മാഷിന്റെ അടികിട്ടാതിരിക്കാൻ ചെയ്യുന്ന ഒരു സൂത്രമുണ്ട് പോകുന്ന വഴിയിൽ ഏതെങ്കിലും പറമ്പിനോട്‌ ചേർന്ന് ഉണ്ടാകുന്ന മാപ്പ് ഇല ആരും കാണാതെ….

എഴുത്ത്:- സൽമാൻ സാലി

രാവിലെ ഒരു കട്ടനും കുടിച്ചോണ്ട് പേപ്പർ വായിച്ചോണ്ടിരിക്കുമ്പോളാണ് റോഡിലൂടെ നിരന്തരം വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടു പോയി കൊണ്ടിരിക്കുന്നു.. പത്രത്തിൽ നിന്നും തലയുയർത്തി റോഡിലേക്കു നോക്കിയപ്പോളാണ് മനസിലായത് സ്കൂൾ കുട്ടികളെ കൊണ്ടുപോകാനുള്ള വണ്ടികളുടെ തിരക്കാണെന്നു.. അതിൽ ഒരു വണ്ടി അപ്പുറത്തെ വീടിനു മുൻപിൽ നിർത്തിയപ്പോൾ അവിടെ ഉള്ള കുട്ടി ഓടി വന്നു വണ്ടിയിൽ കയറി പിന്നാലെ അവന്റെ ഉമ്മ ബാഗും എടുത്തു വന്നു വണ്ടിയിൽ വച്ചുകൊടുത്തു.. പിന്നെയും കുറെ സ്കൂൾ വണ്ടികൾ പോയിക്കൊണ്ടിരുന്നു…

ഞാൻ വീണ്ടും പാത്രത്തിലേക്കു മുഖം താഴ്ത്തി വായന തുടർന്നു… പക്ഷെ മനസ്സ് വെള്ളകുപ്പായവും നീല പാന്റുമിട്ട് പഴയ സ്കൂൾ കുട്ടിയായി വീട്ടിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങിയിരുന്നു…

രാവിലെ ഏഴു മണിക്ക് മദ്രസയിലേക്കും സ്കൂളിലേക്കുമുള്ള പുസ്തകവും പിന്നെ കോരേട്ടന്റെ കടയിൽ കൊടുക്കാനുള്ള രണ്ട് കുപ്പി പാലുമായി വീട്ടിൽ നിന്നിറങ്ങി നടക്കും കോരേട്ടന്റെ ഹോട്ടലിൽ പാലും കൊടുത്തു നേരെ മദ്രസയിലേക്.. ഒൻപതര മണിക്ക് മദ്രസ വിട്ടാൽ മദ്രസയിലെ പുസ്തകങ്ങൾ അടുത്തുള്ള പള്ളിയിൽ വച്ചു ബാഗും തോളിലിട്ട് അബ്ദുല്ലാക്കയുടെ കടയിൽ നിന്ന് അൻപത് പൈസയുടെ പുളിയച്ചാറോ ജോക്കര മുട്ടായിയോ വാങ്ങി നുണഞ്ഞുകൊണ്ട് ചങ്ക് ഷാഫിയുടെ തോളിൽ കയ്യുമിട്ട് നാദാപുരം സ്കൂളിലേക്ക്.. നടക്കാൻ തുടങ്ങും

സ്കൂളിലേക്ക് വേഗത്തിൽ എത്താനുള്ള ആദ്യ പരിപാടിയാണ് പോസ്റ്റ് മാറി ഓടൽ.. ഒരു ഇലക്ട്രിക് പോസ്റ്റിവരെ നടന്നാൽ അടുത്ത പോസ്റ്റ് വരെ ഓടുക…

ഓടി തളർന്നാൽ പിന്നേ കയ്യിലൊരു വടി എടുത്തു റോഡ്‌സൈഡിൽ തലയുയർത്തി നിൽക്കുന്ന ചെടികളുടെ തല വെട്ടികൊണ്ട് നടക്കുക എന്നുള്ളതാണ്… അതിനിടയിൽ കവുങ്ങിൻ പട്ട കിട്ടിയാൽ അതിൽ ഒരാൾ ഇരുന്നു മറ്റെയാൾ വലിച്ചു കൊണ്ടുപോകും അങ്ങിനെ മാറി മാറി വലിച്ചു സ്കൂൾ എത്താൻ നേരത്താണ് ഹോംവർക്കിന്റെ കാര്യം ഓര്മവരിക..

മാഷിന്റെ അടികിട്ടാതിരിക്കാൻ ചെയ്യുന്ന ഒരു സൂത്രമുണ്ട് പോകുന്ന വഴിയിൽ ഏതെങ്കിലും പറമ്പിനോട്‌ ചേർന്ന് ഉണ്ടാകുന്ന മാപ്പ് ഇല ആരും കാണാതെ പോക്കറ്റിൽ ഇടണം ആരെങ്കിലും കണ്ടാൽ അത് ഫലം ചെയ്യില്ല എന്ന വിശ്വാസം.. ചങ്ക് ഷാഫി കാണാതെ മാപ്പ് ഇല പറിച്ചു സാറിന്റെ കയ്യിൽ നിന്ന് അടി കിട്ടൂല എന്ന ധൈര്യത്തിൽ ക്‌ളാസിലെക് കയറും..

(ഇന്ന് വീടിന്റ മുൻപിൽ നിന്ന് വണ്ടി കയറി സ്കൂളിൽ ചെന്നിറങ്ങുന്നവർക് ഉണ്ടോ ഇതിന്റെയൊക്കെ രസം മനസിലാകുന്നു )

ഇന്റർവെൽ സമയത്ത് ആലീകന്റെ കടയിൽ നിന്ന് ഇരുപത്തഞ്ച് പൈസ കൊടുത്തു ഒരുഗ്ലാസ്സ് ഉപ്പിട്ട നാരങ്ങ വെള്ളവും കുടിച് സ്കൂളിന്റെ മതിലിരുന്ന് റോഡിലൂടെ പോകുന്ന ബസ്സും ജീപ്പും കാറും എണ്ണികളിക്കുമ്പോയേക്കും ബെല്ലടിച്ചിട്ടുണ്ടാകും…

ഉച്ചക്ക് ലെഞ്ച് ബ്രേക്കിൽ സ്കൂളിലെ പയർ കറിയും ചോറും ആഹാ.. എന്താ അതിന്റ ഒരു രുചി… പ്ലേറ്റ് എടുക്കാത്ത ദിവസം പ്ലാസ ഹോട്ടലിലെ രണ്ടര രൂപക്ക് പൊറോട്ടയും സാൽനയും അടിച്ചു ക്രിക്കറ്റ് കലിയുള്ള ദിവസമാണെങ്കിൽ നേരെ പോകുന്നത് ലീലാസണ്സിന്റെ മുന്പിലേക്കാണ് അവിടെ വിൽക്കാൻ വെച്ച മൂന്ന് ടിവിയിലും കളി കണ്ടുകൊണ്ട് ഒരുപാട് പേര് ഉണ്ടാകും അതിലേക് നുഴഞ്ഞു കയറി മുൻപിൽ ഇടംപിടിച്ചു രണ്ടര വരെ കളി കാണൽ ആണ് പരിപാടി…

തിരിച്ചു വരുമ്പോൾ ക്രിക്കറ്റ് കളിക്കാരുടെ ഫോട്ടോ ഉള്ള സ്റ്റിക്കർ കിട്ടാൻ വേണ്ടി അൻപത് പൈസയുടെ ബബിൾഗം വാങ്ങി വായിലിട്ടു ചവച്ചു കൊണ്ട് ക്‌ളാസിൽ പോയിരിക്കും..

ക്‌ളാസിൽ സാർ ഇല്ലെങ്കിൽ പിന്നേ പേന ചൊട്ടികളിയാണ്.. ബഞ്ചിൽ നിന്നും പേന താഴേക്കു വീണാൽ അവൻ തോറ്റു.. ഗ്രിപ്പ് കിട്ടാൻ വേണ്ടി മാത്രം സ്റ്റിക്ഈസി പേന വാങ്ങിച്ചു വെച്ചിരുന്ന കാലം..

വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോൾ വരുന്ന വഴിയിലെ പുളി മരം ഉള്ള വീട്ടിലേക്ക് ആദ്യം ഓടി കയറി പുളി പെറുക്കി ആ വീട്ടിൽ നിന്ന് തന്നെ ഉപ്പും വാങ്ങിച്ചു നുണഞ്ഞുകൊണ്ട് കൊണ്ട് ഒരു നടത്തം ആണ്..

വീണ്ടും പോസ്റ്റ് മാറി ഓടിയും ചെടികളുടെ തലവെട്ടിയും.. മാവിൽ കല്ലെറിഞ്ഞും.. കൂട്ടുകാരന്റെ തോളിൽ കയറിയും നടന്നു വീട്ടിലെത്തു മ്പോഴേക്കും അഞ്ച് മണി കഴിഞ്ഞിരിക്കും….

ഇന്ന് വീട്ടിൽ നിന്ന് വണ്ടി കയറി സ്കൂളിൽ ചെന്നിറങ്ങി സ്കൂളിൽ നിന്നും വണ്ടി കയറി വീട്ടിൽ വന്നിറങ്ങുന്ന കുട്ടികൾകും കിട്ടാതെ പോയ കാലം….

ടെക്നോളജി വളർന്നു വരികയാണ് വീട്ടിൽ തന്നെ ഇരുന്നു പഠിക്കുന്ന ഒരു കാലഘട്ടം വന്നാൽ ഇന്ന് സ്കൂൾ വണ്ടിയിൽ പോകുന്ന കുട്ടികൾക്കും പറയാനുണ്ടാകും ഒരുപാട് നല്ല ഓർമ്മകൾ…

അനുഭവിക്കുമ്പോൾ ഉള്ളതിനേക്കാൾ മധുരമാണ് അനുഭവങ്ങൾ വീണ്ടും ഓർത്തെടുക്കുമ്പോൾ…

ഓരോന്ന് പറഞ്ഞു ചായ തണുത്തു… എന്നാ പിന്നേ ഞാൻ പേപ്പറ് വായിക്കട്ടെ കേട്ടോ…

nb കൊറോണക്ക് മുൻപ് എഴുതിയതാണ്

Leave a Reply

Your email address will not be published. Required fields are marked *