നിഴലുകൾ
എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്
ഉച്ചവെയിലിൽ വെന്ത, ടാർനിരത്ത് നീണ്ടുപുളഞ്ഞങ്ങനേ കിടന്നു. ഉടലിനെ പൊള്ളിച്ച വെയിൽനാളങ്ങൾ ക്കിടയിലൂടെ നിർമ്മല, കോൺക്രീറ്റ് വീടിൻ്റെ ഗേറ്റു തള്ളിത്തുറന്നു പൂമുഖത്തെത്തി. ഉടലാകെ വിയർപ്പിൽ കുതിർന്നിരിക്കുന്നു..ഒട്ടിയ വസ്ത്രങ്ങൾക്കു മുകളിലൂടെ, വേനൽപ്പകലിൻ്റെ ഉഷ്ണ സർപ്പ ങ്ങളിഴയുന്നു. ഭൂമിയെ പന്തലിട്ട ആകാശത്തിനിപ്പോൾ ഒരേ നീലിമ മാത്രം. സ്വേദം പടർന്ന കൈവിരലുകളാൽ കാളിംഗ് ബെല്ലിൽ വിരലമർത്തി. അടച്ചിട്ട ഉമ്മറവാതിൽക്കലേക്കു നോക്കിയങ്ങനേ നിന്നു.
തെല്ലുനേരത്തിനു ശേഷം വാതിൽ തുറക്കപ്പെട്ടു. സുഭദ്രേച്ചിയാണ്. ആ മുഖത്ത് ഹൃദ്യമായൊരു ചിരി വിടരുന്നു.
“മോളെ, കയറിയിരിക്കൂ… എന്തിനാണീ നട്ടുച്ചക്ക് പോന്നത്? ഇത്തിരി വെയിലാറീട്ടു വന്നാൽ പോരെ. ആകെ കത്തിക്കരിഞ്ഞൂലോ വെയിലും കൊണ്ട്, ചേച്ചിയിത്തിരി വെള്ളമെടുക്കട്ടേ”
വേണ്ടെന്നു പറയാൻ തോന്നിയില്ല..അത്രമേലുണ്ട് പരവേശം മുഖവും, കൈത്തണ്ടകളുമെല്ലാം മുളകരച്ചു തേച്ച കണക്കേ നീറുന്നു. എന്തു വെയിലാണിത്. ഉമ്മറത്തേ ചാരുപടിയിലിരുന്നു മുറ്റത്തേക്കു നോക്കുമ്പോൾ ആദ്യം കണ്ണിൽപ്പെട്ടത്, പൂത്തുലഞ്ഞ കണിക്കൊന്നയാണ്. ഓർമ്മയിലൊരു കൗമാരം വിരുന്നു വന്നു.ഒരു വിഷുപ്പക്ഷിയുടെ ചില കേൾക്കുംപോലെ തോന്നി.
സുഭദ്രേച്ചി, ഒരു കയ്യിൽ തണുത്ത നാരങ്ങാവെള്ളവും, മറുകയ്യിൽ അഞ്ഞൂറു രൂപയും കൊണ്ടു പുറത്തുവന്നു. തണുത്ത വെള്ളം, വേനൽ കടം തന്ന പരവേശങ്ങളേ തുടച്ചുമാറ്റിക്കൊണ്ടിരുന്നു. പണം വാങ്ങി, തോൾ ബാഗിൽ നിന്നും രശീതിയെടുത്ത് ഇരുനൂറ്റിയമ്പതു രൂപായെന്നെഴുതി. ബാക്കി പണവും, രശീതിയും നൽകുമ്പോൾ നിർമ്മല ചോദിച്ചു.
“കേബിൾ ടിവി ക്കാർ ഇൻ്റർനെറ്റ് കണക്ഷനും കൊടുക്കുന്നുണ്ട്. ആവശ്യ മുണ്ടെങ്കിൽ അറിയിക്കണേ ചേച്ചീ. പല കണക്ഷൻ പ്ലാനുകളുമുണ്ട്. കേബിൾ വഴിയാകുമ്പോൾ ബഫറിംഗ് ഉണ്ടാകില്ല. എണ്ണൂറും, ആയിരവുമൊക്കെയുള്ള വിവിധ പ്ലാനുകളുണ്ട്.”
“അതു ഞാൻ ചോദിച്ചിട്ടു പറയാം ട്ടോ, അതൊക്കെ പോവട്ടേ, നിനക്കു സുഖമാണോ? മോള്, ഇത്തവണ പത്താം ക്ലാസിലേക്കല്ലേ? അവളെന്തു പറയുന്നു. പഠിക്കാൻ ബഹുമിടുക്കിയാണെന്നു എല്ലാവരും പറയാറുണ്ട്. സുദേവൻ്റെ മോളല്ലേ, അങ്ങനെയല്ലേ വരൂ… എന്തായി മോളെ കേസ്? ഇൻഷൂറൻസ് തുക ലഭിക്കുമോ ഉടനെയെങ്ങാനും?”
നിർമ്മല തെല്ലു നിശബ്ദയായി. ഓർമ്മകളിലൊരു ഇരുചക്രവാഹനം ചരിഞ്ഞു മറിഞ്ഞു. പ്രാണൻ വേറിട്ട ദേഹത്തേ പുണർന്ന്, പൂർത്തിയാകാത്തൊരു വീട്ടിൽ ഒരമ്മയും മോളും ആർത്തലച്ചു കരഞ്ഞു. നാടൻപാട്ടു കലാകാരൻ സുദേവനെ ഒരു നോക്കുകാണാൻ നൂറുകണക്കിനാളുകൾ വന്നു. ഒടുവിലാ വീട്ടിൽ, യുവതിയായൊരമ്മയും, പത്തുവയസ്സുകാരി മകളും ശേഷിച്ചു.
” ഒന്നുമായിട്ടില്ല ചേച്ചീ, ഇനിയും സമയമെടുത്തേക്കാം. കേബിൾ ടിവി കളക്ഷനു ഞാൻ ആഴ്ച്ചയിലൊരിക്കലേ ഇറങ്ങുന്നുള്ളൂ.പരമാവധി വീടുകളിൽ രാവിലെ മുതൽ കയറും. സ്കൂൾ തുറക്കാറായില്ലേ, ഇത്തിരി യൂണിഫോമുകൾ കൂടി തയ്ച്ചു തീർക്കാനുണ്ട്. ഇതു കഴിഞ്ഞു ചെന്നുവേണം, അതിനിരിക്കാൻ. ഇനി, മനയ്ക്കൽ കൂടി കയറണം. അതോടെ തീർന്നു. ഞാനിറങ്ങട്ടേ, ചേച്ചീ? ചേട്ടനോടും കുട്ടികളോടും അന്വേഷണം പറയണേ”
നാട്ടിടവഴിയവസാനിക്കുന്നിടത്തു അരങ്ങത്തു മന തലയുയർത്തി നിന്നു. പടിപ്പുര കടന്ന്, പൂമുറ്റത്തേക്കു കടക്കുമ്പോഴേ കണ്ടു. ഉമ്മറത്തേ ചാരു കസേരയിൽ നിന്നൊരു ഉഗ്രപ്രതാപം അകത്തളത്തിലേക്കു കയറിപ്പോകുന്ന കാഴ്ച്ച. തെല്ലുനേരം കഴിഞ്ഞ്, പ്രൗഢയായൊരു വീട്ടമ്മ പുറത്തു വന്ന് പൂമുഖത്തിണ്ണയിൽ പണം വച്ച് അകത്തേക്കു മാഞ്ഞു.
മുറ്റം കടന്നു വന്ന നിർമ്മല, തിണ്ണയിൽ നിന്നും പണമെടുത്തു. തുക കൃത്യമാണ്. രശീതിയെഴുതി തിണ്ണയിൽ വച്ചു. ഇൻ്റർനെറ്റ് ഓഫറുകളുടെ പരസ്യക്കടലാസും കൂട്ടത്തിൽ വച്ചു. നാട്ടുമരങ്ങൾ തണൽ വിരിച്ച മുറ്റത്തുകൂടെ തിരികെ തീവെയിലിലേക്കു നടന്നു. മുറ്റത്തേ ഓരോ മൺതരിയും അവൾക്കു സുപരിചിതമായിരുന്നു. അവളുടെ ബാല്യവും കൗമാരവും നടന്നുതീർത്ത നടുമുറ്റവും തൊടിയും. പഴയൊരു പട്ടുപാവാടക്കാരിയെ തൊടി മറന്നിരിക്കാൻ വഴിയില്ല.
പടിപ്പുര കടക്കും മുൻപേ, അവളൊരിക്കൽ കൂടി തിരിഞ്ഞു നോക്കി. അച്ഛനും അമ്മയും പൂമുഖത്തു വന്നു നിൽപ്പുണ്ടോ? ഇല്ല, അന്ന്, സുദേവനൊപ്പം പടിയിറങ്ങുമ്പോൾ ശൂന്യമായ ഉമ്മറക്കാഴ്ച്ചയുടെ തനിയാവർത്തനം. അവൾ വെയിലിലേക്കിറങ്ങി. തിളച്ച വെയിലിൽ നാട്ടുവഴിയിലൂടെ നടന്നകന്നു.