പവിത്രന് സംശയം തോന്നിയെങ്കിലും അകത്താരെങ്കിലും ഉണ്ടെങ്കിൽ കിട്ടുന്നത് ഫിഫ്റ്റി ഫിഫ്റ്റി ഷെയറ് ചെയ്യാമെന്ന് കരുതി അയാൾ രണ്ടും കല്പിച്ച് അകത്തേയ്ക്ക് തന്നെ കയറി……..

Story written by Saji Thaiparambu

കൂരിരുട്ടിൻ്റെ മറപറ്റി, പിൻഭാഗത്ത് കൂടി അടുക്കള വാതില് ലക്ഷ്യമാക്കി നടക്കുമ്പോഴാണ്, അറ്റാച്ച്ഡ് ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞത്.

നാശം പിടിക്കാൻ ഇവരിത് വരെ ഉറങ്ങിയില്ലേ?

വെൻ്റിലേഷനിലൂടെ പുറത്തേക്ക് പതിച്ച വെളിച്ചം, തൻ്റെ ദേഹത്ത് വീഴാതിരിക്കാൻ, കള്ളൻപവിത്രൻ പതുങ്ങിയിരുന്നു.

മഴ ശക്തി പ്രാപിച്ചപ്പോൾ, അടുക്കളയോട് ചേർത്ത് കെട്ടിയ ചായ്പ്പിലെ, തകര ഷീറ്റിലേക്ക് വീഴുന്ന വെള്ളത്തിൻ്റെ ശബ്ദം ഉച്ചത്തിലായി.

ഭാഗ്യം,ഇനി അടുക്കള വാതിലിൻ്റെ പൂട്ട് പൊളിക്കുന്ന ശബ്ദം ആരും കേൾക്കില്ല.

ബാത്റൂമിലെ ലൈറ്റണഞ്ഞെങ്കിലും, കുറച്ച് നേരം കൂടി അയാൾ, കാറ്റടിച്ച് തൻ്റെ മുഖത്തേയ്ക്ക് തെറിച്ച് വീഴുന്ന മഴത്തുള്ളികളേറ്റുവാങ്ങി, അകത്തുള്ളവർ ഉറക്കത്തിലേക്ക് വീഴാനായി അക്ഷമയോടെ കാത്ത്നിന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ,കൈയ്യിൽ കരുതിയിരുന്ന ഇരുമ്പ് ദണ്ഡ്, അടുക്കള വാതിലിൻ്റെ ഇടയിലേക്ക് തിരുകി കയറ്റാൻ ശ്രമിച്ചപ്പോഴാണ്, വാതില് വെറുതെ ചാരിയിട്ടേയുള്ളു എന്ന് പവിത്രന് മനസ്സിലായത്.

ങ്ഹേ, വാതിലടയ്ക്കാൻ മറന്നതായിരിക്കുമോ?അതോ ഇനി തന്നെക്കാൾ മുമ്പേ ,വേറെ കള്ളന്മാരാരെങ്കിലും അകത്ത് കടന്നിട്ടുണ്ടാവുമോ?

പവിത്രന് സംശയം തോന്നിയെങ്കിലും ,അകത്താരെങ്കിലും ഉണ്ടെങ്കിൽ, കിട്ടുന്നത് ഫിഫ്റ്റി ഫിഫ്റ്റി ഷെയറ് ചെയ്യാമെന്ന് കരുതി, അയാൾ രണ്ടും കല്പിച്ച് അകത്തേയ്ക്ക് തന്നെ കയറി.

അടുക്കളയിൽ നിന്നും തപ്പിത്തടഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ ,വലത് വശത്ത് കണ്ട വാതില് പതിയെ തള്ളി നോക്കി, ഭാഗ്യം, അതും ചാരിയിട്ടേയുള്ളു ,ഇടയ്ക്ക് കൊള്ളിയാൻ മിന്നിയപ്പോൾ, മുറിയിൽ ഒരു കട്ടിലും അതിന് മുകളിൽ മൂടിപ്പുതച്ചാരോ കിടപ്പുണ്ടെന്നും, പവിത്രൻ ഒരു മിന്നായം പോലെ കണ്ടു.

അപ്പോൾ കിടപ്പ് മുറി, ഇത് തന്നെയായിരിക്കുമെന്നും, ഇനി അലമാര തപ്പിപ്പിടിച്ചാൽ മതിയെന്നും വിചാരിച്ച് കൊണ്ട് ,പവിത്രൻ ചുമരിലൂടെ തൻ്റെ കൈകളോടിച്ചു.

കൈപ്പത്തിയെവിടെയോ തടഞ്ഞപ്പോൾ, അതൊരു അലമാരയുടെ പിടിയാണെന്ന്മനസ്സിലാക്കിയ പവിത്രൻ, ശബ്ദമുണ്ടാക്കാതെ അതിൻ്റെ കീ ഹോളിലേക്ക്, കയ്യിൽ കരുതിയിരുന്ന ഹെയർ പിൻ കയറ്റി തിരിച്ചു.

പെട്ടെന്നാണ് ,തൻ്റെ ചുമലിൽ ആരുടെയോ കൈത്തലം പതിഞ്ഞെന്ന്, ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞത്.

അനങ്ങി പോകരുത്, അനങ്ങിയാൽ കൊന്നുകളയും ഞാൻ

പവിത്രൻ്റെ ചെവിയുടെ അരികിൽ തണുത്ത എന്തോ ചേർത്ത് വച്ച് കൊണ്ട് ,പിന്നിൽ നിന്നയാൾ, പവിത്രനോട് പറഞ്ഞു.

ഇല്ല, എനിക്കാദ്യമേ സംശയമുണ്ടായിരുന്നു, എന്നെക്കാൾ മുമ്പേ ഒരു കള്ളൻ ഈ വീട്ടിൽ കടന്നിട്ടുണ്ടാവുമെന്ന്, നമുക്കൊരു കോംപ്രമയിസിലെത്താം, കിട്ടുന്നത് ഫിഫ്റ്റി ഫിഫ്റ്റി, എന്ത് പറയുന്നു

പവിത്രൻ ഒരു ധാരണയിലെത്താൻ വേണ്ടി അയാളോട് പറഞ്ഞു.

ഹ ഹ ഹ ,ഇനിയെന്ത് ഫിഫ്റ്റി ഫിഫ്റ്റി, എനിക്കുള്ളത് മുഴുവനായിട്ട് ഞാനിപ്പോൾ നിനക്ക് തന്നില്ലേ?എടാ പൊട്ടാ.. ,ഞാൻ കളളനല്ല, ഇതെൻ്റെ വീടാണ് ,വിദേശത്ത് നിന്ന് വന്ന ഞാൻ, രണ്ട് മൂന്ന് ദിവസമായി സർക്കാർ കോറൻ്റയിനിലായിരുന്നു.

രോഗലക്ഷണമൊന്നുമില്ലാതിരുന്നത് കൊണ്ട് ,വീട്ടിൽ പോയി നിരീക്ഷണത്തിലിരുന്നാൽ മതിയെന്നും പറഞ്ഞ് ,ഇന്നലെ അവരെന്നെ പറഞ്ഞയച്ചതാണ്, വീട്ടുകാരെയൊക്കെ ബന്ധുവീടുകളിലേക്കയച്ച്, സമാധാനത്തോടെ കുറച്ച് ദിവസമിവിടെ കഴിയാമെന്ന് കരുതിയിരുന്നപ്പോഴാ ,സന്ധ്യ മുതല് കടുത്ത തലവേദനയും പനിയും തുടങ്ങിയത് ,അപ്പോൾ സംഗതി എനിക്ക് ഉള്ളിലുണ്ടന്നുറപ്പായിട്ടുണ്ട്, ഇപ്പോൾ നീയിവിടെ കയറി തപ്പി ത്തടഞ്ഞ് നടന്നതോട് കൂടി, നിനക്കും അസുഖം പടർന്നിട്ടുണ്ട് ,അപ്പോൾ നാളെ രാവിലെ നമുക്കൊരുമിച്ച് ആംബുലൻസ് വിളിച്ച് ഹോസ്പിറ്റലിൽ പോകാം,

വെറുതെയെന്തിനാടാ, അറിഞ്ഞ് കൊണ്ട് നമുക്ക് കിട്ടിയത്, നാട്ടിലുള്ളവർക്ക് കൂടി കൊടുക്കുന്നത്, എന്തായാലും നമ്മളിപ്പോൾ തുല്യ ദു:ഖിതരാണ്, തത്ക്കാലം അത് മാറ്റാനായിട്ട് ,ഷോകെയ്സിൽ നല്ല ഒന്നാന്തരം സ്കോച്ചിരിപ്പുണ്ട് ,നീ വാ ,നമുക്കോരോന്ന് പിടിപ്പിച്ചിട്ടിരിക്കാം, എന്തായാലും നീയെൻ്റെ കൈയ്യീന്ന് വഴുതിപോകാമെന്ന് കരുതേണ്ട, ലൈസൻസുള്ള ഒന്നാന്തരം പിസ്റ്റളാണ് നിൻ്റെ പിടലിക്കിരിക്കുന്നത് കേട്ടല്ലോ?

താൻ പിടിച്ചിരിക്കുന്നത് പുലിവാലിലാണെന്ന് മനസ്സിലാക്കിയ പവിത്രൻ, അനുസരണയോടെ അയാളെ അനുഗമിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *