ബന്ധുക്കളുടെ യാതൊരു സഹകരണവും ഇല്ലാതെ ജീവിതം കടുത്ത പ്രതിസന്ധിയിലാകുമെന്ന് കണ്ടപ്പോൾ പോരിനിറങ്ങിയതാണ് എന്റെ അമ്മ……..

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ

അന്ന് ഉപരി പഠനം കഴിഞ്ഞ് വീട്ടിലെത്തിയ എനിക്ക് മനസ്സ് തുറന്നൊന്ന് അമ്മയോട് സംസാരിക്കാൻ തോന്നി. വിഷയമെന്റെ വിവാഹമായിരുന്നു.

അകമഴിഞ്ഞ് പ്രേമിച്ച പഠനകാല സുഹൃത്തിനെ ഞാൻ കെട്ടാൻ തീരുമാനിച്ചതറിഞ്ഞ അമ്മയന്നെന്നോട് കൂടുതലൊന്നും സംസാരിച്ചില്ല. മോന്റെയിഷ്ട്ടമെന്നും പറഞ്ഞ് അമ്മ പോയി അമ്മയുടെയാ തയ്യൽ യന്ത്രത്തിൽ കയറിയിരുന്നു.

അന്ന് രാത്രിയെന്റെ ഭാവി വധുവുമായി സംസാരിക്കുന്ന നേരത്ത് അവളൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പിറ്റേ ദിവസം അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു.

അവളുടെ അച്ഛൻ എതിർപ്പുമായി രംഗത്ത് വന്നുവോയെന്ന് സംശയിച്ചാണ് ഞാനന്ന് അവളുടെ വീട്ടിലെത്തിയത്. പക്ഷേ, സംഗതി ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു..!

അവളുടെ അമ്മ കുഞ്ഞുനാളിലേ മരിച്ചതാണ്. ഞാനുമായുള്ള മകളുടെ വിവാഹത്തിന് അവളുടെ അച്ഛന് എതിർപ്പൊന്നുമില്ല. വിഷയമെന്തെന്നാൽ, മകളുടെ വിവാഹ നാൾ തന്നെ അങ്ങേരും വിവാഹിതനാകുന്നു. വധുവിനെ യൊക്കെ അങ്ങേര് കണ്ടെത്തിയിട്ടുണ്ട്. ഒരുമിച്ചുള്ള വിവാഹത്തിന് ഇനിയെന്റെ സമ്മതം മാത്രം കിട്ടിയാൽ മതി. എനിക്ക് എതിർത്തൊന്നും പറയാൻ സാധിച്ചില്ല. തിരിച്ച് വീട്ടിലേക്കുള്ള യാത്ര മുഴുവൻ ഞാനെന്റെ അമ്മയെ കുറിച്ചാണ് ഓർത്തത്.

കാര്യമെന്തൊക്കെ പറഞ്ഞാലും എന്നെയോർത്ത് യന്ത്രം പോലെ പ്രവർത്തിക്കുന്ന യൊരു പാവമാണ് എന്റെ അമ്മ. അച്ഛൻ മരിക്കുമ്പോൾ എനിക്ക് പ്രായം മൂന്നാണ്. അതിന് ശേഷം ആകെയുള്ള മകന്റെ ഭാവിയെന്ന ഭാരം മാത്രമേ അമ്മയുടെ തലയിലുണ്ടായിരുന്നുള്ളൂ…!

ബന്ധുക്കളുടെ യാതൊരു സഹകരണവും ഇല്ലാതെ ജീവിതം കടുത്ത പ്രതിസന്ധിയിലാകുമെന്ന് കണ്ടപ്പോൾ പോരിനിറങ്ങിയതാണ് എന്റെ അമ്മ. അമ്മയെന്ന് ഓർക്കുമ്പോഴെല്ലാം എന്റെയോർമ്മയിൽ സദാ സമയം കറങ്ങി കൊണ്ടിരിക്കുന്നയൊരു തയ്യൽ യന്ത്രം തെളിയാറുണ്ട്.

അങ്ങനെയിരിക്കെ, പഠിച്ച സ്കൂളിലെയൊരു പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അമ്മ പങ്കെടുത്തു. അതിൽ പിന്നെയാണ് അമ്മയ്‌ക്കൊരു മാറ്റം ഞാൻ ശ്രദ്ധിച്ചത്. അത് പണ്ട് കൂടെ പഠിച്ചയൊരു കൂട്ടുകാരനുമായി ബന്ധത്തിലായത് കൊണ്ടാണെന്ന് ഞാൻ പിന്നീട് മനസ്സിലാക്കുകയും ശക്തമായി എതിർക്കുകയും ചെയ്തു.

കൂടുതൽ ചികഞ്ഞപ്പോൾ കക്ഷി നാട്ടിലെ പാൽ സൊസൈറ്റിയിലെ സുകുമാരനായിരുന്നു എന്നറിഞ്ഞു. ഇപ്പോഴും ഒറ്റത്തടിയായി നടക്കുന്ന അയാൾക്ക് അമ്മയോട് പണ്ടുകാലത്തേ അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നു പോലും..!

എനിക്ക് നാട്ടിലിറങ്ങി നടക്കാനുള്ളതാണെന്ന് പറഞ്ഞ് ഞാനന്ന് അമ്മയോട് ഏറെ ദേഷ്യപ്പെട്ടു. പാവമതൊരു അടഞ്ഞ ഓടക്കുഴൽ പോലെയന്ന് വിങ്ങി വിങ്ങി കരഞ്ഞു. അതിന് ശേഷം ഞങ്ങളതിനെ കുറിച്ച് സംസാരിച്ചതേയില്ല. പാടില്ലാത്ത ബന്ധത്തിലാണ് അകപ്പെട്ടതെന്ന് അമ്മയ്ക്ക് ബോധ്യമായത് കൊണ്ടാ യിരിക്കണം ഞാൻ പറഞ്ഞതിൽ പിന്നെ അമ്മയതിൽ നിന്ന് പിന്മാറിയത്.

അല്ലെങ്കിലും, അച്ഛനില്ലാത്ത മക്കളങ്ങനെ നീണ്ട് നിവർന്ന് കണ്മുന്നിൽ വളരുമ്പോൾ ഒരമ്മ തന്റെ ജീവിതത്തിൽ പ്രേമം തൊട്ട് വസന്തം വരുത്താൻ പാടുണ്ടോ…! നാട്ടുകാരെന്ത് പറയും….! നാളെ നല്ലയൊരു കുടുംബത്തിൽ നിന്നെനിക്കൊരു ബന്ധം കിട്ടുമോയെന്ന് വരെ ഞാനന്ന് സംശയിച്ചു..!

സ്വന്തം വിവാഹ പന്തലിൽ നിന്ന് തന്നെ, തന്റെ അച്ഛനെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊടുക്കാൻ തീരുമാനിച്ചയൊരു മകളുടെ സന്തോഷം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. ഇണ നഷ്ട്ടപ്പെട്ട രക്ഷിതാവിന് മക്കൾക്കപ്പുറം മറ്റൊരു ലോകമുണ്ടാകരുതെന്ന് കരുതിയ ശരാശരിയിലും കുറഞ്ഞ ചിന്തയുള്ള സദാചാ രക്കാരനായിരുന്നു ഞാനെന്ന് എനിക്കപ്പോൾ വ്യക്തമായി ബോധ്യമായി.

വീട്ടിലെത്തിയപ്പോൾ തന്നെ അമ്മയെന്നോട് പോയ കാര്യമെന്തായി എന്ന് അന്വേഷിച്ചു. അവർക്ക് എതിർപ്പൊന്നുമില്ലായെന്നതിന്റെ കൂടെ സൊസൈറ്റിയിലെ സുകുമാരന്റെ കാര്യം ഞാനമ്മയോട് ചോദിച്ചു. പ്രേമ വിഷയം സംസാരിക്കുമ്പോൾ അച്ഛന്റെ മുന്നിൽ നിന്ന് പരുങ്ങുന്ന മകളെ പോലെ അമ്മയന്ന് തല കുനിച്ച് കണ്ണുകൾ കൊണ്ട് തറയിൽ നാല് വൃത്തം വരച്ചു. എന്നിട്ട് എനിക്കറിയില്ലായെന്ന മറുപടി തന്നിട്ട് അകത്തേക്ക് പോകുകയും ചെയ്തു.

പിറ്റേന്ന് രാവിലെ ഇറങ്ങിപ്പോയ ഞാൻ തിരിച്ച് വീട്ടിലേക്ക് കയറി വന്നത്, എല്ലാ നിറങ്ങളും വിഴുങ്ങി നിൽക്കുന്ന ത്രിസന്ധ്യക്കായിരുന്നു. മൂന്നാമത്തെ കാളിങ് ബെല്ലടിക്കുമ്പോഴേക്കും അമ്മ വന്ന് കതക് തുറന്നു.

നീയിതെവിടെയാണ് രാവിലെയൊന്നും പറയാതെ പോയതെന്ന് ചോദിച്ച് കയർക്കാനായി കതക് തുറന്ന അമ്മയുടെ നാവനങ്ങിയില്ല. എന്നോട് തുറിച്ച കണ്ണുകൾ താനേ കൂമ്പിയടഞ്ഞപ്പോൾ അമ്മയൊന്നും പറയാതെ അകത്തേക്ക് പോയി. എന്ത്‌ കൊണ്ടെന്ന് ചോദിച്ചാൽ, എന്റെ കൂടെയന്ന് സൊസൈറ്റിയിലെ സുകുമാരനുമുണ്ടായിരുന്നു..!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *