പ്രിയം ~ ഭാഗങ്ങൾ 39 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

Countdown :01

Note : അടുത്ത ഭാഗത്തോടെ കഥ അവസാനിക്കും,ഇതുവരെ വായിച്ച എല്ലാ വായനക്കാരോടും ഞാൻ നന്ദി അറിയിക്കുന്നു

———///—————/////——————–//—

ചെവി കേട്ടൂടെ എനിക്ക് ഇഷ്ടമായെന്ന്..

വിഷ്ണു സന്തോഷം കൊണ്ട് ഗായത്രിയെ കെട്ടിപിടിച്ചു, അവൾ കൈ മാറ്റി മാറി..ഇതൊന്നും നടക്കില്ലാട്ടോ, ആദ്യം പോയി നല്ല കുട്ടിയായി വീട്ടുകാരെയും കൂട്ടി വന്ന് ആലോചിക്ക്…

വിഷ്ണു ചിരിയോടെ…പിന്നെന്താ നാളെ തന്നെ വരും ഞാൻ..വിഷ്ണു വേഗത്തിൽ പുറത്തേക്കിറങ്ങി..അപ്പോൾ ശരി ഗായത്രി ഞാൻ വേഗം പോയി അമ്മയോട് പറഞ്ഞിട്ട് വരാം..

ഗായത്രി മുകളിലേക്ക് തിരിച്ചു ചെന്നപ്പോൾ ഉണ്ണിയും പ്രിയയും അടുത്തേക്കോടി വന്നു..എടത്തിയമ്മ എന്താ പറഞ്ഞത്..?

രണ്ട്പേരുടെയും ആകാംക്ഷ കണ്ടപ്പോൾ ഗായത്രി ചിരിച്ചു..വേറെയെന്ത് പറയാൻ, ഡോക്ടറോട് സമ്മതമാണെന്ന് പറഞ്ഞു, നാളെ വീട്ടിൽ കാണാൻ വരും..

ഉണ്ണി ഗായത്രിയെ ചേർത്തുപിടിച്ചു..എനിക്ക് എടത്തിയമ്മ ഇഷ്ടമായെന്ന് പറഞ്ഞതിലല്ല ഇങ്ങനെ ചിരിക്കുന്നത് കാണുമ്പോഴാ സന്തോഷം തോന്നുന്നത്..

പ്രിയ ഇടയിലേക്ക് കയറി നിന്നു..ഞാനും നാളെ ലീവ്, എന്റെ നാത്തൂന്റെ കല്യാണമുറപ്പിക്കലിന് എന്റെ പങ്കാളിത്തവും വേണമെന്ന് എന്റെ മനസ്സ് പറയുന്നു..

എന്റെ മനസ്സ് വീട്ടിൽ അവര് വരുമ്പോൾ ചായ വെക്കാൻ ആളായെന്ന് പറയുന്നു..ഉണ്ണി കളിയാക്കി.

പണിയെടുപ്പിക്കാന്ന് വിചാരിക്കണ്ട നടക്കില്ല, ഞാൻ നിങ്ങളുടെ സന്തോഷത്തിൽ മാത്രമേ പങ്ക് ചേരുന്നുള്ളൂ ..

മതി ധാരാളം..ഗായത്രി അവളെയും കൂടെ ചേർത്തു..

ഉണ്ണി അവരോട് പറഞ്ഞിട്ട് ഓഫീസിലേക്ക് പോയി, വൈകുന്നേരം ഗായത്രി മുറിയിലിരിക്കുമ്പോൾ ഉണ്ണിയൊരു കവർ അവൾക്ക് മുന്നിലേക്ക് നീട്ടി, ഗായത്രിയത് തുറന്ന് നോക്കി, പട്ട്സാരി കണ്ടപ്പോൾ ഉണ്ണിയെയൊന്ന് നോക്കി..എന്തിനാ നീ ആവശ്യമില്ലാതെ കാശ് കളയുന്നെ, ഇത് പെണ്ണ് കാണാൻ വരുന്നതാ അല്ലാതെ കല്യാണമല്ല..

ഉണ്ണിയൊന്ന് ചിരിച്ചു..എപ്പോഴായാലും ഒരുങ്ങി നിൽക്കണ്ടേ, ഇത് നന്നായിട്ട് ചേരും..

നന്നായിട്ടുണ്ട്..ഗായത്രി ദേഹത്ത് വെച്ചുനോക്കിയിട്ട് പറഞ്ഞു..

പിറ്റേ ദിവസം രാവിലെ ആദ്യം വന്നത് പ്രിയയാണ്, ബെല്ലടിക്കുന്നത് കേട്ടപ്പോൾ ഗായത്രി വാതിൽ തുറന്നു, അവൾ അകത്തേക്ക് കയറി..എവിടെ എന്റെ നല്ലപ്പാതി, എഴുന്നേറ്റില്ലേ..

മുറിയിലുണ്ട്..

പ്രിയ മുറിയിലേക്ക് ചെന്നപ്പോൾ ഉണ്ണി കണ്ണാടിയിൽ നോക്കി നിൽക്കായിരുന്നു, അവളെ കണ്ണാടിയിൽ കണ്ടപ്പോൾ ഉണ്ണി തിരിഞ്ഞു, ഒന്ന് അടിമുടി നോക്കി..എന്താ ഭംഗി, അണിഞ്ഞൊരുങ്ങിയിട്ടാണല്ലോ വന്നിരിക്കുന്നത്..

പിന്നെ കളിയാക്കണ്ട..

ഞാൻ കാര്യമായിട്ടാ പറഞ്ഞത്..ഉണ്ണി അവളെ ചേർത്ത് പിടിച്ചു കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി നിന്നു..നോക്ക് എന്താ ചേർച്ച, ആര് കണ്ടാലും കണ്ണ് വെക്കും..

പ്രിയ കണ്ണാടിയിൽ നോക്കി ചിരിച്ചു..സത്യം നമ്മള് നല്ല ചേർച്ചയുണ്ടല്ലേ..

പിന്നല്ലാതെ..

സംസാരിക്കുന്നതിനിടയിലാണ് പുറത്ത് കാർ വന്നത്, പ്രിയ അങ്ങോട്ട് ചെന്ന് വാതിൽ തുറന്നു, വിഷ്ണു ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി, ഉണ്ണി അവരോട് ഇരിക്കാൻ പറഞ്ഞു, പ്രിയ ഗായത്രിയുടെ മുറിയിലേക്ക് ചെന്ന് സാരിയുടുക്കാൻ സഹായിച്ചു, കുറച്ച് കഴിഞ്ഞപ്പോൾ ഗായത്രി കയ്യിൽ ചായയുമായി ഹാളിലേക്ക് വന്നു, വിഷ്ണുവിന് നേരെ നീട്ടിയപ്പോൾ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ടത് വാങ്ങി ചുണ്ടിൽ വെച്ചു, കൂടെയുള്ളവർക്കെല്ലാം ചായ കൊടുത്ത് ഗായത്രി ഉണ്ണിക്കരുകിലേക്ക് നീങ്ങി നിന്നു, വിഷ്ണു ഗ്ലാസ്സ് താഴെ വെച്ച് ഓരോരുത്തരെയായി പരിചയപ്പെടുത്തി, വിഷ്ണുവിന്റെ അമ്മ ഗായത്രിയെ നോക്കികൊണ്ട്.. ഫോട്ടോയിൽ കണ്ടതിനേക്കാൾ മിടുക്കിയാണുട്ടോ, ഇവൻ വീട്ടിൽ വന്നാൽ തുടങ്ങും, ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ ഞാൻ കെട്ടിയേനെ എനിക്കെന്താ അവളെ കിട്ടാതെ പോയതെന്നൊക്കെ, ഞാൻ പറയും അതിനൊക്കെ തലയിലെഴുത്തുണ്ട് അത് പോലെ നടക്കൂന്ന്, ഇവന്റെ ഭാഗ്യം അത് കറങ്ങി തിരിഞ്ഞ് ഇവന് തന്നെ കിട്ടി, മോളെ എന്തായാലും എനിക്കും ഇഷ്ടായി.

അമ്മ പറഞ്ഞു നിർത്തിയപ്പോൾ വിഷ്ണുവിന്റെ അനിയത്തി എഴുന്നേറ്റ് ഗായത്രിയുടെ അരികിലേക്ക് വന്നു..ഏട്ടനായത് കൊണ്ട് പുകഴ്ത്തി പറയുകയുമൊന്നുമല്ല, അവന് അങ്ങനെ ചീത്ത സ്വഭാവമൊന്നും പറയാനില്ല, എന്തുണ്ടെങ്കിലും അത് കേട്ട് ആലോചിച്ചതിന് ശേഷമേ തീരുമാനമെടുക്കൂ, അത് ശരിയാവുകയും ചെയ്യും അതുകൊണ്ടാ ഈ കല്യാണത്തിന് ഞങ്ങൾക്കൊക്കെ പൂർണ സമ്മതമായത്, ഇനി ഞാൻ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ അന്വേഷിച്ചു നോക്കാട്ടോ…

ഗായത്രിയൊന്ന് ചിരിച്ചു.

അപ്പോൾ എങ്ങനെയാ കാര്യങ്ങൾ..കൂടെയുണ്ടായിരുന്ന അമ്മാവൻ ചോദിച്ചു.

ഇവിടെ ഞങ്ങൾക്ക് അഭിപ്രായം ചോദിക്കാൻ മാത്രം ആളുകളൊന്നുമില്ല, എനിക്ക് സമ്മതമാണ്, പക്ഷെ കല്യാണം പെട്ടെന്ന് നടക്കില്ല, കാരണം ഡിവോഴ്സ് പേപ്പർ കിട്ടിയിട്ടില്ല..

ഉണ്ണിയത് പറഞ്ഞപ്പോൾ വിഷ്ണു അവനെ നോക്കി..കല്യാണം പെട്ടെന്ന് വേണ്ട, പക്ഷെ നിശ്ചയം നടത്തുന്നതിൽ വിരോധമില്ലല്ലോ…

ഉണ്ണി ഗായത്രിയെ നോക്കി…അത് കുഴപ്പമില്ല, മോതിരം മാറുന്നതിന് സമ്മതം, വിവാഹത്തിന് ഉണ്ണി പറഞ്ഞത് പോലെ സാവകാശം വേണം, അതു വരെ ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനും സമയം കിട്ടുമല്ലോ..

വിഷ്‌ണുവിന്റെ അമ്മ അടുത്തേക്ക് വന്നു..എന്റെ മോന് പറ്റിയയാള് തന്നെ..

വിഷ്ണു ഇറങ്ങാൻ നേരം ഉണ്ണിയെ നോക്കി…മുഹൂർത്തം നോക്കിയിട്ട് ഞാൻ വിളിച്ചു പറയാം…

ആ അത് മതി, അടുത്ത മാസത്തേക്കേ നോക്കാവൂ, ഞങ്ങൾക്ക് വീടിന്റെ പാലുകാച്ചൽ നടത്താനുള്ളതാ..

വിഷ്ണു തലയാട്ടി..ശരി ഗായത്രി പോയിട്ട് വരാം..

ഗായത്രി ചിരിച്ചുകൊണ്ട് കൈവീശി..അവർ പോയി കഴിഞ്ഞപ്പോൾ ഗായത്രി ഉണ്ണിയെ ചേർന്ന് നിന്നു, ഉണ്ണി തോളിലൂടെ കയ്യിട്ടു..അതെന്തായാലും നന്നായി, വിവാഹത്തിന് മുമ്പേ അത്യാവശ്യം കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള സമയം കിട്ടും..

ഗായത്രി ഉണ്ണിയെ നോക്കി..അത് കൊണ്ടൊന്നുമല്ല, എനിക്ക് പുതിയ വീട്ടിൽ നിന്റെ കൂടെ താമസിക്കണ്ടേ..

ഉണ്ണിയൊന്ന് ചിരിച്ചു..പിന്നെ കല്യാണം കഴിഞ്ഞിട്ട് എടത്തിയമ്മ ദുബായിയിൽ പോവാണല്ലോ, ഡോക്ടറ് ഇവിടെ തന്നെയല്ലേ താമസം….

അത് ശരിയാണ്, എന്നാലും ഞാനും നീയും…

പ്രിയ ഇടയിൽ കയറി..അപ്പോൾ ഞാൻ നിക്കണോ പോണോ..

നീ പോടീ..ഉണ്ണി കളിയാക്കി..

ഗായത്രി അവളെ കൂടെ നിർത്തി..ഇവനോട് പോയി പണി നോക്കാൻ പറ, നീയെന്റെ മരുമകളല്ലേ, നിന്നെ ഞാനിവിടെയിട്ട് പണിയെടുപ്പിക്കുന്നുണ്ട്..

പ്രിയ മാറി നിന്നു..എന്നാ ഞാൻ പോണു വേറെ ചെറുക്കനെ കിട്ടോ നോക്കട്ടെ..

ഉണ്ണി കയ്യിൽ പിടിച്ച് വലിച്ചു..തമാശ കളിക്കല്ലേ, നീ പോയാൽ എനിക്കാരെയും ഇനി തിരഞ്ഞോണ്ട് നടക്കാൻ വയ്യ…

ആ അപ്പോൾ ബോധമുണ്ട്..

ഉണ്ണി വീട് പണി എന്തായി..? ഗായത്രി സംശയത്തോടെ ചോദിച്ചു..

കഴിയാറായി, ഇവര് മുഹൂർത്തം പറയുന്ന ആ ദിവസം രാവിലെ പാലുകാച്ചൽ നടത്താം..

അത് ബെസ്റ്റ് ഐഡിയ..

എല്ലാവരും ഓരോന്ന് പറഞ്ഞും ചെയ്തും വൈകുന്നേരമായി, ഉണ്ണിയുടെ ഫോണിലേക്ക് വിഷ്ണു വിളിച്ചു..ഞാൻ പോവുന്ന വഴിക്ക് കയ്യോടെ മുഹൂർത്തം നോക്കി, അടുത്ത മാസം 20 ഞായറാഴ്ച്ച…

ഉണ്ണി ചിരിച്ചുകൊണ്ട് സമ്മതമാണെന്ന് അറിയിച്ചു, ഗായത്രി അടുക്കളയിൽ പ്രിയയുമായി സംസാരിച്ച് നിൽക്കുകയായിരുന്നു, ഉണ്ണി രണ്ട് പേരോടും വിഷ്ണു വിളിച്ച കാര്യം പറഞ്ഞു, പ്രിയ കലണ്ടറിനരുകിൽ ചെന്ന് 20 തീയ്യതിയിൽ വട്ടമിട്ടു വെച്ചു,ഗായത്രിക്ക് വീണ്ടും സംശയം..എന്നാലും എല്ലാം ശരിയായി ഉണ്ണിയുടെ അമ്മ മാത്രം മാറിയില്ലല്ലോ, അതിനെന്താ ചെയ്യാ..

ഉണ്ണി ഗായത്രിയെ നോക്കി..ഞാനും അത് ഇന്നലെ രാത്രി വരെ ആലോചിച്ചിരുന്നു, എപ്പോൾ രശ്മി എന്നെ വിളിച്ചിട്ട് ഏട്ടനെ കെട്ടിക്കോട്ടേന്ന് ചോദിച്ചോ അപ്പോൾ തന്നെ ആ വിഷയം അവിടെ തീർന്നു..

ഗായത്രി മനസ്സിലാവാതെ..അതെന്താ…?

ഉണ്ണി ചിരിക്കാൻ തുടങ്ങി..രശ്മി പുലിയാണ്, അവളെ കാണുമ്പോൾ പാവമാണെന്ന് തോന്നുന്നതാ, ഏട്ടൻ പറഞ്ഞത് ശരി തന്നെയാണ്, അവൻ രശ്മിയെ വേണ്ടാന്ന് വെച്ചിട്ട് വന്നതാ, ഞാൻ ഇവരുടെ രണ്ട് പേരുടെയും കൂടെ പഠിച്ചിരുന്ന അവളുടെ ക്ലോസ് ഫ്രണ്ടിനോട് സംശയം മാറ്റാൻ വേണ്ടി വിളിച്ചു ചോദിച്ചു, അവൾ പറഞ്ഞത് രശ്മി അഡിക്റ്റാണെന്നാ..

പ്രിയ സംശയത്തോടെ..എന്തിന്റെ…?

ഉണ്ണി അവളെ നോക്കികൊണ്ട്..ലവ്.. തീവ്രമായ പ്രണയം, ജോലിയിൽ കയറിയ സമയത്ത് തിരക്കിൽ പെടുന്നത് കാരണം കൃത്യസമയത്ത് എവിടെയും എത്താതിരുന്ന ഏട്ടനെ ക്രൂരമായി ട്രീറ്റ്‌ ചെയ്തിരുന്നു എന്ന് പറഞ്ഞു, എങ്ങനെയാ പറയാ ഒരു തരം ഇമോഷണൽ ടോർച്ചർ അതും ഇവൻ ചെയ്യുന്നതിനേക്കാൾ നൂറ് മടങ്ങ്, ഈ ഓവറായിട്ട് ഒരാളെ പ്രണയിക്കുമ്പോൾ അയാൾ എന്ത് ചെയ്താലും തെറ്റായിട്ട് തോന്നില്ലല്ലോ, അവളെന്നോട് ഏട്ടൻ അത്തരക്കാരനല്ലെന്ന് തർക്കിച്ചപ്പോഴേ എനിക്ക് മനസ്സിലായി അവൾക്ക് അവനെ എങ്ങനെയെങ്കിലും തിരിച്ചു പിടിക്കണമെന്ന് ആഗ്രഹമുണ്ടെന്ന്, അത് എന്നോട് ഒന്നുകൂടി ഉറപ്പിക്കും വിധം അവൻ ചികിത്സ കഴിഞ്ഞ് മാറിയാൽ ഞാനെടുക്കുമെന്ന് തമാശ രൂപേണ പറയുകയും ചെയ്തു, എന്റെ ഊഹം ശരിയാണെങ്കിൽ അവള് നല്ല ദേഷ്യക്കാരിയാണ്, അതായത് നമ്മൾ അറിയാത്തൊരു മുഖം, ഇനി ഒന്നുകിൽ അമ്മ നന്നാവും അല്ലെങ്കിൽ നമ്മുടെ അടുത്തേക്ക് ഓടിവരും, പക്ഷെ അപ്പോഴും കാര്യമില്ല, ഇവിടെ ഏടത്തിയമ്മയുണ്ടല്ലോ കൂട്ടത്തിൽ ഈ മിടുക്കിയും..പ്രിയയെ തട്ടി കൊണ്ട് പറഞ്ഞു..

പ്രിയ ഉണ്ണിയെ നോക്കി..സത്യത്തിൽ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ചേരുമല്ലേ, എന്നാലും രക്ഷപെട്ടു വന്ന ഏട്ടനെന്താ അവള് തന്നെ വേണമെന്ന് പറയുന്നത്..?

ഉണ്ണി ചിരിച്ചു..അതാണ് അവളുടെ മിടുക്ക്, അവനെ മുഴുവമായി പഠിച്ച അവൾക്ക് തീർച്ചയായും അവന്റെ ദുർബലമെന്താണെന്ന് അറിയുമായിരിക്കും, നമ്മളെല്ലാവരും എതിരെ നിന്നപ്പോഴും അത് കൊണ്ടാണ് അവൾ ഏട്ടന് സപ്പോർട്ടായി നിന്നത്..

ഗായത്രി എല്ലാം കേട്ടപ്പോൾ ചിരിച്ചുകൊണ്ട്..ഡീറ്റെക്റ്റീവ് സർ, എനിക്ക് നീ പറഞ്ഞു വരുന്നതെന്താണെന്ന് മനസ്സിലായി, ഇത്തവണ മാൻ പെട്ടത് പുലിമടയിലാണെന്ന് സാരം..

ഉണ്ണിയും ചിരിച്ചു..എടത്തിയമ്മ മിടുക്കിയാണ് പെട്ടെന്ന് കിട്ടി..

ഗായത്രി ഉണ്ണിയെ നോക്കി ചിരിച്ചിട്ട് അടുത്തേക്ക് വന്നു, ഒരാഗ്രഹം കൂടി..

ഉണ്ണി തലയാട്ടി..എനിക്ക് മനസ്സിലായി അത് ഞാൻ സാധിച്ചു തരും..

സമയം വല്ലാതെ വൈകിയപ്പോൾ ഉണ്ണി പ്രിയയെ വീട്ടിലാക്കി കൊടുത്തു, ദിവസങ്ങൾ കടന്നു പോയി…..രാവിലെ ഗായത്രി ഒരുങ്ങി റെഡിയായി നിന്നു, ഉണ്ണി ബൈക്കെടുത്ത് ഗായത്രിയെയും കൊണ്ട് യാത്ര തുടങ്ങി, ഗായത്രിയുടെ വീടിന് മുന്നിൽ നിർത്തി, ഉണ്ണി ഗായത്രിയെ നോക്കിയപ്പോൾ അവൾ കൈ പിടിച്ച് അകത്തേക്ക് നടന്നു, അവളെ പെട്ടെന്ന് കണ്ടപ്പോൾ അമ്മ പുറത്തേക്കോടിവന്നു, ഗായത്രിയെ കെട്ടിപ്പിടിച്ചുകൊണ്ട്…

എത്ര ദിവസമായി നിന്നെയൊന്ന് ശരിക്കും കണ്ടിട്ട്, ദിവസവും ഫോണിൽ സംസാരിച്ചാലും അമ്മക്ക് നിന്നെ കാണാഞ്ഞിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല, എന്തായാലും വാ അകത്തേക്ക്..

ഗായത്രി പിടുത്തം വിട്ട് മുഖത്തേക്ക് നോക്കി..ഇല്ല അമ്മേ, അകത്തേക്ക് കയറുന്നില്ല, അതെനിക്ക് ദേഷ്യമുണ്ടായിട്ടല്ല, അമ്മയോടുള്ള സ്നേഹം കൊണ്ടാ, ഞാൻ ഇപ്പോൾ വന്നത് എന്റെ അമ്മയെയും അച്ഛനെയും ക്ഷണിക്കാനാ…

ഉണ്ണി കയ്യിലിരുന്ന കത്ത് അമ്മക്ക് നീട്ടി, അമ്മ സന്തോഷത്തോടെ അവളെ അനുഗ്രഹിച്ചു, ഗായത്രി ഒരിക്കൽ കൂടി ചേർത്ത് പിടിച്ചിട്ട് പുറത്തേക്കിറങ്ങി, പോവാൻ നേരം അമ്മയെ ഒന്ന് കൂടി നോക്കി..അച്ഛനോട് പറയണം, ഇനി വരില്ലെന്ന് പറഞ്ഞാലും അമ്മ മറക്കരുത്, ഞാൻ പൊന്നൂനെ നേരിട്ട് വിളിച്ചോളാമെന്ന് അവളോട് പറഞ്ഞേക്ക്..

അമ്മ തലയാട്ടി..

ഉണ്ണി തിരിച്ചു വീട്ടിലെത്തി, ഗായത്രി ഡ്രസ്സ്‌ മാറാൻ വേണ്ടി മുറിയിലേക്ക് കടക്കാനൊരുങ്ങിയപ്പോൾ ഉണ്ണി തടഞ്ഞു..തീർന്നില്ല നമ്മൾക്ക് ക്ഷണിക്കാൻ പോവണ്ടേ..

ഗായത്രി ചിരിച്ചു..പിന്നെന്താ പോവാലോ, ഞാൻ വിചാരിച്ചു നീ റെസ്റ്റെടുക്കാൻ പോവാണെന്ന്..

ഉണ്ണി വണ്ടിയെടുത്ത് ഇത്തവണ പോയത് പ്രിയയുടെ വീട്ടിലേക്കാണ്, അവരെ കണ്ടപാടെ അച്ഛമ്മ പുറത്തേക്ക് വന്നു..

മോള് പറഞ്ഞിരുന്നു, വീട് പണിയൊക്കെ കഴിയാറായി 20ന് പാല് കാച്ചാണെന്നൊക്കെ…

ഉണ്ണി കത്ത് നീട്ടി..അത് ശരിയാ, അവള് വരുമ്പോഴൊക്കെ പണി എവിടം വരെയായെന്ന് നടന്ന് നോക്കാറുണ്ട്..

അച്ഛമ്മ ചിരിച്ചു..ഞാൻ ചായയെടുക്കാം..

ഗായത്രി തടഞ്ഞു..അതൊന്നും വേണ്ട, അമ്മ എന്നെയൊന്ന് അനുഗ്രഹിച്ചാൽ മതി..ഗായത്രി കുനിഞ്ഞ് അമ്മയുടെ പാദങ്ങളിൽ തൊട്ടു..

അച്ഛമ്മ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചു..നല്ലത് വരട്ടെ..

ഉണ്ണി ഇറങ്ങുമ്പോൾ അച്ഛമ്മയെ ഓർമ്മിപ്പിച്ചു..അവള് വരുമ്പോൾ പറഞ്ഞാൽ മതി..

ശരി..അച്ഛമ്മ സമ്മതിച്ചു..

തിരിച്ച് പുതിയ വീട് പണി നടക്കുന്നിടത്ത് പോയി, ഗായത്രി അങ്ങോട്ട് കയറാൻ നിന്നപ്പോൾ ഉണ്ണി കയ്യിൽ പിടിച്ചു വലിച്ചു..അങ്ങോട്ടല്ല എടത്തിയമ്മ ഇങ്ങോട്ട്..ഉണ്ണി രതീഷിന്റെ വീട് ചൂണ്ടി കാണിച്ചു..ഗായത്രി ഉണ്ണിയെയൊന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ കൂടെ നടന്നു, ബെല്ലടിച്ചപ്പോൾ അമ്മയാണ് വാതിൽ തുറന്നത്, അമ്മ രണ്ട് പേരെയും സൂക്ഷിച്ചു നോക്കി..എന്താ ഈ വഴിക്ക്..?

ഞങ്ങൾ നാട്ടിലുള്ളവരെയൊക്കെ ക്ഷണിക്കുന്നുണ്ട് കൂട്ടത്തിൽ ഇവിടെയും കൂടി പറഞ്ഞിട്ട് പോവാമെന്ന് വെച്ചു..ഗായത്രി അമ്മയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

ഗായത്രിയുടെ ശബ്ദം കേട്ടപ്പോൾ രതീഷ് പുറത്തേക്ക് വന്നു..എന്താ രണ്ടാളും പുറത്ത് നിന്നത് അകത്തേക്ക് വാ..

ഉണ്ണി അകത്തേക്ക് കയറി, ഗായത്രി അമ്മയെ ഒന്ന് കൂടി നോക്കി..വിളക്കുണ്ടോ അമ്മേ എടുക്കാൻ, വെറും കയ്യോടെ അകത്തേക്കെങ്ങനെ കയറും..

ഉണ്ണി ഗായത്രിയെ നോക്കി..പ്ലീസ് പാവമാണ് വിട്ടുപിടി..

ഗായത്രി ഉണ്ണിയുടെ കൂടെ അകത്തേക്ക് കയറിയിരുന്നു, രതീഷ് ഉണ്ണിയുടെ കയ്യിലെ കവർ കണ്ടപ്പോൾ..ആ വീടിന്റെ പാലുകാച്ചൽ ക്ഷണിക്കാൻ വന്നതാണോ, കൊള്ളാം..

ഉണ്ണി കയ്യിലിരുന്ന മുഴുവൻ കത്തും രതീഷിന്റെ കയ്യിലേക്ക് കൊടുത്തു..ഒരു വാക്ക് പറഞ്ഞിരുന്നു എല്ലാവരെയും ക്ഷണിക്കാമെന്ന്, അങ്ങട് നടന്ന് ക്ഷണിച്ചോളൂ..

രതീഷ് ചിരിച്ചു..ഓ ഇതാണോ ഇത്ര വലിയ കാര്യം, അത് ഞാനേറ്റു…

എന്റെ ഏട്ടൻ എന്നാൽ അതൊന്ന് തുറന്ന് നോക്ക്..

രതീഷ് ഒരു കത്തെടുത്ത് തുറന്നു, വീടിനെ കുറിച്ചൊക്കെ എഴുതിയിട്ടുണ്ട്, പകുതി കഴിഞ്ഞപ്പോൾ മുഖഭാവം മാറി, പെട്ടെന്ന് ഉണ്ണിയെ നോക്കി..എടാ ദുഷ്ടാ നീയെനിക്കിട്ട് വെച്ചല്ലേ..

വാക്ക് വാക്കായിരിക്കണം..

എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു..

ഉണ്ണി ചിരിച്ചുകൊണ്ട്..ഇത് വെറുതെ കൊടുത്താൽ പോരാ, ഇങ്ങനെ കൂടി പറയണം… ഞാൻ ഭ്രാന്തിയാണെന്ന് പറഞ്ഞ ഗായത്രിയുടെ വിവാഹ നിശ്ചയമാണ്, അതും അവിഹിതമുള്ള ഉണ്ണിയുടെ പുതിയ വീട്ടിൽ വെച്ച്…

അത്രയും വേണോ…

ഉണ്ണി വീണ്ടും ചിരിച്ചു..ഇത് സന്തോഷത്തോടെ ചോദിച്ചു വാങ്ങിയതാ, അല്ലേൽ നിന്റെ ഭാര്യയുടെ തന്നെ മോതിരമാറ്റം ക്ഷണിക്കേണ്ട ഗതികേട് വരുമായിരുന്നോ,നീ ഭാഗ്യവാനാടാ ഏട്ടാ,ഇനി നിനക്കങ്ങോട്ട് വെച്ചടി കയറ്റമായിരിക്കും..

രതീഷ് തലയിൽ കൈവെച്ചിരുന്നു.

ഉണ്ണി അവനെ നോക്കി..അപ്പോൾ നാളെ തന്നെ തുടങ്ങിക്കോ..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *