പോയ്ക്കാണുമോ എന്ന ആശങ്കയോടെയാണ് കോളിങ് ബെൽ അമ൪ത്തിയത്. അടഞ്ഞുകിടന്ന വാതിലിനു പിറകിൽ ഒരു പദനിസ്വനത്തിനായ് അവൻ ചെവിയോ൪ത്തു……

രാവിലെ..

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

അവനവളെ ആദ്യമായി കാണുന്നത് മാൻപേടപോലെ ചുവടുവെച്ച് ഒരു വേദിയിലാണ്. മാസ്മരമായ ആ സംഗീതവും അഭൌമമായ അവളുടെ കാന്തിയും അവനെ എന്തെന്നില്ലാത്ത ആക൪ഷണവലയത്തിലേക്ക് ആനയിച്ചു കൊണ്ടിരുന്നു.

ഒരു നോക്ക് ഒരേയൊരു നോക്ക് കാണാനാണ് അവൻ പുലർച്ചെ തന്നെ പുറപ്പെട്ടത്.

അവളുടെ വീടിനടുത്ത് എത്തുമ്പോഴേക്കും അവൻ കിതച്ചിരുന്നു. ഗേറ്റ് കടന്ന് മുറ്റത്തേക്ക് കാലൂന്നുമ്പോൾ സംശയമായി, അവളിവിടില്ലേ.. പോയോ.. കരിയിലകൾ മുറ്റത്ത് മഞ്ഞുപെയ്തത് നനഞ്ഞ് കുതി൪ന്നുകിടന്നിരുന്നു. അങ്ങിങ്ങ് പുല്ലുകൾ മുളച്ചുതുടങ്ങിയിരുന്നു..

അച്ഛന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ അവളും അമ്മയും അമ്മയുടെ നാട്ടിലേക്ക് പോകാൻ അമ്മാവന്മാരും മറ്റ് ബന്ധുക്കളും നി൪ബ്ബന്ധിക്കുന്നു എന്നാണ് അവളുടെ കൂട്ടുകാരി നിഷ പറഞ്ഞത്.

പോയ്ക്കാണുമോ എന്ന ആശങ്കയോടെയാണ് കോളിങ് ബെൽ അമ൪ത്തിയത്. അടഞ്ഞുകിടന്ന വാതിലിനു പിറകിൽ ഒരു പദനിസ്വനത്തിനായ് അവൻ ചെവിയോ൪ത്തു.

പിന്നീടുള്ള പല പരിപാടികളിലും പോയിക്കാണാൻ കാത്തിരുന്നിട്ടുണ്ട്. ഓരോ കാരണങ്ങൾ… അത് നീണ്ടുപോയി… ഫേസ്ബുക്കിൽ ഫ്രന്റ് റിക്വസ്റ്റ് അയച്ചു നോക്കി, അവളെടുത്തില്ല. പല തരത്തിലും കോൺടാക്റ്റ് ചെയ്യാൻ നോക്കി, സാധിച്ചില്ല. അവളെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ ഓഫീസിൽ ജോലി ചെയ്യുന്ന നിഷയുടെ സുഹൃത്താണ് എന്ന് അറിയാൻ കഴിഞ്ഞു. നിഷയോട് ഫോൺനമ്പറിന് കെഞ്ചിനോക്കി, അവളുടെ സമ്മതമില്ലാതെ തരാൻ പറ്റില്ലെന്ന് കട്ടായം പറഞ്ഞു.

ഇന്നെങ്കിലും കണ്ടില്ലെങ്കിൽ താനിവിടെയിരുന്ന് കരഞ്ഞുപോകുമെന്ന് അവന് തോന്നി.. എന്താണ് ഇങ്ങനെയൊരു ഭ്രമം.. അവളുടെ അച്ഛൻ മരിച്ചപ്പോൾ വന്നു കണ്ടതാണ്. പക്ഷേ കൂടുതൽ നേരം അകത്ത് നിൽക്കാൻ ആളുകൾ സമ്മതിച്ചില്ല. ചുമരിന്റെ മറുപുറത്ത് അവളുണ്ടെന്നറിയാം, കാണാൻ വയ്യായിരുന്നു.

ആ കണ്ണുകൾക്ക് എന്തൊരാക൪ഷണമാണ്.. ചടുലമായ ചുവടുകൾ.. സ്വയമലിഞ്ഞ് രസിച്ച് ആനന്ദനൃത്തം ചെയ്യുന്ന മുഖവും മേനിയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇനി മേയ്ക്കപ്പ് മാറ്റിയാൽ മറ്റൊരാളായി തോന്നുമോ..
തന്റെ ഇഷ്ടം കുറയുമോ… അങ്ങനെയെങ്കിൽ കാണാതിരിക്കുന്നതാണ് നല്ലത്. എല്ലാം തന്റെ ഓ൪മ്മകളിൽ മാത്രമായി എന്നും പച്ചപിടിച്ചു നിൽക്കട്ടെ.

അവൻ പടികളിറങ്ങി മുറ്റത്തേക്ക് നടന്നു. ഗേറ്റിനരികിലെത്തിയിട്ടും അവന് തിരിഞ്ഞുനോക്കാതിരിക്കാനായില്ല… എന്തുകൊണ്ടോ അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങുകയായിരുന്നു. ചുണ്ടുകൾ വിതുമ്പലൊളിക്കാൻ പാടുപെടുകയായിരുന്നു. പതിവില്ലാതെ ഹൃദയം കൂടുതൽ മിടിച്ചു.

ഒരു ദീ൪ഘനിശ്വാസമുതി൪ത്ത് കണ്ണുകൾ പൂമുഖത്തുനിന്നും പറിച്ചെടുത്ത് റോഡിലേക്ക് മാറ്റി, അവൻ നടക്കാനൊരുങ്ങുമ്പോൾ അതാ അവൾ! ക്ഷേത്ര ദ൪ശനം കഴിഞ്ഞ് കസവുമുണ്ടും നേര്യതുമണിഞ്ഞ് ഇടുകൈയിൽ പ്രസാദവും ചുണ്ടിൽ പുഞ്ചിരിയുമായി ദീപ്തമായ മുഖത്തോടെ..

ഒരു നിമിഷം അവൻ പരിസരം മറന്ന് നോക്കിനിന്നു. അവൾ അടുത്തെത്തി ചോദിച്ചു:

എന്താ?

അവൻ പറഞ്ഞു:

വെറുതേ… ഒന്നു കാണാൻ… ടൌൺഹാളിൽ ഉണ്ടായ പരിപാടി കഴിഞ്ഞതു മുതൽ ആഗ്രഹിക്കുന്നു ഒന്ന് പരിചയപ്പെടാൻ.. നിഷ പറഞ്ഞു നാട്ടിലേക്ക് മടങ്ങുകയാണെന്ന്… അച്ഛൻ മരിച്ചതറിഞ്ഞ് ഞാൻ വന്നിരുന്നു.. വാതിലടച്ച് കണ്ടപ്പോൾ ഞാൻ കരുതി രാവിലെ തന്നെ പോയി എന്ന്…

ഇല്ല, പോകുന്നില്ല… എനിക്കൊരു ജോലി ശരിയായിട്ടുണ്ട്. ഇന്ന് പോയി ജോയ്ൻ ചെയ്യണം. മറ്റുള്ളവരുടെ ആശ്രയത്തിൽ എത്രയെന്നുവെച്ചാ കഴിയുക.. ചെറുതെങ്കിലും എനിക്കൊരു ജോലി മസ്റ്റാണെന്നു ബോധ്യമായി. അമ്മയോട് പറഞ്ഞു, അമ്മ വേണമെങ്കിൽ നാട്ടിലേക്ക് പോയ്ക്കോളൂ, ഞാൻ വരുന്നില്ല എന്ന്..
അച്ഛന്റെ ഓ൪മ്മകളുറങ്ങുന്ന ഈ വീട് വിട്ടുപോകാൻ എനിക്കും അമ്മക്കുമാവില്ല.

അമ്മയുണ്ടോ ഇവിടെ? ഞാൻ കോളിങ് ബെല്ലടിച്ചിട്ടും ആരും വാതിൽ തുറന്നില്ല.

അത് അമ്മ കുളിക്കുകയായിരിക്കും.. വാ, വന്ന് കയറിയിരിക്ക്,‌ ഞാൻ അമ്മയെ വിളിക്കാം..

വേണ്ട, ഇനിയൊരിക്കലാകട്ടെ… ഇന്ന് ഏതായാലും ഓഫീസിൽ ജോയ്ൻ ചെയ്യാനുള്ളതല്ലേ… കാര്യങ്ങൾ നടക്കട്ടെ..

ശരി, പിന്നെ കാണാം…അവളും നടന്നു.

ഒന്ന് നിൽക്കണേ, ഒരു കാര്യം കൂടി പറഞ്ഞോട്ടെ… എത്ര പ്രതിബന്ധങ്ങളുണ്ടായാലും നൃത്തം നി൪ത്തരുത്… അതിനുവേണ്ടി എന്ത് സഹായം ആവശ്യമായി വന്നാലും വിളിക്കാൻ മടിക്കരുത്, ഇതാണ് എന്റെ നമ്പ൪…

അയ്യോ ചോദിച്ചില്ലല്ലോ, എന്താ പേര്? എവിടെയാ വ൪ക് ചെയ്യുന്നത്?

എല്ലാം ഇതിലുണ്ട്..

പോക്കറ്റിൽ കരുതിയ നമ്പറെഴുതിയ കടലാസ് കൊടുത്ത് തിരിഞ്ഞുനടക്കുമ്പോൾ അവളുടെ പുഞ്ചിരി നിറഞ്ഞ പ്രസന്നമുഖം മനസ്സ് നിറയെ ലഹരിപട൪ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *