽ അവരെയും കാത്ത് നിൽക്കുമ്പോൾ അയാളോർക്കുകയായിരുന്നു ചില മനുഷ്യരെപ്പറ്റി. അതെ.. ചിലരങ്ങനെയാണ്. മനോഹരങ്ങളായ പുറം ചട്ടകളുള്ള പുസ്തകം പോലെ. തുറന്നു വായിക്കുമ്പോഴേ അതിനുള്ളിലെ നോവിന്റെ ആഴവും പരപ്പും നമുക്ക് തിരിച്ചറിയാനാവുകയുള്ളൂ. “അങ്കിളേ”എന്ന വിളി കേട്ടാണ് ചിന്തകളിൽ നിന്നയാൾ ഞെട്ടിയുണർന്നത്. മുന്നിൽ ചിരിച്ചു കൊണ്ട് പ്രിയയും മകളും. അല്ല തന്റെ മകളും കൊച്ചു മോളും. അയാൾക്കങ്ങ നെയാണ് തോന്നിയത്.
“മക്കള് വല്ലതും കഴിച്ചാരുന്നോ?” ” ഇല്ലപ്പൂപ്പാ. രാവിലെ ഇറങ്ങിയതല്ലേ. നല്ല വിശപ്പുണ്ട്. ” യാതൊരു അപരിചിതത്വവും കൂടാതെ ആ കൊച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ അയാൾക്കത്ഭുതം തോന്നി. ” മക്കള് വായോ.. ” അവരെയും കൊണ്ടയാൾ നല്ലൊരു റെസ്റ്റോറന്റിൽതന്നെ കയറി. “മക്കൾക്കിഷ്ടമുള്ളത് ഓർഡർ ചെയ്തോളൂ ” “അപ്പൊ അപ്പൂപ്പൻ കഴിക്കുന്നില്ലേ?”
“അപ്പൂപ്പൻ കഴിച്ചതാ മക്കളേ.”
“അത് പറ്റില്ല.. ഞങ്ങളോടൊപ്പം അപ്പൂപ്പനും കഴിക്കണം.”
അവരുടെ സ്നേഹപ്പൂവ്വമുള്ള നിർബന്ധത്തിന് മുന്നിൽ അയാൾ വഴങ്ങി.
” മോൾക്കിനി എവിടെയാ പോകേണ്ടത്? ” ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ അയാൾ ചോദിച്ചു. ” നമുക്ക് ബീച്ചിൽ പോകാം അപ്പൂപ്പാ. ” അയാളുടെ കയ്യും പിടിച്ച് അവൾ നടന്നു കഴിഞ്ഞു. പ്രിയയുടെ മുഖത്ത് അപ്പോഴും ഒരു നിർവ്വികാരതയായിരുന്നു. ഒരോട്ടോ പിടിച്ച് ബീച്ചിലെത്തി. അമ്മൂന് സന്തോഷമായി. ആ കടലിന്റെ സൗന്ദര്യത്തിൽ അല്പനേരത്തേക്ക് അവരെല്ലാ സങ്കടങ്ങളും മറന്നു. ആർത്തലയ്ക്കുന്ന തിരനാലകൾ ക്കിടയിലൂടെ ഓടിക്കളിക്കുന്ന ആ മിടുക്കിക്കുട്ടിയെ അയാൾ നിർന്നിമേഷം നോക്കിനിന്നു. ഇടയ്ക്കവൾ ഓടിവന്ന് അപ്പൂപ്പനും വായോ എന്ന് പറഞ്ഞ് കൈപിടിച്ച് തിരമാലകൾക്കിടയിലേക്ക് കൊണ്ടുപോയി.
ആ രംഗം കണ്ടുനിന്ന പ്രിയയുടെ കണ്ണുകൾ നിറയുന്നത് അയാൾ കാണുന്നുണ്ടായിരുന്നു. ഉച്ചയായപ്പോൾ അവരെയും കൂട്ടി ഭക്ഷണം കഴിക്കാൻ പോയി. അതിന് ശേഷം ഒരു തുണിക്കടയിൽ പോയി അവർക്കിഷ്ടപ്പെട്ട ഡ്രസ്സുകൾ വാങ്ങിക്കൊടുത്തു. ഒപ്പം ബാഗും, ചെരുപ്പും, കുടയും അവളിതുവരെ കാണാത്ത ഫാൻസി സാധനങ്ങളും. എല്ലാറ്റിനും നിറകണ്ണുകളോടെ പ്രിയ മൂക സാക്ഷിയായി നിന്നു.
“മോൾക്കിനി എന്താണ് വേണ്ടത്”?
” നമുക്കിനി കെ എഫ് സി യിൽ കൂടി പോകണം അപ്പൂപ്പാ.. സ്വന്തം അപ്പൂപ്പനോട് പറയുന്നതുപോലെ അവൾ പറഞ്ഞു.
” അതിനെന്താ.. നമുക്ക് പോവാലോ. “
അവിടെപ്പോയി മോൾക്കിഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുത്ത ശേഷമാണ് അവരെയും കൂട്ടി ബസ്റ്റാൻഡിലേക്ക് പോയത്. അവരെ ബസ്സ് കയറ്റി തിരിച്ച് നടക്കുമ്പോൾ പൊടുന്നനെ ആ കൊച്ച് അപ്പൂപ്പാ എന്നും വിളിച്ച് ഓടിവന്നു കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ തന്നപ്പോൾ അയാളും സ്ഥബ്ദനായി നിന്നുപോയി. തന്റെ നിറഞ്ഞുവന്ന കണ്ണുകൾ അവർ കാണാതിരിക്കാനായി ആ കുഞ്ഞിന്റെ കൈകൾ അടർത്തിമാറ്റി അവളുടെ തലയിൽ അരുമയോടെ തലോടിക്കൊണ്ടയാൾ തിരിഞ്ഞു നടന്നു. അപ്പോൾ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷം അയാളറിയുകയായിരുന്നു. അതെ.. എത്ര വില കൊടുത്താലും കിട്ടാത്ത, മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത ചില സന്തോഷങ്ങൾ.