പകൽ മാന്യനായി നടക്കുന്ന പലരും ഒറ്റയ്ക്ക് ഞാൻ ആകുമ്പോൾ എന്താണ് എന്നോട് പറയുന്നത് എനിക്കറിയാം……

ഗുണ്ട

Story written by Suja Anup

“നാശം, ഇന്നും അവൻ അവിടെ തന്നെ ഉണ്ട്…” മുന്നോട്ടു പോകുവാൻ പേടി തോന്നുന്നൂ. അവന് ഈ വഴിയിൽ തന്നെ ഇരിക്കണമെന്ന് നിർബന്ധം ഉണ്ടോ. കലുങ്കിൽ കയറി അങ്ങനെ ഇരിക്കും എന്നെയും നോക്കി. ഉള്ള ചെറിയ ജോലിയും ചെയ്തു ഒരു മൂലയ്ക്ക് ഒതുങ്ങാം എന്ന് വിചാരിച്ചാലും ഈ ലോകം അതിനു സമ്മതിക്കില്ല..

“അമ്മ എന്താ പിറുപിറുക്കുന്നേ..”

“ഒന്നുമില്ല, മോൻ വേഗം നടക്കൂ..”

തല താഴ്ത്തി കുഞ്ഞിൻ്റെ കൈയ്യും പിടിച്ചു നടക്കുമ്പോൾ മനസ്സിൽ നിറയെ ഭയം ആയിരുന്നൂ. പെട്ടെന്ന് അവൻ എങ്ങാനും കയറി പിടിച്ചാൽ ഞാൻ എന്ത് ചെയ്യും. ചോദിക്കുവാനും പറയുവാനും ആരുമില്ല. വിധവകളെ കയറി ആര് പിടിച്ചാലും കുറ്റം വിധവയ്ക്ക് തന്നെയല്ലേ.

“കണ്ണും കൈയ്യും കാട്ടി വശീകരിച്ചു എന്ന ചീത്തപ്പേര് പെണ്ണിന് സ്വന്തം” ഇനിയുള്ള കാലം മോന് വേണ്ടി ജീവിക്കണം. മറ്റൊന്നും മനസ്സിൽ ഇല്ല. അല്ലെങ്കിലും എൻ്റെ സ്വപ്നങ്ങൾ ഒക്കെ എന്നേ ഞാൻ മനസ്സിൽ ഇട്ടു അടച്ചു പൂട്ടി.

*******************

“ഉണ്ണിക്കുട്ടൻ എന്തിനാ ഇങ്ങനെ ശാഠ്യം പിടിക്കുന്നത്. ആ കാറ് നമുക്ക് വേണ്ട മോനെ.” കടയിൽ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങുന്ന കുഞ്ഞിനെ നോക്കി ഞാൻ നെടുവീർപ്പിട്ടു. എല്ലാം എൻ്റെ തെറ്റാണു. ആവശ്യത്തിന് പണം കൈയ്യിൽ ഇല്ലെന്നു അറിഞ്ഞിട്ടും എന്തിനാണ് മോനെ ഞാൻ ആ കളിപ്പാട്ട കടയിൽ കയറ്റിയത്.

ചെറിയ ഒരു പിറന്നാൾ സമ്മാനം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.അച്ഛനില്ലാത്ത കുട്ടിയാണ്. കഴിഞ്ഞ വർഷം അദ്ദേഹം എത്ര നന്നായാണ് പിറന്നാൾ ആഘോഷിച്ചത്. എല്ലാം തകർന്നത് പെട്ടെന്നാണ്. കാൻസർ ആണെന്ന് അറിയുവാൻ വൈകി. ചികിത്സ തുടങ്ങിയെങ്കിലും ആറു മാസത്തിനുള്ളിൽ അദ്ദേഹം പോയി. ഉണ്ടായിരുന്ന പണം മുഴുവൻ ചികിത്സയ്ക്കായി ചെലവാക്കി. സഹായിക്കുവാൻ താല്പര്യമുള്ള ബന്ധുക്കൾ ആരുമില്ല.

“അമ്മയ്ക്ക് എന്നോട് ഒട്ടും ഇഷ്ടമില്ല. എനിക്ക് അച്ഛനെ മതി. അച്ഛൻ ആണെങ്കിൽ അത് എനിക്ക് വാങ്ങി തന്നേനെ..” അവൻ കരഞ്ഞു കൊണ്ട് ഓരോന്ന് പറയുന്നുണ്ട്.. ശരിയാണ്, അദ്ദേഹം എന്നും അങ്ങനെ ആയിരുന്നൂ. അവൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കും. ഒരു കുറവും വരുത്തിയിട്ടില്ല. അപ്പോഴൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.

“വെറുതെ അവനെ കൊഞ്ചിച്ചു വഷളാക്കരുത്. എപ്പോഴും പൈസ ഉണ്ടാകുമോ കൈയ്യിൽ, ചോദിക്കുന്നതൊക്കെ വാങ്ങി കൊടുക്കുവാൻ.” എൻ്റെ വാദം കേൾക്കുമ്പോൾ അദ്ദേഹം ചിരിക്കും, പിന്നെ പറയും.

“മണ്ടി പെണ്ണ്, എൻ്റെ ഉണ്ണിക്കുട്ടനെ ഞാൻ രാജകുമാരനെ പോലെ വളർത്തും..”

മോൻ വാശി പിടിച്ചു കരയുന്നൂ. പലരും നോക്കുന്നുണ്ട്. നാണക്കേട് കാരണം തല ഉയർത്തുവാൻ വയ്യ. പണമില്ലെന്ന് പറഞ്ഞാൽ അവനു മനസ്സിലാകില്ല.

“പണം വേണ്ടത്രേ, കാർഡ് കൊടുത്താൽ മതി.” അതാണ് അവൻ്റെ പക്ഷം. അച്ഛൻ കാർഡ് ഉരയ്ക്കുന്നത് അവൻ കണ്ടിട്ടുണ്ട്. പക്ഷേ ആ കാർഡൊക്കെ എന്നേ ബ്ലോക്ക് ആയിരിക്കുന്നൂ. പാവം എൻ്റെ കുട്ടി…

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ പെട്ടെന്ന് കടക്കാരൻ വന്നു അവനു ആ കാർ കൊടുത്തൂ. എന്നിട്ടു പറഞ്ഞു. “മാഡം, പൈസ ഒരു ചേട്ടൻ തന്നൂ. കാർ കുട്ടി എടുത്തോട്ടെ.” ഞാൻ വേണ്ട എന്ന് പറയും മുൻപേ അയാൾ നടന്നകന്നൂ. ഉണ്ണികുട്ടൻ്റെ ചിരി കണ്ടപ്പോൾ മറുത്തൊന്നും പറയാനും തോന്നിയില്ല.

“കണ്ടോ, അമ്മെ അച്ഛൻ മോന് സ്വർഗ്ഗത്തീന്നു സമ്മാനം അയച്ചു തന്നത്.” പെട്ടെന്നു എൻ്റെ കണ്ണ് നിറഞ്ഞു. ആ കണ്ണീരിനിടയിൽ ഞാൻ കണ്ടു.. അവൻ, ആ ഗുണ്ട കടയിൽ നിന്നും ഇറങ്ങി പോകുന്നൂ. ഉള്ളിൽ പെട്ടെന്ന് ഒരാന്തൽ ഉണ്ടായി..

*************************

പിറ്റേന്ന് ഉണ്ണികുട്ടൻ്റെ പിറന്നാൾ ആയിരുന്നൂ. ഞാനും അവനും മാത്രം ഉള്ള ആദ്യത്തെ പിറന്നാൾ. ദിവസ്സങ്ങൾ കടന്നു പോയി. മാറ്റമില്ലാതെ ഒന്ന് മാത്രം തുടർന്നൂ. “എന്നും ആ വഴിയിൽ അവൻ കാത്തു നിൽപ്പുണ്ടാകും.”

*********************

ശനിയാഴ്ച പാർക്കിൽ കൊണ്ട് പോകാമെന്നു അവനു വാക്ക് കൊടുത്തതാണ്. പാവം അവൻ്റെ അച്ഛൻ ഉള്ളപ്പോൾ എല്ലാ ആഴ്ചകളിലും അവനെയും എന്നെയും എവിടെയെങ്കിലും ഒക്കെ കൊണ്ട് പോകും. ഞങ്ങൾ പോകാത്ത ഉത്സവങ്ങളോ പെരുന്നാളുകളോ പുതിയ സിനിമകളോ ഉണ്ടാകില്ല. സിനിമയും കഴിഞ്ഞു രാത്രി ഒരു ബിരിയാണിയോ പിസയോ കഴിച്ചാണ് തിരിച്ചെത്തുക. അതൊരു കാലം..

പാർക്കിലെ കളിയെല്ലാം കഴിഞ്ഞതും മകൻ പറഞ്ഞു..

“അമ്മെ എനിക്ക് പിസ്സ വേണം…”

“ഉണ്ണിക്കുട്ടന് അമ്മ പഫ്സ് വാങ്ങി തരാം..”

“അമ്മയോട് പറഞ്ഞില്ലേ എനിക്ക് പഫ്സു വേണ്ട…”

“മര്യാദയ്ക്ക് നടന്നോ ചെക്കാ, പാർക്കിൽ വരണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം കൂട്ടി കൊണ്ട് വന്നതാണ് നിന്നെ. അവനു അപ്പോൾ ഇല്ലാത്ത എല്ലാ ആഗ്രഹങ്ങളും ഉണ്ട്..” പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാൻ അവനെ തല്ലി. അവൻ എൻ്റെ കണ്ണ് വെട്ടിച്ചു ഒരോട്ടം ഓടി. ഞാൻ പുറകെ ഓടി.

“ദൈവമേ, എൻ്റെ കുഞ്ഞു..” പെട്ടെന്ന് ഒരു കൈ അവനെ തടഞ്ഞു നിർത്തി. ആ ഗുണ്ട. അതെ അത് അവൻ തന്നെ. അയാൾ അവനെ വാരിയെടുത്തൂ. കവിളിൽ മുത്തം കൊടുത്തൂ. എന്നിട്ടു ചോദിച്ചൂ..

“ഉണ്ണിക്കുട്ടന് എന്താ വേണ്ടത്..”

“മോന്, പിസ്സ വേണം..”.

“വാ.. മാമൻ വാങ്ങി തരാം..”

മനസ്സില്ലാ മനസ്സോടെ എനിക്ക് അയാളുടെ പുറകെ പോകേണ്ടി വന്നൂ. നാട്ടുകാർ ആരെങ്കിലും കണ്ടാൽ. പിന്നെ പറയുവാൻ ബാക്കി ഒന്നും ഉണ്ടാകില്ല. അയാൾ മകന് പിസ്സ വാങ്ങി കൊടുത്തൂ.. പിസ്സ ഹട്ടിലെ എസിയിലും ഞാൻ വിയർത്തു കുളിച്ചൂ. മനസ്സു കലുങ്കുഷമായിരുന്നൂ.

“മകനെ സ്വാധീനിച്ചു എന്നെ വശത്താക്കുവാൻ ആകുമോ അയാൾ അങ്ങനെ ചെയ്യുന്നത്..” എൻ്റെ മനസ്സു വായിച്ചെന്ന പോലെ അയാൾ പറഞ്ഞു

“പെങ്ങൾ വിഷമിക്കേണ്ട കേട്ടോ. ഞാൻ നിങ്ങളുടെ ശരീരം മോഹിച്ചു വന്നവൻ ഒന്നുമല്ല. എനിക്ക് ഭാര്യയുണ്ട്. അവളെയല്ലാതെ മറ്റൊരു പെണ്ണിനെയും ഞാൻ തൊട്ടിട്ടില്ല. ഇനി ഒട്ടു തൊടുകയുമില്ല…” വീണ്ടും അയാൾ തുടർന്നൂ.

“ഇരുപതു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഞങ്ങൾക്ക് ഇപ്പോൾ കുട്ടികൾ ഇല്ല. അതുകൊണ്ടു തന്നെ കുട്ടികളെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്..” “പിന്നെ, ഞാൻ ഒരു ഗുണ്ടയാണ്‌. തല്ലൊക്കെ ഉണ്ടാക്കും. കൊലപാതക കേസിൽ ജയിലിലും കിടന്നിട്ടുണ്ട്. അതൊക്കെ നിങ്ങൾ കേട്ട് കാണും. ഒക്കെ ഒത്തിരി പഴയ കഥകൾ ആണ്. ഞാൻ എന്നെ തിരുത്തുവാൻ ശ്രമിക്കുകയാണ് ഇപ്പോൾ. എനിക്കൊരു മകൻ ഉണ്ടായിരുന്നൂ. എൻ്റെ ഭാര്യ ഒത്തിരി പ്രാർത്ഥിച്ചിട്ടാണ് വർഷങ്ങൾക്കു ശേഷം അവനെ ഞങ്ങൾക്ക് കിട്ടിയത്. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ അവൻ പനി വന്നു മരിച്ചൂ. അവനെ ചികിൽത്സിക്കുവാനുള്ള പണം എൻ്റെ ഭാര്യയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. ഭാര്യ എന്നും എന്നോട് പറയുമായിരുന്നൂ നിങ്ങൾ ചെയ്യുന്ന തെറ്റിൻ്റെ ഫലം അവളോ മോനോ അനുഭവിക്കേണ്ടി വരുമെന്ന്. അത് അങ്ങനെ സംഭവിച്ചൂ. ഞാൻ ചെയ്ത തെറ്റിൻ്റെ ഫലം എൻ്റെ മോൻ അനുഭവിച്ചൂ.”

“എനിക്ക് വേറെ കൂടപ്പിറപ്പുകൾ ആരുമില്ല..” “ഭർത്താവു മരിച്ചതിനു ശേഷം നിങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടൊക്കെ ഞാൻ കണ്ടൂ. നിങ്ങളുടെ മകൻ്റെ പ്രായം ആയിരുന്നൂ എൻ്റെ മകന് മരിക്കുമ്പോൾ. അവൻ മരിച്ചിട്ടിപ്പോൾ വർഷം ഏഴായിരിക്കുന്നൂ. നിങ്ങളുടെ മകന് ഇപ്പോൾ ആറു വയസ്സല്ലേ. നിങ്ങളുടെ മകനെ കാണുമ്പോൾ എൻ്റെ ഭാര്യക്ക് എൻ്റെ മകനെ ഓർമ്മ വരും. അവൾക്കും എനിക്കും നിങ്ങളുടെ മകനെ ഒത്തിരി ഇഷ്ടമാണ്. എൻ്റെ നാട്ടിൽ നിന്നും മാറി രണ്ടു വർഷം മുൻപേയാണ് നിങ്ങളുടെ നാട്ടിൽ നിങ്ങളുടെ വീടിനു അടുത്ത് ഞങ്ങൾ വീട് വച്ചത്. നാട്ടുകാർ പറഞ്ഞു മാത്രമല്ലെ നിങ്ങൾക്ക് എന്നെ അറിയൂ…” “അന്ന് മുതൽ എന്നും നിങ്ങളുടെ മകനെ ഒരു നേരമെങ്കിലും ഞാൻ കാണുവാൻ ശ്രമിക്കാറുണ്ട്. അവനെ കണ്ടില്ലെങ്കിൽ മനസ്സിന് ഒരു വിങ്ങലാണ്. അന്നൊക്കെ നിങ്ങൾ ഭർത്താവിനൊപ്പം പോകുമ്പോൾ ഞാൻ ആ കലുങ്കിൽ ഇരിക്കുന്നത് കാര്യമാക്കിയിട്ടുണ്ടാവില്ല അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടുണ്ടാവില്ല..”

“നിങ്ങളുടെ മകനെ ഒന്ന് കാണുവാനാണ് ഞാൻ വഴിയിൽ കാത്തുനിൽക്കുന്നത്. അത് നിങ്ങൾക്ക് ബുദ്ധിമുട്ടായി എന്ന് എനിക്ക് മനസ്സിലായി. ഇനി ഞാൻ അങ്ങനെ ചെയ്യില്ല കേട്ടോ. ഇടയ്ക്കൊക്കെ എൻ്റെ ഭാര്യ വന്നു നിങ്ങളുടെ മകനെ ഒന്ന് കണ്ടോട്ടെ. അവനെ കാണുമ്പോൾ ആണ് അവൾ അവളുടെ ദുഃഖം മറക്കുന്നത്. പിന്നെ ഈ ആങ്ങള ഉള്ള അത്രയും കാലം നിങ്ങളുടെ വീട്ടിൽ ഒരുത്തനും നിങ്ങളുടെ ശരീരം തേടി വരില്ല കേട്ടോ. അത് ഞാൻ ഉറപ്പു തരുന്നൂ. പകരം നിങ്ങൾ എനിക്ക് ഒരുറപ്പു തരണം. ഒരിക്കലും ഈ കുഞ്ഞിൻ്റെ കണ്ണ് നിറക്കരുത്. അവൻ കരയുമ്പോൾ എൻ്റെ മനസ്സു പിടയുന്നു. അവൻ അന്ന് കടയിൽ നിന്ന് കാറിനായി കരഞ്ഞപ്പോൾ എൻ്റെ ഭാര്യ അവിടെ ഉണ്ടായിരുന്നൂ. അവൾ ഫോണിൽ വിളിച്ചപ്പോൾ തന്നെ ഞാൻ പൈസയുമായി അവിടെ എത്തി. നിങ്ങളുടെ മകൻ കരയുന്നതു സഹിക്കുവാൻ അവൾക്കു ആകില്ല. നിങ്ങൾ ഒരമ്മയല്ലേ ആ ദുഃഖം നിങ്ങൾക്ക് മനസ്സിലാകും…” “നാട്ടിൽ വച്ച് അതൊക്കെ നിങ്ങളെ പറഞ്ഞു മനസ്സിലാക്കുവാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എന്നെ കാണുമ്പോഴേ നിങ്ങൾ ഓടുവല്ലേ. ഭാര്യയാണ് പറഞ്ഞത് നിങ്ങളോടു ഒന്ന് സംസാരിക്കണമെന്ന്. അവൾ എൻ്റെ കൂടെ ഉണ്ട് കേട്ടോ.” പെട്ടെന്നു അയാളുടെ കണ്ണ് നിറഞ്ഞു..

“ലതേ, ഇനി നീ ഇങ്ങു പോരെ…” പെട്ടെന്ന് തൊട്ടു മുന്നിലെ സീറ്റിൽ ഇരുന്ന സ്ത്രീ എഴുന്നേറ്റു വന്നൂ. പിന്നെ എൻ്റെ മകനെ ഒന്ന് ഉമ്മ വച്ചതിനു ശേഷം ഞാൻ എന്തെങ്കിലും പറയും മുൻപേ അയാളുടെ കൈയ്യും പിടിച്ചു അവർ പുറത്തേക്കു പോയി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ. പക്ഷേ ഒന്നെനിക്കു മനസ്സിലായി.

“പകൽ മാന്യനായി നടക്കുന്ന പലരും ഒറ്റയ്ക്ക് ഞാൻ ആകുമ്പോൾ എന്താണ് എന്നോട് പറയുന്നത് എനിക്കറിയാം. ഒരു പക്ഷേ ഞാൻ അയാളെ മനസ്സിലാക്കിയ രീതി തെറ്റായിരിക്കും. സാഹചര്യങ്ങൾ അയാളെ ഗുണ്ടയാക്കി. പക്ഷേ അയാളുടെ കൺവെട്ടത്തു ഞാൻ ഏറ്റവും സുരക്ഷിതയായിരിക്കും. അത് ആ കണ്ണുകളിൽ ഞാൻ കണ്ടൂ..” ഇനി ഒരിക്കലും അയാളെ കണ്ടു ഞാൻ പേടിക്കില്ല. ഇനി മുതൽ എൻ്റെ മകന് ഒരു മാമനും മാമിയും ഉണ്ട്. അപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ അവൻ പിസ്സ കഴിക്കുകയായിരുന്നൂ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *