മകൾ വേദനയോടെ പുഞ്ചിരിച്ചതിൽനിന്നും അവതാരകൻ എന്തോ മണത്തറിഞ്ഞു. അയാൾ പിന്നേയും വ്യക്തിപരമായ ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി……

പണം തരും ചോദ്യം

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി

മകളുടെ റിയാലിറ്റി ഷോ കാണാൻ കണ്ണടയെടുത്ത് വെക്കുമ്പോൾ രാമകൃഷ്ണൻനായ൪ നെഞ്ച് തടവി. വിവാഹം കഴിഞ്ഞ് പോയ അവൾ വീട്ടിൽവന്ന് നിൽക്കാൻ തുടങ്ങിയിട്ട് മാസമിതഞ്ചായി.

താനവളോട് നേരാംവണ്ണം മിണ്ടാതായിട്ടും ഏകദേശം അത്രയും നാളായി. കിട്ടാവുന്നിടത്തുനിന്നെല്ലാം കടവും വാങ്ങിയാണ് കല്യാണം കഴിപ്പിച്ചയച്ചത് എന്ന് അവൾക്കറിയാഞ്ഞിട്ടല്ല.. പക്ഷേ കൊല്ലം ഒന്ന് തികയുന്നതിനുമുമ്പ് അവൾ പോയതുപോലെ ഇങ്ങ് വന്നു.

ഒന്നും ചോദിക്കാൻ പോയില്ല. അവളുടെ അമ്മ വല്ലതുമൊക്കെ മുള്ളും മുനയും വെച്ച് പറഞ്ഞാൽ അവൾ കരഞ്ഞു കൊണ്ട് അകത്ത് കയറി വാതിലടക്കും. അവൾ വല്ല കടും കൈയും കാണിക്കുമോ എന്നൊരു പേടി നെഞ്ചിനെ നീറ്റും. അവളായിട്ട് പി എസ് സി പരീക്ഷക്ക് അപേക്ഷിക്കുകയും പരീക്ഷ എഴുതുകയും പഠിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിനിടയ്ക്കാണ് ടി വി യിൽ ഒരു ചോദ്യോത്തര പരിപാടിക്ക് അപേക്ഷിച്ചത്. ആദ്യത്തെ റൌണ്ടിൽത്തന്നെ അവൾ കടന്നുകയറി. എൻട്രി കിട്ടിയ ഉടനെ വിളിച്ചിരുന്നു.

ദാ.. തുടങ്ങാറായി.

അവളുടെ അമ്മയും വലിയ സന്തോഷത്തിലാണ്.

മോനേ ഇത്തിരി ഒച്ച കൂട്ടി വെച്ചേ..

അയാൾ പറഞ്ഞു.

ചാനലിൽ ആദ്യം തന്നെ പ്രമുഖനായ അവതാരകൻ വന്ന് മകളെ പരിചയപ്പെടുത്തുന്നത് അയാൾ അഭിമാനത്തോടെ നോക്കിയിരുന്നു.

ഒന്നാമത്തെ ചോദ്യം കേട്ടതും മകൾ ഒന്നും പറയാനാകാതെ ഔട്ടാകുമോ എന്നൊരു ഭയം അയാളെ പൊതിഞ്ഞു. പക്ഷേ അവരെയെല്ലാം അത്ഭുതപ്പെടുത്തി മകൾ എളുപ്പത്തിൽ ഉത്തരം പറഞ്ഞു.

അവതാരകൻ അവളോട് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിലും ഓരോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്. എല്ലാറ്റിനും അവൾ ചൊടിയോടെ ഉത്തരം പറയുന്നു.

നാളെ ഒന്ന് കടയിലേക്കൊക്കെ ഇറങ്ങണം..

അയാൾ മനസ്സിലുറപ്പിച്ചു. മകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ താനും പുറത്തിറങ്ങാതെയായിട്ട് കുറേ നാളായി.. മകനാണ് കടയിലൊക്കെ പോകുന്നത്. സ്ഥിരമായി കാണുന്നവരൊക്കെ അച്ഛനെ ചോദിച്ചു എന്ന് അവൻ വന്നു പറയുമ്പോൾ തനിക്കും പുറത്തിറങ്ങാൻ കൊതി തോന്നും. പക്ഷേ…

ദാ.. പരസ്യം കഴിഞ്ഞു.. തുടങ്ങീ.. അമ്മേ വേഗം വാ..

മകൻ ഉത്സാഹത്തോടെ വിളിച്ചു പറയുന്നത് അയാൾ കൌതുകത്തോടെ നോക്കിയിരുന്നു. മകളുടെകൂടെ സ്റ്റുഡിയോവരെ ഒന്ന് കൂട്ടുപോകാൻ അവൾ ചോദിച്ചപ്പോൾ കലികയറി അവളെ ദേഷ്യപ്പെട്ടവനാണ്..

നിന്റെ കെട്ടിയവനെ കൂട്ടി പോയാൽ മതി..

അവൻ പറഞ്ഞ വാക്കുകൾ അയാളെ നൊമ്പരപ്പെടുത്തി.

അവതാരകന്റെ അടുത്ത ചോദ്യം:

ഇതറിഞ്ഞപ്പോൾ വീട്ടിൽ എല്ലാവരും എന്ത് പറഞ്ഞു?

മകൾ വേദനയോടെ പുഞ്ചിരിച്ചതിൽനിന്നും അവതാരകൻ എന്തോ മണത്തറിഞ്ഞു. അയാൾ പിന്നേയും വ്യക്തിപരമായ ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.

ഓരോ ഉത്തരവും കടന്ന് പണം അഞ്ച് ലക്ഷത്തിലെത്തിയതും അവതാരകന്റെ അടുത്ത ചോദ്യം:

വിവാഹിതയാണോ?

അതേ…

അവൾ തലയാട്ടി.

ഭ൪ത്താവ് എന്ത് ചെയ്യുന്നു?

കെ എസ് ആ൪ ടി സി യിൽ കണ്ടക്റ്ററാണ്.

കൂടെ വന്നിട്ടുണ്ടോ?

ഇല്ല..

എന്തേ?

മകൾ ആദ്യം ഒന്ന് പതറി… അവളുടെ കണ്ണ് നിറഞ്ഞു..

പിന്നീട് അവളോരോന്നായി പറഞ്ഞുതുടങ്ങി. അവൾ ഭ൪തൃഗൃഹത്തിൽ അനുഭവിച്ച ഓരോ വിഷമങ്ങൾ… ഒരിക്കലും തന്നോടോ, അവളുടെ അമ്മയോടോ പറയാത്ത കുറേയേറെ കാര്യങ്ങൾ.. ഇത്രയും വിഷമം ഒളിച്ചുവെച്ചാണോ അവൾ ഇവിടെ കഴിഞ്ഞിരുന്നത്… അയാളുടെ കണ്ണുകൾ നിറഞ്ഞു.

നോക്കുമ്പോൾ മകനും ഭാര്യയുമെല്ലാം കണ്ണ് തുടക്കുന്നു.

എന്താണ് ഈ പണംകൊണ്ട് ചെയ്യാനുദ്ദേശിക്കുന്നത്?

അവതാരകന്റെ ചോദ്യത്തിന് അവൾ സംശയലേശമന്യേ ഉത്തരം പറഞ്ഞു:

ആദ്യം അച്ഛന്റെ ‌കടങ്ങളൊക്കെ വീടണം.

പിന്നെ?

ബാക്കി പണമുണ്ടെങ്കിൽ ചെറിയ ഒരു വീട് വെക്കാൻ ശ്രമിക്കണം…

അവൾ സങ്കോചത്തോടെ പറഞ്ഞു.

ഇനി തിരിച്ച് ഭ൪തൃഗൃഹത്തിലേക്ക് പോകുമോ?

ഇല്ല…

ഉറച്ച ഉത്തരം.

പിന്നെ?

ജോലിക്ക് ശ്രമിക്കുന്നുണ്ട്… ഇനിയാ വീട്ടിലേക്ക് പോകില്ല…

അപ്പോൾ ഡൈവോഴ്സ് ചെയ്യാനാണ് തീരുമാനം?

അല്ല.. അദ്ദേഹത്തിന് എന്റെകൂടെ ജീവിക്കാൻ താത്പര്യമുണ്ടെങ്കിൽ എന്റെ വീട്ടിൽ വന്നാൽ സ്വീകരിക്കും. അല്ലാതെ അവിടെ മറ്റുള്ളവരുടെ അപമാനവും പരിഹാസവും സഹിച്ച് കഴിയാൻ വയ്യ…

അവതാരകൻ അവളെ ആശ്വസിപ്പിക്കുന്നതും അവൾ‌ തുട൪ന്നുള്ള ചോദ്യങ്ങൾക്കുമെല്ലാം കൃത്യമായി ഉത്തരം പറയുന്നതും ഇരുപത്തഞ്ച് ലക്ഷം വാങ്ങിച്ചെടുക്കുന്നതും അയാൾ കണ്ണീരിനിടയിലൂടെ അവ്യക്തമായി കണ്ടു.

***************

Related Posts

Leave a Reply

Your email address will not be published. Required fields are marked *